മഴ, കട്ടന്‍കാപ്പി, മിക്സ്ചര്‍, ജോണ്‍സണ്‍മാഷിന്റെ ഗാനം....ആഹാ, എത്ര പ്രണയാര്‍ദ്രവും സുന്ദരവുമാണ് മഴ അല്ലേ. ചിലര്‍ക്കൊക്കെ ആയിരിക്കാം. എന്നാല്‍ ഈ കാലയളവില്‍ എന്റെ അടുത്ത് ചികിത്സ തേടിയെത്തുന്ന മഹാഭൂരിപക്ഷം സ്ത്രീകളെയും സംബന്ധിച്ച് മഴക്കാലം അത്ര സുന്ദരകാലമൊന്നുമല്ല. ചിലരെ സംബന്ധിച്ച് ഇത് ദുരിതത്തിന്റെ കാലം കൂടിയാണ്.
അതിനൊരു ഉദാഹരണമാണ് മീരടീച്ചര്‍. രണ്ടാഴ്ച മുന്‍പാണ് ടീച്ചര്‍ എന്റെ അടുത്ത് വന്നത്. സ്‌കൂള്‍ തുറന്ന് കുറച്ച് ദിവസമേ ആയിരുന്നുള്ളൂ. യോനിയിൽ തുടര്‍ച്ചയായ ചൊറിച്ചിലും, അസാധാരണമായ ഡിസ്ചാര്‍ജ്ജും വല്ലാത്ത അസ്വസ്ഥതയുമൊക്കയാണ് ടീച്ചറിന്റെ പ്രശ്നം. വീട്ടില്‍ നിന്നും അവര്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിലേക്ക് കുറച്ചധികം ദൂരമുണ്ട്. പെരുമഴയത്ത് എങ്ങനെയൊക്കെ കുടചൂടിയാലും വസ്ത്രം നനഞ്ഞൊട്ടും. പിന്നീട് മണിക്കൂറുകളോളം ബസ്സിലും ക്ലാസ്സിലുമായി ഈ നനഞ്ഞ വസ്ത്രത്തില്‍ തന്നെ വേണം ജീവിക്കാന്‍.
ചെറിയ സ്‌കൂളാണ്, പൊതു ടോയ്ലറ്റ് മാത്രമേയുളളൂ. അതിന്റെ ഉപയോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ വേറെയും. വിശദമായ പരിശോധനയില്‍  യീസ്റ്റ് അണുബാധയാണെന്ന് മനസ്സിലായി. അമിതമായ ഈര്‍പ്പവും വായുസഞ്ചാരക്കുറവുമാണ് ടീച്ചറിന്റെ അസുഖത്തിന് കാരണമായത്. മരുന്നുകൊണ്ട് തന്നെ അസുഖം നിയന്ത്രണവിധേയമായി. എന്നാല്‍ ഇതേ സാഹചര്യത്തിലൂടെ തന്നെയാണ് ജീവിതം മുന്നോട്ട് പോകുന്നതെങ്കില്‍ അസുഖം വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ടീച്ചറെ പറഞ്ഞയച്ചത്.
മീരടീച്ചറുടെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. മണ്‍സൂണ്‍കാലത്ത് മഹാഭൂരിപക്ഷം സ്ത്രീകളും അഭിമുഖീകരിക്കുന്ന അനവധി പ്രതിസന്ധികളില്‍ ഒന്ന് മാത്രമാണത്. അന്തരീക്ഷത്തിലും ശരീരത്തിലുമൊക്കെ ഈര്‍പ്പം നിലനില്‍ക്കാന്‍ ഇടയാകുന്ന സാഹചര്യം ശരീരത്തില്‍ ബാക്ടീരിയ, ഫംഗസ്, വൈറസുകള്‍ എന്നിവയുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നു. ഇതിന് പുറമെ പ്രത്യുത്പാദന വ്യവസ്ഥിതിക്ക് അനുകൂലമായി സൃഷ്ടിക്കപ്പെട്ട ശാരീരിക സാഹചര്യം, ഇത്തരം രോഗങ്ങള്‍ എളുപ്പത്തില്‍ പടര്‍ന്ന് പിടിക്കാനുള്ള അവസ്ഥ ഒരുക്കുകയും ചെയ്യുന്നു. മണ്‍സൂണ്‍കാലത്ത് കൂടുതലായും ചികിത്സിക്കേണ്ടി വരുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന അവസ്ഥകള്‍ ഇനി പറയുന്നു.
ഫംഗസ്, ബാക്ടീരിയ അണുബാധകള്‍
ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥകളാണിത്. കാന്‍ഡീഡിയസിസ് (യോനി യീസ്റ്റ് അണുബാധ), ബാക്ടീരിയല്‍ വാജിനോസിസ് തുടങ്ങിയവയാണ് ഇതില്‍ കൂടുതലായും കാണപ്പെടുന്നത്. നനഞ്ഞ അടിവസ്ത്രം ധരിക്കുക, ഈര്‍പ്പമുള്ള വസ്ത്രങ്ങള്‍ ദീര്‍ഘനേരം ധരിക്കുക, ഈര്‍പ്പം നിറഞ്ഞ സിന്തറ്റിക് വസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

To advertise here,

മൂത്രനാളിയിലെ അണുബാധ
ശുചിത്വമില്ലായ്മയും, വെള്ളം കുടിക്കുന്നതിന്റെ കുറവുമൊക്കെയാണ് മൂത്രനാളിയിലെ അണുബാധയ്ക്ക് പ്രധാനകാരണം. വേദന നിറഞ്ഞതും അസ്വസ്ഥത ഉളവാക്കുന്നതുമായ അവസ്ഥയാണിത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, ഇടുപ്പ് വേദന, മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.
ആര്‍ത്തവശുചിത്വ പ്രശ്നങ്ങള്‍
ആര്‍ത്തവസംബന്ധമായ ശുചിത്വം പാലിക്കുന്നതില്‍ പലപ്പോഴും മഴക്കാലം തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്. നനഞ്ഞതോ വൃത്തിഹീനമായതോ ആയ അന്തരീക്ഷത്തില്‍ സാനിറ്ററി പാഡുകളും മറ്റും സ്ഥിരമായി മാറ്റുന്നതും ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യങ്ങളില്‍ തിണര്‍പ്പ്, അണുബാധ, അപൂര്‍വ്വമായ ടോക്സിക് ഷോക്ക് സിന്‍ഡ്രോം മുതലായ അവസ്ഥകള്‍ക്കും സാധ്യതയുണ്ട്.
വന്ധ്യതയും പ്രത്യുത്പാദന സംബന്ധമായ ആശങ്കകളും
വന്ധ്യതാസംബന്ധമായ ചികിത്സകള്‍ നടത്തുന്നവരും ഗര്‍ഭിണികളാകാന്‍ ശ്രമിക്കുന്നവരും ചിലപ്പോള്‍ മഴക്കാലത്തിന്റെ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. മഴക്കാലത്ത് പ്രതിരോധശേഷി കുറയുന്നതും സീസണല്‍ രോഗങ്ങള്‍ ബാധിക്കുന്നതും അണുബാധയുണ്ടാകുന്നതുമൊക്കെ നിലവില്‍ നടത്തുന്ന ചികിത്സാസംബന്ധമായ നടപടിക്രമങ്ങളെയോ ആദ്യകാല ഗര്‍ഭധാരണത്തെയോ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇത്തരം രോഗങ്ങളെ ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ പ്രതിരോധമാണ് ചികിത്സയെക്കാള്‍ നല്ലത് എന്ന സന്ദേശം തന്നെയാണ് പങ്കുവെക്കാനുള്ളത്. ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ മഴക്കാലരോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

  • നനവില്ലാതെ, ശുചിത്വത്തോടെയിരിക്കാന്‍ ശ്രദ്ധിക്കുക
    ഏതെങ്കിലും കാരണവശാല്‍ നനഞ്ഞിട്ടുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റുകയും ശരീരത്തിലെ നനവ് വൃത്തിയുള്ള തുണി ഉപയോഗിച്ച് ഒപ്പിയെടുക്കുകയും ചെയ്യുക. കോട്ടണ്‍ അടിവസ്ത്രങ്ങളും വായുസഞ്ചാരം സാധ്യമാകുന്ന വസ്ത്രങ്ങളും തെരഞ്ഞെടുക്കുക.
  • ജലാംശം നിലനിര്‍ത്തുക
    കൃത്യമായ ഇടവേളകളില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തുന്നത് മൂത്രനാളിയിലെ അണുബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാന്‍ സഹായിക്കും.
  • ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
    ആവശ്യത്തിന് പാഡുകളും മറ്റും കയ്യില്‍ കരുതണം. കൃത്യമായ ഇടവേളകളില്‍ അവ മാറ്റാന്‍ ശ്രദ്ധിക്കണം. കപ്പുപോലുള്ളവ ഉപയോഗിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ അത് ശുചീകരിക്കണം.
  • പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക
    രോഗപ്രതിരോധശേഷി ഉറപ്പ് വരുത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹവും മറ്റുമുള്ളവര്‍ അനുയോജ്യമായ ഭക്ഷണക്രമീകരണം നടത്തുകയും മരുന്നുകള്‍ കൃത്യസമയത്ത് കഴിക്കുകയും വേണം. വ്യായാമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. മഴകാരണം പുറത്ത് പോയി വ്യായാമം ചെയ്യാത്ത സാഹചര്യമാണെങ്കില്‍ വീട്ടിനുള്ളില്‍ നിന്ന് ചെയ്യാവുന്ന വ്യായാമമുറകള്‍ ശീലമാക്കുക.
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi