വീട്ടിലെ സാധനങ്ങൾ കേടുപാടുകൾ വന്നാലും പൊട്ടിപ്പോയ സാധനങ്ങൾ ഒട്ടിക്കാനും നാം ഗ്ലൂവിനെ ആശ്രയിക്കാറുണ്ട്. എന്നാൽ കെെയോ കാലോ ഒടിഞ്ഞാൽ, ഗ്ലൂ ഉപയോഗിച്ച് ഞൊടിയിടയിൽ ഒട്ടിച്ചെടുക്കാനൊരു വിദ്യ ഉണ്ടെങ്കിലോ? രസമായിരിക്കുമല്ലേ, എന്നാൽ അത്തരത്തിലൊരു മെ‍ഡിക്കൽ ബോൺ ഗ്ലൂ വികസിപ്പിച്ചിരിക്കുകയാണ് ചെെനീസ് ഗവേഷകർ.

വെറും മൂന്ന് മിനിറ്റിനുള്ളിൽ ഒടിവുപറ്റിയ അസ്ഥികൾ ചികിത്സിക്കാൻ കഴിയുന്ന ഒരു മെഡിക്കൽ ബോൺ ഗ്ലൂവാണ് വെെദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടുപിടിത്തം. ഓർത്തോപീഡിക് രംഗത്തും ഒരു ബോൺ അഡ്ഹെസീവിന്റെ ആവശ്യമുണ്ടെന്ന് കരുതിയിരിക്കുന്ന സമയത്താണ് ചെെനീസ് ഗവേഷകരുടെ ഈ കണ്ടുപിടിത്തം.

ബോൺ 02 എന്ന് പേരിട്ടിരിക്കുന്ന ഈ ബോൺ ഗ്ലൂവിനുപിന്നിൽ കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഗവേഷക സംഘമാണ്. വെള്ളത്തിനടിയിലെ പാലത്തിൽ ചിപ്പികൾ ഉറപ്പോടെ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടതിൽ നിന്നാണ് ഇത്തരമൊരു അസ്ഥി പശ വികസിപ്പിക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് ഗവേഷക തലവനും അസോസിയേറ്റ് ചീഫ് ഓർത്തോപീഡിക് സർജനുമായ ലിൻ ഷിയാൻഫെങ് പറയുകയുണ്ടായി.

രക്തം ഒഴുകുന്ന സാഹചര്യത്തിൽ പോലും, വെറും രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ഈ പശയ്ക്ക് കൃത്യമായി അസ്ഥികളെ ഉറപ്പിക്കാൻ സാധിക്കും. പരിക്ക് ഭേദമാകുമ്പോൾ പശ സ്വാഭാവികമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. 150-ൽ പരം രോഗികളിൽ ഈ മെഡിക്കൽ ഗ്ലൂ വിജയകരമായി പരീക്ഷിച്ചു. 

ഒട്ടിച്ച എല്ലുകൾ മികച്ച ഫലം തരുന്നെന്നുമാത്രമല്ല, ഇത് പരമ്പരാഗത ലോഹ ഇംപ്ലാൻ്റുകൾക്ക് പകരമാക്കാൻ കഴിവുള്ളവയുമാണ്. ലോഹ ഇംപ്ലാന്റുകൾ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കുന്നവയാണ്. ഇംപ്ലാൻ്റുകൾ നീക്കം ചെയ്യാനുള്ള മറ്റൊരു ശസ്ത്രക്രിയയുടെ ആവശ്യം ഗ്ലൂ ഇല്ലാതാക്കുന്നു. കൂടാതെ, ഇത് ശരീരത്തിലെ പ്രതിപ്രവർത്തനങ്ങളുടെയും അണുബാധയുടെയും അപകടസാധ്യത കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിലവിൽ, ഒടിവുകൾ ശരിയാക്കാൻ നിരവധി ബോൺ സിമൻ്റുകളും ബോൺ വോയിഡ് ഫില്ലറുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയൊന്നും ഗ്ലൂവിന്റെ സ്വഭാവം ഉള്ളതല്ല. ആദ്യത്തെ ബോൺ അഡ്ഹെസീവുകൾ 1940-കളിൽ വികസിപ്പിച്ചെടുത്തവയാണ്.അവ ജെലാറ്റിൻ, എപ്പോക്സി റെസിനുകൾ, അക്രിലേറ്റുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നിരുന്നാലും, ബയോകോംപാറ്റിബിലിറ്റി പ്രശ്നങ്ങൾ കാരണം അവ ഉപേക്ഷിക്കേണ്ടി വന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi