മേഘങ്ങളുടെ താഴ്‌വരയിൽ, കാഞ്ചൻജംഗയുടെ കുതിരകൾ കയറുന്ന മലഞ്ചരിവുകളിൽ പ്രകൃതിയെ തീർഥമായി കണക്കാക്കി ഒരു ജനത ജീവിക്കുന്നു, ലെപ്ചകൾ. 'റോങ്' അഥവാ കാടിനകത്തുള്ള ആത്മാക്കൾ എന്നാണ് ഇവർ സ്വയം വിളിക്കുന്നത്. ഇവർ ഒരിക്കലും മലകൾ കീഴടക്കിയിട്ടില്ല, പ്രകൃതിയെ നോവിച്ചിട്ടില്ല, നദിയെ മലിനമാക്കിയിട്ടില്ല. പകരം, പർവതങ്ങൾക്കും നദികൾക്കും ദേഹമായി, കാനനത്തിന്റെ ഗാനമായി, ആത്മാവിന്റെ രാഗമായി പ്രകൃതിയെ ഉപാസിച്ചുപോരുന്നു. സിക്കിമിലൂടെയുള്ള യാത്രയിൽ ലെപ്ചകളെ തേടി ഒരു തീർഥാടനം നടത്തി, സോംഗുവിലേക്ക്. വടക്കൻ സിക്കിമിലെ മംഗനിന് എതിർവശത്ത് വിരിഞ്ഞുകിടക്കുന്ന ത്രികോണാകൃതിയിലുള്ള മനോഹരപ്രദേശമാണ് സോംഗു.

To advertise here,

തെക്കുകിഴക്കിലൂടെ തീസ്റ്റയും വടക്കുകിഴക്കിലൂടെ തോലുങ് ചു നദിയും ഒഴുകുന്നു. മലകളും താഴ്‌വരകളും ചേർന്ന് ഹിമാലയം തുടങ്ങുന്ന അതിർത്തിക്കുമുൻപുള്ള ഈ ഭൂമി പ്രകൃതിഭംഗിയാൽ മനോഹരമാണ്. കാഞ്ചൻജംഗയുടെ പ്രദേശത്തുള്ള മായൻ ല്യാങ് എന്ന ഭൂമികയിൽ ജന്മംകൊണ്ടവരാണ് തങ്ങളെന്നാണ് ലെപ്ചകളുടെ വിശ്വാസം. ഗാങ്‌ടോക്കിൽനിന്ന് ഏകദേശം 65 കിലോമീറ്റർ

പിന്നിട്ടാൽ വടക്കൻ സിക്കിമിലേക്കുള്ള പ്രവേശനകവാടമായ മംഗനിലെത്താം. ഇത് സിക്കിമിന്റെ പ്രധാന പട്ടണവും ജില്ലാ ആസ്ഥാനവുമാണ്. സോംഗുവിലേക്കെത്താൻ ഗാങ്‌ടോക്കിലോ മംഗനിലോ നിന്നുള്ള പെർമിറ്റ് അനിവാര്യമാണ്. ഞങ്ങളുടെ ഹോംസ്റ്റേ നടത്തിപ്പുകാർതന്നെ പെർമിറ്റ് ഒരുക്കിയതിനാൽ യാത്ര തടസ്സമില്ലാതെ തുടരാനായി. വൈകീട്ട് മംഗനിലെത്തിയശേഷം, ഇരുട്ടുവീഴുന്ന മലവഴികളിലൂടെ 18 കിലോമീറ്റർ പിന്നിട്ട് ഞങ്ങൾ സോംഗുവിലെത്തി. അല്പം ഭീതിജനകമായൊരു യാത്രയായി അത്. ലിങ്‌തേം ല്യാങ് ഹോംസ്റ്റേയിലായിരുന്നു താമസം. ഇഞ്ചിയിട്ട വെള്ളം നൽകിയാണ് അവർ സ്വീകരിച്ചത്. മരങ്ങളാലും മുളകളാലും തീർത്ത മുറിയിൽ ഇരുന്ന്, ടിബറ്റൻ കലാപാരമ്പര്യത്തെ മനോഹരമായി ആലേഖനംചെയ്ത പോട്ടറി കപ്പിലെ ആവിപറക്കുന്ന ചായ കുടിച്ചപ്പോൾ ആശ്വാസം തോന്നി. 'ഛി' എന്നത് പണ്ടുമുതൽതന്നെ പൂർവ ഹിമാലയമേഖലകളിലെ ലെപ്ച, ഭൂട്ടിയ സമൂഹങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ അടങ്ങിയ ഫെർമെന്റഡ് പാനീയമാണ്. മധുരവും പുളിപ്പും മിശ്രിതമായൊരു രുചിയാണ് ഇതിന്. ഛി ഒരു ആൽക്കഹോളിക് പാനീയമായിരിക്കുമ്പോഴും അത് ബന്ധപ്പെട്ടുനിൽക്കുന്നത് ഒരു സമൂഹത്തിന്റെ സൗഹൃദത്തോടും അതിഥിസത്കാരത്തോടുമാണെന്ന് നാം അറിയണം. അതിഥിയായി എത്തിയാൽ ആദ്യം നൽകുന്നത് ഛി ആണ്. സത്കാരത്തിനുശേഷം തീൻമേശയിൽ 'സോ' (അവരുടെ ഭാഷയിലെ ചോറ്ദാൽ), ആലു ബാജ, മുള്ളങ്കി അച്ചാർ, പയർ ഉപ്പേരി തുടങ്ങിയ വിഭവങ്ങൾ എത്തി. കൃഷിയോട് ചേർന്നുള്ള അവരുടെ ജീവിതം ഓരോ രുചിയിലും തെളിഞ്ഞു.

അതിരാവിലെ മുറിയിലെ കിളിവാതിൽ തുറക്കവേ ദൂരെ കാഞ്ചൻജംഗയെ കണ്ടു. കനൽപാടം പോലെ നീളുന്ന കൊടുമുടികൾ ദൂരെ ആകാശവുമായി ആലിംഗനത്തിലാണെന്ന് തോന്നും. സൂര്യകിരണങ്ങൾ കാഞ്ചൻജംഗയുടെ മഞ്ഞുമൂടിയ ശൃംഗങ്ങളിൽ പതിയുമ്പോൾ അതൊരു ദൈവികമായ അഗ്നിസ്‌നാനമാകുന്നു. 'ദൈവങ്ങൾ അനുഗ്രഹിച്ച പർവതഭൂമി' -എന്തുകൊണ്ടാണ് ലെപ്ച സമൂഹം അവരുടെ പ്രദേശത്തെ ഇങ്ങനെ വിളിക്കുന്നതെന്ന ചോദ്യത്തിന് ഈ കാഴ്ച ഉത്തരം നൽകുന്നു. കാഞ്ചൻ ജംഗയുടെ ദൈവികമായ കാഴ്ചകൾ വിരിയുകയായിരുന്നു. പച്ചക്കാടുകളും മലഞ്ചരിവുകളും വെള്ളച്ചാട്ടങ്ങളും ആൽപെയ്ൻ വൃക്ഷങ്ങളും നിറഞ്ഞ മനോഹരമായ പ്രകൃതിയോട് ഇണചേർന്ന് ജീവിക്കുന്ന കാഴ്ചകൾക്ക് സാക്ഷിയായ ചെറിയൊരു ഗ്രാമം. ലിങ്‌തേം. ലെപ്ച പാരമ്പര്യത്തിന്റെ ആത്മാവും സൗന്ദര്യവും അതിന്റെ നിർമാണത്തിൽ ഇഴുകിച്ചേർത്ത് പണിത ഒരു വീടുതന്നെയാണ് ലിങ്‌തേം ല്യാങ് ഹോംസ്റ്റേ.

കാഴ്ചകളിൽ മുഴുകിയിരിക്കെ, മില്ലറ്റ് ദോശയും ചട്ണിയും പഴവും ഉൾപ്പെട്ട പ്രഭാതഭക്ഷണം എത്തി. ഭക്ഷണം കഴിഞ്ഞ്, കാഴ്ചകൾ തേടി യാത്രയ്ക്ക് തയ്യാറായി. മാർച്ചുമാസമായതിനാൽ ലെപ്ചകളുടെ പ്രധാന ബൗദ്ധമതാചാരങ്ങളിലൊന്നായ 'ബംഗോർ' അഥവാ 'കാങ്യൂർ കോർ' എന്ന വിശുദ്ധ ഉത്സവത്തിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചു. ബുദ്ധോപദേശങ്ങൾ അടങ്ങിയ വിശുദ്ധഗ്രന്ഥങ്ങൾ വഹിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി അതിനൊപ്പം മന്ത്രങ്ങൾ ഉച്ചരിക്കുകയും ചെയ്യുന്ന പരമ്പരാഗത ചടങ്ങത്രേ ഇത്. ഈ പ്രദക്ഷിണം ഇവിടെ ഒതുങ്ങുകയില്ല. ഗ്രാമത്തിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളച്ചാട്ടങ്ങളിലേക്കുപോലും ഈ പരിക്രമണം തുടരുന്നു. ഗ്രാമീണർക്കും വീടുകൾക്കും ഭൂമിക്കും അനുഗ്രഹം നൽകിക്കൊണ്ടാണ് പ്രദക്ഷിണം കടന്നുപോകുന്നത് എന്നാണ് ഇവരുടെ വിശ്വാസം. ലെപ്ച സംസ്‌കാരവും ലിങ്‌തേയുടെ വൈവിധ്യങ്ങളും അടുത്തറിയുമ്പോഴും ലിങ്‌തേ കരുതിവെച്ചിരുന്നത് അതിനുമപ്പുറമായൊരു അദ്ഭുതമായിരുന്നു. ബാല്യത്തിൽ കേട്ട മുത്തശ്ശിക്കഥപോലെ, ലിങ്‌തേം ല്യാങ് ഹോംസ്റ്റേയിലെ ദിവസങ്ങൾ എന്റെ ഹൃദയത്തിൽ പതിഞ്ഞുകിടന്നു.

അതിരാവിലെ എഴുന്നേറ്റ് സൂര്യന് നമസ്‌കാരം അർപ്പിക്കുന്ന ലിങ്‌തേയിലെ ഒരു മുത്തശ്ശിയെ ഞാൻ കണ്ടു. സൂര്യപ്രണാമത്തോടെ തുടങ്ങുകയായി അവരുടെ ഓരോ ദിനവും. രാത്രിയിൽ എത്തിച്ചേർന്ന ദിവസം ഇവരെ കണ്ടതേയില്ല. പിറ്റേന്ന് പ്രഭാതംമുതലാണ് മുത്തശ്ശിയെ ആദ്യമായി കാണുന്നത്. കണ്ടമാത്രയിൽതന്നെ ആ മുഖത്ത് സ്‌നേഹവും ജ്ഞാനവും ഇഴചേർന്ന അഴകാണ് ദർശിക്കാനായത്. നീളൻ വസ്ത്രവും കഴുത്തിന് ചുറ്റും ചുവപ്പുനിറത്തിലുള്ള വൂളൻ സ്വെറ്റർ നെക് പീസും, കൂടെ മുഖത്ത് ചെറിയ ഒരു കണ്ണടയും ധരിച്ച് അവർ ഒരു കവിതപോലെ നിറഞ്ഞുനിന്നു. തന്റെ ജോലികളെല്ലാം താൻതന്നെ ചെയ്യണമെന്ന ഒരു നിശ്ചയം അവരുടെ എല്ലാ പ്രവൃത്തിയിലും ഉണ്ടായിരുന്നു. രാവിലെ പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുന്ന അവരുടെ അടുത്തിരുന്നും പ്രാർഥനാഭാവത്തിൽ അടുപ്പിൽ തീ കൊളുത്തുമ്പോൾ അരികിൽ ചേർന്നുനിന്നും ഞങ്ങൾ അടുത്തുകൊണ്ടിരുന്നു. മുത്തശ്ശി തനിക്കറിയാവുന്ന ഏക ഭാഷയായ ലെപ്ചയിൽ സംസാരിച്ചു. ഞാൻ എനിക്കറിയാവുന്ന മുറിയൻ ഹിന്ദിയും. പക്ഷേ, മുത്തശ്ശി പറയുന്നത് എനിക്കും ഞാൻ പറയുന്നത് മുത്തശ്ശിക്കും മനസ്സിലാവുന്നുണ്ടായിരുന്നു. എന്റെ കൈയിൽ തണുത്ത, ഇളംതളിർപോലുള്ള കൈകൾ ചേർത്തുവെച്ച്, എന്നിട്ടെന്തേ നിന്റെ വിരലുകളിൽ മോതിരങ്ങൾ അണിയാത്തൂ എന്നവർ അദ്ഭുതപ്പെട്ടു. കൂടെ തന്റെ മോതിരവിരലുകൾ കാട്ടിത്തന്നു. ലിങ്‌തേയിൽ തങ്ങിയ രണ്ട് നാളുകളിൽ ആദ്യദിവസം ചില ആരോഗ്യപ്രശ്‌നങ്ങൾകാരണം പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങാതെ ഞാൻ ആ വീട്ടിൽത്തന്നെ ഇരിക്കുകയായിരുന്നു.

കാഞ്ചൻജംഗയുടെ സംഗീതം ചെവിയിൽ നിറയുമ്പോൾ, മുറ്റത്തെ ഇരിപ്പടിയിൽ തണുത്ത ഇളംകാറ്റിനും നിശ്ശബ്ദതയ്ക്കും നടുവിൽ ഞാൻ ധ്യാനത്തിലിരുന്നു. പ്രദോഷശാന്തിപോലെ മുത്തശ്ശി അരികിലേക്ക് വന്നു. ഞാൻ പറയാതെതന്നെ എന്റെ വേദനകൾ അവരുടെ ഹൃദയം വായിച്ചറിഞ്ഞു. വയസ്സിന്റെ ചുരുക്കുകളും വാത്സല്യത്തിന്റെ പുഞ്ചിരിയും കാലത്തിന്റെ മൗനവും നിറഞ്ഞ എഡി എന്ന മുത്തശ്ശിയുടെ കണ്ണുകളിൽ ഞാൻ കണ്ടത് പുഴയെപ്പോലൊരു നിശ്ശബ്ദതയും ആഴമുള്ള അനുഭവങ്ങളുടെ പ്രതിഫലനവുമായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങുന്ന ആ പ്രഭാതം പർവതങ്ങളിലൂടെ കാറ്റ് അലസമായി ഒഴുകുമ്പോൾ മഞ്ഞുകൊണ്ട് മൂടിയ കാഞ്ചൻജംഗയ്ക്കുതാഴേ എന്റെ ഹൃദയത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി. എഡി മുത്തശ്ശിയിൽനിന്ന് അടർന്നുപോകാൻ എനിക്ക് സമയമായി.

യാത്രപറഞ്ഞ് പോകുന്നവരെ, ലെപ്ച സ്ത്രീകൾ 'ഖാദ' എന്ന വെള്ളനിറത്തിലുള്ള ഷാളുകൾ അണിയിക്കാറുണ്ട്. പവിത്രവും ആദരവും പ്രതിനിധാനംചെയ്യുന്ന ഈ വെള്ള ഷാളുകൾ, യാത്രചെയ്യുന്നവർക്ക് സുരക്ഷയും ക്ഷേമവും ആശംസിക്കുന്നവയത്രെ! ഖാദ എന്നാൽ, സ്‌നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമാണ്. ആ വെളുത്ത പർവതപ്രഭാതത്തിൽ, ഹൃദയതാളം പതിയുന്ന തളിർനിമിഷത്തിൽ എഡി മുത്തശ്ശി എന്നെ ഖാദ അണിയിച്ചു. അവരോടൊപ്പം ആ പർവതപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ! ഞാൻ ആശിച്ചു.

പെരുമാറ്റത്തിൽ എളിമയും വിശ്വാസത്തിൽ ആഴവും ജീവിതത്തിൽ പ്രകൃതിയോടുള്ള സമത്വബോധവും ഉള്ളവരെയാണ് എനിക്ക് അവിടെ കാണാൻകഴിഞ്ഞത്. അവിടം എനിക്ക് കേവലം ഒരു താമസസ്ഥലം മാത്രമായിരുന്നില്ല. പകരം ഒരു അനുഭവം, ഒരു പ്രവാഹംതന്നെയായിരുന്നു. ഞാനെന്റെ കണ്ണുകൾകൊണ്ട് കണ്ട്, ഹൃദയംകൊണ്ട് അനുഭവിച്ച ഒരു മുത്തശ്ശിക്കഥയുടെ സ്‌നേഹവും വാത്സല്യവും സ്വപ്‌നവും നിറഞ്ഞ അവിസ്മരണീയ ഓർമ്മകളുടെ കഥ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi