
മനഃശാസ്ത്രവിദഗ്ധരും മോട്ടിവേഷണല്‍ സ്പീക്കേഴ്‌സും പരിശീലകരുമെല്ലാം നമ്മോട് സ്ഥിരമായി പറയുന്ന ഒരു കാര്യമാണ് 'Always follow your passion', നിങ്ങളുടെ ആഗ്രഹത്തെ, സ്വപ്നത്തെ പിന്തുടരൂ എന്നത്. പറയാന്‍ എളുപ്പമാണെങ്കിലും സ്വന്തമായി ഒരു പാഷന്‍ കണ്ടെത്തുക എന്നത് നിസാരമായ ഒരു കാര്യമല്ല. പക്ഷേ ഇവയെ പിന്തുടരുന്നതിന് മുമ്പ് നിങ്ങളുടെ അഭിനിവേശം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. അഭിരുചിയുള്ള ജോലി കണ്ടെത്തുന്നതിന് മുമ്പ് പല തരത്തില്‍ പല ജോലികളും ചെയ്തുനോക്കേണ്ടി വന്നേക്കാം. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേര്‍ സ്വന്തം പാഷന്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇഷ്ടമില്ലാത്ത പല ജോലികളിലും ഒട്ടും താല്പര്യമില്ലാതെ തുടര്‍ന്ന് പോരുന്നവരാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ജീവിതവസാനം വരെ ചെയ്യുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. മാത്രമല്ല അതിലൂടെ സന്തോഷം കണ്ടെത്താന്‍ കഴിയാതെ വരുകയും സ്വന്തം കഴിവുകള്‍ എന്ത് ? ഏത് മേഖലയിലാണ് ? എന്ന് തിരിച്ചറിയാനാകാതെ പോവുകയും ചെയ്യുന്നു.
സ്വന്തമായി പാഷന്‍ കണ്ടെത്തി പിന്തുടര്‍ന്ന് ജീവിത വിജയം കൈവരിച്ചവരെ നമ്മള്‍ നിരീക്ഷിക്കുകയാണെങ്കില്‍ അവരെല്ലാവരും അവരുടെ പാഷന്‍ പിന്തുടരുന്നതിനു വേണ്ടി മറ്റെല്ലാം ഉപേക്ഷിച്ചവരാണ് എന്ന് മനസ്സിലാക്കാനാകും. ഉദാഹരണത്തിന് സര്‍ക്കാര്‍ ജോലിവരെ ഉപേക്ഷിച്ചു തന്റെ പാഷനായ സിനിമയുടെ കൂടെ പോകുകയും ഉന്നതിയില്‍ എത്തുകയും ചെയ്ത സിദ്ദീഖ് എന്ന സിനിമാ സംവിധായകനെ നമുക്കറിയാവുന്നതാണല്ലോ.? എന്തിനേറെ ആദ്യകാലത്തു പല അവഗണനകളും കഷ്ടപ്പാടുകളും തരണം ചെയ്തു ഉന്നതിയിലെത്തിയ യേശുദാസും മമ്മൂട്ടിയും എല്ലാം ഇതിനുദാഹരണങ്ങളാണ്.
പാഷനെ മനസ്സിലാക്കാം
പാഷന്‍ എന്ന വാക്ക് തന്നെ ഒരു പ്രചോദനമാണ്. ഒരു പക്ഷെ അത് നിങ്ങളുടെ ഹോബിയോ, സ്വപ്നമോ ആവാം. വിനോദത്തിനുവേണ്ടി ഒഴിവുസമയങ്ങളില്‍ നിങ്ങള്‍ ആസ്വദിക്കുന്ന ഒന്നിനെയാണ് നാം ഹോബി ആയി കണക്കാക്കുന്നത്. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ എപ്പോഴും ഉറങ്ങാതെ കിടക്കുന്നതും നിങ്ങളെ ആവേശം കൊള്ളിക്കുന്നതും ആയ ഒന്നാണ് അഭിനിവേശം അഥവാ പാഷന്‍. ഇത് നമ്മുടെ ആത്മസംതൃപ്തിക്ക് വേണ്ടി നമ്മള്‍ ചെയ്യുന്ന ഒന്നാണ്. കൂലിയോ, അംഗീകാരമോ പോലുള്ളവ ഇല്ലാതെ തന്നെ ചെയ്യാനും പിന്തുടരാനും നിങ്ങളെ നിര്‍ബന്ധിതരാകുന്ന ചിലതാണ് പാഷന്‍.
പാഷന്‍ എന്ന വാക്കിനെ ചില ഉദാഹരണങ്ങളില്‍ നിന്ന് മനസിലാക്കാം. 'സംഗീതജ്ഞനാകാന്‍ ആഗ്രഹിക്കുന്ന ഒരു 'ആണ്‍കുട്ടി' കുടുംബത്തിലെ ദാരിദ്യം കാരണം അവന് മ്യൂസിക് ക്ലാസ്സുകളില്‍ ജോയിന്‍ ചെയ്യാന്‍ പറ്റാതായപ്പോള്‍ സംഗീതത്തോടുള്ള തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കുറച്ചു സമയം പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കുകയും. അങ്ങനെ അവന്‍ വിദ്യാഭ്യാസത്തിനൊപ്പം സംഗീതപ്രേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അവന്റെ ഈ സംഗീതപ്രേമത്തെ നമുക്ക് പാഷന്‍ എന്ന് വിളിക്കാം. ഇനി മറ്റൊരു ഉദാഹരണം നോക്കാം.. ജോലിചെയ്തു ജീവിക്കുന്ന വിവാഹിതയായ ഒരു സ്ത്രീ, അവള്‍ക്ക് വീടും ജോലിയുമൊക്കെയായി ഒരുപാട് ഉത്തരവാദിത്തങ്ങളൊക്കെയുണ്ടെങ്കിലും കലാപരമായ കാര്യങ്ങളോടുള്ള അവളുടെ അടങ്ങാത്ത താല്പര്യം കാരണം അതിനുവേണ്ടി സമയം കണ്ടെത്താന്‍ അവള്‍ രാത്രി വൈകി ഉറങ്ങുന്നു. ഉറക്കസമയം വെട്ടിക്കുറച്ചതില്‍ അവള്‍ക്ക് യാതൊരു ബുദ്ധിമുട്ടോ ക്ഷീണമോ അനുഭവപ്പെടുന്നില്ല . ഇതിനുകാരണം അവര്‍ക്ക് കലയോടുള്ള പാഷന്‍ ആണെന്ന് പറയാം.
പാഷന്‍ കണ്ടെത്താനുള്ള ചില വഴികള്‍
- എന്ത് ചെയ്യുമ്പോഴാണ് നല്ല ഉണര്‍വ്വും ഉന്മേഷവും സംതൃപ്തിയും തോന്നുന്നത്?
- എന്ത് ചെയ്യുമ്പോഴാണ് സമയം പോയതറിയാത്തത്?
- കയ്യില്‍ ഒരുപാട് പണം ഉണ്ടായിട്ടും ചെയ്യാനിഷ്ട്ടപ്പെടുന്ന ജോലി അല്ലെങ്കില്‍ പ്രവര്‍ത്തി?
- മറ്റുള്ളവരെക്കാളും മികച്ചതായി എനിക്ക് ചെയ്യാന്‍ കഴിയും എന്ന് ആത്മവിശ്വാസം തോന്നിയ കാര്യം'
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഒന്നില്‍ ചെന്ന് നില്‍ക്കുന്നുവെങ്കില്‍ ആ മേഖലയിലാവാം നിങ്ങളുടെ പാഷന്‍. സിനിമയോട്, ഫുട്‌ബോളിനോട് അല്ലെങ്കില്‍ പാട്ടിനോട് ഇഷ്ടം ഉണ്ടെന്ന് കരുതി അത് പാഷന്‍ ആകണമെന്നില്ല. അതില്‍ നല്ല അഭിരുചിയുംകൂടെയുണ്ടാകണം. അതുപോലെ പാഷന്‍ ഒരിക്കലും ബോറടിപ്പിക്കില്ല. അങ്ങനെ ബോറടിപ്പിക്കുന്നുണ്ടെങ്കില്‍ അത് പാഷന്‍ അല്ല.
പാഷന്‍ പിന്തുടരുന്നതിലെ നേട്ടങ്ങള്‍
- പാഷന്‍ പിന്തുടരുമ്പോള്‍, സ്വയം പ്രചോദിതരാകുകയും, കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു. ഡോപമിന്‍, ഓക്‌സിടോസിന്‍, സെറാട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹാപ്പിനസ് ഹോര്‍മോണുകള്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
- ഉയര്‍ന്ന സന്തോഷവും നല്ല സംതൃപ്തിയും ലഭിക്കുന്നു. അതിലൂടെ ആരോഗ്യവും ആയുസ്സും വര്‍ധിക്കുന്നു
- ചുറ്റുമുള്ളവരെയും പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മനസ്സുണ്ടാകുന്നു
- ക്രിയാത്മകമായി ചിന്തിക്കാനുള്ള കഴിവുണ്ടാകുന്നു
- വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കുന്നു
- പുത്തന്‍ അറിവുകളെ വളര്‍ത്താന്‍ കൂടുതല്‍ സമയം കണ്ടെത്തും
- മാനസികാരോഗ്യം മെച്ചപ്പെടുന്നു
- പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറെ ധൈര്യത്തോടെ ഏറ്റെടുക്കും
- പാഷനെ പിന്തുടരുമ്പോള്‍ സമൂഹത്തിന്റെ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ നമ്മളെ ബാധിക്കില്ല
പാഷന്‍ കണ്ടെത്തുക എന്നത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന ഒരു പ്രക്രിയയല്ല. ജീവിതത്തിലുടനീളം നിങ്ങളുടെ ഇഷ്ട്ടങ്ങളെന്നോണം പാഷനും മാറിയേക്കാം. ഒരാളുടെ ജീവിതത്തിലെ പാഷന്‍ കണ്ടെത്തുക എന്നത് അയാളിലേക്ക് തന്നെയുള്ള ആഴത്തിലുള്ള യാത്രയാണ്, ഇതിന് കുറേ സമയവും പരിശ്രമവും വേണ്ടി വന്നേക്കാം. ഇതിന് വേണ്ടി ആദ്യം നമ്മള്‍ ചെയ്യേണ്ടത് സ്വയം മനസിലാക്കുക എന്നതാണ്. നമ്മുടെ ഗുണങ്ങള്‍ എന്തൊക്കെയാണ്? ദോഷങ്ങള്‍ എന്തൊക്കെയാണ്? എന്തെല്ലാം കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയായി നമുക്ക് മാറാന്‍ കഴിയും? എന്നിങ്ങനെ സ്വയം ഒരു തിരിച്ചറിവ് നമ്മള്‍ ഉണ്ടാക്കിയെടുക്കണം'.
(ചൈല്‍ഡ്, അഡോളസെന്റ് ആന്‍ഡ് റിലേഷന്‍ഷിപ്പ് കൗണ്‍സിലറാണ് ലേഖകന്‍)
Content Highlights: hobbies and passion difference
Published: 26 Sept 2023, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented