
കോഴിക്കോട്ടെ ഇടവമാസരാത്രിയില്‍നിന്ന് സേലത്ത് വന്നിറങ്ങുമ്പോള്‍ സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍നിന്ന് കണ്ണുമിഴിക്കുന്നേയുണ്ടായിരുന്നുള്ളൂ. റെയില്‍വേ സ്റ്റേഷനിലുള്ള അടയാര്‍ അനന്തഭവന്‍ ഹോട്ടലില്‍നിന്നായിരുന്നു പ്രഭാതഭക്ഷണം. ആവിപറക്കുന്ന സാമ്പാറില്‍ മുങ്ങാംകുഴിയിട്ട മിനി ഇഡ്ഡലി (ഡിപ്പ് ഇഡ്ഡലി) കഴിച്ചു. സംഭവം കൊള്ളാം. ഇനിയാണ് യാത്ര. സേലത്തുനിന്ന് ആറ്റൂരിലേക്കാണ് പോകേണ്ടത്. വിരുദ്ധാചലത്തേക്കുള്ള മെമു ട്രെയിനില്‍ കയറിയാല്‍ ഒരുമണിക്കൂര്‍കൊണ്ട് ആറ്റൂരിലെത്താം. തീവണ്ടിയില്‍ അധികവും ഗ്രാമീണരാണ്. ഞങ്ങളുടെ തൊട്ടടുത്തായി വലിയൊരു കുട്ടനിറയെ പഴങ്ങളുമായി ഒരുസ്ത്രീ വന്നിരുന്നു. ഒരു ചെറുചിരിയോടെ പരിചയപ്പെട്ടു. വാണി എന്നാണ് അവരുടെ പേര്. പഴക്കച്ചവടമാണോ എന്ന സംശയത്തിന് അവര്‍ ഉടന്‍ മറുപടി നല്‍കി. അച്ഛന്‍ കുറച്ചുമാസങ്ങള്‍ക്കുമുന്‍പ് വീണ് കിടപ്പിലാണെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ള പഴങ്ങള്‍ ഒന്നിച്ചുമേടിച്ച് കൊണ്ടുപോകുന്നതാണെന്നും പറഞ്ഞു.
ആ പഴക്കൂടയിലേക്ക് കൈയിട്ട് സ്‌നേഹത്തിന്റെ മധുരമുള്ള ഓരോ ഓറഞ്ച് ഞങ്ങള്‍ക്കുനേരേ നീട്ടി. അപ്പോഴേക്കും സേലത്തിന്റെ നഗരക്കാഴ്ചകള്‍ വിട്ട് തുറന്നുകിടക്കുന്ന ഗ്രാമീണവഴികളിലേക്ക് തീവണ്ടി പ്രവേശിച്ചിരുന്നു. അയോധ്യപുരം, മിന്നംപള്ളി, വളപ്പാടി, എറ്റാപുരം, പേടനായകന്‍പാളയം എന്നീ സ്റ്റേഷനുകള്‍ താണ്ടി വണ്ടി പാഞ്ഞു. സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും മിക്ക സ്ത്രീകളും വാതിലിനോടുചേര്‍ന്നുള്ള നിലത്താണ് ഇരിക്കുന്നത്. സ്വന്തം വീട്ടിലെന്നപോലെ ആ ട്രെയിനിനുള്ളില്‍ കൂട്ടമായി ഇരുന്ന് അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. പുറത്തെ വയലുകളില്‍ ചോളവും നെല്ലും തുടങ്ങി വിവിധതരം കൃഷികള്‍ പൂത്തും തളിര്‍ത്തും നില്‍ക്കുന്ന കാഴ്ച സുന്ദരമാണ്. റെയില്‍വേസ്റ്റേഷനുകളിലും പാളങ്ങള്‍ക്കരികിലും നെഞ്ചുവിരിച്ച് നില്‍ക്കുന്ന വേപ്പുമരങ്ങള്‍ കാറ്റിനോട് കിന്നാരം പറയുന്നു.
ഒരുമണിക്കൂര്‍കൊണ്ട് തീവണ്ടി ആറ്റൂരിലെത്തി. ബഹളമില്ലാത്ത സ്റ്റേഷന്‍, ആളൊഴിഞ്ഞ മൈതാനംപോലെ തോന്നിപ്പിച്ചു. സ്റ്റേഷനിലും നിറയെ വേപ്പുമരങ്ങളാണ് തലയുയര്‍ത്തിനിന്നിരുന്നത്. റെയില്‍വേസ്റ്റേഷനില്‍നിന്ന് ബസ്സ്റ്റാന്‍ഡിലേക്ക് ഒന്നര കി.മീ. ദൂരമുണ്ട്. സേലം ജില്ലയിലെ പ്രധാന നഗരമാണ് ആറ്റൂര്‍. ഞങ്ങളെത്തുമ്പോള്‍, വഴിവാണിഭക്കാരും വിലപേശുന്ന സാധാരണക്കാരും റോഡില്‍ നിറയുന്ന വാഹനങ്ങളുമായി നഗരം അതിന്റെ സജീവതയിലായിരുന്നു. ആറ്റൂര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് തമ്മംപട്ടിയിലേക്ക് സര്‍ക്കാര്‍ബസാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ജില്ലയുടെ പലഭാഗത്തേക്ക് ബസ്സുകള്‍ സര്‍വീസ് നടത്തുന്ന വലിയൊരു ബസ്സ്റ്റാന്‍ഡാണ് ആറ്റൂരിലെത്. ജനലഴികളിലൂടെ പുറംകാഴ്ചകള്‍ കണ്ട് കൊല്ലിമലയില്‍നിന്ന് പുറപ്പെട്ടുവരുന്ന കാറ്റുവീശുന്ന വഴികളിലൂടെ ബസ് മുന്നോട്ടുപാഞ്ഞു, മരപ്പണിയിലെ പെരുന്തച്ചന്മാരുടെ ഈറ്റില്ലത്തിലേക്ക്.
കൊല്ലിമലയുടെ താഴ്വാരത്തില്‍ ശ്വേതാനദിയുടെ തീരത്തുള്ള തമ്മംപട്ടി, ചേര-ചോള-പാണ്ഡ്യരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും അധീനതയിലായിരുന്നു. തമ്മംപട്ടി ജെല്ലിക്കെട്ടിനും ആരാധകരേറെയാണ്. എന്നാല്‍, ശില്പികളുടെ ഗ്രാമം എന്ന പേരിലാണ് ഇന്ന് തമ്മംപട്ടി കൂടുതല്‍ പ്രശസ്തം. നഗരഹൃദയത്തിലൂടെയാണ് ശ്വേതാനദി ഒഴുകുന്നത്. നദിക്ക് കുറുകേയുള്ള പാലം കടന്ന് മുന്നോട്ടുചെല്ലുമ്പോള്‍ ഇടതുഭാഗത്തായി ഗാന്ധിനഗര്‍ റോഡാണ്. ഈ പാതയിലാണ് നൂറുകണക്കിന് വിദഗ്ധ മരപ്പണിക്കാര്‍ ഇന്നും തടികളില്‍ കൈപ്പണിയുടെ സൗന്ദര്യംകൊണ്ട് ദൈവരൂപങ്ങളെ സൃഷ്ടിക്കുന്നത്.
പൊന്‍രവി വുഡ് കാര്‍വിങ്സ്, ശെങ്കോട്ടുവേല്‍ വുഡ്കാര്‍വിങ്സ് തുടങ്ങി പത്തിലധികംവരുന്ന യൂണിറ്റുകളിലായി ഇരുന്നൂറോളം തൊഴിലാളികള്‍ ഇവിടെ വിസ്മയം തീര്‍ക്കുന്നു. നഗരത്തില്‍നിന്ന് മാറി ഗ്രാമക്കാഴ്ചകളിലേക്ക് നീളുന്ന ഗാന്ധിനഗര്‍ റോഡിലെ ആദ്യ പണിശാല പൊന്‍രവിയുടെതാണ്. മരത്തടികളില്‍ വിരിഞ്ഞ രഥങ്ങളും ഗണപതിയും ശ്രീകൃഷ്ണനും സരസ്വതിയുമെല്ലാം നിരന്നിരിക്കുന്ന ഇടം. നിറഞ്ഞുകിടക്കുന്ന ദൈവരൂപങ്ങള്‍ക്കിടയില്‍ കൈകളില്‍ ഉളിയേന്തി വിസ്മയംതീര്‍ക്കുന്ന കുറച്ച് മനുഷ്യര്‍. പുതിയ രഥത്തിനുള്ള ഡിസൈന്‍ തീരുമാനിക്കുന്ന തിരക്കിലായിരുന്നു കടയുടമയായ പൊന്‍രവി. കോഴിക്കോടുനിന്നാണെന്ന് പറഞ്ഞപ്പോള്‍ അതീവ സന്താഷത്തോടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. മാസങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് വേങ്ങേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ കൊത്തുപണികള്‍ക്കായി എത്തിയതിന്റെ വിശേഷങ്ങള്‍ പറഞ്ഞാണ് സംസാരം ആരംഭിച്ചത്.
തലമുറകളായി കൈമാറിവരുന്ന തൊഴിലാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ''ആറ് ദശാബ്ദങ്ങള്‍ക്കുമുന്‍പ് രഥനിര്‍മാണവുമായി ബന്ധപ്പെട്ടാണ് തഞ്ചാവൂരില്‍നിന്ന് ഞങ്ങളുടെ കുലത്തില്‍പ്പെട്ടവര്‍ ഇവിടേക്കെത്തുന്നത്. രഥനിര്‍മാണം കുറഞ്ഞപ്പോള്‍ ദൈവശില്പങ്ങള്‍ കൂടുതലായി നിര്‍മിക്കാന്‍ തുടങ്ങി. അതിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് ഈ പ്രദേശത്തുതന്നെ എല്ലാവരും താമസമുറപ്പിച്ചത്''-തമ്മംപട്ടിയുടെ ഭൂതകാലം രവി ഓര്‍ത്തെടുത്തു.
ഇന്ന് സിംഗപ്പൂര്‍, മലേഷ്യ, ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് തമ്മംപട്ടിയില്‍നിന്നുള്ള ശില്പങ്ങള്‍ എത്തുന്നു. 2000 മുതല്‍ ലക്ഷങ്ങള്‍വരെ വിലവരുന്ന വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള ശില്പങ്ങള്‍ ലഭ്യമാണ്. ദൈവം തങ്ങള്‍ക്ക് നല്‍കിയ വരദാനമായാണ് ഇവര്‍ ഈ ജോലിയെ കാണുന്നത്. അതിനാല്‍ മരപ്പണി അവര്‍ക്കൊരു തപസ്സാണ്. കണ്ണും കൈയും തമ്മില്‍ സംഗമിക്കുന്ന രസതന്ത്രമാണ് ഈ ജോലിയെന്ന് മൂത്താശാരിയായ ചന്ദ്രശേഖര്‍ പറഞ്ഞു. മുന്നിലിരിക്കുന്ന മരത്തടിക്കുനേരേ ചൂണ്ടി അദ്ദേഹം തുടര്‍ന്നു-''നിങ്ങള്‍ക്ക് ഇതൊരു സാധാരണ മരത്തടിയാണ്. എന്നാല്‍, ഞാന്‍ ആ തടിയില്‍ ഒരു ഗണപതിരൂപം കാണുന്നുണ്ട്''. കൈയിലുള്ള ചോക്കുകൊണ്ട് മരത്തടിക്കുമുകളില്‍ അടയാളങ്ങളിട്ട് ചന്ദ്രശേഖര്‍ ഉളി കൈയിലേന്തി. അതിന്റെ ഉള്‍ക്കാമ്പില്‍നിന്ന് ഗജമുഖവാഹകന്‍ പുറത്തേക്കുവന്നു. സ്വര്‍ഗത്തില്‍നിന്ന് പുറപ്പെട്ട ദൈവം ആ മരത്തിനുള്ളിലെവിടെയോ ഒളിച്ചിരിക്കുകയായിരുന്നെന്ന് ഞങ്ങള്‍ക്കുതോന്നി. 
പൊന്‍രവിയുടെ പണിശാലയിലെ അദ്ഭുതങ്ങള്‍ കണ്ടുതീര്‍ത്ത് പുറത്തിറങ്ങി. ഇടവഴികളിലും പ്രധാന വഴിയിലുമെല്ലാം ചെറുതും വലുതുമായ പണിശാലകള്‍ കാണാം. ജീവിതത്തിന് നിറംനല്‍കാന്‍ ദൈവത്തെ കൊത്തിയെടുക്കുന്ന സാധാരണ മനുഷ്യര്‍. അവര്‍ തീര്‍ത്ത ശില്പങ്ങളില്‍ പോളിഷ് ചെയ്യുന്നത് സ്ത്രീകളാണ്. ദൈവശരീരത്തിലെ പരുക്കന്‍ഭാഗങ്ങളെ സാന്‍ഡ് പേപ്പറുകളും മറ്റും ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു. ഇതിനുശേഷമാണ് ശില്പങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കുന്നത്.
നിറമുള്ളതും ഇല്ലാത്തതുമായ രൂപങ്ങളുമുണ്ട്. പ്രിയദര്‍ശനും സുരേന്ദ്രനും ശ്രീനിവാസനും തുടങ്ങി ഓരോ പണിശാലയിലും കണ്ടുമുട്ടിയ വിവിധ ശില്പികള്‍, ഓരോരുത്തരും തമ്മംപട്ടിയുടെ മരശില്പങ്ങളുടെ ഖ്യാതിയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞു. ഓലമെടഞ്ഞ പണിശാലകളാണ് ഇവിടെ ഭൂരിഭാഗവും. ചൂടിനെ നിയന്ത്രിക്കാന്‍വേണ്ടിയാണ് പണിശാലകളിലെ മേല്‍ക്കൂര ഓലകൊണ്ട് മേഞ്ഞിരിക്കുന്നത്. ഉച്ചവെയില്‍ കൊല്ലിമലയുടെ മറുഭാഗത്തേക്ക് താഴ്ന്നുതുടങ്ങി. മലമുകളില്‍നിന്ന് എത്തിയ ഇളംകാറ്റ് പണിശാലകളിലെ ദൈവരൂപങ്ങളെ തഴുകി കടന്നുപോയി.
തമ്മംപട്ടിയിലെ മരപ്പണിശാലകളില്‍ പ്രധാനപ്പെട്ട ഇടമാണ് സെങ്കോട്ടുവേല്‍ വുഡ് കാര്‍വിങ്സ്. ഓണ്‍ലൈനിലും ഓഫ്ലൈനിലും ഇവിടത്തെ ശില്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലക്ഷങ്ങള്‍ വിലമതിപ്പുള്ള തിരുപ്പതി വെങ്കിടാചലപതി ശില്പംമുതല്‍ വിവിധ വലുപ്പത്തിലും ഡിസൈനിലും നിറത്തിലുമുള്ള ആയിരക്കണക്കിന് ശില്പങ്ങള്‍ ഈ പണിശാലയില്‍ നിറഞ്ഞിരിക്കുന്നു. പണിശാലയുടെ നായകനായ സെങ്കോട്ടുവേലിന്റെ വീട് തൊട്ടടുത്തുതന്നെ. വീടിന്റെ താഴത്തെ നിലയിലെ ഗോഡൗണിലാണ് പണിതീര്‍ന്ന ശില്പങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് മുറികള്‍ നിറയെ ശില്പങ്ങള്‍വെച്ച കാഴ്ച അദ്ഭുതപ്പെടുത്തും. ഗോഡൗണില്‍തന്നെ ചെറിയൊരു സ്റ്റുഡിയോയും ഓഫീസും സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വില്പനയ്ക്കുവേണ്ടിയുള്ള ശില്പങ്ങളുടെ ഫോട്ടോഷൂട്ട് ഇവിടെയാണ് നടത്തുന്നത്. ഓരോ ശില്പത്തെയും സൂക്ഷിച്ചുനോക്കുമ്പോഴാണ് എത്രമേല്‍ സൂക്ഷ്മമായാണ് ഓരോ ഭാഗവും കൊത്തിയെടുത്തിരിക്കുന്നതെന്ന് മനസ്സിലാകുന്നത്. പണിശാലയിലെ കാഴ്ചകള്‍ക്കിടയില്‍ ആകസ്മികമായാണ് സുജാത എന്നുപേരുള്ള മായന്നൂര്‍കാരിയെ കണ്ടുമുട്ടിയത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് വിവാഹിതയായി തമ്മംപട്ടിയിലെത്തിയ ഇവര്‍ ശില്പങ്ങളുടെ പോളിഷിങ് ചെയ്താണ് ഉപജീവനം നടത്തുന്നത്.
തഞ്ചാവൂര്‍, കുംഭകോണം, തിരുച്ചിറപ്പള്ളി പ്രദേശങ്ങളിലുള്ള നദീതീരങ്ങളില്‍നിന്നും വനമേഖലകളില്‍നിന്നും എത്തിക്കുന്ന തൂംഗൈ വാകൈ (റോസ് വുഡ്) മരമാണ് ശില്പനിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ മരത്തടികളുടെ മുകളില്‍ തയ്യാറാക്കുന്ന രൂപത്തിന്റെ ഡിസൈന്‍ ചോക്കും പെന്‍സിലും ഉപയോഗിച്ച് വരയ്ക്കും. ശേഷം 'ജഡിപ്പ്' (ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രക്രിയ) ചെയ്യുന്നതോടെയാണ് ശില്പനിര്‍മാണം ആരംഭിക്കുന്നത്. പിന്നീടാണ് കൊത്തുപണികളും മറ്റ് പ്രധാന ജോലികളും ചെയ്യുന്നത്. 
ഒരു ശില്പം പൂര്‍ത്തിയാകുന്നതിനുപിന്നില്‍ ഏഴ് ശില്പികളുടെ അധ്വാനമുണ്ടാകുമെന്ന് സെങ്കോട്ടുവേല്‍ പറഞ്ഞു. ശില്പങ്ങളുടെ പിന്നിലെ രഹസ്യങ്ങള്‍ ഓരോന്നായി സെങ്കോട്ടുവേലും പളനിയാണ്ടിയും ഞങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. ദൈവം അനുഗ്രഹിച്ച് നല്‍കിയ കഴിവാണ് ഇതെന്നാണ് ഇവരുടെ വിശ്വാസം. ''ശില്പി എന്ന നിലയില്‍ കിട്ടിയ ബഹുമാനംതന്നെയാണ് ഈ തൊഴില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരം''-, ശില്പങ്ങള്‍ വിരിയിച്ച് തഴമ്പിച്ച കൈകളിലേക്കുനോക്കി സെങ്കോട്ടുവേല്‍ പറഞ്ഞു. തമ്മംപട്ടിയുടെ ശില്പചാതുരിക്ക് ദേശീയവും അന്തര്‍ദേശീയവുമായ അന്‍പതോളം പുരസ്‌കാരങ്ങളുടെ തിലകച്ചാര്‍ത്തുണ്ട്. ഓരോ ശില്പത്തെയും ഹൃദയത്തില്‍ ഒപ്പിയെടുത്ത് ഞങ്ങള്‍ തിരിച്ചിറങ്ങി.
പാതിരയായി. വീശുന്ന കാറ്റിന് ഉള്ളം കുളിര്‍ക്കുന്ന തണുപ്പ്. ചിലപ്പോള്‍ സഹ്യനപ്പുറം മലയാളനാട്ടിലെ ഇടവപ്പാതി വിരുന്നുകാരനായി ഇങ്ങോട്ട് വരുന്നുണ്ടാവാം. ആകാശത്ത് ചെറിയരീതിയില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ആ മേഘങ്ങളെ തൊടാനായി കൊല്ലിമല തലയുയര്‍ത്തി, താഴെ അതിന്റെ താഴ്വാരത്ത് തമ്മംപട്ടിയിലെ പണിശാലകളില്‍നിന്ന് ദൈവങ്ങള്‍ മന്ദസ്മിതം പൊഴിച്ച് കണ്‍തുറന്നിരുന്നു. മേഘങ്ങള്‍ ഉതിര്‍ന്നു. നൂല്‍മഴ പൊഴിഞ്ഞു. ചുട്ടുപൊള്ളിയ ഭൂമിയിലേക്ക് നനവ് പടര്‍ന്നു. സര്‍ക്കാര്‍ ബസിന്റെ ജനലഴികളിലൂടെ മഴയാസ്വദിച്ച് ദൈവങ്ങളുടെ ഗ്രാമത്തോട് യാത്രപറഞ്ഞു.
Content Highlights: Thammampatti attained international fame through the wood carvers
Published: 29 Sept 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented