1. അവിയല്‍
അവിയൽ ഇല്ലാതെ സദ്യ പൂർണ്ണമാകില്ല. തെക്കന്‍കാരുടെ സ്വാദിഷ്ടമായ അവിയല്‍ക്കൂട്ടിലേക്കൊന്നിറങ്ങിച്ചെല്ലാം
ചേരുവകള്‍ 
ഏത്തയ്ക്ക- 3 എണ്ണം
അമരപ്പയര്‍- 5 എണ്ണം
പടവലം - ഒന്ന് (ചെറുത്)
ഉരുളക്കിഴങ്ങ്- ഒന്ന്
ചേന- ചെറിയ കഷണം
മത്തന്‍- ചെറിയ കഷണം
കാരറ്റ്- ഒന്ന് 
തേങ്ങ - അരക്കപ്പ്
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
വെളുത്തുളളി- മൂന്ന് അല്ലി
പച്ചമുളക്- രണ്ടെണ്ണം

To advertise here,

തയ്യാറാക്കുന്ന വിധം

placeholder
കവിത.എസ്.പി, 
തിരുവനന്തപുരം

പച്ചക്കറികളെല്ലാം തൊലികളഞ്ഞ് കഴുകി ചെറുകഷണങ്ങളായി മുറിക്കുക. ശേഷം ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളമെടുത്ത് കഷണങ്ങള്‍ അതിലേക്കിട്ട് അടുപ്പിലേക്ക് വെക്കാം. വെളളം തിളയ്ക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കാം. കഷണം വെന്ത ശേഷം തേങ്ങയും മഞ്ഞള്‍പ്പൊടിയും ജീരകവും വെളുത്തുള്ളിയും പച്ചമുളകും അരച്ചെടുത്ത് അതിലേക്ക് ചേര്‍ത്തിളക്കി വാങ്ങിവയ്ക്കാം. മറ്റൊരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും ചെറിയുള്ളിയും ഉണക്കമുളകും കറിവേപ്പിലയും വറുത്തെടുത്ത് അവിയലില്‍ താളിച്ച് ഉപയോഗിക്കാം.


 

 

 

2.പരിപ്പുകറി
പരിപ്പും പപ്പടവും കൂട്ടി ഓണം പൊടിപൊടിക്കാത്ത കൊല്ലംകാരുണ്ടാവില്ല. ആവിപറക്കും പരിപ്പുകറിയുടെ രഹസ്യക്കൂട്ട് മനസ്സിലാക്കാം...

ചേരുവകള്‍
ചെറുപയര്‍ - 500 ഗ്രാം(വറുത്ത് പൊടിച്ചത്)
ചെറിയുള്ളി- 10 എണ്ണം
ഉപ്പ്- പാകത്തിന്
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
പച്ചമുളക്- 4 എണ്ണം
തേങ്ങ- അരക്കപ്പ്
ജീരകം- കാല്‍ടീസ്പൂണ്‍
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- ആവശ്യത്തിന്
ഉണക്കമുളക്- ആവശ്യത്തിന്
കടുക്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

placeholder
മഹിളാക്ഷി. ബി,
പുനലൂര്‍,
കൊല്ലം

ചെറുപയര്‍ പകുതി ചെറിയുള്ളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ശേഷം തേങ്ങയും ചെറിയുള്ളിയും ജീരകവും വെളുത്തുളളിയും പച്ചമുളകും ചേര്‍ത്തരച്ച് വേവിച്ച കൂട്ടിലേക്കൊഴിച്ച് തിളപ്പിക്കുക. മറ്റൊരു പാത്രത്തില്‍ കടുകും ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ച് ഇതിലേക്ക് ചേര്‍ത്ത് ചെറുചൂടോടെ വിളമ്പാം. 

 

 

 


 

3. ചേമ്പ് ഓലന്‍
വ്യത്യസ്തമായൊരു ചേമ്പ്-വന്‍പയര്‍ കൂട്ടികെട്ടിലൊരുങ്ങുന്ന ഓലനാണ് പത്തനംതിട്ടക്കാരുടെ ഓണത്തിന് മാറ്റ് കൂട്ടുന്നത്. 

placeholder
ഓലന്‍ / ഫോട്ടോ: നിയാസ് മരിക്കാര്‍


ചേരുവകള്‍
ചേമ്പ്- 500 ഗ്രാം
വന്‍പയര്‍- ഒരു പിടി
തേങ്ങാപ്പാല്‍- കാല്‍ കപ്പ്
പച്ചമുളക്- അഞ്ചെണ്ണം
വെളിച്ചെണ്ണ- മൂന്ന് ടീസ്പൂണ്‍
കറിവേപ്പില- മൂന്ന് തണ്ട്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

placeholder
വത്സല,
പത്തനംതിട്ട

വന്‍പയര്‍ ഉപ്പുചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ചേമ്പിന്‍കഷണങ്ങളും പച്ചമുളകും ചേര്‍ക്കണം. നന്നായി വെന്തശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് വെളിച്ചെണ്ണയില്‍ കറിവേപ്പില താളിച്ച് ചേര്‍ത്ത് അടുപ്പില്‍ നിന്ന് ഇറക്കിവെക്കാം.

 








 

 

4. കാളന്‍
കുറുക്ക് കാളന്‍ എന്നും കട്ടിക്കാളന്‍ എന്നും അറിയപ്പെടുന്ന കോട്ടയത്തെ തനതായ കാളന്‍ പരിചയപ്പെടാം...

placeholder
കാളന്‍

ചേരുവകള്‍
ചേന-200 ഗ്രാം 
ഏത്തക്ക- ഒന്ന് (വലുത്) 
പച്ചമുളക്- അഞ്ചെണ്ണം
നെയ്യ്- രണ്ട് സ്പൂണ്‍
മുളകുപൊടി- ഒരു സ്പൂണ്‍
കുരുമുളകുപൊടി- ഒരു സ്പൂണ്‍
ഉപ്പ്- പാകത്തിന്
തേങ്ങ- അര മുറി
തൈര്- രണ്ടര കപ്പ്  
കടുക്- ഒരു ടീസ്പൂണ്‍ 
ഉലുവ- അര ടീസ്പൂണ്‍ 
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

placeholder
ഇന്ദിര നന്ദകുമാര്‍,  
തലയോലപ്പറമ്പ്,
കോട്ടയം

ചേന തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. ഏത്തക്കായ  തൊലി പൊളിച്ച് നടുവേ പിളര്‍ന്ന് അല്പം വലിയ കഷണങ്ങളാക്കി മുറിക്കുക. ചേനയും ഏത്തക്കായയും ഒരു പാത്രത്തിലിട്ട് പച്ചമുളക് കീറിയതും മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ഇട്ട് ഒന്നര കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. ചേനയും കായും നന്നായി വെന്ത് അതിലെ വെള്ളം വറ്റി തീരുന്നതുവരെ ഇളക്കുക. ഇതിലേക്ക് നെയ്യ് ഒഴിക്കുക. തേങ്ങയും ജീരകവും അരക്കപ്പ് തൈരും ഒഴിച്ച് അരച്ചെടുക്കാം. വെള്ളം വറ്റിയ ശേഷം ബാക്കിയുള്ള ഒന്നര കപ്പ് തൈര് പാകമായിരിക്കുന്ന കറിയില്‍ ഒഴിച്ചിളക്കി തൈര് തിളപ്പിച്ച് കുറുക്കി എടുക്കുക. തൈര് വറ്റിയതിനുശേഷം അതിലേക്ക് അരപ്പ് ഒഴിച്ച് നന്നായി ഇളക്കാം. തേങ്ങയുടെ പച്ചമണം മാറുന്നതുവരെ ഇളക്കി വാങ്ങി വയ്ക്കാം. ഇതിലേക്ക് കറിവേപ്പിലയിട്ട് അടച്ചു വയ്ക്കാം. ഇനി കടുക് താളിക്കാനായി ചീനച്ചട്ടി വച്ച് വെളിച്ചെണ്ണയും നെയ്യും ചേര്‍ത്ത് ചൂടായതിനുശേഷം ഒരു സ്പൂണ്‍ കടുകും അര സ്പൂണ്‍ ഉലുവയും ചേര്‍ത്ത് പൊട്ടിക്കുക.  അതിലേക്ക് മൂന്നു വറ്റല്‍മുളക് മുറിച്ചിടുക. കറിവേപ്പിലയിട്ട് മൂപ്പിച്ച് കാളനിലേക്ക് ഒഴിച്ച് ഇളക്കുക. കുറുക്ക് കാളന്‍ തയ്യാര്‍.

 


 

5. മത്തങ്ങ എരിശ്ശേരി
നാടന്‍ മത്തങ്ങ സുലഭമായി ലഭിക്കുന്ന കാലം കൂടിയാണ് ഓണക്കാലം. നിരവധി പോഷകങ്ങളുടെ കലവറയായ മത്തങ്ങയും വന്‍പയറും ചേര്‍ത്ത എരിശ്ശേരി, പപ്പടം ചേര്‍ത്ത് കഴിക്കുന്നത് ഏറെ രുചികരം. 

ചേരുവകള്‍
മത്തങ്ങ- അര കിലോ
വന്‍പയര്‍- 100 ഗ്രാം
തേങ്ങ ചിരകിയത്- ഒന്ന്
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില- രണ്ട് തണ്ട്
വറ്റല്‍മുളക്- മൂന്നെണ്ണം
ചുവന്നുള്ളി- രണ്ടെണ്ണം
കടുക്- ഒരുടീസ്പൂണ്‍
ജീരകം- കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്  
  
തയ്യാറാക്കുന്ന വിധം 

placeholder
ആശ കെ.ചന്ദ്രന്‍,
മാവേലിക്കര,
ആലപ്പുഴ

ആദ്യം മത്തങ്ങ തൊലി കളഞ്ഞ്, വന്‍പയര്‍, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക. ഇനി ചിരകിയ തേങ്ങയുടെ പകുതിഭാഗവും ജീരകവും ചുവന്നുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് കറിയില്‍ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കി ചുവന്നുവരുമ്പോള്‍ കറിയില്‍ ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവെക്കാം.

6. ചക്കക്കുരു-മാങ്ങാക്കറി
പാടത്തും പറമ്പിലും കാണുന്ന ചക്കക്കുരുവും മാങ്ങയും പോലുള്ള തനിനാടന്‍ വിഭവങ്ങളാണ് ഇടുക്കിക്കാരുടെ സ്‌പെഷ്യല്‍...

ചേരുവകള്‍
ചക്കക്കുരു- 10 എണ്ണം
മാങ്ങ(പുളിയുള്ളത്)- ഒന്ന്
മുരിങ്ങക്കായ- രണ്ടെണ്ണം
ഉപ്പ്- ഒരു ടീസ്പൂണ്‍
അരപ്പിന്
തേങ്ങ- ഒരു കപ്പ്
ചുവന്നുള്ളി- നാല്
വെളുത്തുള്ളി- രണ്ടല്ലി
കാന്താരിമുളക്- അഞ്ച്
മല്ലിപ്പൊടി- ഒരു നുള്ള്
മഞ്ഞള്‍പ്പൊടി- പാകത്തിന്
വറവലിന്
കറിവേപ്പില- ഒരു തണ്ട്
കടുക്- അരടീസ്പൂണ്‍
വറ്റല്‍മുളക്- രണ്ട്
ഉള്ളി- രണ്ട്

തയ്യാറാക്കുന്ന വിധം

placeholder
ആനിയമ്മ സെബാസ്റ്റ്യന്‍
നെടുങ്കണ്ടം,
ഇടുക്കി

ചക്കക്കുരു തൊലികളഞ്ഞ് നെടുകെ മുറിച്ച് പാകത്തിന് വെള്ളമൊഴിച്ച് പകുതി വേവിച്ചെടുക്കുക. ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയ മാങ്ങയും മുരിങ്ങക്കായും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കാം. ശേഷം അരപ്പിനുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക. ഇത് ചക്കക്കുരു കൂട്ടിലേക്ക് ചേര്‍ത്ത് വെള്ളം ആവശ്യമുണ്ടെങ്കില്‍ അതും ചേര്‍ത്തിളക്കി തിളവരുമ്പോള്‍ വാങ്ങാം. ഇനി കടുക് വറുത്ത് ഒഴിച്ച് ചൂടോടെ ഉപയോഗിക്കാം.

 

 




 

7. പീച്ചിങ്ങ വറുത്തുപ്പേരി
പറമ്പിലെ പീച്ചിങ്ങകൊണ്ട് വ്യത്യസ്തമായൊരു വറുത്തുപ്പേരി പരിചയപ്പെട്ടാലോ, സ്വാദിഷ്ടവും എളുപ്പത്തില്‍ തയ്യാറാക്കാനും കഴിയുന്ന ഒന്നാണിത്. 
ചേരുവകള്‍
പീച്ചിങ്ങ- 500 ഗ്രാം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- 4 അല്ലി
വറ്റല്‍മുളക്- 4 എണ്ണം
സ്പ്രിങ് ഒനിയന്‍- രണ്ട് തണ്ട്
സോയാ സോസ്- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
പഞ്ചസാര- ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

placeholder
സുശീല,
തൃപ്പൂണിത്തുറ,
എറണാകുളം

പീച്ചിങ്ങ തോലുകളഞ്ഞ് കഴുകി ചതുരാകൃതിയില്‍ മുറിക്കുക. പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വറ്റല്‍മുളകും ചതച്ചിട്ട് വഴറ്റി അതിലേക്ക് പീച്ചിങ്ങ കൂടി ചേര്‍ത്തിളക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ച സ്പ്രിങ് ഒനിയന്‍ കൂടി ചേര്‍ക്കാം. ശേഷം പാകത്തിന് ഉപ്പും സോയാസോസും കുരുമുളകുപൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക. സ്വാദിഷ്ടമായ പീച്ചിങ്ങ വറുത്തുപ്പേരി തയ്യാര്‍. 

 

 

 





 

8. വറുത്ത എരിശ്ശേരി
ചേനയും കായയും ചേര്‍ത്ത് ഓണക്കാലത്തെ പോഷകസമ്പുഷ്ടമാക്കുന്ന വറുത്ത എരിശ്ശേരിയാണ് തൃശ്ശൂര്‍കാരുടെ ഓണക്കൂട്ട്.
 

placeholder
എരിശ്ശേരി / ഫോട്ടോ: ജ്യോതി തേക്കിന്‍കാട്ടില്‍

ചേരുവകള്‍
ചേന- ചെറിയ കഷണം
കായ- 4 എണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തേങ്ങ- അരക്കപ്പ്(ചിരകിയത്)
തേങ്ങാനുറുക്ക്- (വറുക്കാന്‍ പാകത്തിന്)
ജീരകം- കാല്‍ ടീസ്പൂണ്‍
കടലപരിപ്പ്- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ-താളിക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

placeholder
വത്സല ശങ്കരന്‍കുട്ടി,
തൃശ്ശൂര്‍

ചേനയും കായയും വൃത്തിയാക്കി ചെറിയ കഷണങ്ങളായി നുറുക്കുക. കഷണങ്ങള്‍ ഒരു പാത്രത്തിലാക്കി അല്പം വെള്ളമൊഴിച്ച് അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കാം. ശേഷം തേങ്ങയും ജീരകവും അരച്ചെടുത്ത് വെന്തുവരുന്നതിലേക്കിട്ട് ഇളക്കാം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും തേങ്ങയും കടലപരിപ്പും വറുത്തെടുത്ത് ഇതിനുമുകളിലേക്ക് ഒഴിക്കാം. വറുത്ത എരിശ്ശേരി തയ്യാര്‍. 

 

 

 



 

9. സാമ്പാര്‍
ഓണക്കാലമായാല്‍ വറുത്തരച്ച സാമ്പാറിന്റെ മണം പാലക്കാടന്‍ ഗ്രാമത്തിലെങ്ങും പരക്കും. പച്ചക്കറിയില്‍ തീര്‍ത്ത ആ സ്വാദിന്റെ പിന്നാമ്പുറത്തേക്കു പോകാം... 

placeholder
സാമ്പാർ / ഫോട്ടോ: ശ്രീജിത്ത് പി. രാജ്


ചേരുവകള്‍
വെണ്ടയ്ക്ക, തക്കാളി, മുരിങ്ങക്ക, വഴുതനങ്ങ, ചേമ്പ്, അമരപ്പയര്‍, കാരറ്റ്, കുമ്പളങ്ങ, ഉരുളക്കിഴങ്ങ്, മത്തന്‍, മല്ലിയില, കറിവേപ്പില, വെള്ളരി, പടവലങ്ങ- ആവശ്യത്തിന്
തുവരപ്പരിപ്പ്- 250 ഗ്രാം
തേങ്ങ- അരക്കപ്പ്
മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍ 
മുളകുപൊടി-രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
കുരുമുളക്- കാല്‍ ടീസ്പൂണ്‍
കായം- ആവശ്യത്തിന്
ജീരകം- കാല്‍ ടീസ്പൂണ്‍
ഉലുവ- കാല്‍ ടീസ്പൂണ്‍
കടുക്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

placeholder
രുക്മിണി.കെ,
കൊടുവായൂര്‍,
പാലക്കാട്

പച്ചക്കറികളെല്ലാം തൊലികളഞ്ഞ് നന്നായി കഴുകി ചെറിയ കഷണങ്ങളാക്കാം. ശേഷം തുവരപരിപ്പ് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. അതിലേക്ക് കഷണങ്ങളിട്ട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക. തേങ്ങ, കുരുമുളക്, മുളകുപൊടി, മല്ലിപ്പൊടി, ഉലുവ, ജീരകം, കായം എന്നിവ വറുത്ത് അരച്ചെടുക്കുക. ശേഷം ഈ കൂട്ടും പാകത്തിന് പുളിയും വെന്തകഷണത്തിലേക്കിട്ട് നന്നായി ഇളക്കുക. തിളച്ചുവരുമ്പോള്‍ മല്ലിയിലയും കറിവേപ്പിലയുമിട്ട് ഇളക്കാം. മറ്റൊരു പാത്രത്തില്‍ കടുകും ഉണക്കമുളകും കറിവേപ്പിലയും താളിച്ചൊഴിക്കാം. രുചികരമായ പാലക്കാടന്‍ സാമ്പാര്‍ റെഡി.

 






 

10. പൈനാപ്പിള്‍ പച്ചടി 
മലപ്പുറത്തുകാരുടെ ഓണം പെര്‍ഫെക്ടാകണമെങ്കില്‍ കൈതച്ചക്ക പച്ചടിയും കൂടി ചേരണം. ആ രുചിക്കൂട്ടിലേക്ക് കടക്കാം...

placeholder

ചേരുവകള്‍
കൈതച്ചക്ക -രണ്ടെണ്ണം
തേങ്ങ -  രണ്ട്
തൈര്-  500 ഗ്രാം
കടുക്-  50 ഗ്രാം
വെളിച്ചെണ്ണ-200 ഗ്രാം
ഉപ്പ്-  പാകത്തിന് 
പഞ്ചസാര- 500 ഗ്രാം
ഉണക്കമുളക്- 5 എണ്ണം
കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

placeholder
രാധാകൃഷ്ണന്‍,
കൊണ്ടോട്ടി,
മലപ്പുറം

പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം തേങ്ങയും കടുകും ചേര്‍ത്തരച്ച് വെന്ത കഷണങ്ങളിലേക്കിട്ട് തിളപ്പിക്കുക. മധുരത്തിനനുസരിച്ച് പഞ്ചസാര ചേര്‍ക്കാം. തിളച്ചശേഷം വാങ്ങിവയ്ക്കാം. ഇതിലേക്ക് ആവശ്യത്തിന് തൈര് ചേര്‍ത്തിളക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉണക്കമുളകും കറിവേപ്പിലയും താളിക്കാം. 

 






 

11. പുളി ഇഞ്ചി
കോഴിക്കോടന്‍ സദ്യയ്ക്ക് പുളി ഇഞ്ചി നിര്‍ബന്ധം. പുളിയിഞ്ചിയെന്നും ഇഞ്ചിപ്പുളിയെന്നും പറയപ്പെടുന്ന മധുരമൂറും വിഭവം പരിചയപ്പെടാം...

ചേരുവകള്‍
പുളി- 50 ഗ്രാം (ഇളം ചൂടുവെള്ളത്തില്‍ കുതിര്‍ത്തത്)
ഇഞ്ചി- 25 ഗ്രാം
പച്ചമുളക്- നാല് എണ്ണം(ചെറു നീളത്തില്‍ അരിഞ്ഞത്)
ഉലുവ- അര ടീസ്പൂണ്‍ (വറുത്ത് പൊടിച്ചത്)
എള്ള്- അര ടീസ്പൂണ്‍ (വറുത്ത് പൊടിച്ചത്)
ശര്‍ക്കര- 50 ഗ്രാം 
വെളിച്ചെണ്ണ-10 ഗ്രാം
വറ്റല്‍മുളക്- 3 എണ്ണം
തയ്യാറാക്കുന്നവിധം

placeholder
സുധാകരന്‍ രാജഗിരി,
കോഴിക്കോട്

പുളി പിഴിഞ്ഞ് അരിച്ചെടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്ക്കുക. ശര്‍ക്കര, മഞ്ഞള്‍പൊടി, മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുറുക്കിയ ശേഷം പൊടിച്ചുവച്ച എള്ള്, ഉലുവ എന്നിവ ചേര്‍ത്ത് ഇറക്കിവയ്ക്കാം. ശേഷം മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിയ ശേഷം മുറിച്ചുവച്ച ഇഞ്ചി, പച്ചമുളക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിച്ച് കറിയിലേക്കിടാം. സ്വാദിഷ്ടമായ ഇഞ്ചിപുളി റെഡി. 

 

 

 



 

12. കൂട്ടുകറി
ഓണമായാലും വിഷുവായാലും വയനാട്ടുകാര്‍ക്ക് സദ്യയ്‌ക്കെന്നും കൂട്ടുകറിയുണ്ടാകും. രുചികരമായ ചേരുവയിലേക്കൊന്നെത്തി നോക്കാം....

ചേരുവകള്‍
കടലപ്പരിപ്പ്- 200 ഗ്രാം
നേന്ത്രക്കായ (വലുത്)- 3 എണ്ണം
ചേന (ചെറുത്)- ഒന്ന്
കാരറ്റ്- ഒന്ന്
പച്ചമുളക്- മൂന്ന്
മല്ലിപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി- ഒന്നര ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ജീരകം- അര ടീസ്പൂണ്‍
തേങ്ങ- ഒന്ന്
ശര്‍ക്കര- പാകത്തിന്
ചെറിയുള്ളി- നാല് എണ്ണം
വറുത്തിടാന്‍ 
തേങ്ങ ചിരകിയത്- ഒരുമുറി
തേങ്ങാക്കൊത്ത്- കാല്‍ മുറി
ചെറിയുള്ളി അരിഞ്ഞത്- പാകത്തിന്
വെളിച്ചെണ്ണ- 500 ഗ്രാം

തയ്യാറാക്കുന്ന വിധം

placeholder
സരളാദേവി,
തൃക്കൈപ്പറ്റ,
വയനാട്

കടലപരിപ്പ് അല്പം വെള്ളമൊഴിച്ച് വേവിച്ച് മാറ്റി വെക്കാം. കായയും ചേനയും തോല് പൊളിച്ച് ചതുരത്തില്‍ ചെറുതായി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കാരറ്റും പച്ചമുളകും ഇട്ട് പാകത്തിന് വെള്ളം ഒഴിക്കാം. അതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവയിട്ട് അടച്ചുവെച്ച് വേവിക്കാം. തേങ്ങയും ജീരകവും ഉള്ളിയും അധികം അരഞ്ഞുപോകാതെ പാകത്തിന് അരച്ചെടുത്ത് ഇതിലേക്കൊഴിക്കാം. കഷണം വെന്തശേഷം നേരത്തെ വേവിച്ചുവെച്ച കടലപരിപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക. തിളച്ചശേഷം വാങ്ങിവയ്ക്കാം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉള്ളിയും തേങ്ങയും കറിവേപ്പിലയുമിട്ട് മൂപ്പിക്കുക. കൂട്ടുകറി ഇതിലേക്കൊഴിച്ച് ചെറുതീയിലിളക്കി വാങ്ങാം. 

 

 

 

 

 

 

13. അവല്‍ പായസം
പായസമുണ്ടാക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്കിനി സിമ്പിളായി അവലും പാലും ചേര്‍ത്ത് ഓണപ്പായസമൊരുക്കാം...

placeholder
അവല്‍ പായസം / ഫോട്ടോ: ശ്രീജിത്ത് പി. രാജ്


ചേരുവകള്‍
അവല്‍- 250 ഗ്രാം
പാല്‍- ഒന്നര ലിറ്റര്‍
പഞ്ചസാര- മുക്കാല്‍ കിലോ
ഏലക്കാപ്പൊടി- രണ്ട് ടീസ്പൂണ്‍
നെയ്യ്- 100 ഗ്രാം
കിസ്മിസ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

placeholder
മായ. എസ്,
പേരാവൂര്‍,
കണ്ണൂര്‍ 

രണ്ട് സ്പൂണ്‍ നെയ്യ് ചൂടാക്കി അവല്‍ മൂന്ന് മിനിട്ട് വറുത്തെടുത്തുക. ഇതിലേക്ക് പാലും കാല്‍ ലിറ്റര്‍ വെള്ളവുമൊഴിച്ച് നന്നായി ഇളക്കുക. പാല്‍ വറ്റിത്തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കി അഞ്ച് മിനിട്ടിനുശേഷം ഇറക്കിവയ്ക്കാം. കിസ്മിസ് നെയ്യില്‍ വറുത്തെടുത്ത് പായസത്തിനുമുകളില്‍ വിതറാം. അവല്‍ പായസം തയ്യാര്‍.

 









 

14. കക്കിരിക്ക പെരക്ക്/പച്ചടി (സലാഡ് വെള്ളരി) 
ഓണസദ്യയിലെ കണ്ണൂര്‍ സ്‌പെഷ്യലാണ് പെരക്ക്. കക്കിരിക്ക കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കൂട്ട് പരിചയപ്പെടാം...
 

placeholder
പച്ചടി, ഫോട്ടോ: എന്‍ എം പ്രദീപ്

ചേരുവകള്‍
കക്കിരി- 250 ഗ്രാം
ചെറിയുള്ളി- ഒന്ന്
തേങ്ങ ചിരകിയത്- അരമുറി
കറിവേപ്പില- 4 അല്ലി
പച്ചമുളക്- 4 എണ്ണം
തൈര്- അരക്കപ്പ്
കടുക്- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക്- 4 എണ്ണം

തയ്യാറാക്കുന്ന വിധം

placeholder
ഷീല ജയന്‍,
കാസര്‍കോട്‌
​​​​​​

ഒരുപാത്രത്തിലേക്ക് കക്കിരി വളരെ ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ആവശ്യത്തിലേക്ക് ഉപ്പുചേര്‍ത്ത് മിക്സ് ചെയ്യുക. തേങ്ങ ചിരകിയത് മിക്സിയില്‍ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് കടുക്, പച്ചമുളക് എന്നിവ ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക. ഇത് നേരത്തെ മാറ്റിവെച്ച കക്കിരിക്കയിലേക്ക് ചേര്‍ക്കുക. ഇതിലേക്ക് തൈര് കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് താളിക്കുക.