ഉറിയിലേക്കാണ് യാത്ര, ഇന്ത്യ-പാക് അതിർത്തിയിലേക്ക്. പാക് അധീന കശ്മീർ എന്നറിയപ്പെടുന്ന ബോർഡറിലേക്ക്. ഓർക്കുമ്പോൾത്തന്നെ ചങ്കിടിപ്പുയരും. 'ഭൂമിയിലെ സ്വർഗം' എന്നറിയപ്പെടുന്ന കശ്മീരിലെ ലൈൻ ഓഫ് കൺട്രോളിനോട് ചേർന്നുള്ള ഏറ്റവും വലിയ പട്ടണമാണ് ഉറി. കണ്ണ് തുറന്നുവെച്ച് സ്വപ്‌നങ്ങൾ കാണാൻ കഴിയുന്ന മനോഹരമായ ഭൂപ്രദേശം. ഉറി എന്നുകേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് 2016-ലെ സർജിക്കൽ സ്ട്രൈക്കാണ്. പി.ഒ.കെയോട് ചേർന്നുള്ള അവസാന പോയിന്റ് കൂടിയാണ് ഉറി.

'നിങ്ങൾ ഇപ്പോൾ ലൈൻ ഓഫ് കൺട്രോളിലൂടെയാണ് സഞ്ചരിക്കുന്നത്,' 'നിങ്ങൾ ശത്രുക്കളുടെ നിരീക്ഷണത്തിലാണ്' എന്നൊക്കെയുള്ള ബോർഡുകൾ കണ്ടപ്പോൾ ഒരേസമയം ഭീതിയും ജിജ്ഞാസയും തോന്നി. കശ്മീരിൽ കുറച്ചുദിവസം ചെലവഴിക്കാനെത്തിയതായിരുന്നു ഞാൻ. യാദൃച്ഛികമായാണ് അതിർത്തിയിലേക്കുപോകാൻ അവസരമൊത്തുവന്നത്. ശ്രീനഗറിൽനിന്ന് 70 കിമീ റോഡുമാർഗം മൂന്നുമണിക്കൂർ നീണ്ട യാത്ര. കശ്മീരിലെ ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും പിന്നിട്ടുകൊണ്ട് ഞങ്ങളുടെ വാഹനം നീങ്ങി.

അതിർത്തിയിലേക്ക് നീളുന്ന പാതകൾ മനോഹരമായാണ് നിർമിച്ചിട്ടുള്ളത്. വഴിയിലുടനീളം സൈനികവാഹനങ്ങൾ കാണാമായിരുന്നു. അതിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഉണ്ടായിരുന്നു. ഉറിയിലേക്കു പോകുന്ന വഴിയിൽ കൊച്ചുകൊച്ചു കടകളും ബേക്കറികളും ധാരാളമുണ്ട്. ഏറെയും ഡ്രൈഫ്രൂട്ട്‌സ് കടകളാണ്. വാൾനട്ട് മരങ്ങൾ പൂത്തുനിൽക്കുന്ന പാതയിലൂടെ നീങ്ങുമ്പോൾ നാം സ്വയമറിയാതെ പറഞ്ഞുപോകുന്നു: ഇത് ഭൂമിയോ അതോ സ്വർഗമോ!

ഏപ്രിൽമാസമായിരുന്നു. ആപ്പിൾ കായ്ക്കുന്ന സമയമായിരുന്നില്ല. കടുംമഞ്ഞനിറത്തിൽ പൂത്തുനിൽക്കുന്ന കടുകുപാടങ്ങൾ ഇരുവശത്തുമായി കണ്ടപ്പോൾ സന്തോഷം തോന്നി. ഉറിയിൽ നാലുഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശത്തായിരുന്നു ഞങ്ങളുടെ താമസം. വാൾനട്ട് പൂക്കൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുയരുന്നതും അസ്തമിക്കുന്നതുമായ കാഴ്ച അത്രമേൽ സുന്ദരമാണ്.

ഞങ്ങൾ അതിർത്തിയിലേക്കടുക്കുകയായിരുന്നു. മിക്കയിടങ്ങളിലും ആർമിയുടെ പരിശോധനയുണ്ട്. ഉറിയിലേക്കെത്തുന്ന ദൂരം മുഴുവൻ സൈനികരുടെ ത്യാഗങ്ങളെക്കുറിച്ചുള്ളതും രാജ്യസ്‌നേഹം സ്ഫുരിക്കുന്നതുമായ വാക്കുകൾ നിറയുന്ന ബോർഡുകൾ. യാത്രികരെല്ലാം ഗവൺമെന്റ് ഐഡി കാർഡും ആധാർ കാർഡും കൈയിൽ കരുതണം. പോകുന്ന വഴിയിൽ ഒരു ഗുരുദ്വാര കാണാമായിരുന്നു. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഇസ്ലാമാബാദ്, മുസാഫറാബാദ് എന്നിവിടങ്ങളിലേക്കുള്ള ദൂരം അടയാളപ്പെടുത്തിവെച്ചിരിക്കുന്ന ബോർഡുകൾ കണ്ടപ്പോൾ അതിശയം തോന്നി.

ഗവൺമെന്റ് നിയോഗിച്ച രണ്ടു ഗൈഡുകളാണ് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നത്. ഉറിയെക്കുറിച്ചും അതിർത്തിമേഖലയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ചും അവർ വിവരിച്ചുകൊണ്ടിരുന്നു. ഉറിയിലെ വീർപഥിലെത്തുമ്പോൾ, വീരമൃത്യു വരിച്ച സൈനികരുടെ പ്രതിമകളും അവരെക്കുറിച്ചുള്ള വിവരണങ്ങളും കാണാം. അതിനുപിറകിലായി അശോകസ്തംഭവും 'പ്രൗഡ് ടു ബി ഇന്ത്യൻ' എന്നെഴുതിയ വലിയ ബോർഡും. കശ്മീരിനും പിഒകെയ്ക്കും ഇടയിലുള്ള ഉറിയിലെ ബോർഡർ പോയിന്റ്, കമാൻ പോസ്റ്റ് എന്നപേരിലാണ് അറിയപ്പെടുന്നത്. കമാൻ പോസ്റ്റിലേക്കടുക്കുന്തോറും ഝലം നദി അതിർത്തിക്ക് സമാന്തരമായി ഒഴുകുന്നത് കാണാമായിരുന്നു.

ബരാമുള്ളയെ പിഒകെയുമായി ബന്ധിപ്പിക്കുന്ന പാലമാണ് അമൻ സേതു. 'ബ്രിഡ്ജ് ഓഫ് പീസ്' എന്നും ഈ പാലം അറിയപ്പെടുന്നു. പാലത്തിലേക്ക് വഴിതുറക്കുന്നത് ഒരു കൂറ്റൻ ഗേറ്റാണ്. അതിനുമുന്നിൽ നിൽക്കുമ്പോൾ അറിയാതെ ഒരുൾക്കിടിലമുണ്ടായി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ശത്രുതയൊന്നുമറിയാതെ ഝലം നദി ഒഴുകിക്കൊണ്ടിരിക്കുന്നു.

വലിയ മലയടിവാരങ്ങൾക്കിടയിലൂടെ ഝലം നദിക്ക് ഇരുപുറവുമായി സൈനികർ അവരുടെ രാജ്യത്തെ സംരക്ഷിക്കാൻ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നു. എന്ന് എഴുതുമെങ്കിലും 'ഉടി' എന്നും വിളിക്കുന്നത് കേൾക്കാം. മുൻപ് അമൻ സേതു പാലത്തിലൂടെ സഞ്ചാരികൾക്കായി ഒരു ബസ് സർവീസ് ഉണ്ടായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് ഇപ്പോൾ പാലം അടച്ചിട്ടിരിക്കുകയാണ്. പാലത്തിനിരുഭാഗത്തുമായി ഇന്ത്യയുടെയും പാകിസ്താന്റെയും പതാകകൾ പാറിക്കളിക്കുന്നു.

പാലം പിന്നിട്ടാൽ പിന്നെ പാക് അധിനിവേശ കശ്മീരായി. അമൻ സേതു കടന്ന് രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ പിഒകെയിലെ ആദ്യത്തെ വില്ലേജായ ചക്കോതി ആണ്. ഞങ്ങൾ നിൽക്കുന്ന ഈ അതിർത്തിയിൽനിന്ന് കേവലം അമ്പതു കിമീ സഞ്ചരിച്ചാൽ ഇസ്ലാമാബാദിലെത്താം. 2023-ൽ 70,000-ത്തിലധികം ടൂറിസ്റ്റുകൾ ഉറിയിലെത്തിയിരുന്നു. 2024-ലാകട്ടെ അത് ഒരുലക്ഷം പിന്നിട്ടു. എന്റെ രാജ്യത്തിന്റെ ഓരോ സ്ഥലത്തുംകൂടി എനിക്ക് നടക്കാനും കാണാനും കഴിയണം എന്നതിനെ അന്വർഥമാക്കുന്നതായിരുന്നു സൈന്യത്തിന്റെ നിലപാട്. അമൻ സേതു പാലത്തിനടുത്ത് നിന്നാൽ ദൂരെ പാക് സൈന്യത്തിന്റെ നിരീക്ഷണ കേന്ദ്രം കാണാൻ സാധിക്കും. പ്രതികൂലകാലാവസ്ഥയോട് പൊരുതി, കണ്ണും കാതും തുറന്നിരുന്ന് അതിർത്തികാക്കുന്ന നമ്മുടെ സൈനികരെ മനസ്സാൽ വണങ്ങി ഞങ്ങൾ മടങ്ങി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi