ഓമനത്തം തുളുമ്പുന്ന മുഖം, ഇടതൂര്‍ണ്ണ സ്വര്‍ണ്ണത്തലമുടി, വെള്ളാരം കണ്ണുകള്‍.... കൗമാരകാലത്ത് പെണ്‍കുട്ടികളുടെ സ്വപ്‌നത്തില്‍ നിറഞ്ഞുനിന്ന ബാര്‍ബി ഡോളുകള്‍. 1959 മാര്‍ച്ച്-9 ന് ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ടോയ് ഫെയറില്‍ വെച്ചാണ് ആദ്യത്തെ ബാര്‍ബി ഡോള്‍ പിറവിയെടുക്കുന്നത്. മാറ്റെല്‍ സ്റ്റുഡിയോയുടെ സഹസ്ഥാപക റൂത്ത് ഹാന്‍ഡ്‌ലറാണ് ബാര്‍ബി ഡോളുകളുടെ സ്രഷ്ടാവ്. മാറുന്ന കാലത്തിന്റെ താല്പര്യങ്ങള്‍ക്കനുസൃതമായി വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ബാര്‍ബികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. ഡൗണ്‍ സിന്‍ഡ്രോമുള്ള കറുത്ത ബാര്‍ബിയും ശ്രവണസഹായി വച്ച ബാര്‍ബിയും കണ്ണുകാണാത്ത ബാര്‍ബിയും വീല്‍ചെയറില്‍ ഇരിക്കുന്ന ബാര്‍ബിയും തുടങ്ങി സ്റ്റീരിയോടൈപ്പുകളെയും സൗന്ദര്യസങ്കല്പങ്ങളെയും പൊളിച്ചെഴുതുന്ന നിരവധി ബാര്‍ബികള്‍ ഇതുവരെയും പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്‍സുലിന്‍ പമ്പും ഗ്ലൂക്കോസ് മോണിറ്ററുമുള്ള ബാര്‍ബി ഡോളുകളെ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ പാവ നിര്‍മാണ കമ്പനിയായ മാറ്റെലും ബ്രേക്ക്ത്രൂ ടി.1.ഡിയും.
ടൈപ്പ് 1 ഡയബറ്റീസ് അഥവാ ജീവിതശൈലി മൂലമുണ്ടാകുന്ന പ്രമേഹം കുട്ടികളിലും യുവാക്കളിലും ഇന്ന് സര്‍വസാധാരണമാണ്. പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ നിര്‍മിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്ന ഇത് ജുവനൈല്‍ പ്രമേഹം എന്നും അറിയപ്പെടുന്നു. ടൈപ്പ്1 പ്രമേഹരോഗികള്‍ നിരന്തരം ഗ്ലൂക്കോസ് ലെവല്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ ഇന്‍സുലിന്‍ എടുക്കുകയും വേണം. ഇത്തരമൊരു സാഹചര്യത്തില്‍ ടൈപ്പ് 1 പ്രമേഹരോഗികളെ സമൂഹത്തില്‍ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും ഇതൊരു സാധാരണകാര്യമായി കണ്ടാല്‍ മതിയെന്നുമുള്ള അവബോധം കൊണ്ടുവരുക കൂടിയാണ് ഈ ബാര്‍ബി ഡോളുകളുടെ ഉദ്ദേശം. ടൈപ്പ് 1 പ്രമേഹമുള്ള ബാര്‍ബിയെ കാണുന്നത് കുട്ടികളില്‍ പോലും ഇതൊരു സാധാരണ അവസ്ഥയാണെന്നും അത്തരം ആളുകളെ ഒറ്റപ്പെടുത്തരുമെന്നുള്ള ചിന്ത ഉണ്ടാക്കാനും സഹായിക്കും.
പുത്തന്‍ ബാര്‍ബിയുടെ പ്രത്യേകതകള്‍
ഗ്ലൂക്കോസ് മോണിറ്റര്‍ : ഹാര്‍ട്ട് ഷേയ്പ്പില്‍ പിങ്ക് നിറത്തിലുള്ള ഒരു മെഡിക്കല്‍ ടേപ്പ് ബാര്‍ബിയുടെ കൈയില്‍ ഘടിപ്പിച്ചിട്ടുണ്ട്. കൃത്യമായി ഗ്ലൂക്കോസ് ലെവല്‍ പരിശോധിച്ച് ഇത് സി.ജി.എം. (Continuous glucose monitor) ആപ്പ് വഴി ഫോണിലൂടെ കാണാന്‍ സാധിക്കും.
ഇന്‍സുലിന്‍ പമ്പ്: ബാര്‍ബിയുടെ അരക്കെട്ടിലായി ഒരു ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ചിട്ടുണ്ട്. രാത്രിയും പകലും ഇന്‍സുലിന്റെ അളവ് പരിശോധിക്കാന്‍ ഇത് സഹായിക്കുന്നു.
ബ്ലൂ പോള്‍ക്ക ഡോട്ട് ഔട്ട്ഫിറ്റ്: പോള്‍ക്കാ ഡോട്ടുകളുള്ള സ്റ്റൈലിഷായ ടോപ്പും സ്‌കേര്‍ട്ടുമാണ് ബാര്‍ബിയുടെ വേഷം. ഇതിലെ നീല വളയങ്ങള്‍ പ്രമേഹരോഗത്തിന്റെ പ്രതീകമാണ്. ഇതിലൂടെ പ്രമേഹത്തെക്കുറിച്ചുള്ള അവബോധം നല്കുകയാണ് ലക്ഷ്യം.
ഹാന്‍ഡ് ബാഗ്: ഒരു പേസ്റ്റല്‍ ബ്ലൂ ഹാന്‍ഡ്ബാഗാണ് ബാര്‍ബിയുടെ കൈയിലുള്ളത്. പ്രമേഹരോഗികള്‍ക്ക് യാത്രയിലും മറ്റും കൊണ്ടുപോകാനുള്ള സ്‌നാക്ക്‌സോ ഗുളികയോ അവശ്യസാധനങ്ങളോ സൂക്ഷിക്കാനാണ് ഇത്തരമൊരു ബാഗ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: New Barbie doll features an insulin pump and glucose monitor, raising awareness for type 1 diabetes
Published: 09 Jul 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented