ഒരുതലമുറയുടെ രോമാഞ്ചമായ ഗായകനാണ് അദ്‌നാൻ സമി. 1997-ലാണ് 'ബദൽതേ മോസം' എന്ന മ്യൂസിക് ആൽബവുമായി അദ്ദേഹം ഇന്ത്യൻ ആസ്വാദകരുടെ മുന്നിലേക്കെത്തിയത്. വളരെ പെട്ടെന്നുതന്നെ ഈ പാകിസ്താനി ഗായകൻ ആളുകളുടെ മനസ്സിലേക്കിടിച്ചുകയറി. ആൽബത്തിലെ 'കഭി തോ നസർ മിലാവോ' എന്ന പാട്ട് പ്രണയിതാക്കളുടെ മനസ്സിനെ തഴുകിത്തലോടി കടന്നുപോയി. പാട്ടിനൊപ്പം അനായാസമായി തബലയും വയലിനും കീബോർഡും വായിക്കുന്ന അദ്നാൻ ഒരു വേറിട്ട കാഴ്ച തന്നെയായിരുന്നു.
അതിനുപിന്നാലെ ഒട്ടേറെ ആൽബങ്ങളുമായി അദ്‌നാൻ സമി ആസ്വാദകമനസ്സ് കീഴടക്കി. 'ഭീഗി ഭീഗി രാതോം മേ','കഭി നഹി'...തുടങ്ങി ഒട്ടേറെ പാട്ടുകൾ. അതിനൊപ്പം ബോളിവുഡിലുമെത്തി അദ്ദേഹം. തു സിർഫ് മേരാ മെഹബൂബ്, സുൻസരാ, ഖ്വാജ മേരെ ഖ്വാജ, ദിൽ ക്യാ കരേ, ഭർ ദോ ഝോലി മേരി തുടങ്ങി എത്രയോ ബോളിവുഡ് പാട്ടുകൾ അദ്നാൻ അനശ്വരമാക്കി. അടിച്ചുപൊളിയും പോപ്പും മെലഡിയും ഒരുപോലെ വഴങ്ങുന്ന ഗായകനെന്ന മേൻമ അദ്ദേഹത്തിന് ഗുണകരമായി. 'ബോയ്സി'ലെ ബൂം ബൂം, 'മകൾക്ക്' എന്ന സിനിമയിലെ 'ചാഞ്ചാടിയാടി' തുടങ്ങിയ പാട്ടുകൾ അതിനുദാഹരണമാണ്.
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഒരു ബ്രേക്ക് എടുക്കുന്നത്. അതിന് കാരണമായത് അസുഖവും. ലിംഫെഡീമ എന്ന അസുഖമാണ് അദ്ദേഹത്തെ ബാധിച്ചത്. ശരീരത്തിന്റെ ലിംഫാറ്റിക് സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ, നീര് അടിഞ്ഞുകൂടുന്നതാണിത്. അമിതഭാരമാണ് അദ്ദേഹത്തിന് പ്രശ്നമായതെന്ന് ഡോക്ടർമാരും അഭിപ്രായപ്പെട്ടു. അക്കാലത്ത് 230 കിലോ ആയിരുന്നു ശരീരഭാരം. 16 മാസം കൊണ്ടത് 167-ൽ എത്തിച്ചു. അവിടുന്ന് 110 കിലോയിലേക്കും.
താൻ ഭാരം കുറച്ചതെങ്ങനെയെന്ന് തുറന്നുപറയുകയാണ് അദ്‌നാൻ. ശസ്ത്രക്രിയകളൊന്നുമില്ലാതെയാണ് താൻ ഭാരം കുറച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഡയറ്റും വർക്കൗട്ടുമാണ് അതിന് തന്നെ സഹായിച്ചതെന്ന് 'ആപ് കി അദാലത്തി'ൽ അദ്‌നാൻ വെളിപ്പെടുത്തുന്നു.
''ഞാൻ ഭാരം കുറച്ചതിനെക്കുറിച്ച് പല കഥകളുമുണ്ട്. ചിലർ പറയുന്നത് ബാരിയാട്രിക് സർജറി ചെയ്‌തെന്നാണ്. മറ്റു ചിലർ ലിപ്പോസക്ഷൻ ചെയ്‌തെന്നും. എനിക്ക് 230 കിലോ ഉണ്ടായിരുന്നു. ശരീരത്തിലെ കൊഴുപ്പ് മുഴുവൻ നീക്കം ചെയ്യാൻ എനിക്കൊരു വാക്വം ക്ലീനർ ആവശ്യമായി വരുമായിരുന്നു'', അദ്ദേഹം കളിയായി പറയുന്നു.
''റോട്ടിയില്ല, ചോറില്ല, പഞ്ചസാരയില്ല, എണ്ണയില്ല, മദ്യവുമില്ല...അങ്ങനൊരു ഡയറ്റാണ് ഞാൻ പിന്തുടർന്നത്. ന്യൂട്രീഷനിസ്റ്റാണ് അത് പറഞ്ഞുതന്നത്. അങ്ങനെ ആദ്യമാസം തന്നെ 20 കിലോ കുറച്ചു''.
ഭാരം നന്നായി കുറയ്ക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവവും അദ്ദേഹം വിവരിക്കുന്നു. ''ഒരിക്കൽ കുടുംബത്തിനൊപ്പം ഒരു ഷോപ്പിങ് മാളിൽ പോയി. അവിടെവെച്ച് നല്ലൊരു ടീഷർട്ട് കണ്ടു. എനിക്കത് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ ആ ടീഷർട്ടിന്റെ ഡബിൾ XL സൈസ് മാത്രമേയുള്ളൂ അവിടെ. ഞാനാണെങ്കിൽ ആ സമയത്ത് 9XL ആയിരുന്നു. ആ ടീഷർട്ട് നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അമ്മ പറഞ്ഞു, നിന്റെ കൈ പോലും ആ ടീഷർട്ടിൽ ഒതുങ്ങില്ലെന്ന്''. അതാണ് തന്നെ ആ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്‌നാൻ തുറന്നുപറയുന്നു.
''ഭാരം കുറഞ്ഞതായി തോന്നുമ്പോഴെല്ലാം, പാകമാകുന്നുണ്ടോ എന്നറിയാൻ ഞാൻ ആ ഷർട്ട് ധരിക്കാൻ ശ്രമിക്കും. ചില രാത്രികളിൽ രണ്ടോ മൂന്നോ തവണ ശ്രമിക്കും. ഒരു ദിവസം ഇട്ടുനോക്കിയപ്പോൾ എനിക്ക് നല്ല പാകം. സമയം അതിരാവിലെ മൂന്നുമണിയായിട്ടേ ഉള്ളൂ. ഞാനുടനെ എന്റെ അച്ഛനെ വിളിച്ചു. സന്തോഷം കൊണ്ട് തുള്ളിച്ചാടി''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Singer Adnan Sami shares his incredible 120kg weight loss journey, detailing his diet and workout plan without surgery
Published: 29 Nov 2025, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented