എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന വെള്ള പുതപ്പും കമ്പിളിയും പലപ്പോഴും പരാതികൾക്കിടയാക്കാറുണ്ട്. പലപ്പോഴു അതിന് വൃത്തിയുണ്ടാവാറില്ലെന്നതാണ് പ്രധാനപ്രശ്‌നം. ഇതിനൊരു പരിഹാരവുമായി റെയിൽവേ രംഗത്തെത്തിയത് വാർത്തയായിരുന്നു.

വെള്ളയ്ക്ക് പകരം സാൻഗനേരി പ്രിന്റഡ് ബ്ലാങ്കറ്റുകൾ നൽകുന്ന പദ്ധതിയാണ് റെയിൽവേ തുടങ്ങിയത്. ആദ്യം ജയ്പൂർ-അസർവ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലാണിത് നടപ്പിലാക്കുന്നത്. തുടക്കത്തിൽ ഒരു തീവണ്ടിയിലാണ് മാറ്റം കൊണ്ടുവരുന്നതെങ്കിലും, തുടർന്ന് അത് വ്യാപകമാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലാണിത് നടപ്പാക്കുന്നതെന്നും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്.

രാജസ്ഥാനിലെ പരമ്പരാഗത കൈത്തറിയായ സാൻഗനേരിയിൽനിന്നുള്ള ബ്ലാങ്കറ്റുകളാണിത്. പെട്ടെന്ന് കഴുകാൻ പറ്റും, കാണാനും ഭംഗിയുണ്ട്, കുറേക്കാലം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകതകൾ. എത്രയോ നാളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണുക എന്നതിനൊപ്പം രാജസ്ഥാനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൈത്തറിക്ക് പ്രചാരം നൽകുക എന്നൊരു ലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ട്.

ജയ്പൂരിനടുത്തുള്ള ചെറിയൊരു പട്ടണമാണ് സാൻഗനേർ. ആ പേരിൽനിന്നാണ് സാൻഗനേരി ബ്ലോക് പ്രിന്റിങ് എന്ന പേര് ലഭിച്ചത്. ചിപ്പ സമുദായക്കാരാണ് പരമ്പരാഗതമായി സൻഗനേരി വസ്ത്രങ്ങൾ നെയ്‌തെടുക്കുന്നത്. ഫ്‌ളോറൽ മോട്ടിഫ്, ചെറിയ വരകൾ എന്നിവയൊക്കെയാണ് ഇതിനെ മനോഹരമാക്കുന്നത്. സോഫ്റ്റ് കോട്ടൺ, മസ്ലിൻ തുണികളിലാണ് സൻഗനേരി പ്രിന്റുകൾ പ്രധാനമായും കാണപ്പെടുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi