ഇന്ന് ലോക പ്രത്യുത്പാദനദിനമാണ്. പ്രത്യുൽപാദന രീതികളെയും ആരോഗ്യത്തെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ദിനം. സ്ത്രീകൾ ഒരുതവണ പ്രസവിച്ചാൽ പിന്നീടങ്ങോട്ട് ഗർഭധാരണം എളുപ്പത്തിൽ നടക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പ്രത്യുൽപാദന ശേഷിയുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ആദ്യത്തെ ഗർഭധാരണം സുഗമമായിരുന്നെങ്കിൽ പോലും പല ദമ്പതികളും വീണ്ടും ഗർഭം ധരിക്കുന്നതിൽ അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടാറുണ്ട്. സെക്കന്ററി ഇൻഫെർട്ടിലിറ്റി അഥവാ രണ്ടാംഘട്ട വന്ധ്യത, ഒരു ആശങ്കയാണ്. എന്താണ് സെക്കന്ററി ഇൻഫെട്ടിലിറ്റി, എന്തുകൊണ്ടാണിത് വർധിച്ചുവരുന്നത്?
ഒരു കുഞ്ഞിന് ജന്മം നൽകിയശേഷം വീണ്ടും ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥയാണ് രണ്ടാംഘട്ട വന്ധ്യത. ഇത് ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ പ്രത്യേകിച്ചും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും 'നിങ്ങൾക്കൊരു കുട്ടിയെങ്കിലും ഉണ്ടല്ലോ' എന്നതുപോലുള്ള പ്രസ്താവനകളാൽ സമൂഹം ഇതിനെ പലപ്പോഴും തിരിച്ചറിയാതെ പോവുകയോ തള്ളിക്കളയുകയോ ചെയ്യുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രത്യുത്പാദനക്ഷമതയിൽ മാറ്റങ്ങൾ വരുന്നു. സ്ത്രീകൾക്ക് സാധാരണയായി 30 വയസ്സിനു ശേഷം ഇത് കുറയാൻ തുടങ്ങുന്നു. സാധാരണയായി രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് ഒരു സ്വാഭാവിക ഇടവേളയുണ്ടാകും. കൂടാതെ പല ദമ്പതികളും ഇപ്പോൾ വൈകി വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്നതു കൊണ്ട് ഗർഭധാരണം ആദ്യതവണത്തേക്കാൾ ബുദ്ധിമുട്ടായിത്തീരുന്നു.
മിക്ക ദമ്പതികളും തിരിച്ചറിയാത്ത കാര്യം 20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ പോലും ഒരു സ്ത്രീയുടെ അണ്ഡാശയങ്ങൾക്ക് പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ പ്രായമാകുന്നുണ്ടാവാം എന്നതാണ്. ഈ പ്രതിഭാസത്തെ അകാല അണ്ഡാശയ വാർദ്ധക്യം എന്ന് പറയുന്നു. വിട്ടുമാറാത്ത സമ്മർദ്ദം, മോശം ജീവിതശൈലി, മലിനീകരണം, അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ കാരണം ഇന്ത്യൻ സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നു. കാലക്രമേണ, ഇത് പ്രത്യുത്പാദനശേഷി കുറയുന്നതിനും ഇടയാക്കുന്നു.
സമയബന്ധിതമായ വൈദ്യപരിശോധനകൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി, രണ്ടാംഘട്ട വന്ധ്യത പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെയാണ് വരുന്നത്. എഎംഎച്ച് (ആന്റി-മുള്ളേറിയൻ ഹോർമോൺ) പരിശോധനയും പെൽവിക് അൾട്രാസൗണ്ടും, അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം കുറയുന്നതും, ഘടനാപരമായ പ്രശ്നങ്ങളും നേരത്തെ തന്നെ കണ്ടെത്താൻ സഹായിക്കുന്ന വിലപ്പെട്ട ഉപാധികളാണ്. ക്രമരഹിതമായതോ വൈകുന്നതോ ആയ ആർത്തവം, സ്ഥിരമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ഹോർമോൺ വ്യതിയാനങ്ങൾ, ശരീരഭാരം, അല്ലെങ്കിൽ ഊർജ്ജനില എന്നിവയിലെ മാറ്റങ്ങൾ, കൃത്യമായ ആർത്തവചക്രം ഉണ്ടായിട്ടും ഗർഭധാരണത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നത് തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാകാം.
ക്രമരഹിതമായ ആർത്തവം, മറ്റ് രോഗാവസ്ഥകൾ, അല്ലെങ്കിൽ ഫെർട്ടിലിറ്റിയെ ബാധിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ എന്നിവയുണ്ടെങ്കിൽ ഒട്ടും കാത്തിരിക്കരുത്. ജീവിതശൈലിയിൽ സമയബന്ധിതമായ മാറ്റങ്ങൾ വരുത്താനും എഗ്ഗ് ഫ്രീസിങ് പോലുള്ള ഫെർട്ടിലിറ്റി സംരക്ഷണമാർഗ്ഗങ്ങൾ സ്വീകരിക്കാനും കൃത്യമായ ചികിത്സകളോ സപ്ലിമെന്റുകളോ ഉപയോഗിക്കാനും നേരത്തെയുള്ള രോഗനിർണയം കൊണ്ട് സാധിക്കും. തൈറോയ്ഡ് അസന്തുലിതാവസ്ഥ, പിസിഒഎസ്, ഇൻസുലിൻ റെസിസ്റ്റൻസ്, അല്ലെങ്കിൽ ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ തുടങ്ങിയ അവസ്ഥകൾ ആദ്യ പ്രസവത്തിന് ശേഷം രൂപപ്പെടുകയും അത് തിരിച്ചറിയാത്തത് ഭാവിയിലെ ഗർഭധാരണശേഷിയെ ബാധിക്കുകയും ചെയ്യും. പ്രായം, ജീവിതശൈലി എന്നിവ കാരണം പുരുഷന്മാരിലെ ബീജത്തിന്റെ ആരോഗ്യത്തിലും മാറ്റം വരാം.
പ്രത്യുത്പാദനശേഷി സംരക്ഷിക്കാനുള്ള വഴികൾ
നിങ്ങൾ രണ്ടാമത്തെ കുഞ്ഞിനായി പ്ലാൻ ചെയ്യുകയാണെങ്കിലോ അല്ലെങ്കിൽ അതിനുള്ള സാധ്യതകൾ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലോ, മുൻകൂട്ടി നടപടികൾ സ്വീകരിക്കുന്നത് പ്രധാനമാണ്.
- 7-8 മണിക്കൂർ ഉറങ്ങുക.
- പുകവലി, മദ്യപാനം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
- ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക.
- യോഗയും പ്രാണായാമവും പരിശീലിക്കുക.
- സമ്മർദ്ദം നിയന്ത്രിക്കുക.
- 30-32 വയസ്സിൽ ഫെർട്ടിലിറ്റി ടെസ്റ്റുകൾ (എഎംഎച്ച്, അൾട്രാസൗണ്ട്) നടത്തുക.
- രണ്ടാമത്തെ കുഞ്ഞിനെ വൈകിപ്പിക്കുകയാണെങ്കിൽ എഗ്ഗ് ഫ്രീസിങ് (അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നത്) പരിഗണിക്കുക.
- തൈറോയ്ഡ്, ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിച്ചു നിർത്തുക.
- നിങ്ങളുടെ അടുത്ത ഗർഭധാരണം കൃത്യമായ പ്ലാനിങ്ങോടുകൂടി നടത്തുക.
(പൊതുവായ നിർദേശങ്ങളാണിവ. ആരോഗ്യവിദഗ്ദന്റെ നിർദേശപ്രകാരം മാത്രം മുന്നോട്ടുപോകുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn about secondary infertility, its rising prevalence, causes, diagnosis, and management.
Published: 25 Jul 2025, 05:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented