ആറാംനൂറ്റാണ്ടുമുതൽ യൂറോപ്യന്മാർ കഴിച്ചുപോരുന്ന ചുവന്ന നിറത്തിലുള്ള ഒരു ആൽഗയുണ്ട്, ഡൾസ്. കടലിനോട് ചേർന്ന പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ച് വളരുന്ന ഭംഗിയുള്ളൊരു സസ്യം. വരുംതലമുറയുടെ സൂപ്പർഫുഡ് ആയിമാറുമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്ന ഒരുകൂട്ടം കടൽപ്പായലുകളിൽ പ്രധാനി.

To advertise here,

അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിലെ പാറകൾ നിറഞ്ഞ വടക്കൻ തീരങ്ങളിൽ സുലഭമായ ഡൾസ് അന്നാട്ടുകാരുടെ

പരമ്പരാഗതവിഭവങ്ങളിൽ പ്രധാനചേരുവയായിരുന്നു. പച്ചയ്ക്കും ഉണക്കിയും ഡൾസ് കഴിക്കാം. നേർത്ത ഉപ്പുരസമുണ്ട്, രുചിയെ പോർക്ക് വിഭവമായ ബേക്കണുമായി ആളുകൾ സാമ്യപ്പെടുത്താറുണ്ട്. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും അടങ്ങിയിരിക്കുന്ന, വിളയിച്ചെടുക്കാൻ എളുപ്പമുള്ള ഇവയെ സുസ്ഥിരഭക്ഷ്യവിഭവമായി ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

കടൽവെള്ളവും സൂര്യപ്രകാശവും മാത്രം മതി ഇവ വളർത്താൻ. പ്രത്യേകിച്ച് വളങ്ങളൊന്നും ചേർക്കേണ്ടതില്ല എന്നതുകൊണ്ടുതന്നെ ഉത്പാദനം വളരെയെളുപ്പം. ഇവയുടെ സാധ്യത മനസ്സിലാക്കി ടാങ്കുകളിൽ കടൽവെള്ളം ശേഖരിച്ച് അതിൽ ആൽഗകൾ വളർത്തുന്നവർ ധാരാളമാണിന്ന്.

എഡി 563-ൽ ഡൾസ് കഴിക്കുന്ന ശീലം ആളുകൾക്കുണ്ടായിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്കോട്ട്‌ലാൻഡിൻ്റെ പടിഞ്ഞാറൻ തീരത്തുള്ള ചെറുദ്വീപായ അയോണയിലെ സന്യാസിമാർ പാറകളിൽ നിന്ന് ഭക്ഷണത്തിനായി ഡൾസ് ശേഖരിച്ചിരുന്നുവത്രേ. വടക്കൻ യൂറോപ്യൻ ഗ്രന്ഥങ്ങളിൽ ഡൾസിനെ ഭക്ഷണമായും ഔഷധമായും പരാമർശിച്ചിട്ടുണ്ട്. കടൽപ്പായൽ പൊതുവെ ദാരിദ്ര്യത്തിൻ്റെ ഭക്ഷണമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, പണക്കാരും പാവപ്പെട്ടവരും ഒരുപോലെ അത് കഴിച്ചിരുന്നു. ഉൾനാട്ടുകാരുമായി തീരത്തുള്ളവർ സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും വ്യാപാരത്തിനും ഡൾസ് ഉപയോഗിച്ചിരുന്നു.

ഉണക്കിയാൽ ഡൾസ് ദീർഘകാലം കേടുകൂടാതെയിരിക്കും, ഭാരവും കുറയും. അതുകൊണ്ടുതന്നെ ദീർഘയാത്രകളിൽ ആളുകളിത് കൈയിൽ കരുതുമായിരുന്നു. കെൽറ്റിക് യോദ്ധാക്കൾ മാർച്ചിനുപോകുമ്പോൾ കരുത്തിനായി, ഉണങ്ങിയ ഡൾസ് കഴിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഐറിഷ്, സ്കോട്ടിഷ് കുടിയേറ്റക്കാരാണ് ഡൾസിനോടുള്ള പ്രിയം മറ്റ് പാശ്ചാത്യനാടുകളിലേക്ക് പകർത്തിയത്.

അതേസമയം, പുതിയ ഭക്ഷണപദാർഥങ്ങൾ വിപണി പിടിച്ചപ്പോൾ 1900-കളിൽ കടൽപ്പായലുകൾ കഴിക്കുന്ന ശീലം യൂറോപ്യൻമാരിൽ കുറഞ്ഞു. അപ്പോഴും ഐസ്‌ലാൻഡ്, നോർവേ, സ്കോട്ട്‌ലൻഡ്, അയർലൻഡ്, നോവ സ്കോട്ടിയ എന്നിവിടങ്ങളിലെ ചില തീരദേശ യൂറോപ്യൻ ജനവിഭാഗങ്ങൾക്കിടയിൽ ഇത് പ്രചാരത്തിൽ തുടർന്നു. ഇന്ന്, ആളുകൾ കടൽപ്പായലുകളുടെ പാചക, പോഷക, ഔഷധ ഗുണങ്ങൾ തിരിച്ചറിഞ്ഞത് അവയുടെ ജനപ്രീതി വർധിക്കാൻ കാരണമായിട്ടുണ്ട്. പാശ്ചാത്യഭക്ഷണങ്ങളിലും ജാപ്പനീസ് ഭക്ഷണങ്ങളിലും അലങ്കാരത്തിനും രുചിക്കും ഡൾസ് ഉപയോഗിക്കാറുണ്ട്.

മറ്റ് ഭക്ഷണങ്ങൾക്കൊപ്പം വിളമ്പുന്നതിനൊപ്പം പൊടിയായും ഇതുപയോഗിക്കും. അയഡിൻ, ഇരുമ്പ്, വിറ്റാമിൻ ബി6, പൊട്ടാസ്യം, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയുടെ നല്ലൊരു ഉറവിടംകൂടിയാണിത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi