സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് നെല്ലിക്ക കൊണ്ടുണ്ടാക്കുന്ന മോണിംഗ് ഡ്രിങ്ക്. സോഷ്യല്‍ മീഡിയയിലെ പല താരങ്ങളും ഈ ഹെല്‍ത്തി ഡ്രിങ്കിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് കുടിക്കാന്‍ അനുയോജ്യമായ സമയം രാവിലെ വെറുംവയറ്റിലാണ്. ദിവസവും രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം.
നെല്ലിക്കയിലെ പോഷകങ്ങള്‍
ഇത്തിരിപ്പോന്ന നെല്ലിക്കയ്ക്ക് ഔഷധഗുണങ്ങള്‍ ഒരുപാടുണ്ട്. ദിവസവും രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ധാരാളം ഗുണം ചെയ്യുന്നു. നെല്ലിക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നെല്ലിക്ക അളവില്‍ കൂടുതല്‍ കഴിക്കുന്നത് വയറിളക്കത്തിന് കാരണമായേക്കാം.
- വിറ്റമിന്‍ സി-യുടെ പ്രധാന കലവറയാണ് നെല്ലിക്ക. നെല്ലിക്കയിലെ വിറ്റമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
- വിറ്റമിന്‍ എ, ബി1, സി, ഇ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
- കാത്സ്യം, അയണ്‍, ഫോസ്ഫറസ് എന്നീ ധാതുക്കളും ഫൈബറും നിരവധി പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും നെല്ലിക്ക പ്രദാനംചെയ്യുന്നു.
- ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ മികച്ചതാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റും വിറ്റമിനുകളും ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം കൂട്ടുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും ചര്‍മ്മത്തിന്റെ സ്വാഭാവികത മെച്ചപ്പെടുത്താനും നെല്ലിക്ക ഉപകരിക്കും.
- നെല്ലിക്കയിലെ കാത്സ്യം, അയണ്‍, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
- മുടിയഴകിനും മുടി വളരാനും നെല്ലിക്ക കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നു. നെല്ലിക്ക നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ശിരോചര്‍മ്മത്തിന്റെയും മുടിയിഴകളുടെയും ആരോഗ്യം കൂടാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. അകാല നരയ്ക്കും നെല്ലിക്ക ഗുണംചെയ്യും.
- ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ഭക്ഷണത്തില്‍നിന്നുള്ള മറ്റുപോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണംചെയ്യാനും നെല്ലിക്കയിലെ പോഷകങ്ങള്‍ സഹായിക്കുന്നു.
- നെല്ലിക്കയിലെ വിറ്റമിന്‍ എ-യുടെ സാന്നിധ്യം കണ്ണുകള്‍ക്ക് നല്ലതാണ്. കൂടാതെ നെല്ലിക്കയില്‍ അടങ്ങിയ കരോട്ടിന്‍ കാഴ്ചശക്തി കൂട്ടാനും തിമിരം വരാതിരിക്കാനും നല്ലതാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക ജ്യൂസ് കുടിക്കാം. പ്രമേഹമുള്ള ആളുകള്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
- ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നെല്ലിക്ക നിത്യജീവിതത്തിന്റെ ഭാഗമാക്കാം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യുന്നതിനാല്‍ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും നെല്ലിക്കയ്ക്ക് പങ്കുണ്ട്.
- മെറ്റബോളിസം വര്‍ധിപ്പിക്കുന്നതില്‍ നെല്ലിക്കയ്ക്ക് വലിയ പങ്കുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണംചെയ്യും.
- നെല്ലിക്ക ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ഡീടോക്സിഫിക്കേഷന് ചെയ്യാനും സഹായിക്കുന്നു.
നെല്ലിക്ക മോണിംഗ് ഡ്രിങ്ക് തയ്യാറാക്കുന്ന വിധം
കാല്‍കിലോ നെല്ലിക്ക കഴുകി വൃത്തിയാക്കി വെള്ളം ചേര്‍ക്കാതെ അരയ്ക്കുക. ശേഷം വായുകടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്ക അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിക്കാം. നെല്ലിക്കയ്ക്കൊപ്പം ഒരു കഷണം ഇഞ്ചി ചേര്‍ക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഭക്ഷണത്തില്‍ മാറ്റം വരുത്തുക)
Content Highlights: benefits of drinking amla juice daily
Published: 08 May 2025, 04:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented