ദഹനം പ്രയാസമാകുന്ന കാലമാണ് മഴക്കാലം. അതുകൊണ്ടുതന്നെ നമ്മൾ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന വിഭവങ്ങൾ, അത്രയും അളവിൽ ഒരുപക്ഷേ കഴിക്കേണ്ടതില്ല. അങ്ങനെ കഴിക്കുന്നത് ചിലപ്പോൾ ദഹനക്കേടിന് കാരണമാവുകയും ചെയ്‌തേക്കാം. ആഹാരശുചിത്വത്തിനും ആഹാരരീതികൾക്കും ഏറെ ശ്രദ്ധകൊടുക്കേണ്ട സമയമാണ് മഴക്കാലം.

ആഹാരം ദഹനത്തിന് അനുസരിച്ച്

  •  മാംസം, നെയ്യ്, പൊറോട്ട, വറുത്തതും പൊരിച്ചതുമായ ആഹാരം എന്നിവ മഴക്കാലത്ത് കുറയ്ക്കാം.
  • തണുപ്പിനെ മറികടക്കാൻ സഹായിക്കുന്ന നല്ല ഭക്ഷ്യയിനങ്ങളിലൊന്നാണ് കഞ്ഞി. കൂടാതെ ഇലക്കറികൾ, പച്ചക്കറിക, പഴവർഗ്ഗങ്ങൾ തുടങ്ങിയവയും ഉത്തമമാണ്.
  • കാച്ചിയ മോര്, രസം, സൂപ്പുകൾ എന്നിവ നല്ലതാണ്. കറികളിൽ എരിവ്, പുളി എന്നിവ നിയന്ത്രിക്കണം.
  • എണ്ണയും മധുരവും കുറയ്ക്കുക.
  • പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.
  • പയർ-പരിപ്പ് വർഗ്ഗങ്ങളും മുഴുധാന്യങ്ങളും കടൽമത്സ്യവും മുട്ടയും ആഹാരത്തിന്റെ ഭാഗമാക്കാം.
  • തിളപ്പിച്ച വെള്ളവും തിളപ്പിച്ചാറിയ വെള്ളവും മാത്രം കുടിക്കുക
  • ചുക്ക് കാപ്പി തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങൾ ധാരാളം കുടിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുക.
  • ശീതള പാനീയങ്ങൾക്ക് പകരം ജ്യൂസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക

മാറ്റാം ജീവിതശൈലി

ചികിത്സയോടൊപ്പം ജീവിതചര്യകളിലും ചില മാറ്റങ്ങൾ വരുത്തണം. കർക്കടകത്തിൽ മാത്രമല്ല, ഏതുകാലത്തും ഈ ജീവിതരീതി പിന്തുടരുകയും വേണം.

  • പകലുറങ്ങുന്നതും രാത്രി ഉറക്കമൊഴിക്കുന്നതും ഒഴിവാക്കണം.
  • മലമൂത്രവിസർജനം കൃത്യസമയത്ത് നടത്തണം.
  • പുറത്തുപോയിവന്നാൽ കൈകാലുകൾ അല്പം ഉപ്പുചേർത്ത വെള്ളത്തിൽ കഴുകി വെളിച്ചെണ്ണ പുരട്ടാം.
  • പ്രമേഹം, അമിത ബി.പി., രക്തസമ്മർദം എന്നീ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ അതിനുള്ള മരുന്നുകൾ കർക്കടകത്തിലും തുടരണം.

കുട്ടികൾ എന്തു കഴിക്കണം

കുട്ടികൾക്ക് കൃത്യസമയത്തു തന്നെ പ്രഭാത ഭക്ഷണം നൽകണം. വീട്ടിൽ തന്നെയുണ്ടാക്കാവുന്ന നാടൻ പലഹാരങ്ങളാണ് കഴിക്കാൻ ഉത്തമം. മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ കുട്ടികൾക്കുണ്ടാകാറുണ്ട്. അസുഖം വന്നാൽ പലപ്പോഴും അവർ ആഹാരം ഒഴിവാക്കാറുമുണ്ട്. ആഹാരത്തോടുള്ള കുട്ടികളുടെ മടി മാറ്റാൻ അച്ഛനമ്മമാർ ശ്രമിക്കണം. രുചികരമായ ഭക്ഷണം സ്വയം ഉണ്ടാക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi