
ഗര്‍ഭകാലത്തെ പലതരം ആകുലതകള്‍ക്കിടയില്‍ മറ്റേതെങ്കിലും രോഗാവസ്ഥകൂടിയുള്ളവരാണെങ്കില് ആശങ്കയുടെ ആഴംവര്ധിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി അമിതമായി പ്രതികരിക്കുകയും അത് സന്ധികളെയും മറ്റും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണ്‍ സന്ധിവാതരോഗങ്ങള്‍. സ്വാഭാവികമായും ഇത്തരം സാഹചര്യം ഗര്‍ഭകാലത്ത് ചില ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ഇത്തരം സാഹചര്യത്തെ സമഗ്രമായി അപഗ്രഥിക്കുമ്പോള്‍ വിഭിന്നങ്ങളായ വിഷയങ്ങള്‍ കൂടി പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായി വരാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്ന്, ഈ രോഗാവസ്ഥ ഗര്‍ഭിണിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ്. രണ്ടാമത്തേത് ഗര്‍ഭസ്ഥ ശിശുവിനെ ഏത് രീതിയില്‍ സ്വാധീനിക്കുന്നു എന്നതും മൂന്നാമത്തേത് മരുന്നുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളും നിബന്ധനകളുമാണ്. ഗര്‍ഭാവസ്ഥയിലുള്ള പൊതുവായ ഈ കാര്യങ്ങള്‍ക്ക് പുറമെ പ്രസവാനന്തരം മുലയൂട്ടുന്ന സമയത്ത് കഴിക്കുന്ന മരുന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.
വാതരോഗം ഗര്‍ഭിണികളെ എങ്ങനെ സ്വാധീനിക്കുന്നു?
ഗര്‍ഭിണികളില്‍ വാതരോഗം രണ്ട് രീതിയില്‍ കാണപ്പെടാറുണ്ട്. ഇതില്‍ ചില രോഗാവസ്ഥകള്‍ പ്രസവകാലത്ത് രോഗത്തിന്റെ തീവ്രത സ്വാഭാവികമായി കുറയുന്നവയാണ്. ചിലത് തീവ്രത വര്ധിക്കുന്നവയും. ആമവാതം എന്നറിയപ്പെടുന്ന റുമറ്റോയിഡ് ആര്‍ത്രൈറ്റിസാണ് രോഗതീവ്രത കുറയ്ക്കുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ടത്. ആമവാതം അഥവാ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ് ഗര്‍ഭകാലത്ത് സ്വാഭാവികമായി രോഗതീവ്രത കുറയുന്ന രോഗാവസ്ഥയില്‍ പ്രധാനപ്പെട്ടത്. ഗര്‍ഭകാലത്തുണ്ടാകുന്ന ശാരീരികമായ വ്യതിയാനങ്ങളുടേയും ഹോര്‍മോണല്‍ വ്യത്യാസങ്ങളുടേയുമെല്ലാം ഭാഗമായി ഗര്‍ഭകാലത്ത് ഇത്തരം രോഗാവസ്ഥകള്‍ 60% പേരിലും കുറയുകയും ചിലരില്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയും ചെയ്യുന്നതായി കാണുന്നുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ നിര്‍ത്തുക വരെ ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭിണികളില്‍ വലിയ സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യത കുറവാണ്.
പ്രസവത്തിന് ശേഷം ഒന്നര മാസമൊക്കെ പിന്നിടുമ്പോഴേക്കും പലരിലും ആമവാതത്തിന്റെ അവസ്ഥ തിരികെ വരുന്നതായി കാണപ്പെടാറുണ്ട്. അപ്പോള്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ പുനരാരംഭിക്കേണ്ടതാണ്. അല്ലാത്തപക്ഷം രോഗാവസ്ഥ കൂടുതല്‍ സങ്കീര്ണ്ണമാകാന് സാധ്യതയുണ്ട്.
എല്‍. എല്‍. ഇ (സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസസ്), ഷോഗ്രെയിന്സ് ഡിസീസ്, സ്ക്ലീറോഡെര്‍മ, ഡെര്‍മറ്റോമയോസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് അലട്ടാറുണ്ട്. ഇത്തരത്തില്‍ വാതരോഗം അധികരിക്കുകയാണെങ്കില്‍ അനുബന്ധമായ മറ്റ് സങ്കീര്‍ണ്ണതകള്‍ക്കും സാധ്യത വര്‍ധിക്കും. ഇതില്‍ എസ്. എല്‍. ഇ പോലുള്ള രോഗാവസ്ഥകള്‍ വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. ഇതിന് പുറമെ ഇവരില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാനും സാധ്യതയുണ്ട്. സ്വാഭാവികമായും ഈ അവസ്ഥകള്‍ ഗര്‍ഭത്തെയും ദോഷകരമായി ബാധിക്കും. കൂടാതെ, എസ്. എല്‍. ഇ ബാധിതരായ 30%ത്തോളം പേരില്‍ ആന്റിഫോസ്ഫോലിപ്പിഡ് സിന്‍ഡ്രോം എന്ന അവസ്ഥയുണ്ടായേക്കാം. ഈ ആന്റിബോഡികള്‍ ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഗര്‍ഭം അലസുന്നതിന് കാരണമാകാറുണ്ട്. ചിലരില്‍ ആര്. ഒ. 52 എന്ന ആന്റിബോഡി കാണപ്പെടാറുണ്ട്. ഈ ആന്റിബോഡി ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തെ ദോഷകരമായി ബാധിക്കും. ഇത് ജന്മനാലുള്ള ഹൃദയസംബന്ധമായ തകരാറിലേക്കും നയിക്കും. ആന്റിഫോസ്ഫോലിപ്പിഡ് സിന്‍ഡ്രോം ഉള്ളവരില്‍ ആസ്പിരിന്‍ പോലുള്ള ചില മരുന്നുകളിലൂടെ ഒരു പരിധിവരെ പ്രത്യാഘാതങ്ങളെ പിടിച്ച് നിര്‍ത്താന്‍ സാധിക്കും. ആര്. ഒ. 52 ഉള്ളവരില്‍ ഫീറ്റല്‍ എക്കോ കാര്ഡിയോഗ്രാഫിയിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയസ്പന്ദനം ഒന്നോ രണ്ടോ ആഴ്ചകളുടെ ഇടവേളകളില്‍ ആറ് ആഴ്ചമുതല്‍ 28 ആഴ്ചവരെ നിരന്തരമായി നിരീക്ഷണവിധേയമാക്കേണ്ടതാണ്. വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അതിനാവശ്യമായ പ്രതിവിധികള്‍ ഉടനടി തേടുക.
മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
പ്രസവം കഴിഞ്ഞാലും ചില കാര്യങ്ങളില്‍ വാതരോഗബാധിതര് പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് മുലയൂട്ടുന്ന സമയത്ത് കഴിക്കേണ്ട മരുന്നുകളെ കുറിച്ചുള്ള കാര്യങ്ങളാണ്. ചില പ്രത്യേക മരുന്നുകള്‍ മുലയൂട്ടുന്ന സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. ഏതൊക്കെ മരുന്നുകളാണ് ഒഴിവാക്കേണ്ടത് എന്നും ഏതൊക്കെ മരുന്നുകളാണ് പുതിയതായി കഴിച്ച് തുടങ്ങേണ്ടതെന്നും റുമറ്റോളജിസ്റ്റിന്റെ നിര്‍ദേശമനുസരിച്ച് മാത്രമേ തീരുമാനിക്കാന്‍ പാടുള്ളൂ.
അതുപോലെ തന്നെ സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും ഗര്‍ഭിണികളില്‍ വ്യാപകമാണ്. ലോ ഡോസുള്ള സ്റ്റിറോയിഡുകള്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറില്ല. അസുഖത്തിന്റെ കാഠിന്യത്തിന്റെ തോതനുസരിച്ച് ഏതൊക്കെ അളവിലാണ് നല്‍കേണ്ടത് എന്ന് റുമറ്റോളജിസ്റ്റാണ് തീരുമാനമെടുക്കേണ്ടത്. അസുഖം നിയന്ത്രണവിധേയമാക്കിയശേഷം സ്റ്റിറോയിഡ് നിര്‍ത്താനും സാധ്യതയുണ്ട്.
വേദനസംഹാരികളുടെ ഉപയോഗവുമായി ബന്ധപ്പെട്ടും ആശയക്കുഴപ്പം വ്യാപകമായിട്ടുണ്ട്. ആദ്യത്തെയും അവസാനത്തെയും ട്രൈമെസ്റ്ററില്‍ പൊതുവെ വേദനസംഹാരികള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടാമത്തെ ട്രൈമസ്റ്ററില്‍ വേദനസംഹാരികളുടെ മിതമായ ഉപയോഗം വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകാറില്ല.
Content Highlights: Pregnancy and Rheumatoid Arthritis
Published: 22 Jul 2024, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented