ഗ്രീസിലെ മനോഹരമായ ദ്വീപാണ് സന്റോറിനി. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപുകളിലൊന്നും. എന്നാല്‍, ഇന്നാ ദ്വീപ് ചര്‍ച്ചകളിലിടം പിടിക്കുന്നത് അവിടെ തുടരെയുണ്ടാവുന്ന ഭൂകമ്പങ്ങളുടെ പേരിലാണ്. ഏതന്‍സിനും ക്രീറ്റിനും മധ്യത്തിലായിട്ടാണ് ഈ അഗ്നിപര്‍വതദ്വീപ് സ്ഥിതി ചെയ്യുന്നത്. 

ഒന്നും രണ്ടുമല്ല. ആയിരക്കണക്കിന് ചെറു ഭൂകമ്പങ്ങളാണ് ഇതുവരെ ദ്വീപിലുണ്ടായത്. ജനുവരി ആദ്യം മുതല്‍ 12,800 ഭൂമികുലുക്കങ്ങളാണ് പ്രദേശത്തുണ്ടായതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഏതന്‍സിലെ സീസ്‌മോളജി ലാബ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 25 മുതല്‍ ഫെബ്രുവരി 7 വരെ മാത്രം 1200-ലേറെ ചെറു ഭൂകമ്പങ്ങളാണ് ഉണ്ടായത്. 

ചെറിയ ഭൂകമ്പങ്ങള്‍ ഇവിടെ സാധാരണമാണെങ്കിലും, അതിന് ഇടവേളകളില്ലാത്തതും കൂടുന്ന തീവ്രതയും ആളുകളെ ഭയപ്പെടുത്തുന്നു. വലിയ ഭൂകമ്പങ്ങളും അതിനുപിന്നാലെ സുനാമിയും ഉണ്ടാവുമോ എന്നതാണ് അവരുടെ പേടി. 1956-ല്‍ തൊട്ടടുത്ത ദ്വീപായ അമോര്‍ഗോസിലുണ്ടായ ഭൂകമ്പം, സന്റോറിനിയെയും ബാധിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് പ്രദേശത്ത് സുനാമിയുമുണ്ടായി. ഭൂകമ്പത്തില്‍ 54 പേരും സുനാമിയില്‍ മൂന്നുപേരുമാണ് മരിച്ചത്. 500-ലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പലതിനും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ തീവ്രത കൂടിയാല്‍ 1956 ആവര്‍ത്തിക്കുമോ എന്നാണ് പ്രദേശവാസികളെ ആകുലപ്പെടുത്തുന്നത്. 

2021-ലെ കണക്കുകള്‍ പ്രകാരം 15,000-ത്തിലേറെ പേരാണ് ഇവിടെ താമസിക്കുന്നത്. വിനോദസഞ്ചാരികളോട് തത്കാലം ദ്വീപിലേക്കുള്ള വരവ് ഒഴിവാക്കാനാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചു. നിലവില്‍ 11,000-ത്തോളം പേര്‍ ദ്വീപില്‍ നിന്ന് മടങ്ങിക്കഴിഞ്ഞു. ഫെറികളിലും വിമാനത്തിലുമായിട്ടായിരുന്നു മടക്കം.

1600 ബിസിയിലുണ്ടായ അഗ്നിപര്‍വതസ്‌ഫോടനങ്ങളെ തുടര്‍ന്നാണ് സന്റോറിനി ദ്വീപ് ഉണ്ടായതെന്ന് പറയപ്പെടുന്നു. ഒരു ചന്ദ്രക്കലയുടെ രൂപത്തിലാണ് ഇപ്പോള്‍ ദ്വീപുള്ളത്. മുമ്പ് വൃത്താകൃതിയിലായിരുന്ന ദ്വീപിന്റെ ചില ഭാഗങ്ങള്‍ അഗ്നിപര്‍വതസ്‌ഫോടനത്തില്‍ കടലില്‍ മുങ്ങിപ്പോയി. 1950-കളിലാണ് ഏറ്റവും അവസാനമായി അഗ്നിപര്‍വതസ്‌ഫോടനമുണ്ടായത്. 

നീല വാതിലുകളും ജനാലഫ്രെയിമുകളുമുള്ള, വൈറ്റ് വാഷ് അടിച്ച വീടുകളാണ് ഇവിടുത്തെ പ്രത്യേകത. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇവിടെയുള്ള വീടുകള്‍ക്ക് വൈറ്റ് വാഷ് അടിക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. സോസേജ്, ചീസ്, ഓംലെറ്റ്, ഉണക്കിയ ഒക്ടോപസ്, പ്രത്യേകതരം ബീന്‍സ്, ഗ്രീക്ക് സലാഡ് എന്നിവയാണ് ഇവിടത്തുകാരുടെ പ്രധാനഭക്ഷണം. ചെറി ടൊമാറ്റോ കൊണ്ടുള്ള വിഭവങ്ങള്‍, വെള്ള വഴുതനങ്ങയും ഒലിവ് ഓയിലും ചേര്‍ത്ത് തയ്യാറാക്കിയ ഡിപ്, ഗ്രീക്ക് സ്പിനാഷ് പൈ, ഗ്രീക്ക് ഹാംബര്‍ഗര്‍, ഫ്രൈഡ് ചീസ് ഹണി തുടങ്ങിയവയും ആളുകള്‍ക്ക് ഇഷ്ടപ്പെടും.