
മഴക്കാലം തകര്‍ക്കുകയാണ്. ഒപ്പം പനിമുതല്‍ വയറിളക്കംവരെയുള്ള രോഗങ്ങളും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. വേനലില്‍നിന്ന് മഴക്കാലത്തിലേക്കുള്ള മാറ്റം കാര്യമായി പ്രതിഫലിക്കുക കുഞ്ഞുങ്ങളുടെ ആരോഗ്യത്തിലാണ്.
പനികള്‍ പലവിധം
നമ്മുടെ നാട്ടില്‍ മഴക്കാലം പനിക്കാലമാണ്. സാംക്രമികരോഗങ്ങള്‍ പലതും വ്യാപകമായി ഇക്കാലത്തുണ്ടാവും. രോഗാണുക്കള്‍ ശരീരത്തില്‍ എത്തിച്ചേരുന്നതോടെ പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെ പെട്ടെന്ന് പനി ബാധിക്കുന്നു.
മഴക്കാലത്ത് സര്‍വസാധാരണമാണ് ജലദോഷപ്പനി. പെട്ടെന്നുള്ള കാലാവസ്ഥാമാറ്റം അന്തരീക്ഷത്തില്‍ വൈറസുകള്‍ പെരുകാന്‍ ഇടയാക്കും. ഇവ കുട്ടികളുടെ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കും.
- പനി, തുമ്മല്‍, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വൈറസുകള്‍ അന്തരീക്ഷത്തിലെത്തും.
- ക്ലാസ്മുറി, കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലൂടെ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താം.
- പനി ബാധിച്ച കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളവും എളുപ്പം ദഹിക്കുന്ന പോഷകമൂല്യമുള്ള ഭക്ഷണവും നല്‍കണം.
- കഠിനമായ പനിയുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം പാരസെറ്റമോള്‍ കഴിക്കാം.
കഫക്കെട്ട് കരുതിയിരിക്കണം
ചില കുട്ടികളില്‍ ജലദോഷപ്പനി മൂര്‍ച്ഛിക്കുകയും ഗുരുതരമായ കഫക്കെട്ടായി മാറുകയും ചെയ്യാറുണ്ട്. ടോണ്‍സിലൈറ്റിസ്, ചെവിപഴുപ്പ് എന്നീ അവസ്ഥകളിലേക്കും എത്തിയേക്കാം.
- കുട്ടികളുടെ ശ്വാസോച്ഛ്വാസം ശ്രദ്ധിക്കണം. ശ്വാസമെടുക്കുമ്പോള്‍ കുറുകുന്ന ശബ്ദമുണ്ടായാല്‍ ഗൗരവമായി കാണണം.
- നാക്കിനും ചുണ്ടിലും നീലനിറം കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.
പ്രതിരോധം പ്രധാനം
പനി, ജലദോഷം പോലുള്ള അവസ്ഥകളില്‍ വ്യക്തിശുചിത്വം പാലിക്കാന്‍ കുട്ടികളോട് നിര്‍ദേശിക്കാം.
കുട ഉപയോഗിച്ചാലും ചിലപ്പോള്‍ കുട്ടികള്‍ നനഞ്ഞേക്കാം. ക്ലാസ് കഴിയുന്നതുവരെ നനഞ്ഞിരിക്കേണ്ടിവരും. അതിനാല്‍ മഴക്കോട്ടാണ് ഉത്തമം.
- ചുമയും തുമ്മലുമുണ്ടെങ്കില്‍ മൂക്കും വായും ടവ്വലുപയോഗിച്ച് മറയ്ക്കണം.
- അസുഖമുള്ള കുട്ടികള്‍ ഉപയോഗിച്ച പുസ്തകങ്ങളും മറ്റും മറ്റുള്ളവര്‍ ഉപയോഗിക്കരുത്.
- കുട്ടികള്‍ അഴുക്കുജലവുമായി സമ്പര്‍ക്കമുണ്ടാക്കുന്നത് തടയണം.
- മഴനനഞ്ഞ് വീട്ടിലെത്തിയാലുടന്‍ ചൂടുവെള്ളത്തില്‍ കുളിക്കാം. ശരീരം സോപ്പുപയോഗിച്ച് കഴുകണം.
- മുറിവ് പറ്റിയിട്ടുണ്ടെങ്കില്‍ വൃത്തിയാക്കി ആന്റിസെപ്റ്റിക് മരുന്ന് പുരട്ടണം.
- നനഞ്ഞ വസ്ത്രം മാറ്റി വൃത്തിയുള്ള ഉടുപ്പുകള്‍ ധരിപ്പിക്കണം.
- നനഞ്ഞ വസ്ത്രം ധരിച്ച് എ.സി. റൂമില്‍ ഇരിക്കരുത്. ഇത് രോഗം കൂടാന്‍ ഇടയാക്കും.
- ഭക്ഷണത്തിന് മുന്‍പും ശേഷവും സോപ്പുപയോഗിച്ച് കൈകഴുകണം.
ആന്റിബയോട്ടിക്കുകള്‍ വാങ്ങിനല്‍കല്ലേ...
ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കുട്ടികള്‍ക്ക് നല്‍കരുത്. വൈറല്‍ പനിക്കും ജലദോഷത്തിനും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ചില പനികള്‍ (ഹെപ്പറ്റൈറ്റിസ് പോലുള്ളവ) കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. പനി ഏതെന്ന് തിരിച്ചറിയാതെ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഓര്‍ക്കുക.
വയറിളക്കരോഗങ്ങള്‍
കുട്ടികളില്‍ സാധാരണമായി കാണുന്ന വയറിളക്കം മലിനജലത്തിലൂടെയും മലിനമായ ഭക്ഷണപദാര്‍ഥത്തിലൂടെയുമാണ് പടരുന്നത്. കഠിനമായ പനിയും ഛര്‍ദിയുമാണ് പ്രാരംഭലക്ഷണങ്ങള്‍. ഒന്നുരണ്ട് ദിവസത്തിനകം വയറുവേദനയും വയറിളക്കവുമുണ്ടാകും. ഇതുവഴി ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടും. തന്മൂലം കുട്ടികള്‍ക്ക് നിര്‍ജലീകരണം സംഭവിച്ചേക്കാം. ഇതിന് കൃത്യമായ ചികിത്സ വേണം.
- ലവണങ്ങള്‍ ധാരളമടങ്ങിയ ഒ.ആര്‍.എസ്. ലായനി കുടിക്കാന്‍ നല്‍കാം.
- ആന്റിബയോട്ടിക്കുകള്‍ വയറിളക്കത്തിന് ഫലപ്രദമല്ല.
- ചിലപ്പോള്‍ വയറ്റില്‍നിന്ന് രക്തം കലര്‍ന്ന മലം പുറത്തുവരുന്ന വയറുകടി (ഡിസെന്‍ട്രി) എന്ന അവസ്ഥയുണ്ടാകാം.
- വയറിളക്കരോഗങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് കോളറ.
- ഛര്‍ദി, പനി, ഗുരുതരമായ നിര്‍ജലീകരണം എന്നിവയാണ് ലക്ഷണങ്ങള്‍.
- സാല്‍മൊണെല്ല വിഭാഗം ബാക്ടീരിയകള്‍ പടര്‍ത്തുന്ന രോഗമാണ് ടൈഫോയ്ഡ്.
- വിട്ടുമാറാത്ത പനി, തലവേദന, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍.
പനിക്കാലം
മലിനമായ കുടിവെള്ളത്തിലൂടെയോ വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ മഞ്ഞപ്പിത്തം വരാം.
പനിയാണ് പ്രധാന ലക്ഷണം. തലവേദന, സന്ധിവേദന എന്നിവയും കണ്ടേക്കാം. നാലഞ്ചുദിവസത്തിനകം മൂത്രം മഞ്ഞനിറമാവും.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
- പാകംചെയ്ത ഭക്ഷണം കഴിക്കുക. തണുത്തവ ഒഴിവാക്കുക. ആഹാരസാധനങ്ങള്‍ അടച്ചുവയ്ക്കുക.
- വയറിളക്കമുള്ള കുട്ടികള്‍ക്ക് ഒ.ആര്‍.എസ്. ലായനി നല്‍കാം.
- ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, റോട്ടാവൈറസ് മൂലമുള്ള വയറിളക്കം എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് കൃത്യസമയത്ത് എടുക്കണം.
- കഠിനമായ തലവേദനയും പനിയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.
- കുട്ടികളുടെ ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ അത് കൃത്യമായി വൃത്തിയാക്കണം.
- ഡെങ്കിപ്പനിയും മഴക്കാലത്ത് വ്യാപകമായി കാണുന്നുണ്ട്.
- പനി, പേശീവേദന, സന്ധിവേദന, തൊലിപ്പുറമേ പൊട്ടുപോലുള്ള കലകള്‍ എന്നിവ ലക്ഷണങ്ങള്‍.
- കൊതുകുവല ഉപയോഗിക്കാം.
എന്തു കഴിക്കാം
എളുപ്പം ദഹിക്കാന്‍ സഹായിക്കുന്ന ആഹാരമാണ് മഴക്കാലത്ത് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ചൂടുള്ള അര്‍ധഖരാവസ്ഥയിലുള്ള പാല്‍, സൂപ്പ് എന്നിവ ഉത്തമം. വേവിക്കാത്ത സാലഡ് പോലുള്ളവ പുറത്തുനിന്ന് കഴിക്കുന്നത് ഒഴിവാക്കാം. തുറന്നുവെച്ച സംഭാരം, ഉപ്പുമാങ്ങ എന്നിവ കഴിക്കുന്നത് ഒഴിവാക്കാം.
പനി വന്നാല്‍ വിശ്രമിക്കട്ടെ
പനിയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. ഇത് രോഗം മാറുന്നത് വൈകാന്‍ ഇടയാക്കും. മാത്രമല്ല സ്‌കൂളില്‍ പോയാല്‍ മറ്റ് കുട്ടികളിലേക്ക് പകരുകയും ചെയ്യും. പനി മാറുന്നതുവരെ കുട്ടികള്‍ വീട്ടില്‍ വിശ്രമിക്കട്ടെ.
കടപ്പാട്
ഡോ.എം.വിജയകുമാര്‍
പ്രൊഫസര്‍, ശിശുരോഗവിഭാഗം
ഗവ.മെഡിക്കല്‍ കോളേജ്
മഞ്ചേരി
Content Highlights: keep children away from infection during rainy season
Published: 07 Jul 2023, 02:38 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented