യുവാക്കൾക്ക് മസിലുപെരുപ്പിക്കാനുള്ള ഇടങ്ങളാണ് ജിമ്മെന്ന തോന്നലിന് ഇനി പ്രസക്തിയില്ല. ശരീരം മിനുക്കിയെടുക്കാൻ ശ്രമിക്കുന്ന കൗമാരക്കാരും യുവാക്കളും പ്രായമായവരും ഒരുപോലെ ജിമ്മിനെ ആശ്രയിക്കുന്ന കാലം വന്നിരിക്കുന്നു. ആദ്യം പുരുഷന്മാർക്കായിരുന്നു ജിമ്മിൽ മേൽക്കൈ എങ്കിൽ ഇന്ന് സ്ത്രീകൾ അത്രത്തോളം തന്നെ പ്രാധാന്യത്തോടെ ആരോഗ്യം സംരക്ഷിക്കുന്നവരാണ്. വെറുതെ തടി കുറയ്ക്കുക മാത്രമല്ല, ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത് ശരീരത്തിന്റെ ആകൃതി നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും.
പ്രായമായവരെ ജിമ്മിൽ കാണുന്നത് വളരെ സാധാരണമായിരിക്കുകയാണിന്ന്. ആരോഗ്യപ്രശ്നങ്ങളാണ് പലരെയും ജിമ്മിൽ പോയിത്തുടങ്ങാൻ പ്രേരിപ്പിക്കുന്നതെങ്കിലും അവിടെയെത്തി ഓരോന്നു ചെയ്തുതുടങ്ങുമ്പോൾ അതൊരു ലഹരിയായി മാറുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പ്രായമാവുമ്പോൾ വിശ്രമമെന്നതൊക്കെ പഴയ പറച്ചിലുകളാണ്. ശരീരത്തെ ഊർജത്തോടെ നിലനിർത്താനും രക്തചംക്രമണം വർധിപ്പിക്കാനും കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താനും വ്യായാമം അനിവാര്യമാണെന്ന് പ്രായഭേദമന്യേ എല്ലാവരും തിരിച്ചറിയുന്നുണ്ട്.
മുമ്പ് ഡോക്ടർമാർ പോലും ജിമ്മിൽ പോകുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ, ഡോക്ടർമാർ തന്നെ അവരുടെ രോഗികളോട്, പ്രായമുള്ളവരോട് പോലും, സ്ട്രെങ്ത് ട്രെയിനിങ് ദിനചര്യയുടെ ഭാഗമാക്കാൻ ഉപദേശിക്കുന്നുണ്ട്. ഇത് പേശികൾ ക്ഷയിക്കുന്നത് തടയുന്നു. പല രോഗങ്ങളെയും നിയന്ത്രിക്കാനും ഒപ്പം വേദനയില്ലാത്ത ജീവിതം നയിക്കാനും സഹായിക്കുന്നു.
വരുംകാലങ്ങളിൽ ജിമ്മുകളിലേക്കൊഴുകുന്ന മുതിർന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ഫിറ്റ്നെസ് പരിശീലകരുടെ പൊതുവെയുള്ള അഭിപ്രായം. ഫിറ്റ്നസ് ഇനി യുവജനങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നല്ല. കോവിഡിന് ശേഷം, പ്രതിരോധശേഷിയും ദീർഘകാല ആരോഗ്യവുമെല്ലാം പ്രധാനപ്പെട്ടതാണെന്ന് ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഫാറ്റി ലിവർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളാണ് ജിമ്മുകളിൽ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ചിലത്. വീഴ്ചകളും ഒടിവുകളും ബലഹീനതയുമെല്ലാം കൂടുതൽ വരാനുള്ള സാധ്യതയും ഈ പ്രായത്തിലാണ്. ഹൃദയാരോഗ്യവും മാനസികാരോഗ്യവും 50 വയസ്സിന് ശേഷം അത്രയേറെ പ്രധാനമാണ്. വാർധക്യം ആരോഗ്യകരമാക്കാൻ ജിം മികച്ച മാർഗം തന്നെ. ജിമ്മും വർക്കൗട്ടും ജനകീയമാക്കിയതിൽ സാമൂഹികമാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്.
ഇൻസ്റ്റാഗ്രാമിൽ 'നോട്ട് ജസ്റ്റ് എ ഗ്രാൻഡ്മാ' എന്ന പേരിൽ അറിയപ്പെടുന്ന ഫിറ്റ്നസ് ഇൻഫ്ലുവൻസറായ ആശു ജെയിൻ, ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും തിരിച്ചറിഞ്ഞശേഷം 54-ാം വയസ്സിലാണ് ഫിറ്റ്നസ് യാത്ര ആരംഭിച്ചത്. പതിവായി നടന്നും വീട്ടിൽ വ്യായാമം ചെയ്തുമാണ് അവർ തുടങ്ങിയത്, പിന്നീട് ജിം പരിശീലനത്തിലേക്ക് മാറി.
പ്രശസ്ത മോഡലായ ദിനേശ് മോഹനും 54-ാം വയസ്സിലാണ് തന്റെ ഫിറ്റ്നസ് യാത്ര ആരംഭിച്ചത്, അന്ന് അദ്ദേഹം പല ആരോഗ്യ പ്രശ്നങ്ങളുമായി മല്ലിട്ടിരുന്നു. ജീവിതം വീണ്ടെടുക്കാനുള്ള ഒരു മാർഗ്ഗമായി ഫിറ്റ്നസ് തിരഞ്ഞെടുത്ത അദ്ദേഹം, ഇപ്പോൾ 66 വയസ്സുള്ള ഒരു പ്രൊഫഷണൽ മോഡലാണ്. റാമ്പിൽ തന്റെ ആകർഷകമായ ശരീരം ആത്മവിശ്വാസത്തോടെ പ്രദർശിപ്പിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Jul 2025, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented