
ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും അമിത ബി.പിയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാറിയ ജീവിതശീലങ്ങളും ഭക്ഷണരീതിയും വ്യായാമക്കുറവുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. അമിത രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാന്‍ എളുപ്പവഴിയില്ല. പക്ഷേ, ഒന്ന് മനസ്സുവെച്ചാല്‍ സാധ്യമാണ്.
ബി.പി. ഉയരുമ്പോള്‍
ശരീരത്തില്‍ രക്തചംക്രമണം നടക്കുമ്പോള്‍ അത് രക്തക്കുഴലിന്റെ ഭിത്തിയില്‍ ഏല്പിക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ശരീരത്തിന് ആവശ്യമായ പ്രക്രിയയാണ് ഇത്.
120/80 mm Hg (മില്ലിമീറ്റര്‍ ഓഫ് മെര്‍ക്കുറി) ആണ് ആരോഗ്യകരമായ രക്തസമ്മര്‍ദം. ഇത് 130-139നും/80-89നും ഇടയില്‍ എത്തിയാല്‍ രക്തസമ്മര്‍ദം ഉയര്‍ന്നു എന്ന് കണക്കാക്കാം. 140/90 എന്ന നിലയിലെത്തിയാല്‍ അമിതരക്തസമ്മര്‍ദം ഉണ്ടെന്ന് ഉറപ്പാക്കാം. മരുന്നുപയോഗം തുടങ്ങേണ്ട ഘട്ടമാണ് ഇത്.
ഭാരംകുറച്ചാല്‍ ബി.പി. കുറയും
ശരീരഭാരവും രക്തസമ്മര്‍ദവും തമ്മില്‍ ബന്ധമുണ്ട്. അമിതവണ്ണമുള്ളവരില്‍ ഹൃദയത്തിന്റെ ജോലിഭാരംകൂടും. രക്തം ശരീരത്തിന്റെ എല്ലായിടങ്ങളിലേക്കും എത്തിക്കുന്നതിനായി കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ടതായും വരും. അതുവഴി രക്തധമനികളുടെ പാര്‍ശ്വഭിത്തിയില്‍ ചെലുത്തുന്ന മര്‍ദത്തിന്റെ തോതും കൂടും.
വ്യായാമം ചെയ്യാം
നിത്യേനയുള്ള വ്യായാമംമൂലം അമിതഭാരം കുറയുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യാം. ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്താല്‍ മാത്രം 58 mm Hg
പ്രഷര്‍ കുറയും.
- നടത്തം, സൈക്ലിങ്, ജോഗിങ്, നീന്തല്‍ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങളാണ് ഉത്തമം.
- നിലംതുടയ്ക്കല്‍പോലുള്ള വീട്ടുജോലികള്‍, കോണിപ്പടി കയറിയിറങ്ങല്‍, വെള്ളംകോരല്‍ എന്നിവയും രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ നല്ലതാണ്.
- അമിത ബി.പി.യുള്ളവര്‍ ഭാരം ഉയര്‍ത്തല്‍ പോലുള്ള കാഠിന്യമുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ശീലമാക്കാം ഡാഷ് ഡയറ്റ്
ഡാഷ് ഡയറ്റ്, അമിത രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമമാണ്. കൊഴുപ്പും ഉപ്പും കുറഞ്ഞ അളവിലുള്ള ഡയറ്റാണ് ഇത്.
- മുഴുധാന്യങ്ങള്‍, മത്സ്യം, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ അടങ്ങിയതാണ് ഡാഷ് ഡയറ്റ്.
- ഇളനീര്‍, മുസംബി, നാരങ്ങ, നേന്ത്രപ്പഴം എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം.
- പാചകത്തിന് ഒലിവ് എണ്ണയാണ്‌നല്ലത്.
- എല്ലാനേരവും ഭക്ഷണത്തില്‍ പച്ചക്കറി വിഭവങ്ങള്‍ പതിവാക്കുക.
- ടിന്നിലടച്ചവ, ബേക്കറിപലഹാരങ്ങള്‍, അഡിറ്റീവുകള്‍, മൈദകൊണ്ടുള്ള ആഹാരവിഭവങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
- ഉപ്പിന്റെ അളവ് കുറയ്ക്കാനായി അച്ചാറുകള്‍, ഉണക്കമീന്‍, പപ്പടം, ചിപ്സ് എന്നിവയും നിയന്ത്രിക്കാം.
- ലഘുഭക്ഷണമായി പഴങ്ങള്‍, പച്ചക്കറി, സാലഡ്, ഉണങ്ങിയ പഴങ്ങള്‍, നട്സ് തുടങ്ങിയവ കഴിക്കുക.
- പൂരിതകൊഴുപ്പും കൊളസ്ട്രോളും ടാന്‍സ്ഫാറ്റും കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
മരുന്ന് എത്രകാലം
ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവ കൊണ്ട് പ്രഷര്‍ കുറഞ്ഞില്ലെങ്കില്‍ മരുന്നുകള്‍ ആരംഭിച്ചേ മതിയാകൂ. മരുന്നു കഴിച്ചു തുടങ്ങിയാല്‍ ബി.പി.സാധാരണനിലയിലേക്ക് തിരിച്ചെത്താം. എങ്കിലും ചികിത്സ തുടരണം. ചെറിയ അളവില്‍ ദീര്‍ഘകാലം ബി.പി.മരുന്നുകള്‍ കഴിക്കേണ്ടി വരും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
- ബി.പി. മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരും.
- ബി.പി. കുറഞ്ഞെന്ന് കരുതി ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് നിര്‍ത്താനോ ഡോസ് കുറയ്ക്കാനോ പാടില്ല.
- പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിപ്പിക്കും.
- മദ്യഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം 4 mm Hg പ്രഷര്‍ കുറയ്ക്കാനാകും.
- മാനസിക പിരിമുറുക്കം കുറയ്ക്കണം.
- സ്ട്രസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോണ്‍, അഡ്രിനാലിന്‍ തുടങ്ങിയവ ബി.പി. കൂട്ടും.
- യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുന്നത് നല്ലതാണ്.
ബി.പി. പരിശോധന എപ്പോള്‍
ജീവിതസാഹചര്യങ്ങള്‍ മാറിയതോടെ പലര്‍ക്കും ചെറുപ്രായത്തില്‍തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദം കാണാറുണ്ട്. 30 വയസ്സാകുമ്പോള്‍തന്നെ ബി.പി.പരിശോധന തുടങ്ങണം. 35 വയസ്സായാല്‍ തീര്‍ച്ചയായും പരിശോധിക്കണം. നോര്‍മലാണെങ്കിലും ഓരോ വര്‍ഷവും ബി.പി.നില വിലയിരുത്തണം. കാരണം ബി.പി. കൂടിയാലും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല.
Content Highlights: how to control blood pressure health tips
Published: 12 Mar 2024, 12:46 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented