
കല്ലട ഒരു മാങ്ങാ നാടാണ്. കല്ലട അമ്മച്ചി ഒരുപാട് മാങ്ങാവിഭവങ്ങള്‍ ഉണ്ടാക്കുന്നത് പഠിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് നാട്ടുമാങ്ങാ ഉപ്പിലിട്ടത്. ഇപ്പോള്‍ നാട്ടുമാങ്ങാ കാണാനേയില്ല. ചിറ്റേത്തയ്യത്തു പല ജാതി മാങ്ങകള്‍ ഉണ്ടായിരുന്നു. കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, കര്‍പ്പൂരം, കാഞ്ഞിപ്പഴത്തടിയന്, പിന്നെ നാട്ടുമാങ്ങ. ഈ നാട്ടുമാങ്ങ പഴുത്താല്‍ പിന്നെ ഭയങ്കര മണമാണ്. അപ്പോള്‍ പിന്നെ അത് പഴുത്തത് കഴിക്കുന്നതിലും അടിപൊളി പഴുത്ത നാട്ടുമാങ്ങാ അച്ചാറിട്ടു കഴിക്കുന്നതാണ്.
ഇത് അച്ചാറിടുന്നത് ഒരു വലിയ കലാപരിപാടിയാണ്. അമ്മച്ചി ഒരിക്കലും ഞങ്ങള്‍ പിള്ളേര് ആ സമയം അടുത്തെങ്ങും നില്ക്കാന് പോലും സമ്മതിക്കില്ല. എല്ലാ എണ്ണവും മുറ്റത്തു പോയി കളിച്ചോളാന്‍ പറയും. എന്നിട്ടു അമ്മച്ചി ഒരു വലിയ ഭരണി കഴുകി വൃത്തിയാക്കി അതില്‍ വെള്ളം തിളപ്പിച്ചൊഴിച്ചു വെയ്ക്കും, പിന്നെ വറ്റല്‍ മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ കടുവറത്തൊഴിച്ച്, ഉപ്പിട്ട്, നേരത്തെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന പഴുത്ത നാട്ടുമാങ്ങ അതിലേക്കിടും. ഒരു മാസം ഇത് അനക്കാതെ അടച്ചു സൂക്ഷിക്കും. ഒരു രഹസ്യം പറയാം. ഭരണിക്കുള്ളില് ഭയങ്കര ഗൂഢാലോചനയാണ് നടക്കുന്നത്. നാട്ടുമാങ്ങയുടെ തൊലിയുടെ കട്ടി അവിടെ കിടന്നു മൃദുവാകും, ഉപ്പങ്ങനെ ആ തോടിനുള്ളിലൂടെ അകത്തേക്ക് നൂഴ്ന്നിറങ്ങും, കൂടെ വറ്റല്‍ മുളകിന്റെ എരിവും. ഇഞ്ചിയും കറിവേപ്പും, വെളുത്തുള്ളിയും കൂടെ കോറസ് പാടും, മാങ്ങയും ഉപ്പും മുളകും സംഘനൃത്തം ചവിട്ടും. അമ്മച്ചി ആഴ്ചയിലൊരിക്കല്‍ മരത്തവി കൊണ്ട് മൂടി തുറന്നു ഇളക്കി കൊടുത്തിട്ടു വീണ്ടും മൂടിക്കെട്ടി വെയ്ക്കും. ഒരു മാസം കഴിഞ്ഞു മൂടി തുറന്നു ഈ അച്ചാര്‍ കുറേശ്ശേ എടുത്തു ചെറിയ ഭരണികളിലോ കുപ്പികളിലോ ആക്കി വെയ്ക്കും.
അപ്പോള്‍ മാങ്ങയുടെ നിറം മഞ്ഞ കലര്‍ന്ന ഒരു തവിട്ടു വര്‍ണ്ണമാകും, അപ്പോഴും അതിന്റെ മാസ്മരികഗന്ധം കിലോമീറ്ററുകളോളം സഞ്ചരിക്കും. അത് പിന്നേം കാലങ്ങള്‍ കേടു കൂടാതെ ഇരിക്കും. ഒരു മാങ്ങയും ഇത്തിരി ചാറും മതി ഒരു കലം പഴംകഞ്ഞി കുടിക്കാന്‍. ചോറിനും കഞ്ഞിക്കും എല്ലാം ഇത് ബെസ്ററ് കൂട്ടാന്‍ ആണ്. ഇത് കഴിച്ചു കഴിഞ്ഞു കൈ ഒന്ന് മണത്തു നോക്കണം, പിന്നെ ചുറ്റുമുള്ളതൊന്നും കാണുകേല. കൈ ഒരിക്കലും കഴുകാനും തോന്നുകയില്ല, കൈ കഴുകിയാലും ആ മണമിങ്ങനെ, 'എന്നെ പറഞ്ഞു വിടല്ലേ, പ്ലീസ്' എന്ന് കെഞ്ചിക്കൊണ്ട് നമ്മുടെ കൂടെ നില്ക്കും.
ചിലപ്പോള്‍ അമ്മച്ചിയെ ഓര്‍ക്കുമ്പോള്‍ എനിക്ക് ഈ മണം കിട്ടും, അപ്പോ വായില്‍ കപ്പലൊടിക്കാന്‍ വെള്ളം നിറയും. പക്ഷെ ആ അച്ചാര്‍ കഴിക്കാന്‍ ഇനി ഒരു മാര്‍ഗോമില്ല.കാരണം അമ്മച്ചി മാങ്ങയച്ചാറുണ്ടാക്കുമ്പോഴുള്ള ആധികാരികത വേറെയാര്‍ക്കുമില്ല. അച്ചാറുണ്ടാക്കല്‍ അമ്മച്ചിക്ക് ഒരു ചടങ്ങു മാത്രമല്ല, ഒരു അനുഷ്ടാനം ആയിരുന്നു, അതിന്റെ തയ്യാറെടുപ്പുകള്‍, വൃത്തി, ശുദ്ധി ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു. അതായിരിക്കും ആ മാങ്ങയൊക്കെ എത്ര നാള് വേണമെങ്കിലും കേടു കൂടാതെ ഇരുന്നതും.
പിന്നെ അമ്മച്ചിയോടു വിശക്കുന്നുവെന്നു പറയുമ്പോള്‍ മാങ്ങാകാലമാണെങ്കില് അമ്മച്ചി ഉണ്ടാക്കി തരുന്ന ഒരു സൂത്രമുണ്ട്. പഴുത്ത മാങ്ങാ കഷ്ണമാക്കി വെയ്ക്കണം, ഒരു പാട് പഴുത്തു പോകരുത്, എന്നാല്‍ പഴുത്തതുമാകണം, മൂവാണ്ടന്‍ ആണ് ഏറ്റവും ബെസ്റ്റ്, ഇത്തിരി കൊച്ചുള്ളി ഒരു പച്ചമുളക് ഇവ അരിഞ്ഞു അല്‍പ്പം ഉപ്പും, മുളക് പൊടിയും, വെളിച്ചെണ്ണയും ചേര്‍ത്ത് മാങ്ങാ കഷണത്തിന്റെ കൂടെ കുഴച്ചു വെച്ചിട്ട് ഒരു പിടി പിടിക്കണം. ആ മധുരവും, പുളിയും, ഉപ്പും, എരിവും എല്ലാം കൂടെ നമ്മളെ ആനന്ദോത്സവത്തില്‍ ആറാടിക്കും. പഴുത്ത മാങ്ങയെയും പച്ചമുളകിനെയും കൊച്ചുള്ളിയെയും നമ്മള് പ്രേമിച്ചു പോകും.
Content Highlights: ruchiyorma dr jiji j alex share her childhood food memories
Published: 01 Nov 2023, 10:14 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented