നിത്യജീവിതത്തില്‍ ചുറുചുറുക്കും ഉന്മേഷവും നിലനിര്‍ത്താന്‍ കുറുക്കുവഴികള്‍ തേടുന്നവരാണ് ഏറെയും. ഭാരം കുറയ്ക്കാന്‍, കൂട്ടാന്‍, പ്രായമാകുന്നത് തടയാന്‍... ഇതിനെല്ലാം സൂത്രപ്പണികള്‍ വാഗ്ദാനം ചെയ്യുന്നവര്‍ വിപണിയിലും ഇഷ്ടം പോലെ. എന്നാല്‍ കൃത്യമായ ആഹാരം ശീലമാക്കിയാല്‍ മതി, ആരോഗ്യത്തോടെയിരിക്കാന്‍. 

പ്രായത്തെ പിടിച്ചുകെട്ടാം
ക്രീമുകള്‍, ലോഷനുകള്‍, മരുന്നുകള്‍... പ്രായം പുറത്തറിയാതിരിക്കാന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്നവരുണ്ട്. പുറമേയാണ് പരീക്ഷണം അധികവും. ഭക്ഷണത്തിലോ ശ്രദ്ധയൊട്ടും കാണിക്കുകയുമില്ല. നമ്മുടെ ചര്‍മമാണ് പലപ്പോഴും പ്രായത്തെ വിളിച്ചു പറയുന്നതും. പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. ഒപ്പം മൃദുത്വവും ജലാംശവും ഇലാസ്റ്റികതയും. ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ഭക്ഷണത്തിലൂടെ വേണം ലഭിക്കാന്‍. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍ കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും, വെളിച്ചെണ്ണയും ഏതെങ്കിലും മോയ്‌സ്ച്ചുറയ്‌സറും ഉപയോഗിക്കുന്നതും നല്ലതാണ്. ഒപ്പം ഇളനീര്‍, മാമ്പഴം, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, പൂവന്‍പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

വഴികള്‍

  1. ധാരാളം വെള്ളം കുടിക്കാം. ഇത്  ഡീഹൈഡ്രേഷന്‍ തടയും. ഇത് ചര്‍മത്തിന് തിളക്കം കൂട്ടുന്നു.
  2. ആന്റി ഓക്‌സിഡന്റ് ധാരാളമുള്ള പഴങ്ങളും, പച്ചക്കറികളും സാലഡ് രൂപത്തിലും, ജ്യൂസ് രൂപത്തിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  3. സ്ഥിരമായി  വ്യായാമം ചെയ്യുക.
  4. ആന്റി ഓക്‌സിഡന്റുകള്‍ കൂടുതലുള്ള  തക്കാളി, ഓറഞ്ച്, പപ്പായ എന്നിവ മുഖത്ത് മസാജ് ചെയ്യുന്നത് ത്വക്കിന് തിളക്കം കൂട്ടും. ചുളിവുകളും പാടുകളും നീക്കാനും സഹായിക്കും.
  5. ശരിയായ ഉറക്കം അതായത് ദിവസവും 7-8 മണിക്കൂര്‍ വിശ്രമത്തിനായി മാറ്റി വെയ്‌ക്കേണ്ടതാണ്.

ശീലമാക്കാം

  • കാരറ്റ്- പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സൈഡുകള്‍ സഹായിക്കും. വിറ്റാമിന്‍ എ കാഴ്ചശക്തിക്കും നല്ലതാണ്. 
  • കിവി- ഓറഞ്ചിലും നാരങ്ങയിലും ഉള്ളതിനേക്കാള്‍ രണ്ടിരട്ടി വിറ്റാമിന്‍ സി ഉണ്ട്. ചര്‍മത്തിൽ ചുളിവുകള്‍ വീഴുന്നത് തടയാന്‍ കിവി ശീലമാക്കാം.
  • മാതള നാരങ്ങ-  വിറ്റാമിന്‍ സി ധാരാളമുള്ള മാതളം ചര്‍മ സംരക്ഷണത്തിനും അകാല വാര്‍ദ്ധക്യം തടയാനും നല്ലതാണ്. ശരീരത്തിലെ പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
  • തക്കാളി- തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്ന ലൈസോപേന്‍  ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. 
  • മുട്ടയും പാലും- സമ്പൂര്‍ണ പോഷകാഹാരം എന്ന് പറയുന്നത് വെറുതെയല്ല. പ്രായമാകുമ്പോള്‍ കാഴ്ചശക്തിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുട്ടയാണ് നല്ലത്. എല്ലുകളുടെ ആരോഗ്യം ഭദ്രമാക്കാന്‍ പാലും. ആന്റി ഏജിങ് ന്യൂട്രിയന്റുകളുടെ കലവറയാണ് പാല്‍. 

രോഗപ്രതിരോധം ഭക്ഷണത്തിലൂടെ
രോഗപ്രതിരോധശേഷി കുറഞ്ഞാല്‍ ശരീരം പെട്ടെന്ന് അലര്‍ജിക് ആവും. പനി, തുമ്മല്‍, ജലദോഷം എന്നിവ വിട്ടുമാറുകയുമില്ല. നിത്യേനയുള്ള ചില ഭക്ഷണങ്ങളിലൂടെ നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടാം. പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിനുകളാണ് വിറ്റാമിന്‍ A, വിറ്റാമിന്‍ E, വിറ്റാമിന്‍ C, സിങ്ക്.  ഇവ ആന്റിബോഡിയുടെയും ശ്വേതരക്താണുക്കളുടെയും നിര്‍മാണത്തിനും ശരീരത്തിലെത്തുന്ന അന്യപദാര്‍ഥങ്ങളെ നശിപ്പിക്കുന്നതിനും സഹായിക്കും. 

വഴികള്‍

  1. വിറ്റാമിനുകളായ വൈറ്റമിന്‍ A, C, E  ഇവയടങ്ങിയ പപ്പായ, ഓറഞ്ച്, കാരറ്റ്, ബദാം, വാള്‍നട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 
  2. വ്യക്തി ശുചിത്വം പാലിക്കണം.
  3. ശ്വേത രക്താണുക്കളുടെ നിര്‍മാണത്തിനു സഹായിക്കുന്ന സിങ്ക് അടങ്ങിയ ബീഫ്, സാല്‍മണ്‍ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.

ശീലമാക്കാം

  • വെളുത്തുള്ളി- ശ്വേതരക്താണുക്കളുടെ ഉത്പാദനം കൂട്ടും. ഒപ്പം രോഗപ്രതിരോധ ശക്തിയും.
  • കൂണ്‍- കൂണുകളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ജലദോഷം, പനി, മറ്റ് അണുബാധകള്‍ എന്നിവയെ പ്രതിരോധിക്കാം.
  • തൈര്- ഉദരസംബന്ധമായ രോഗങ്ങളെ അകറ്റും. ഒപ്പം പലതരം അണുബാധകളും തൈര് എന്നും ഉപയോഗിക്കുന്നവരില്‍ ജലദോഷം വരാനുള്ള സാധ്യത കുറയും. 
  • നാരങ്ങ- കാന്‍സറിന് കാരണമായ ഘടകങ്ങളെ ഇല്ലാതാക്കാന്‍ വിറ്റാമിന്‍ സി നിറഞ്ഞ നാരങ്ങയ്ക്ക് കഴിയും. ദിവസവും  നാരങ്ങാനീര് കഴിക്കുന്നത് ജലദോഷവും മറ്റ് അണുബാധകളും  തടയും
  • ചീര- കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതാണ്.  ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും കാര്യമായ പങ്കുവഹിക്കുന്നു.
  • ഒലിവ്- മോണോ അണ്‍ സാച്ചുറേറ്റഡ് ഫാറ്റിനാല്‍ സമ്പന്നമായ ഒലിവ് കാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കും.

ഭക്ഷണം കഴിച്ച് സുന്ദരിയാവാം
ജോലിത്തിരക്കിനിടയില്‍ പ്രഭാതഭക്ഷണം കഴിച്ചാലായി. മൂന്ന് മണിക്ക്  ഉച്ചയൂണ്. പിന്നെ രാത്രി പതിനൊന്നിനാണ് അത്താഴം. ആഘോഷങ്ങളൊക്കെ വരുമ്പോഴാണ്, അയ്യോ കണ്ണിന് ചുറ്റും കറുപ്പ് വീണല്ലോ, നഖം പൊട്ടിത്തുടങ്ങി ഇനി എന്തു ചെയ്യും എന്നെല്ലാം ആലോചിക്കുന്നത്. മുടി കൊഴിച്ചിലും ധാരാളം. ഇങ്ങനെ സമയം തെറ്റിയുള്ള ആഹാരവും പോഷഹകാഹാരക്കുറവും സൗന്ദര്യത്തെയും ബാധിക്കും. ഇവയെല്ലാം പരിഹരിക്കാന്‍ തിരക്കിനിടയില്‍ ഭക്ഷണമൊന്ന് ശ്രദ്ധിച്ചാല്‍ മതി. വീട്ടില്‍ ചെയ്യാവുന്ന ചില പൊടി കൈകൾ പരീക്ഷിക്കാം.
 
വഴികള്‍

  1. പ്രോട്ടീനും ലവണങ്ങളുമടങ്ങിയ പോഷകാഹാരം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും. ഇടയ്ക്കിടയ്ക്ക് ഓയില്‍ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും.
  2. ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റെയും അളവ് കൂടുതലുള്ള ഭക്ഷണം ശീലമാക്കാം. 
  3. കരാറ്റിന്‍ എന്ന പ്രോട്ടീനിലാണ് നഖങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നഖങ്ങളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ Aയും Dയും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം.
  4. അമിതവണ്ണം കുറക്കാനും ദേഹ വടിവ് നിലനിര്‍ത്താനും പഴങ്ങളും പച്ചക്കറികളും കൂണുകളും ധാരാളം കഴിക്കാം. കൂണുകള്‍ അമിനോ ആസിഡുകളുടെ കലവറയാണ്. 
  5. വിളര്‍ച്ച ഒഴിവാക്കാന്‍ ദിവസവും ഓരോ ഗ്ലാസ് തക്കാളി നീര് കഴിക്കാം

ശീലമാക്കാം

  • സ്‌ട്രോബെറി- വിറ്റാമിന്‍ സി സമൃദ്ധം. ത്വക്കില്‍ ചുളിവുകള്‍ വീഴുന്നത് തടയും പല്ലുകളുടെ തിളക്കം കൂട്ടാന്‍ എളുപ്പവഴിയാണ് സ്‌ട്രോബറി മിശ്രിതം. ഇതിനെ കുറച്ച് സമയം പല്ലുകളില്‍ പുരട്ടി ബ്രഷ് ചെയ്താല്‍ മതി.
  • വാള്‍നട്ട്- ഒമേഗാ 3 ഫാറ്റി ആസിഡ് ധാരാളം. മുടിയുടെ അറ്റം പോട്ടുന്നതു തടയാന്‍ ഇത് മതി. കോപ്പര്‍ ധാരാളം അടങ്ങിയതുകൊണ്ട് ചര്‍മത്തിന് കൂടുതല്‍ നിറം ലഭിക്കും. അകാല നര തടയാനും  വാള്‍നട്ട് നല്ലതാണ്. 
  • ഗ്രീന്‍ ടീ- ആന്റിഓക്‌സിഡന്റുകളുടെ കൂട്ടമാണ് ഗ്രീന്‍ ടീ. കാന്‍സറിന് വരെ കാരണമാകാവുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ ഗ്രീന്‍ടീ സഹായിക്കും. ത്വക്കില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും ഗ്രീന്‍ടീ നല്ലതാണ്. ഉപയോഗിച്ച ഗ്രീന്‍ടീ ബാഗുകള്‍ തണുപ്പിച്ച് കണ്ണിന് താഴെ വയ്ക്കുന്നത് കറുപ്പു നിറം മാറാനും സഹായിക്കും.
  • കറുവ- കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ കറുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അല്പം കറുവപ്പൊടി  തേനില്‍ ചാലിച്ച്  പുരട്ടുന്നത് ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കും. 
  • വെള്ളരി- വിറ്റാമിന്‍ A,B,D, C എന്നിവയാല്‍ സമൃദ്ധം. മിനിറലുകളായ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും. മുടി വളര്‍ച്ചക്ക് ആവശ്യമായ സിലിക്കോണും സള്‍ഫറും നിറയെ കാണപ്പെട്ടുന്നു.

ഓര്‍മശക്തിക്ക് 
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇന്ന് വിപണിയില്‍ പലതരം പോഷകാഹാരങ്ങളും പൊടികളും ലഭ്യമാണ്. എന്നാല്‍ ഓര്‍മശക്തി കൂട്ടാന്‍ സാധിക്കുന്ന ചില പോഷകാഹാരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. വലിയ വില നല്‍കാതെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്താം. 
നല്ല ഉറക്കത്തിന് സഹായിക്കാന്‍ മാത്രമല്ല നല്ല ഓര്‍മശക്തിക്കും പറ്റിയതാണ് മഗ്‌നീഷ്യം. ചീരപോലുള്ള ഇലക്കറികളിലാണ് മഗ്‌നീഷ്യം കൂടിയ അളവില്‍ ലഭിക്കുന്നത്. ബീഫ്, വെള്ളരിക്ക എന്നിവയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് രോഗങ്ങളിളെ ചെറുക്കാന്‍ ഈ മിനറല്‍ അത്യാവശ്യമാണ്. വാള്‍നട്ട്, ചെറുചണവിത്ത് (flax seeds), ഒയിലി ഫിഷ് എന്നിവയില്‍ ധാരാളം  ഫാറ്റി ആസിഡ് ഉണ്ട്. ഓര്‍മശക്തി കൂട്ടാന്‍ ഇവയും നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളായ EPA യും DHA യും കടല്‍ മത്സ്യങ്ങളിലും ഇലക്കറികളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. ശരീരപോഷണത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് ഫ്‌ളവനോയ്ഡുകള്‍. ആന്റി ഓക്‌സിഡന്റാണിവ. ചായയിലും കോഫിയിലും ചോക്ലേറ്റിലും ഇവ സമൃദ്ധമാണ്. കാട്ടുഞാവല്‍ പഴങ്ങളും ഖവിക്കാം. 

വഴികള്‍

  1. ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ചേര്‍ക്കുന്നത്  തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
  2. ഡാര്‍ക്ക് ചോക്ലേറ്റ്, ബെറീസ് മുതലായവ  ഏകാഗ്രതയെ വര്‍ധിപ്പിക്കും.
  3. വെള്ളം ധാരാളം കുടിക്കാം. കൂടുതല്‍ ഉന്മേഷം പകരും.
  4. കോഫി പൗഡര്‍, മിതമായി ഉപയോഗിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
  5. അവക്കാഡോ, വാള്‍നട്ട് എന്നിവ കുട്ടികള്‍ക്ക് കൊടുക്കുന്നത് വളരെ ഉത്തമമാണ്. ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ വിതരണം കൂട്ടുന്നു.

ശീലമാക്കാം

  • ബീറ്റ് റൂട്ട്- ബീറ്റ്‌റൂട്ട് ജ്യൂസ് പ്രായമായവരില്‍ തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടും. ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റാണ് ഓര്‍മശക്തി കൂട്ടാനുള്ള കാരണക്കാരന്‍.
  • കാപ്പി- സ്ഥിരമായി കാപ്പികുടിക്കുന്നവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് എന്നിവയുടെ സാധ്യത കുറക്കും.
  • മധുരക്കിഴങ്ങ്- ബീറ്റാ കരോട്ടിന്‍ നിറയെ ഉള്ളതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ധീപിപ്പിക്കും
  • ബ്രോക്കോളി- വിറ്റാമിന്‍ കെ ധാരാളം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കി ഓര്‍മശക്തി കൂട്ടും. 
  • തേങ്ങ- തേങ്ങ, തേങ്ങാവെള്ളം, വെളിച്ചെണ്ണ ഇങ്ങനെ തേങ്ങയുടെ ഏത് ഉത്പന്നവും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. മാനസികാരോഗ്യത്തിനും ഉത്തമം.
  • ഡാര്‍ക്ക് ചോക്ലേറ്റ്-  ഫ്‌ളവനോയിഡ്‌സ് നിറഞ്ഞ ചോക്ലേറ്റ് തലച്ചോറിന് ഉണര്‍വ് നല്‍കും. 

കടപ്പാട്
ഡോ. കരുണ എം.എസ്
ഡോ.കരുണ ഡയറ്റ് കെയര്‍ സെന്റര്‍
തൃശൂര്‍