പോപ് ഗായകൻ ജസ്റ്റിൻ ബീബറിനെയും മോഡലും സംരംഭകയുമായ ഭാര്യ ഹെയ്ലി ബീബറിനെയും പാപ്പരാസികൾ നിരന്തരം വേട്ടയാടാറുണ്ട്. ഇരുവരും പിരിയാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ എത്രതവണ ഇന്റർനെറ്റിൽ പ്രചരിച്ചുവെന്നതിന് കണക്കില്ല. ഇരുവരും സ്നേഹത്തിലല്ല, ദാമ്പത്യം പ്രശ്നത്തിലാണ് എന്നൊക്കെയുള്ള നിരന്തരപ്രചാരണങ്ങൾ കുറച്ചൊന്നുമല്ല ദമ്പതികളുടെ മാനസികാരോഗ്യത്തെ ബാധിച്ചത്. ഇതിനിടയിലാണ് കഴിഞ്ഞവർഷം ഇരുവരും ആദ്യത്തെ കുഞ്ഞിനെ വരവേറ്റതും. മരണത്തോടടുത്ത പ്രസവാനുഭവത്തെക്കുറിച്ചും ജസ്റ്റിൻ ബീബറിൻ്റെ മാനസികനില മോശമായതിനെപ്പറ്റിയും ഹെയ്‌ലി പിന്നീട് വോഗ് ഇറ്റലിക്കു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

To advertise here,

പ്രസവാനന്തര യാത്ര കഠിനമായിരുന്നു, സോഷ്യൽ മീഡിയയിൽ വിദ്വേഷ കമൻ്റുകൾ നിറഞ്ഞ ഘട്ടം തരണം ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടി. ബീബറിന്റെ മാനസികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ടുപോകുന്ന മാനസികവൈകല്യത്തിൻ്റെ പിടിയിലായിരുന്നു അദ്ദേഹം. മകൻ ജാക്ക് ബ്ലൂസിന് ജസ്റ്റിൻ ഒരു മികച്ച അച്ഛനാണെന്നും 28-കാരിയായ അവർ പറഞ്ഞു. 21-ാം വയസ്സിലാണ് പോപ്പ് താരത്തെ അവർ വിവാഹം കഴിച്ചത്.

മരണത്തോട് മല്ലിട്ടു
മൂത്ത സഹോദരി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിനുശേഷം താനും ഒരമ്മയാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്നതായി ഹെയ്ലി പറയുന്നു. എന്നാൽ തൻ്റെ ഊഴമെത്തിയപ്പോൾ, ഇങ്ങനെയൊന്നിന് ഞാൻ ഒട്ടും തയ്യാറായിരുന്നില്ലെന്ന തോന്നലുണ്ടായി. ആ യാത്രയിൽ സന്തോഷവതിയായിരുന്നു, എന്നത്തേക്കാളുമുപരി ശരീരത്തെ സ്നേഹിച്ചിരുന്നു, പക്ഷേ പ്രസവാനന്തര ഘട്ടത്തിലേക്ക് കടന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷം, 2024-ലാണ് കുഞ്ഞ് ജനിക്കുന്നത്. മകനായി കഠിനമായി തയ്യാറെടുത്തിരുന്നു, ചില സങ്കീർണ്ണതകൾ നേരിടേണ്ടിവന്നതോടെ വയറ്റിലെ ഫ്ലൂയിഡ് പൊട്ടിച്ചു കളയേണ്ടിവന്നു. അതൊരു ഭ്രാന്തൻ അവസ്ഥയായിരുന്നു. പ്രസവവേദന തുടങ്ങി, ഏതാനും മണിക്കൂറുകൾ വേദന അനുഭവിച്ചു. എപ്പിഡ്യൂറലോ മറ്റൊന്നും എടുത്തില്ല. 18 മണിക്കൂർ നീണ്ട പ്രസവവേദന. മകനുമായി ഒന്നിക്കുന്ന നിമിഷം വന്നപ്പോഴേക്കുമാണ് രക്തസ്രാവമുണ്ടെന്നറിഞ്ഞത്. ധാരാളം രക്തം പോകുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു-അവർ ഓർത്തെടുത്തു.

''പ്രസവാനന്തര രക്തസ്രാവം അവയവങ്ങൾ പ്രവർത്തനരഹിതമാകാനോ മരണത്തിനോ വരെ കാരണമാകാം, അതറിയാവുന്നത് എന്നെ ഭയത്തിലാക്കി. എന്നാൽ ഡോക്ടറെ ജീവൻ പണയം വെച്ച് വിശ്വസിച്ചിരുന്നു. എനിക്ക് ഒന്നും സംഭവിക്കാൻ അവർ അനുവദിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഈ ഘട്ടത്തിൽ ആളുകൾ മരിക്കാറുണ്ടെന്ന ചിന്ത മനസ്സിലൂടെ കടന്നുപോകും. തുടർന്നുള്ള വേദനിപ്പിക്കുന്ന ചികിത്സയ്ക്കിടെ എനിക്ക് എൻ്റെ കുഞ്ഞിനെ എടുക്കണമെന്നും അവൻ്റെ കൂടെയിരിക്കണമെന്നും തോന്നി.''

കൂടുതൽ കുട്ടികളുണ്ടാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു സമയം ഒരു കുട്ടി എന്ന നിലപാടാണ് ഹെയ്ലി എടുത്തത്.

കുഞ്ഞുണ്ടായതോടെ, ജസ്റ്റിന് ഹെയ്ലിയോടുള്ള കാഴ്ചപ്പാടിലും മാറ്റംവന്നുവെന്ന് ഹെയ്ലി ഓർത്തു. "നിങ്ങളുടെ പങ്കാളി പെട്ടെന്ന് നിങ്ങളെ, 'എൻ്റെ ഭാര്യ ഒരു ദൈവമാണ്, ഒരു സൂപ്പർഹീറോ. എനിക്കൊരിക്കലും ഇത് സാധിക്കില്ല' എന്ന് കാണാൻ തുടങ്ങും. എൻ്റെ കാര്യത്തിൽ അതായിരുന്നു അവസ്ഥ".

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi