വ്യായാമത്തിന് മുന്‍പ് ജനറല്‍ ഫിസിഷ്യനെ കണ്ട് പരിശോധിക്കണം. ഹൃദയപ്രവര്‍ത്തനം അറിയാനായി എക്കോ, ട്രെഡ്മില്‍ ടെസ്റ്റ് എന്നിവ ചെയ്യാം.

വ്യായാമം ചെയ്യുന്നതിനിടെ ഹാര്‍ട്ട്അറ്റാക്ക് വന്ന് കുഴഞ്ഞുവീണ വാര്‍ത്തകള്‍ വല്ലാതെ ഭീതിപരത്തിയിട്ടുണ്ട്. വര്‍ക്ക്ഔട്ട് പൂര്‍ണമായി ഒഴിവാക്കണോ, അതോ വെയ്റ്റ് ട്രെയിനിങ് ആണോ പ്രശ്‌നം...ആളുകളുടെ ആശങ്കകള്‍ തീരുന്നില്ല. ശരിക്കും വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ?
പ്രായത്തെ ബഹുമാനിക്കാം
സ്വന്തം ആരോഗ്യസ്ഥിതി തിരിച്ചറിയുക എന്നതാണ് പ്രധാനം. ഉദാഹരണത്തിന് ചെറുപ്പത്തില്‍ നന്നായി അധ്വാനിച്ചിരുന്ന വ്യക്തിക്ക് പ്രായം കൂടുന്തോറും പഴയ ആരോഗ്യം നിലനില്‍ക്കണമെന്നില്ല. ശരീരത്തിന് മാറ്റം സംഭവിച്ചിരിക്കാം. അസുഖങ്ങളും മോശം ജീവിതശൈലികളും ആരോഗ്യസ്ഥിതി മോശമാക്കിയിരിക്കാം. ഇത് മനസ്സിലാക്കാതെ പെട്ടെന്നൊരു ദിവസം വ്യായാമം തുടങ്ങുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്.
ഹൃദയപ്രശ്‌നങ്ങള്‍ വരുമെന്ന പേടിയില്‍ വ്യായാമങ്ങള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടതില്ലെന്ന് ഹൃദ്രോഗവിദഗ്ധനും സര്‍ജനുമായ ഡോ.മുരളി വെട്ടത്ത് പറയുന്നു. ''ജിമ്മില്‍ പോകുന്നതും വ്യായാമം ചെയ്യുന്നതും നല്ലതാണ്. ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാത്രം. പ്രത്യേകിച്ച് 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍'.
വ്യായാമത്തിന് മുന്‍പ് ജനറല്‍ ഫിസിഷ്യനെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഹൃദയപ്രവര്‍ത്തനം അറിയാനായി എക്കോ, ട്രെഡ്മില്‍ ടെസ്റ്റ് എന്നിവ ചെയ്യാം. ബി.പി., ഷുഗര്‍, കൊളസ്‌ട്രോള്‍ അളവുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണം.
രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാവുന്നത് പ്രായമാവുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന പ്രക്രിയയാണ്. രോഗങ്ങളും മറ്റ് ദുശ്ശീലങ്ങളും അതിന്റെ ആക്കം കൂട്ടും. വ്യായാമം ചെയ്തു എന്നുകരുതി ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാവില്ല എന്ന് പറയാന്‍ കഴിയില്ല.
വ്യായാമം ചെയ്യുമ്പോള്‍
അമിതമായി വ്യായാമം ചെയ്യുന്നതും നല്ലതല്ല. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ചെയ്താല്‍ മതിയാകും. പരമാവധി മുക്കാല്‍ മണിക്കൂര്‍ നേരം. കൂടുതല്‍ സമയം വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ റിസല്‍ട്ട് ലഭിക്കുമെന്നത് തെറ്റിദ്ധാരണയാണ്. ദിവസവും ചെയ്യാതെ എല്ലാംകൂടി ഒരുമിച്ചു ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഹൃദയത്തിന് പണി കിട്ടുക എന്ന് ഓര്‍ക്കണം. റസ്റ്റിങ് ഹാര്‍ട്ട് റേറ്റ് എന്നുപറയുന്നത് മിനിറ്റില്‍ 70-80 ആണ്. ഇത് പതിയെ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതിയില്‍ (മിനിറ്റില്‍ 85-95) വേണം വ്യായാമങ്ങള്‍ ചെയ്യാന്‍.
കാര്‍ഡിയോ ആണെങ്കിലും വെയ്റ്റ് ട്രെയിനിങ് ആണെങ്കിലും വാം അപ് ചെയ്യാതെ വ്യായാമങ്ങളിലേക്ക് കടക്കരുത്. അങ്ങനെ ചെയ്താല്‍ ബി.പി.നില ഉയരാനും രക്തയോട്ടം വര്‍ധിച്ച് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പടെയുള്ള പ്രയാസങ്ങള്‍ക്കും ഇടയാക്കും. അഞ്ചോ പത്തോ മിനിറ്റ് വാംഅപ് മതിയാകും. അതുപോലെ പതിയെ കൂള്‍ഡൗണ്‍ ചെയ്തുവേണം വ്യായാമം അവസാനിപ്പിക്കാന്‍.
പുതുതായി വ്യായാമം ചെയ്തുതുടങ്ങുന്നവര്‍ക്ക് നടത്തം, സൈക്ലിങ്, ജോഗിങ് എന്നിവയാണ് ഉത്തമം. ശരീരത്തിന്റെ പ്രതികരണം മനസ്സിലാക്കിയശേഷം മാത്രം വെയ്റ്റ് ട്രെയിനിങ് ആരംഭിച്ചാല്‍ മതിയാകും. ആരംഭത്തില്‍തന്നെ വലിയ ഭാരമുയര്‍ത്തി വര്‍ക്ക്ഔട്ട് ചെയ്യുന്നത് നല്ലതല്ല.
ഹൃദയം നല്‍കും
സൂചനകള്‍
ഹൃദയം അതിന്റെ പ്രയാസങ്ങളെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.
* വ്യായാമത്തിനിടെ അകാരണമായുള്ള ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവ വന്നാല്‍ ശ്രദ്ധിക്കണം. വൈദ്യപരിശോധന നടത്തി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കണം.
* അതുപോലെ വേദനയോ പിടുത്തമോ അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമം നിര്‍ത്തണം. വിശ്രമിച്ച് പ്രശ്‌നമില്ലെന്ന് ഉറപ്പാക്കിയശേഷം തുടരാം.
* പാരമ്പര്യമായി ഹൃദ്രോഗമോ മറ്റ് പ്രയാസങ്ങളോ ഉള്ളവര്‍, ജിമ്മില്‍ പോകുന്നവരാണെങ്കിലും അല്ലെങ്കിലും 25 വയസ്സിന്‌ശേഷം കൃത്യമായ ഇടവേളകളില്‍ ശാരീരികപരിശോധന നടത്തേണ്ടതുണ്ട്.
* വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വൈദ്യപരിശോധന നടത്തി ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍ അളവുകള്‍ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുക.
* ബാലന്‍സ് ഡയറ്റ് പിന്തുടരുക. ഏതെങ്കിലും ഒന്ന് പൂര്‍ണമായി ഒഴിവാക്കി മറ്റൊന്ന് ധാരാളം കഴിക്കുന്ന രീതി നല്ലതല്ല.
Content Highlights: does exercise leads to heart attack? bust the myth
Published: 04 Oct 2025, 01:47 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented