
വഴിതെറ്റിയ ഞങ്ങള്‍ ത്രിവേണീസംഗമത്തിലെ സെക്ടര്‍ മൂന്നിലേക്ക് എടുത്തെറിയപ്പെട്ടു. യമുനയുടെയും ഗംഗയുടെയും തീരങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ജനപ്രവാഹത്തില്‍ ഞങ്ങള്‍ക്ക് ശ്വാസംമുട്ടി. ഒരുനിമിഷം കൈകോര്‍ത്തുപിടിച്ചു നടന്ന ഞങ്ങള്‍ വേര്‍പ്പെട്ടു. അടുത്തനിമിഷത്തില്‍ പാതയുടെ ഓരംചേര്‍ന്ന സുരക്ഷിതമായ ഒരിടത്ത് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആശ്വസിച്ചു. വര്‍ണാലങ്കാരങ്ങളാല്‍ സുന്ദരമായ ഗംഗാതീരം, ഭസ്മദൂളികള്‍ വിതറി മന്ത്രംമുഴക്കുന്ന ആഘോരികള്‍, തന്റെ പൂച്ചക്കണ്ണുകള്‍കൊണ്ട് ബോളിവുഡ് നടിമാരെപ്പോലും നാണിപ്പിച്ച മാലവില്‍പ്പനക്കാരി മോണാലിസ, പിന്നെ ഇംഗ്ലീഷ് പറയുന്ന ഐ.ഐ.ടി. ബാബ, ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരുന്ന കുംഭമേളയുടെ ക്യാറമാ ദൃശ്യങ്ങള്‍; നിങ്ങള്‍ റീല്‍സുകളിലൂടെ കണ്ടതെല്ലാം മിഥ്യകളായിരുന്നു. ഈ ഭൂമികയില്‍ എത്തുമ്പോള്‍ മാത്രം മനസ്സിലാകുന്ന സത്യം.
ഇവിടെ കാണാനാവുക, ഗംഗയില്‍ സ്‌നാനംചെയ്ത് പാപങ്ങള്‍ ഒഴുക്കാന്‍ മഹാനഗരങ്ങളില്‍നിന്നും അതിവിദൂരഗ്രാമങ്ങളില്‍നിന്നും കാതങ്ങള്‍ താണ്ടിയെത്തുന്ന ഭക്തരെ മാത്രം. ഒരു പൗരോഹിത്യവും അവരെ നിയന്ത്രിക്കുന്നില്ല. ഒരു ചാതുര്‍വര്‍ണ്യവും അവരെ വേര്‍തിരിക്കുന്നില്ല, തൊഴാന്‍ കോവിലുകളും പ്രതിഷ്ഠകളുമില്ല. അവര് നമസ്‌കരിക്കുന്നത് ഗംഗയെ മാത്രം.
പിറവിയും പ്രേമവും പാപവും മരണവും ഏറ്റുവാങ്ങി യുഗങ്ങളായി മനുഷ്യസംസ്‌കാരത്തെ പോറ്റിവളര്‍ത്തിയ ഗംഗ. അതില്‍ സ്‌നാനംചെയ്ത് മോക്ഷം നേടുന്നു മനുഷ്യര്‍. ദക്ഷിണ ഹിമാലയത്തില്‍, ഗംഗോത്രിക്കുസമീപം ഗൗമുഖില്‍നിന്ന് പിറവികൊണ്ട്, അളകനന്ദയും ഭഗീരഥിയും മന്ദാകിനിയുമായി ചേര്‍ന്ന്, ഹരിദ്വാറിലൂടെ ഒഴുകി പ്രയാഗ്‌രാജിനെയും വാരാണസിയെയും അനുഗ്രഹിച്ച് ഗംഗ സമുദ്രത്തില്‍ ചേരുന്നു. വടക്കേ ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലൂടെ 1,560 മൈലുകള്‍ ഒഴുകുന്ന ഗംഗ പുരാതനകാലംമുതല്‍ ഹൈന്ദവരുടെ പുണ്യനദിയാണ്. അതിന്റെ കര, മനുഷ്യരെ ഊട്ടിവളര്‍ത്തി, ഫലഭൂയിഷ്ഠമായ അതിന്റെ തടങ്ങളില്‍ അവര്‍ കൃഷിയിറക്കി. പുതിയ നാഗരികതകള്‍ പിറവികൊണ്ടു. കൃഷ്ണദ്വൈപായനവ്യാസനാല്‍ രചിക്കപ്പെട്ട ഇതിഹാസം സൂതരും മഗധരും ഗംഗാതടങ്ങളില്‍ പാടിനടന്നു. ഗംഗയില്‍ ശന്തനുവിനുണ്ടായ അതിവിഖ്യാതപുത്രന്‍ ദേവവ്രതന്റെ ശപഥകഥ 'ഭീഷ്മശപഥ'മായി നമ്മള്‍ കേട്ടറിഞ്ഞു. അധികാരങ്ങളും സാമ്രാജ്യങ്ങളും ഗംഗാതടത്തില്‍ പരസ്പരം സഹവര്‍ത്തിച്ച് വളര്‍ന്നു. പിന്നീട് പോരടിച്ച് തകര്‍ന്നു. ബി.സി. മൂന്നാംനൂറ്റാണ്ടില്‍ മൗര്യസാമ്ര്യാജ്യം മുതല്‍ മുഗള്‍കാലഘട്ടംവരെ നാഗരികതകളുടെ കളിത്തൊട്ടിലായി ഗംഗാതടം മാറി. ആധുനികയുഗത്തില്‍ വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യര്‍ പോരടിക്കുന്നതിനും ഗംഗ സാക്ഷിയായി.
നേരം വെളുത്തിരുന്നില്ല. പൊടിമണ്ണും മഞ്ഞും കലര്‍ന്ന വായു ആവോളം ശ്വസിച്ച് മുന്നോട്ടുനടന്നു. കുംഭമേള ആഗോളശ്രദ്ധയാകര്‍ഷിക്കാനായി എല്ലാ ക്രമീകരണങ്ങളും ഭരണകൂടം ഒരുക്കിയിരുന്നു. ടിന്‍ തകിടുകള്‍ പാകി പാതകള്‍ വൃത്തിയാക്കിയിരിക്കുന്നു. മോദിക്കുശേഷം ഇനിയാര്? എന്ന് ചോദ്യത്തിന് മന്ദസ്മിതംതൂകി നില്ക്കുന്ന യോഗി ആദിത്യനാഥിന്റെ ഫ്‌ളെക്‌സുകള്‍ ഉടനീളം കാണാം. ദൂരെ സെക്ടര്‍-6 എന്ന ബോര്‍ഡ് കണ്ടു. ഒരു സെക്ടര്‍ പിന്നിടാന്‍ ഏകദേശം ഒന്നര-രണ്ട് കിലോമീറ്റര്‍ വേണം. സെക്ടറുകള്‍ക്കുള്ളില്‍ പ്രവേശിച്ചാല്‍ കാണാനാവുക സന്ന്യാസിമഠങ്ങളുടെ താത്കാലിക ടെന്റുകളാണ്. മുന്നോട്ടുനടക്കുമ്പോള്‍ മഞ്ഞും പൊടിപടലവും കലര്‍ന്ന അന്തരീക്ഷം ശ്വാസകോശത്തെ കാര്‍ന്നുതിന്നുന്നതുപോലെ. കാലുകള്‍ക്ക് ബലം കുറയുന്നു, ഭാരം വഹിക്കുന്ന തോളുകള്‍ കുനിയുന്നു, കണ്ണുകളില്‍ ഇരുട്ട് കയറുന്നു. പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച നടത്തം പത്തുമണിയായിട്ടും അവസാനിക്കുന്നില്ല. ഗംഗാതടത്തിലെ പൊടിമണ്ണില്‍ കുനിഞ്ഞിരുന്ന് ഞങ്ങള്‍ സ്വയം വിലപിച്ചു. ആത്മബോധ ആശ്രമത്തിന്റെ ടെന്റില്‍ എത്തിയത് സ്വബോധത്തോടെയായിരുന്നുവോ? അറിയില്ല!
Content Highlights: visual treat from maha kumbh mela 2025
Published: 11 Mar 2025, 05:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented