പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ദാര്‍ഥ് ചോപ്രയും നടി നീലം ഉപാധ്യായയും വിവാഹിതരായത് അടുത്തിടെയാണ്. വിവാഹത്തിനു പിന്നാലെ ഹല്‍ദി ചടങ്ങില്‍ വെച്ച് സംഭവിച്ചതെന്നു കരുതുന്ന ഒരു അലര്‍ജിയെപ്പറ്റി നീലം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ശരീരത്തില്‍ വീണ കറുത്ത പാട് ഹല്‍ദിയില്‍ സംഭവിച്ചതാവാമെന്നാണ് പോസ്റ്റില്‍ പറയുന്നത്. കഴുത്തിലും ഷോള്‍ഡറിലും വന്ന കറുത്ത പാടുകളുടെ ചിത്രവും നടി പോസ്റ്റുചെയ്തിട്ടുണ്ട്.  

അരച്ച മഞ്ഞളും ചന്ദനവും പനിനീരും യോഗര്‍ട്ടും ചേര്‍ത്താണ് ചടങ്ങിനായി ഹല്‍ദി ഒരുക്കുന്നത്. മഞ്ഞളില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ട കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ചര്‍മം തിളങ്ങാനും സുഖപ്പെടുത്താനും മഞ്ഞളിന് കഴിവുള്ളതിനാല്‍ തന്നെ ചര്‍മസംരക്ഷണത്തിന് മഞ്ഞള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ്. എന്നാല്‍ ചില സമയങ്ങളില്‍ ചിലയാളുകള്‍ക്ക് ഇത് ദോഷവുമുണ്ടാക്കാറുണ്ട്. ഫോട്ടോസെന്‍സിറ്റിവിറ്റിയിലേക്ക് നയിച്ചേക്കുമെന്നതാണ് പ്രധാനകാര്യം. അതിന്റെ ഫലമായി അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുമ്പോള്‍ ചര്‍മം ദുര്‍ബലമാവുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തേക്കാം. 

ചര്‍മത്തില്‍ ചുവന്ന പാടുകളുണ്ടാവാനും സൂര്യാഘാതമേല്‍ക്കാനും അസ്വസ്ഥതയുണ്ടാകാനുമൊക്കെ ഇത് കാരണമാകാറുണ്ട്. ദീര്‍ഘനേരം മഞ്ഞങ്ങള്‍പുരട്ടി വെയില്‍കൊണ്ടാല്‍ ചിലര്‍ക്ക് കറുത്തപാടുകളും ചൊറിച്ചിലും തടിപ്പുമൊക്കെ ഉണ്ടാവാനിടയുണ്ട്.  

എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
ചര്‍മത്തിലും ശരീരത്തിലും മുഴുവനായി പുരട്ടുന്നതിനു മുമ്പ് മഞ്ഞള്‍ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടോയെന്ന് പരിശോധിക്കാം. ഇതിനായി ചെറിയ അളവില്‍ എടുത്ത് കൈയിലോ മറ്റോ പുരട്ടിനോക്കാം. 24 മണിക്കൂര്‍ വെച്ചശേഷം അസ്വസ്തതകളൊന്നുമില്ലെങ്കില്‍ ധൈര്യമായി  ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കാം. 

സൂര്യഘാതത്തിന്റെ സാധ്യത കുറയ്ക്കാന്‍ ഹല്‍ദി ചടങ്ങുകള്‍ വൈകുന്നേരങ്ങളിലാക്കാം. ഒപ്പം മഞ്ഞള്‍ മാസ്‌കുകളുപയോഗിക്കുന്നതും ചികിത്സകള്‍ നടത്തുന്നതും. 
 
പകല്‍സമയങ്ങളിലാണ് മഞ്ഞള്‍ ഉപയോഗിക്കുന്നതെങ്കില്‍ റിയാക്ഷന്‍ ഒഴിവാക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.

മഞ്ഞള്‍ യോഗര്‍ട്ടുമായോ തേനുമായോ കറ്റാര്‍വാഴയുമായോ ചേര്‍ത്ത് ഉപയോഗിക്കുന്നത് അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.