വടക്കുകിഴക്കന്‍ തുര്‍ക്കിയിലെ കക്കര്‍ മലനിരകളും കോകേഷ്യന്‍ മലനിരകളും സന്ധിക്കുന്ന മേഖല, അവിടെയാണ് മധുരമൂറുന്ന ആഡംബരതേന്‍ വിളയുന്നത്. കിലോയ്ക്ക് ആറുലക്ഷത്തോളം രൂപ വിലയുള്ള എല്‍വിഷ് ഹണി. കരിങ്കടല്‍ മേഖലയായ അര്‍ഹാവിയില്‍, പുറംലോകത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത പര്‍വതങ്ങളില്‍ കൂടുകൂട്ടുന്ന കാട്ടുതേനീച്ചകളാണ് എല്‍വിഷ് തേനിന്റെ സ്രോതസ്സ്. ഔഷധഗുണമുള്ളതും തദ്ദേശീയവുമായ സസ്യങ്ങളില്‍ പരാഗണം നടത്തുന്ന കൊക്കേഷ്യന്‍ കാട്ടുതേനീച്ചകളുടെ കോളനിയില്‍ നിന്നാണ് നാട്ടുകാര്‍ ഈ തേന്‍ സംഭരിക്കുന്നത്. വംശനാശഭീഷണി നേരിടുന്നവരാണ് വലിപ്പമുള്ള ഈ തേനീച്ചകള്‍.
നൂറ്റാണ്ടുകളായി 'ദൈവങ്ങളുടെ അമൃത്' എന്നാണ് എല്‍വിഷ് തേന്‍ അറിയപ്പെടുന്നത്. ബിസി 17-ാം നൂറ്റാണ്ടിലെ തുര്‍ക്കിയിലെ 'കോള്‍ച്ചിസ് സാമ്രാജ്യ'കാലം തൊട്ട് പ്രശസ്തമാണ്. പുരാതന ലാസ് ഗോത്രങ്ങള്‍ രോഗങ്ങളെ സുഖപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വാര്‍ധക്യത്തെ ചെറുക്കാനും ലൈംഗികശക്തി വര്‍ധിപ്പിക്കാനുമെല്ലാം ഈ തേന്‍ ഉപയോഗിക്കാറുണ്ടായിരുന്നത്രേ. പൂവിന്റെ പ്രത്യേകമായ സുഗന്ധമാണ് 'മാഡ് ഹണി' എന്നും അറിയപ്പെടുന്ന ഈ തേനിന്.
Also Read
ആന്റിഓക്സിഡന്റുകള്‍, പോളിഫെനോള്‍സ്, ഫ്‌ലേവനോയ്ഡുകള്‍, പ്രോലിന്‍ എന്നിവയാല്‍ സമ്പന്നമാണ് തേന്‍. റോഡോഡെന്‍ഡ്രോണ്‍ പൂക്കളില്‍ നിന്നാണ് തേനീച്ചകള്‍ പ്രധാനമായും തേനെടുക്കുന്നത്. ചില പൂക്കളുടെ തേനില്‍ ഗ്രയാനോടോക്‌സിന്‍ എന്ന പ്രകൃതിദത്ത ന്യൂറോടോക്‌സിന്‍ അടങ്ങിയിട്ടുണ്ടെന്ന് ഉത്പാദകര്‍ അവകാശപ്പെടുന്നു. വടക്കുകിഴക്കന്‍ കരിങ്കടല്‍ മേഖലയില്‍ ഏറ്റവും സാന്ദ്രതയേറിയ, ഉയരത്തില്‍ വിളയുന്ന തേനാണിത്. എല്‍വിഷ് തേനിന്റെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കായി നീക്കിവച്ചിരിക്കുന്നു.
വമ്പന്‍ തേനീച്ചകള്‍
കൊക്കേഷ്യന്‍ മൗണ്ടന്‍ ഗ്രേ തേനീച്ചകളാണ് ഇവിടെ താരങ്ങള്‍. കരിങ്കടല്‍ കൊക്കേഷ്യന്‍ ഗ്രേ തേനീച്ചയുടെ ജന്മദേശമാണ്. സങ്കീര്‍ണ്ണമായ കാലാവസ്ഥയാണ് ഈ ഇനത്തിന്റെ ശക്തമായ പരിണാമത്തിനു വഴിയൊരുക്കിയത്. വളരെ നേരത്തേയും വൈകിയിട്ടും തണുത്ത കാലാവസ്ഥയിലും പറക്കാനുള്ള ശേഷിയുണ്ട്. ശരാശരി 7.2 മില്ലിമീറ്ററാണ് കൊക്കേഷ്യന്‍ തേനീച്ചയുടെ നീളം. നാവിന് നീളമുള്ളതിനാല്‍ എതിരാളികളേക്കാള്‍ ആഴത്തില്‍ പൂവിനുള്ളില്‍ നിന്ന് തേന്‍ ശേഖരിക്കാന്‍ സാധിക്കും. കൊക്കേഷ്യന്‍ ഗ്രേ തേനീച്ചയ്ക്ക് കൂടുതല്‍ തരം പൂക്കളില്‍ നിന്ന് വലിയ അളവില്‍ തേന്‍ ശേഖരിക്കാന്‍ കഴിവുണ്ട്.
വിലയെത്ര
പ്രകൃതിദത്തമായ രീതിയില്‍ മായങ്ങളില്ലാതെ ഉത്പാദിപ്പിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവിലേ ഓരോ കൊല്ലവും തേന്‍ കിട്ടാറുള്ളൂവെന്ന് ഉത്പാദകര്‍ പറയുന്നു. മലമുകളില്‍ സാഹസികമായി കയറിപ്പറ്റിയാണ് ഓരോ തുള്ളി തേനും ശേഖരിക്കുന്നത്. 2023-ല്‍ എല്‍വിഷ് ഹണി പത്തു കിലോയില്‍ താഴെ മാത്രമാണ് ഉത്പാദിപ്പിച്ചതെന്ന് ഉത്പാദകരില്‍ ഒരാള്‍ പറയുന്നു. അതുകൊണ്ടുതന്നെ അപൂര്‍വവും വിലയേറിയതുമാണ് എല്‍വിഷ് തേന്‍. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പില്‍ 150 മില്ലി ബോട്ടിലിന്റെ വില 1,033 ഡോളറാണ് (ഏകദേശം 88000 രൂപ). കിലോഗ്രാമിന് ആറുലക്ഷത്തോളം രൂപയും.
പ്രാദേശികര്‍ ദിവസേന കഴിക്കുന്നു
പര്‍വതമേഖലയില്‍ കഴിയുന്നവ പ്രദേശവാസികള്‍ക്ക് ബലവും ആരോഗ്യവും കൊടുക്കുന്നത് തേനാണെന്നാണ് പൊതുവെ വിശ്വാസമുണ്ട്. ഈ ഭാഗങ്ങളിലെ ആളുകളുടെ പൊതുവായ ശാരീരിക പ്രതിരോധശേഷി ദിവസേന ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നതിനാലാണെന്ന് അവര്‍ അവകാശപ്പെടുന്നു. വാര്‍ധക്യത്തിലും ആരോഗ്യത്തോടെ ഇരിക്കുന്ന നാട്ടുകാരെയാണ് ഇതിന് ഉദാഹരണമായി അവര്‍ കാണിക്കുന്നത്.
Content Highlights: secrets of elvish honey turkish mountain honey
Published: 06 Dec 2024, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented