നടത്തം ആരോഗ്യത്തിനു ഗുണകരമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് ഒരു ലളിതവും എന്നാൽ വളരെ പ്രയോജനകരവുമായ വ്യായാമമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളെ ബലപ്പെടുത്താനും മാനസികാരോഗ്യം വർധിപ്പിക്കാനും നടത്തം സഹായിക്കുന്നു. നടക്കുമ്പോൾ ശരീരത്തിന് ഊർജ്ജം ലഭിക്കുകയും സമ്മർദം കുറയുകയും ചെയ്യുന്നു. ഇതിന് പരിശീലനമോ പ്രത്യേക കഴിവുകളോ ആവശ്യമില്ല. എന്നിരുന്നാലും ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.
ഇൻർവെൽ വാക്കിങ്ങിനെ പറ്റി കേട്ടിട്ടുണ്ടോ? ജാപ്പനീസ് ഗവേഷകർ കണ്ടെത്തിയ ഒരു വാക്കിങ് രീതിയാണിത്. സാധാരണ വേഗതയിലുള്ള നടത്തവും വേഗതയേറിയ നടത്തവും ഒരുമിച്ച് ചേർന്നുള്ള ഒരു പ്രത്യേക രീതി. വളരെ എളുപ്പത്തിലുള്ള ഈ രീതി നമ്മുടെ തലച്ചോറിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. മാത്രമല്ല ഇത് ഇപ്പോൾ വ്യാപകമായി ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. സാധാരണ നടത്തത്തിൽ നിന്ന് വ്യത്യസ്തമായി, ജാപ്പനീസ് ഇന്റർവെൽ വാക്കിംഗിൽ രണ്ട് വേഗതകൾ മാറിമാറി ഉപയോഗിക്കുന്നു:
3 മിനിറ്റ് സാവധാനത്തിലുള്ള, സാധാരണ വേഗതയിലുള്ള നടത്തം. 3 മിനിറ്റ് ഊർജ്ജസ്വലമായ, വേഗതയേറിയ നടത്തം. 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെഷൻ പൂർത്തിയാക്കാൻ ഈ ചക്രം അഞ്ച് തവണ ആവർത്തിക്കണം. ഫുക്കുവോക്ക സർവകലാശാലയിലെ ജാപ്പനീസ് എക്‌സർസൈസ് ഫിസിയോളജിസ്റ്റായ ഹിയോറാക്കി ടനാക്കയാണ് ഇത് വികസിപ്പിച്ചത്. മാറിമാറി വരുന്ന ഈ താളത്തോട് മനുഷ്യശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠിക്കാൻ അദ്ദേഹം ഒരു ദശാബ്ദത്തിലേറെക്കാലം ചെലവഴിച്ചു. ഈ രീതിയെ വേറിട്ടു നിർത്തുന്നത് അതിന്റെ ഇടവേളകളോടു കൂടിയുള്ള ഘടനയാണ്. ഇത് ശരീരത്തിന് ആയാസമുണ്ടാക്കാൻതക്ക തീവ്രമല്ല, എന്നാൽ ഹൃദയം, ശ്വാസകോശം, ഏറ്റവും പ്രധാനമായി തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമാണ്. അവിടെയാണ് ആ മാന്ത്രികത ആരംഭിക്കുന്നത്.
പഠനങ്ങൾ അനുസരിച്ച് ഈ രീതി തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് ഓർമ്മ, തീരുമാനമെടുക്കൽ, ശ്രദ്ധ എന്നിവയ്ക്ക് ഉത്തരവാദിയായ പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് പോലുള്ള ഭാഗങ്ങളിൽ. വാസ്തവത്തിൽ തലച്ചോറിന് ഓക്‌സിജനും ചലനവും അത്യാവശ്യമാണ്. ജാപ്പനീസ് ഇന്റർവെൽ നടത്തത്തിലെ മാറിമാറി വരുന്ന വേഗത തലച്ചോറിനെ ജാഗ്രതയോടെ നിലനിർത്താൻ പ്രേരിപ്പിക്കുന്നു. കാലുകൾക്ക് മാത്രമല്ല നാഡീകോശങ്ങൾക്കും കൂടിയുള്ള വ്യായാമമാണിത്.
ഫുക്കുവോക്ക സർവകലാശാലയിലെ ട്രയൽ ഗ്രൂപ്പുകളുടെ കണ്ടെത്തലുകൾ പ്രകാരം ഈ നടത്ത രീതി നാലാഴ്ചയിൽ കൂടുതൽ പിന്തുടർന്ന ആളുകളിൽ ഹ്രസ്വകാല ഓർമ്മയിലും പ്രതികരണ സമയത്തിലും പുരോഗതി കണ്ടു. ഇവർ വെറുതെ നടക്കുന്നവരായിരുന്നില്ല മറിച്ച് ഓർമ്മക്കുറവിന്റെ ചില ലക്ഷണങ്ങളുള്ള പ്രായമായവരായിരുന്നു. കഠിനമായി നടക്കുന്നതിലല്ല മറിച്ച് ബുദ്ധിപരമായി നടക്കുന്നതിലാണ് കാര്യം. വേഗതയേറിയ ഘട്ടങ്ങളിൽ ഹൃദയമിടിപ്പ് കൂടുമ്പോൾ തലച്ചോറിന്റെ ഓർമ്മകേന്ദ്രമായ ഹിപ്പോകാമ്പസിലേക്ക് കൂടുതൽ ഓക്‌സിജനും പോഷകങ്ങളും എത്തുന്നു. കാലക്രമേണ, ഇത് കൂടുതൽ ശക്തമായ നാഡീബന്ധങ്ങളെ പിന്തുണയ്ക്കുകയും തലച്ചോറിന് കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാനും നന്നായി ഓർത്തെടുക്കാനും സഹായിക്കുകയും ചെയ്യും. കൂടാതെ ഈ നടത്തം സ്‌ട്രെസ് ഹോർമോണുകളെ പ്രത്യേകിച്ച് കോർട്ടിസോളിനെ നിയന്ത്രിക്കുന്നു. അതേസമയം ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. മികച്ച ഉറക്കം ലഭിക്കാനും ഇത് കാരണമാകുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Improve memory and cognitive function with Japanese interval walking. Alternate between slow and brisk walking for better brain health and reduced stress.
Published: 19 Jul 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented