ചില ആഹാരങ്ങള്‍ കഴിച്ചാല്‍ വയറിന് പ്രശ്‌നമാണ്. ദഹനക്കേടും നെഞ്ചെരിച്ചിലുമായി സ്വസ്ഥതയുണ്ടാവില്ല. അമിതമായി കഴിക്കുന്നതും കൊഴുപ്പ് നിറഞ്ഞ ഭക്ഷണത്തിന്റെ അമിതോപയോഗവും ദഹിക്കുന്നതിന് മുമ്പ് വീണ്ടും കഴിക്കുന്നതുമാണ് ദഹനക്കേടിന് കാരണമാകുന്നത്. എന്നാല്‍ ഇനി അക്കാര്യമാലോചിച്ച് ടെന്‍ഷനടിക്കേണ്ട. ചില നാട്ടുവൈദ്യപ്രയോഗങ്ങളിലൂടെ ഈ രണ്ടുപ്രശ്‌നങ്ങളും എളുപ്പം പരിഹരിക്കാം.

To advertise here,

നെഞ്ചെരിച്ചിലിന്

ദഹനക്കേടിനെ തുടര്‍ന്നുണ്ടാകുന്ന പ്രയാസങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ആസിഡ് റിഫ്‌ളക്‌സ് എന്നറിയപ്പെടുന്ന ഇത് അന്നാളത്തിനെ അസ്വസ്ഥമാക്കും. 

 * ഗ്രാമ്പൂ പൊടിച്ച് കരിക്കിന്‍വെള്ളത്തില്‍ ചാലിച്ച് കഴിക്കുന്നത് നെഞ്ചെരിച്ചിലിന് ഉത്തമ പ്രതിവിധിയാണ്. 
* മല്ലിവെള്ളം ശീലമാക്കുന്നതും പെരുംജീരകമോ മല്ലിയോ ചവച്ചിറക്കുന്നതും നെഞ്ചെരിച്ചില്‍ കുറയ്ക്കും.
* ചുക്ക് പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കാം. 
* ഭക്ഷണശേഷം മോരുവെള്ളം കുടിക്കുന്നത് നല്ലതാണ്.

പുളിച്ചുതികട്ടുമ്പോള്‍

 അമിതമായി മസാല ചേര്‍ന്ന ആഹാരവും പുകവലിയും മദ്യപാനവുമെല്ലാം ദഹനക്കേടിനും തുടര്‍ന്നുള്ള പുളിച്ചുതികട്ടലിനും കാരണമാകാം. 

* മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് പുളിച്ചുതികട്ടലിന് ഗുണംചെയ്യും. 
* ഇടയ്ക്കിടെ മല്ലിവെള്ളം കുടിക്കാം.
* മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. 
* അമിതമായ എരിവ്, പുളി, മസാല ചേര്‍ന്ന ആഹാരങ്ങള്‍ നിയന്ത്രിക്കണം. 
* തക്കാളി, കാപ്പി, ഉള്ളി എന്നിവയുടെ ഉപയോഗവും കുറയ്ക്കാം.

വയറിനോട് സ്‌നേഹം വേണം

പലപ്പോഴും നിയന്ത്രണമില്ലാതെ നമ്മള്‍ കഴിക്കുന്ന ആഹാരമാണ് വയറിന് പണിയായിത്തീരുന്നത്. രുചിയുടെ മായികവലയത്തില്‍ വീണ് കൈയില്‍ കിട്ടുന്നതെല്ലാം അകത്താക്കും. വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ലക്കും ലഗാനുമില്ലാതെ കഴിക്കുന്നത് ആദ്യം നിര്‍ത്തണം. സ്വന്തം വയറിന് പിടിക്കുന്നതും പിടിക്കാത്തതും തിരിച്ചറിയണം.  

* കൂടുതല്‍ ഭക്ഷണം ഒറ്റയടിക്ക് കഴിക്കരുത്. ചെറിയ അളവില്‍ പലനേരങ്ങളിലായി കഴിക്കാം. 
* കിടക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിച്ചിരിക്കണം.
* കൊഴുപ്പ് കുറഞ്ഞതും നാരുകള്‍ അടങ്ങിയതുമായ ആഹാരം ദഹനത്തെ എളുപ്പമാക്കും. 
* ഇഞ്ചിനീരും ചെറുനാരങ്ങാനീരും സമംചേര്‍ത്ത് അല്പം ഉപ്പുചേര്‍ത്ത് കഴിക്കുന്നത് വയറിന്റെ പൊതുവായുള്ള ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതാണ്. 
* അല്പം കായം വെള്ളത്തില്‍ ചാലിച്ച് കഴിക്കുന്നതും കറിവേപ്പിന്റെ തളിരില അരച്ച് മോരില്‍ ചേര്‍ത്ത് കഴിക്കുന്നതും ഫലപ്രദമാണ്.