സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്ന ഭക്ഷണവും ഡയറ്റും പിന്തുടരുന്ന ശീലം ഇന്നത്തെ കാലത്ത് വ്യാപകമാണ്. പ്രത്യാഘാതങ്ങളെപ്പറ്റി അറിയാതെയാണ് പലരും എടുത്തുചാട്ടം നടത്തുക. കുറച്ചുവർഷങ്ങൾക്കിടെയാണ് ഹിമാലയൻ പിങ്ക് ഉപ്പിന് ഇത്രയധികം പ്രചാരം ലഭിച്ചത്. പിങ്ക് ഉപ്പിന്റെ ആരോഗ്യഗുണങ്ങളും ഉപയോഗരീതിയും ഉണ്ടാക്കുന്ന രീതിയും വായിച്ചറിഞ്ഞവരെല്ലാം അതുപയോഗിക്കാൻ അക്ഷരാർഥത്തിൽ നിർബന്ധിതരാവുകയായിരുന്നു. പിങ്ക് നിറത്തിന്റെ ഭംഗിയും അൽപം വിലക്കൂടുതലും ഇത്തിരി ഗമയും കൂട്ടി.
ഇന്ന് പല വീടുകളിലും അയഡിൻ ചേർത്ത സാധാരണ ഉപ്പ് ആളുകൾ ഉപേക്ഷിച്ച മട്ടാണ്. ദൈനംദിന ജീവിതത്തിൽ പിങ്ക് ഉപ്പ് ഇടംപിടിക്കുകയും ചെയ്തു. ഇതിലടങ്ങിയ ധാതുക്കൾ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നത് വസ്തുതയാണെങ്കിലും അയഡിൻ ഉപ്പ് അവഗണിച്ചാൽ അപകടം പുറകേ വരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഒരു ഡോക്ടർ ഇപ്പോൾ.
ഡോ. അലി കാസെമി (എം.ഡി. ഗ്യാസ്ട്രോഎൻ്ററോളജി, ഹെപ്പറ്റോളജി) യാണ് ഇൻസ്റ്റാഗ്രാമിൽ മുന്നറിയിപ്പ് വീഡിയോ പങ്കുവെച്ചത്. വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തു. തൈറോയ്ഡ് ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും നിർണായകമായ അയഡിൻ്റെ കുറവ് ആളുകളിൽ വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിൽ സമീപകാലത്ത് ആളുകളിൽ അയഡിൻ്റെ കുറവ് വ്യാപകമാണ്, അയഡിൻ ചേർത്ത ടേബിൾ സോൾട്ടിന് പകരം ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നതാണ് കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.
"ഒരു കാലത്ത് ആളുകളിലെ അയഡിൻ ഡെഫിഷ്യൻസി ഏതാണ്ട് ഇല്ലാതായതാണ്. ഹിമാലയൻ ഉപ്പിനും കടലുപ്പിനും വ്യാപകമായി പ്രചാരം കിട്ടിയതോടെ ഭാഗികമായി അത് വീണ്ടും കണ്ടുവരുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ", ഡോക്ടർ ചോദിക്കുന്നു. "ചില തൈറോയ്ഡ് രോഗങ്ങൾ തടയാനും ഗർഭകാലത്ത് ഭ്രൂണത്തിൻ്റെ തലച്ചോറിൻ്റെ വളർച്ചയ്ക്കും അയഡിൻ വളരെ പ്രധാനമാണ്. ശരീരത്തിനാവശ്യമായ അയഡിൻ അളവ് നിലനിർത്താൻ, സാധാരണ ഉപ്പ് അത്യാവശ്യമാണ്, അല്ലെങ്കിൽ മീൻ, പാൽ ഉൽപന്നങ്ങൾ, കടൽ പായൽ തുടങ്ങിയ അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം."
അയഡിൻ കുറവ് മൂലമുള്ള രോഗങ്ങളും മരണവും കുറയ്ക്കുന്നതിൽ അയഡിൻ ചേർത്ത സാധാരണ ഉപ്പ് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതാണ്.
അയഡിൻ ഉപ്പിൻ്റെ ഗുണങ്ങൾ
- ഗോയിറ്റർ പോലുള്ള അവസ്ഥകളിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ വലുപ്പം കുറയ്ക്കാൻ സഹായിക്കുന്നു
- കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ഹൈപ്പോതൈറോയിഡിസത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 04 Jul 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented