ശരീരത്തിലെ ദാഹം ശമിപ്പിക്കാന്‍ ഉത്തമമാണ് തണ്ണിമത്തന്‍. വത്തക്ക എന്നും അറിയപ്പെടുന്ന ഈ പഴത്തില്‍ 90-92 ശതമാനം വരെ ജലം അടങ്ങിയിട്ടുണ്ട്. 

To advertise here,
  • നൂറ് ഗ്രാം തണ്ണിമത്തനില്‍ ഏകദേശം 16 കലോറി ഊര്‍ജം, 3.3 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 7.9 ഗ്രാം ഇരുമ്പ്, വിറ്റാമിന്‍ സി, എ, വിറ്റാമിന്‍ ബി-6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുമുണ്ട്.
  • ഇതിലെ ജലാംശം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബി-6 എന്നിവ ചര്‍മരോഗങ്ങളെ തടയുന്നു.
  • പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
  • തണ്ണിമത്തനിലെ ആന്റി ഓക്‌സിഡന്റായ വിറ്റാമിന്‍ സി രോഗങ്ങള്‍ക്ക് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ തടയുന്നു. 
  • ഇതിലെ ലൈകോപീന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
  • ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം ദഹനം സുഗമമാക്കുന്നു. 
  • ഇരുമ്പ് ധാരാളമുള്ളതിനാല്‍ രക്തക്കുറവ് അഥവ അനീമിയ രോഗികള്‍ക്ക് ഉത്തമമാണ്. 
  • തണ്ണിമത്തന്റെ കുരുവിലും ഇരുമ്പ് അടങ്ങിയതിനാല്‍ ഇത് പഴത്തോടൊപ്പമോ, ചൂടാക്കിപ്പൊടിച്ച് മറ്റ് ആഹാരത്തിനൊപ്പമോ കഴിക്കാവുന്നതാണ്. 
  • ചുവപ്പ് ഭാഗത്തിനാണ് രുചിയേറെയെങ്കിലും തൊലിയോട് ചേര്‍ന്നിരിക്കുന്ന ഇളം പച്ചനിറത്തിലുള്ള മാംസളമായ ഭാഗവും കഴിക്കുന്നതാണ് പോഷകലഭ്യതയ്ക്ക് നല്ലത്.
  • കലോറി കുറഞ്ഞ പഴമായതിനാല്‍ അമിതവണ്ണമുള്ളവര്‍ക്കും ഉപയോഗിക്കാം. എന്നാല്‍ ജ്യൂസ് ഒഴിവാക്കുന്നതാണ് ഉത്തമം.
  • രക്തത്തിലെ പഞ്ചസാരനില വര്‍ധിക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ തണ്ണിമത്തന്‍ ഒഴിവാക്കുന്നതാണ് നല്ലത്. 
  • പ്രമേഹരോഗികള്‍ക്ക് മിതമായ അളവില്‍ സാലഡും മറ്റുമായി കഴിക്കാം. ഇളംപച്ചനിറത്തിലുള്ള മാംസളമായ ഭാഗവും ചേര്‍ത്ത് കഴിക്കുന്നതാവും ഉത്തമം.

വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ പാടുകളോ ചതവുകളോ ഇല്ലാത്തതും കനത്തതും നോക്കിവാങ്ങാം. പുറത്ത് തട്ടിനോക്കിയാല്‍ ഏതാണ്ട് ഉള്ളിലെ ഘടനയെക്കുറിച്ച് രൂപംലഭിക്കും. നേരിയതും ഏതാണ്ട് പൊള്ളയായതുമായ ശബ്ദം വെള്ളവും പഴവും കേടില്ലാത്തതാണെന്ന് സൂചിപ്പിക്കുന്നു. അടിഭാഗത്തെ മഞ്ഞനിറത്തോടെയുള്ള പുള്ളികള്‍ നല്ല വിളവിനെ കാണിക്കുന്നു. എന്നാല്‍ വിളറിയോ വെളുത്തോ ആണ് കാണുന്നതെങ്കില്‍ പാകമാകുന്നതിന് മുന്നേ പറിച്ചതാണെന്ന് മനസ്സിലാക്കാം. 

(കടപ്പാട്: റ്റിഷ പുഷ്‌ക്കര്‍
സീനിയര്‍ ഡയറ്റീഷ്യന്‍
കിംസ് ഹെല്‍ത്ത്
കോട്ടയം)