വീട്ടിലെ പ്രസവത്തിന്റെ വിവിധവശങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഏതാനും ചാനലുകള്‍ ചര്‍ച്ചകള്‍ നടത്തിയതൊഴിച്ചാല്‍ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പലരും ഇതിനെ ചോദ്യം ചെയ്യാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല.
ആധുനിക ശാസ്ത്ര ബോധത്തെ ചോദ്യം ചെയ്യുന്ന അക്യുപങ്ചര്‍, ഹിജാമ, പ്രകൃതി ചികിത്സ പോലുള്ള ചികിത്സാവിധികള്‍ പ്രസവവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് കേട്ട് തുടങ്ങിയിരിക്കുന്നു. ആന പ്രസവിക്കുന്നില്ലേ, കോഴി മുട്ട ഇടുന്നില്ലേ, പൂച്ച പ്രസവിക്കുന്നില്ലേ, പിന്നെ മനുഷ്യപുത്രിക്ക് വീട്ടില്‍ പ്രസവിച്ചാല്‍ എന്താണ് കുഴപ്പം? ഇത്തരം വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. സംസ്ഥാനത്ത് പ്രതിവര്‍ഷം 400-ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് ഗവണ്‍മെന്റിന്റെ കയ്യിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 മുതല്‍ 2024 ജനുവരി വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത് മലപ്പുറത്താണ്.
വീട്ടില്‍ വച്ച് പ്രസവം നടത്താനുള്ള കാരണങ്ങള്‍ പലതാണ്. അശാസ്ത്രീയ ചികിത്സയിലുള്ള വിശ്വാസം, ശാസ്ത്രബോധത്തെ തിരിച്ചറിയുവാനുള്ള കഴിവുകേട്, അന്ധവിശ്വാസങ്ങള്‍, മോഡേണ്‍ മെഡിസിന്‍ ഫോബിയ തുടങ്ങിയവയൊക്കെ വീട്ടില്‍ പ്രസവം നടത്താന്‍ ചിലരെ പ്രേരിപ്പിക്കുന്നു. ആശുപത്രിയിലെത്തിയാല്‍ അനാവശ്യമായി ഓപ്പറേഷന്‍ ചെയ്യുമെന്നും, മോഡേണ്‍ മെഡിസിന്‍ മരുന്നുകളെല്ലാം വിഷമാണെന്നും വിദ്യാഭ്യാസമുള്ളവരില്‍ പോലും പ്രചാരം ലഭിച്ചിരിക്കുന്നു. എന്തിനെയും, ഏതിനേയും സംശയത്തോടു കൂടി കാണുന്ന ഒരു സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. എന്നാല്‍ ഗോത്രവർഗക്കാരിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വീട്ടിലെ പ്രസവങ്ങള്‍ നടക്കുന്നുണ്ട്, അതിന്റെ കാരണം സാമ്പത്തികവും ആശുപത്രിയിലേക്ക് എത്തുവാനുള്ള ബുദ്ധിമുട്ടും തന്നെയാണ്.
പ്രസവം ഒരു സാധാരണ പ്രക്രിയയോ?
പ്രസവം എന്നു പറയുന്നത് ഒരു സാധാരണ പ്രക്രിയ അല്ല. ഒന്നല്ല, രണ്ട് ജീവനുകളാണ് നമ്മുടെ മുന്നിലുള്ളത്. രണ്ടുപേരുടെയും (അമ്മയുടെയും കുഞ്ഞിന്റെയും) ജീവന്‍ അപകടത്തിലാകുന്ന ഒന്നും തന്നെ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. ഒരു സ്ത്രീയുടെ ഓരോ പ്രസവവും ഒരുപോലെ ആയിരിക്കില്ല. കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ സങ്കീര്‍ണ്ണതകള്‍ കൂടിക്കൊണ്ടിരിക്കും. അമിത രക്തസ്രാവം, മറുപിള്ള പുറത്തു പോകാതെ ഇരിക്കുക, അമ്നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം, പ്രീ എക്ലാംസിയ, ജനിച്ചു കഴിഞ്ഞ് കുഞ്ഞു കരയാതിരിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ ഒക്കെ നടക്കാവുന്നതാണ്. ഇത്തരം സങ്കീര്‍ണ്ണതകള്‍ക്ക് വിദഗ്ധ ചികിത്സകള്‍ നല്‍കാന്‍ ആശുപത്രി സംവിധാനത്തിന് മാത്രമേ സാധിക്കുകയുള്ളൂ. പ്രസവസമയത്ത് കുഞ്ഞു കരഞ്ഞില്ലെങ്കില്‍, ആദ്യത്തെ ചില നിമിഷങ്ങളില്‍ ശ്വാസം എടുക്കാന്‍ കുഞ്ഞിന് കഴിയാതിരുന്നാല്‍, കുഞ്ഞിന്റെ തലച്ചോറിനെ ബാധിക്കാനും, ഓട്ടിസം, മാനസിക വളര്‍ച്ചക്കുറവ്, കേള്‍വിക്കുറവ് തുടങ്ങിയവ ഉണ്ടാവാനും സാധ്യതയുണ്ട്.
വികസിതരാജ്യങ്ങളില്‍ വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കാറുണ്ട്. അമേരിക്കയില്‍ സര്‍ട്ടിഫൈഡ് മിഡ് വൈഫുകള്‍, സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ മിഡ് വൈഫുകള്‍, സാധാരണ മിഡ് വൈഫുകള്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ വീടുകളില്‍ പ്രസവങ്ങള്‍ നടക്കാറുണ്ട്. ഇംഗ്ലണ്ടിലെ മിഡ് വൈഫുകൾ അംഗീകൃത മിഡ് വൈഫറി ബിരുദം നേടുകയും, നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയും, ഓരോ മൂന്ന് വര്‍ഷത്തിലും പുനര്‍മൂല്യനിര്‍ണ്ണയത്തിന് വിധേയമാകുകയും വേണം. സങ്കീര്‍ണതകള്‍ നേരിട്ടാല്‍ ഒരു രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്, അത് എല്ലാവരും പാലിക്കേണ്ടതുമാണ്.
എന്നാല്‍ ഇവിടെ ഒന്നും അക്യുപങ്ചര്‍ പോലുള്ള അശാസ്ത്രീയ ചികിത്സകള്‍ വഴിയല്ല വീട്ടിലെ പ്രസവങ്ങള്‍ നടത്തുന്നത്. അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ 80,000 പ്രസവങ്ങളെ വിശകലനം ചെയ്തതില്‍, ആശുപത്രിക്ക് പുറത്തുള്ള ആസൂത്രിത ജനനങ്ങള്‍ പ്രസവാനന്തര മരണത്തിന്റെ ഇരട്ടി അപകടസാധ്യത വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആശുപത്രിക്ക് പുറത്തുള്ള 1,000 ജനനങ്ങളില്‍ 3.9 മരണങ്ങള്‍, ആശുപത്രിയില്‍ 1,000-ല്‍ 1.8 മരണങ്ങള്‍. ശിശുമരണ സാധ്യതയിലെ വര്‍ധനവ് ആശങ്കാജനകമാണ്. ആശുപത്രിക്ക് പുറത്തുള്ള പ്രസവങ്ങളില്‍ നവജാതശിശുക്കളിലെ അപസ്മാരത്തിന്റെ തോത് ഉയര്‍ന്നിരിക്കും, 5 മിനിറ്റിനുള്ളില്‍ കുറഞ്ഞ എപിജിഎആര്‍ സ്‌കോറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ആരോഗ്യവകുപ്പ് ഇതിനെതിരേ ബോധവത്കരണങ്ങളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടത്തിയിട്ടും രഹസ്യമായും പരസ്യമായും സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ വീട്ടുപ്രസവങ്ങള്‍ തുടരുന്നു. അശാസ്ത്രീയ സമാന്തര ചികിത്സാ സംഘങ്ങളും ചില സാമുദായിക സംഘങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് താല്പര്യമില്ലെങ്കില്‍ പോലും വീട്ടിലെ പ്രസവം അടിച്ചേല്‍പ്പിക്കുന്ന സ്ഥിതി പല സന്ദര്‍ഭങ്ങളിലും ഉളവാകുന്നുണ്ട്. അതുകൊണ്ടുതന്നെ കെജിഎംഒഎ, ഐ എം എ തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നതുപോലെ പ്രത്യേക നിയമനിര്‍മ്മാണം നമ്മുടെ സംസ്ഥാനത്ത് ആവശ്യമുണ്ട്. വീട്ടിലെ പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ആളുകളെയും, സംഘടനകളെയും നിയമപരമായി തന്നെ നേരിടേണ്ടതുണ്ട്. പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിക്കാനിടയായ സന്ദര്‍ഭങ്ങളിലെ ഉത്തരവാദികള്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യക്കു തന്നെ കേസെടുക്കണം. അപ്പോഴേ ഇങ്ങനെ മരണമടഞ്ഞ ആത്മാക്കൾക്ക് നീതി ലഭിക്കുകയുള്ളൂ.
(ഐഎംഎ കോഴിക്കോട്, എഒഐ കേരളസ്റ്റേറ്റ് എന്നിവയുടെ പ്രസിഡന്റാണ് ലേഖകന്‍)
Content Highlights: risk of home birth higher risk of infant death nervous system disorders
Published: 10 Apr 2025, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented