മഞ്ഞള്‍ ഇന്ത്യയുടെ സുവര്‍ണ സുഗന്ധവ്യഞ്ജനമെന്നാണ് അറിയപ്പെടുന്നത്. ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. പരുത്തി, സില്‍ക്ക് മുതലായവയ്ക്ക് നിറംകൊടുക്കുന്നതിനും മഞ്ഞള്‍ ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിനോയിഡ് എന്ന സംയുക്തമാണ് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ക്ക് പിന്നില്‍. 

To advertise here,

കുര്‍ക്കുമിന്‍ (Curcumin) എന്ന പദാര്‍ഥത്തിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകളും ആന്റി ആര്‍ത്രൈറ്റിക്, ആന്റിമൈക്രോബയില്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും  മഞ്ഞളിനുണ്ട്. വിറ്റമിന്‍ ബി 6, സി, നിയാസിന്‍, റൈബോഫ്‌ളേവിന്‍, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ്, ചെമ്പ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും മഞ്ഞളിലെ പോഷക സമ്പത്തില്‍ ഉള്‍പ്പെടുന്നു. മഞ്ഞള്‍ എന്നും മിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

ഗുണങ്ങള്‍
1.     മഞ്ഞള്‍ ദിവസവും മിതമായി ഉപയോഗിക്കുന്നത് പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
2.     സന്ധികളുടെ ആരോഗ്യത്തിനും കഫക്കെട്ട്, ജലദോഷം, ചുമ, തൊണ്ടവേദന പോലുള്ളവ കുറയ്ക്കാനും മഞ്ഞള്‍ ഉപയോഗിക്കാം.
3.     രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും അണുബാധകള്‍ തടയാനും മഞ്ഞള്‍ സഹായിക്കും.
4.     ഉത്കണ്ഠയകറ്റാനും മാനസികനില മെച്ചപ്പെടുത്താനും മഞ്ഞള്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
5.     മഞ്ഞളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ടര്‍മെറിന്‍ ആന്റി ഓക്‌സിഡന്റ്, ആന്റികാര്‍സിനോജെനിക്ക് ഗുണങ്ങള്‍ നിറഞ്ഞതാണ്.
6.     കൊളസ്ട്രോള്‍ കുറയ്ക്കാനും ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും മഞ്ഞള്‍ സഹായിക്കും.
7.     മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കുന്നു. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തെയും നിറത്തെയും സംരക്ഷിക്കും.
8.    മഞ്ഞളിന്റെ ആന്റി ഏജിങ് ഗുണമാണ് മറ്റൊന്ന്.
9.    മഞ്ഞള്‍ ആമാശയത്തിലെ ഗ്യാസ്ട്രിക് മ്യൂസിനിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.
10.    ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും അല്‍ഷിമേഴ്സ്പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും മഞ്ഞള്‍ ശീലമാക്കാം.
11.    പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയാന്‍ കടിയേറ്റഭാഗത്ത് പച്ചമഞ്ഞള്‍ പുരട്ടാം.

പാകം ചെയ്യുമ്പോള്‍

  • കൂടിയ താപനിലയില്‍ ചൂടാക്കുമ്പോള്‍ മഞ്ഞളിലടങ്ങിയ സംയുക്തമായ കുര്‍ക്കുമിന്‍ നഷ്ടപ്പെടും. അതുകൊണ്ട് കുറഞ്ഞ ചൂടില്‍ മഞ്ഞള്‍ വേവിക്കുന്നതാണ് നല്ലത്. 
  • ഭക്ഷണം പാകംചെയ്യുമ്പോള്‍ മഞ്ഞള്‍ ഒടുവില്‍ ചേര്‍ക്കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കാം
ഭക്ഷണത്തിനൊപ്പം മഞ്ഞള്‍ സുരക്ഷിതമാണെങ്കിലും മഞ്ഞളിന്റെ സപ്ലിമെന്റുകള്‍ ചിലര്‍ക്ക് അപകടമുണ്ടാക്കാറുണ്ട്. പ്രമേഹം, വൃക്ക രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഈ സപ്ലിമെന്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകഴിക്കുന്ന ആളുകള്‍ക്ക് അപകടകരമായേക്കാവുന്ന സത്ത് രൂപത്തിലുള്ള കുര്‍ക്കുമിന്‍ ഇത്തരം സപ്ലിമെന്റുകളിലുണ്ട്. 

വൃക്കരോഗികള്‍ മഞ്ഞള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മഞ്ഞളിലടങ്ങിയ ഓക്‌സലേറ്റുകള്‍ വൃക്കയിലെ കല്ലിന് കാരണമാകും. 
വീടുകളില്‍തന്നെ ഉണക്കിപ്പൊടിച്ചുപയോഗിക്കുന്ന മഞ്ഞളാണ് ഉത്തമം. പായ്ക്കറ്റുകളില്‍ ലഭിക്കുന്ന മഞ്ഞള്‍പ്പൊടികളില്‍ ചിലതിലെങ്കിലും മെറ്റാനിന്‍ യെല്ലോ, ലെഡ് ലവണങ്ങള്‍ എന്നിവ ചേര്‍ന്നിട്ടുണ്ടാവാം. മായംകലര്‍ന്ന മഞ്ഞള്‍പ്പൊടിയുടെ അമിത ഉപയോഗം കാന്‍സറിന് കാരണമാകും. 

അമിതമായ മഞ്ഞളിന്റെ ഉപയോഗം വയറുവേദന, ഓക്കാനം, അതിസാരം, തലകറക്കംപോലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കും
ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി അരഗ്ലാസ് വെള്ളത്തില്‍ കലക്കുക. പൊടി അടിയില്‍ ഊറുകയും വെള്ളം ഇളംമഞ്ഞനിറമാവുകയും ചെയ്താല്‍ മായമില്ലാത്തതാണെന്ന് ഉറപ്പിക്കാം. അതേസമയം വെള്ളം മഴുവന്‍ കടും മഞ്ഞനിറമാവുകയാണെങ്കില്‍ മായം ചേര്‍ന്നതാണെന്ന് കരുതാം. 


കുര്‍ക്കുമിന്‍ ലഡു

ചേരുവകകള്‍

മഞ്ഞൾപ്പൊടി    : രണ്ട് ടീസ്പൂണ്‍
ബദാം    : 25 ഗ്രാം
നിലക്കടല    : 100 ഗ്രാം
വെളുത്തുള്ളി    : 25 ഗ്രാം
അണ്ടിപ്പരിപ്പ്    : 25 ഗ്രാം
വാള്‍നട്ട്    : 25 ഗ്രാം
ചുക്ക് പൊടി            : അല്പം
ഏലയ്ക്കാപ്പൊടി     :അല്പം
ശര്‍ക്കരപ്പാനി     : 150 മില്ലി ലിറ്റര്‍
നെയ്യ്     :ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

അണ്ടിപ്പരിപ്പ്, വാള്‍നട്ട് എന്നിവ ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യില്‍ മൂപ്പിക്കുക. പകുതി മൂപ്പ് എത്തുമ്പോള്‍ കടല ചേര്‍ക്കുക. തീകുറച്ച് മൂത്തുതുടങ്ങുമ്പോള്‍ ബദാം ചേര്‍ക്കുക. ഇത് പൊടിച്ചെടുക്കാം. ഈ പൊടിയിലേക്ക് ചുക്ക്, ഏലയ്ക്കാപ്പൊടി, ശര്‍ക്കരപ്പാനി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചെറുചൂടോടെ ഉരുളകളാക്കുക. 

തയ്യാറാക്കിയത്
മിനു മരിയ എബ്രഹാം
ക്ലിനിക്കല്‍ ഡയറ്റീഷന്‍
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കോഴിക്കോട്