
'ഏറ്റവും കൂടുതൽ സുന്ദരന്മാരുള്ള നാടേതാണ്?' ഈയടുത്ത് ക്ലബ് എഫ് എമ്മിലെ ആർ ജെ എന്നോട് ചോദിച്ചൊരു ചോദ്യമാണ്. എനിക്കാ ചോദ്യമങ്ങു ബോധിച്ചു! ഇതുവരെ ആരും ചോദിക്കാത്ത, വ്യത്യസ്തയ ചോദ്യം. പോരാത്തതിന് അതിനുത്തരം റെഡി മണിയായി എന്റെ കയ്യിൽ ഉണ്ടായിരുന്നു! 'പഞ്ചാബ്'-ചാടിക്കേറി ഞാൻ ഉത്തരം പറഞ്ഞു! ചെറുപ്പത്തിലേ പൊക്കമുള്ള ആളായതുകൊണ്ട്, 'ഇവൾക്ക് പഞ്ചാബിൽനിന്ന് ചെക്കനെ തപ്പേണ്ടിവരും' എന്ന് അപ്പച്ചിമാർ കളിയാക്കുന്നത് കേട്ടതുകൊണ്ടാണോ എന്നറിയില്ല, പണ്ടുതൊട്ടെ പഞ്ചാബിനോട് ഒരു സൈഡ് വലിവ് ഉണ്ടായിരുന്നു. പിൽക്കാലത്ത് എങ്ങനെയൊക്കെയോ എപ്പോഴൊക്കെയോ സിനിമകളിലൂടെയും വിഭജനത്തിന്റെ ചരിത്രത്തിലൂടെയും മറ്റും നേരിട്ട് കണ്ടിട്ടില്ലാത്ത പഗ്ഡി അഥവാ തലപ്പാവ് വെച്ച, താടി നീട്ടിവളർത്തിയ, ആജാനബാഹുക്കളായ സിഖുകാരോട് വല്ലാത്തൊരു ആത്മബന്ധം തോന്നി. പഞ്ചാബികൾ പൊതുവെ ചങ്കുപറിച്ച് സ്‌നേഹിക്കുന്നവരാണെന്ന് ഫിറോസ്പൂരിൽ പഠിക്കാൻ പോയ കൂട്ടുകാരൻ പറഞ്ഞതിൽപിന്നെ പഞ്ചാബിൽ പോയെ മതിയാകൂ എന്ന അവസ്ഥയായി! അങ്ങനെ, കുറച്ച് കാശും കൂട്ടിവെച്ച് നേരെ വിട്ടു അമൃത്സറിലേക്ക്. അമൃത്സർ അടുക്കാറായപ്പോൾ മുതൽ ഇരുവശങ്ങളിലായി കടുകുപാടങ്ങൾ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. അത്, വെള്ള ചുരിദാറിട്ട സിമ്രാൻ, കടുകുപാടങ്ങൾക്ക് നടുവിലൂടെ, രാജിന്റെ അരികിലേക്ക് ഓടിയെത്തുന്ന രംഗമാണ് ആദ്യം ഓർമ്മ വന്നത്.
ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത്, കുളിച്ച ശേഷം ഗോൾഡൻ ടെംപിൾ അഥവാ സുവർണക്ഷേത്രം കാണാൻ ആണ് ആദ്യം പുറപ്പെട്ടത്. ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്. വഴിനീളെ പെടലിയുളുക്കും വിധം പൊക്കമുള്ള സുന്ദരക്കുട്ടന്മാർ ധാരാളം! പക്ഷെ വായുംന്നോക്കി നിന്നാൽ ഏതേലും റിക്ഷയോ സ്‌കൂട്ടറോ വന്ന് നെഞ്ചത്തിടിക്കും! സൂചികുത്താൻ ഇടമില്ലാത്ത വിധം ആളുകൾ നടക്കുന്ന റോഡുകളാണെങ്കിൽ പോലും വണ്ടികൾക്ക് യാതൊരു കൂസലുമില്ല. അവർ നല്ല സ്പീഡിൽ ഇങ്ങ് പോരും! ഉയിര് കൈയ്യിൽ പിടിച്ചു വേണം റോഡിലൂടെ നടക്കാൻ!
സുവർണക്ഷേത്രത്തിന് പുറത്ത് കടുംനീലനിറമുള്ള തലപ്പാവും കുർത്തയും പാന്റും ധരിച്ച രണ്ട് ചെറുപ്പക്കാരുണ്ടായിരുന്നു. ഗൗരവക്കാർ! കൈയ്യിൽ കൃപാൺ എന്ന വാളുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു- നിഹാംഗുകൾ! അടിച്ചാൽ തിരിച്ചടിക്കണം എന്നതാണ് സിഖുകാരുടെ ഗുരു ഗോബിന്ദ് സിംഗിന്റെ പ്രമാണം. മുഗളന്മാരെ കൊണ്ട് പൊറുതി മുട്ടി, സിഖ് മതം സംരക്ഷിക്കാനായി അദ്ദേഹം തുടങ്ങിവെച്ച സൈന്യമാണ് നിഹാംഗ് സൈന്യം. നിഹാംഗുകളുടെ ധൈര്യം ചരിത്രപ്രസിദ്ധമാണ്! അവരുടെ തലപ്പാവിൽ ധാരാളം വളയങ്ങൾ കാണാൻ സാധിക്കും. ചക്ര എന്ന് വിളിക്കുന്ന ഈ വളയങ്ങൾക്ക് നല്ല മൂർച്ചയാണ്. ശത്രുവിനു നേരെ എറിയാനായിട്ടാണ് ഇവ തലപ്പാവിൽ സദാ ചേർത്തുവെച്ചിരിക്കുന്നത്. കാഴ്ചയിലേ ആർക്കും ബഹുമാനം തോന്നും. ക്ഷേത്രത്തിന് വലതുവശത്തായി 'ജൂത്ത ഖാന' അഥവാ ചെരുപ്പ് വെക്കുന്ന കൗണ്ടർ ഉണ്ട്. ചെരുപ്പൂരിയതും ഒരു പ്രായമായ മനുഷ്യൻ, എന്റെ കയ്യിൽ നിന്ന് ആ ചെരുപ്പുകൾ വാങ്ങി. സസൂക്ഷ്മമം ചെരുപ്പിന്റെ പൊടിയെല്ലാം ഒരു തുണികൊണ്ട് തുടച്ചെടുത്ത് കൗണ്ടറിൽ കൊടുത്തു. ശേഷം ഞാൻ ടോക്കൺ വാങ്ങി, തിരിഞ്ഞതും മറ്റൊരാൾ സ്റ്റീൽ കോപ്പയിൽ നിറച്ച വെള്ളം എന്റെ നേർക്ക് നീട്ടി. ഞാൻ അത് വായിൽ തട്ടാതെ, ഉയർത്തി കുടിച്ചപ്പോൾ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു, 'മൊത്തി കുടിച്ചോളൂ, ഞങ്ങൾ നന്നായി കഴുകിയതാണ്.' ശേഷം എന്റെ കൈയ്യിൽ നിന്ന് കോപ്പ വാങ്ങി അയാൾ ഒരു ബക്കറ്റിൽ നിക്ഷേപിച്ചു. മറ്റൊരു സ്ത്രീ അതെടുത്ത് സോപ്പിട്ട് കഴുകി വെച്ചു. മറ്റൊരാൾ തുടച്ചു. ഇവരെല്ലാം സേവാദാർ ആണ്. സിഖ് മതം പിന്തുടരുന്നവർ 'സേവ'യിൽ ഉറച്ചു വിശ്വസിക്കുന്നു. ജാതിമതഭേദമില്ലാതെ ആർക്കും പങ്കെടുക്കാം!
ക്ഷേത്രത്തിനകത്തേക്ക് കയറുന്നതിന് മുൻപ് തല തുണികൊണ്ട് മൂടിയിരിക്കണം. അതവർക്ക് നിർബന്ധമാണ്. അകത്തുള്ള കാഴ്ച അതിമനോഹരമായിരുന്നു! ഒരു വലിയ കുളത്തിന്റെ ഒത്തനടുക്ക് അടിമുടി സ്വർണത്തിൽ കുളിച്ച് ക്ഷേത്രം നിൽക്കുന്നു. ഏകദേശം 750 കിലോയുടെ സ്വർണപ്പാളികൾകൊണ്ടാണ് മഹാരാജ രഞ്ജിത്ത് സിംഗ് ക്ഷേത്രം ആവരണം ചെയ്യുന്നത്. ക്ഷേത്രത്തിനെ ചുറ്റിയുള്ള കുളത്തിന് അമൃതസരോവാരം എന്നാണ് പേര്. ഇതിൽ നിന്നാണ് നഗരത്തിന് അമൃത്സർ എന്ന പേര് വന്നത്. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവരാണ് സിഖുകാർ. വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബ് ആണ് ക്ഷേത്രത്തിനകത്ത്. പ്രധാനക്ഷേത്രത്തിലേക്ക് നല്ല തിരക്കുണ്ട്. ക്യൂവിൽ നിന്നാൽ ഒരു നാലു മണിക്കൂറെങ്കിലും കാത്തുനിൽക്കേണ്ടിവരും. പിറ്റേന്ന് രാവിലെ വരാമെന്ന് ഉറപ്പിച്ച് അവിടുന്നിറങ്ങി. ലക്ഷ്യം പഹൽവാൻ കുൽച്ച! അറുപതോളം വർഷം പ്രായമുള്ള ഈ കടയിലെ കുൽച്ച അതിപ്രശസ്തമാണ്. ഇവിടുത്തെ ചപ്പാത്തി, പൊറോട്ട, നാൻ പോലുള്ള സംഗതിയാണ് കുൽച്ച. തന്തൂരി അടുപ്പിൽ ചുട്ടെടുക്കുന്ന കുൽച്ച നല്ല മൊരു മൊരാ മൊരിഞ്ഞിരിക്കും! അതിനുമുകളിൽ നല്ലതു പോലെ വെണ്ണ തേയ്ക്കും! സുവർണക്ഷേത്രത്തിൽ വരുന്ന മിക്ക ആളുകളും ആ കടയിൽ കയറുന്നത് പതിവാണ്. ക്ഷേത്രത്തിന്റെ അത്രയും നീണ്ട നിരയില്ലെങ്കിലും ഇവിടെയും സാമാന്യം നല്ല തിരക്കുണ്ട്. യാതൊരു പക്ഷപാതവും ഇല്ലാതെ ആരാദ്യം വരുന്നുവോ, അവർക്കാദ്യം ഭക്ഷണം എന്നതാണ്് ഇവിടുത്തെ പോളിസി. അങ്ങനെ കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു പഞ്ചാബി കുടുംബത്തിനൊപ്പം എനിക്ക് ഇരിപ്പിടം കിട്ടി. കൂട്ടത്തിലെ പ്രായം ചെന്ന അമ്മ ചോദിച്ചു; 'ആപ് കിധർ സേ ഹോ പുത്തർ?' ( നീ എവിടുന്ന് വരുന്നു മോളെ?)
'ജി! കേരളാ.'
'കേരളത്തിൽ നിന്ന് ഇവിടെ വരെ ഒറ്റയ്‌ക്കോ? അതെനിക്ക് ഇഷ്ടായി.' അവർക്ക് അദ്ഭുതം. ഞാൻ ചിരിച്ചു.
കുൽച്ച വരാനുള്ള സമയംകൊണ്ട് ഞാനും ആ അമ്മൂമ്മയും കമ്പനിയായി. അവർ ലുധിയാനക്കാരാണ്. അമ്മൂമ്മയുടെ ഭർത്താവിന് അവിടെ തുണി മില്ലുണ്ട്. അങ്ങനെ മിണ്ടിയും പറഞ്ഞുമിരിക്കെ അവരുടെ ഭക്ഷണം വന്നു. എന്റെ ഭക്ഷണം വിളമ്പാൻ അല്പം താമസിക്കുമെന്ന് പറഞ്ഞു വെയിറ്റർ സ്ഥലം വിട്ടു. കുറ്റം പറയാൻ പറ്റില്ല. തിരക്ക് അത്രയ്ക്കുണ്ട്! അമ്മൂമ്മ നൈസ് ആയി ആദ്യത്തെ തുണ്ട് മുറിച്ചെടുത്തു. ശേഷം ചോദ്യവുമില്ല, പറച്ചിലുമില്ല, എന്റെ നേർക്ക് നീട്ടി!
'തു ഖാ ലെ പുത്തർ!'
ആ നിമിഷം എനിക്ക് എന്ത് പറയണമെന്ന് പോലും അറിയില്ലായിരുന്നു. കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം! എന്നാൽ ആ നിമിഷം എന്നെ ചുറ്റിയ ആ സ്‌നേഹം ഇന്നും ഞാൻ ഒരു പുഞ്ചിരിയോടെ ഓർക്കാറുണ്ട്. ആ അമ്മയുടെ കൈയ്യിൽ നിന്നാണ് പഞ്ചാബിനെ ആദ്യമായി രുചിച്ചത്! പഞ്ചാബിനെ കുറിച്ചോർക്കുമ്പോൾ നേരത്തെ പറഞ്ഞ സുന്ദരക്കുട്ടന്മാർക്കുമപ്പുറം ആ അമ്മയുടെ ചുളിവുകൾ വീണ, സ്വർണവളയിട്ട കൈകൾകൂടിയാണ് മനസ്സിൽ വരുന്നത്.
അവിടുന്നിറങ്ങി മുന്നിൽ കണ്ട കടയിൽ നിന്ന് സ്‌കൂട്ടി വാടകയ്ക്കെടുത്തു. റൂമിൽ പോയി അൽപനേരം കിടന്നുറങ്ങിയ ശേഷം ഏകദേശം നാലു മണിയോടെ അട്ടരി വാഗ ബോർഡറിലേക്ക് തിരിച്ചു. അമൃത്സറിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ ദൂരെയാണ് അതിർത്തി ഗ്രാമമായ അട്ടരി. അട്ടരിയുടെ അപ്പുറം പാക്കിസ്ഥാൻ അതിർത്തിഗ്രാമമായ വാഗയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ലെങ്കിൽ എന്നും വൈകുന്നേരം ഇന്ത്യയിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സും പാക്കിസ്ഥാനിലെ റേഞ്ചഴ്സും തമ്മിൽ 'ബീറ്റിങ് റിട്രീറ്റ്' എന്ന ചടങ്ങ് നടക്കും. വൈകുന്നേരം നാലുമണിയോടെ എത്തിയാൽ വളരെ അടുത്തിരുന്നിത് കാണാം. ഒരു ഗേറ്റിനപ്പുറം പാകിസ്ഥാനാണ്! നമ്മെപ്പോലെ പാക്കിസ്ഥാനികളും അപ്പുറത്തെ ഹാളിൽ ഇരിപ്പുണ്ടാകും. ഇവർ പരസ്പരം കളിയാക്കും, സൈന്യങ്ങളിലെ ചുണക്കുട്ടന്മാർ കാണികൾക്കായി അഭ്യാസങ്ങൾ കാണിക്കും. ഇതിനിടയിലൊക്കെ തന്നെ അവിടെ നിറഞ്ഞിരിക്കുന്ന കാണികൾ ഉച്ചത്തിൽ 'ജയ് ഹിന്ദ്', 'ഭാരത് മാതാ കി ജയ്' എന്നെല്ലാം ആവേശത്തിൽ ഉരുവിട്ടുകൊണ്ടേയിരിക്കും! ദേശഭക്തിയുടെ കാര്യത്തിൽ പഞ്ചാബികൾ വേറെ ലെവൽ ആയതുകൊണ്ട് ചടങ്ങ് നടക്കുന്ന രണ്ട് മണിക്കൂറും ഈ ആവേശത്തിന് യാതൊരു കുറവും സംഭവിക്കില്ല! ഒടുവിൽ പ്രകടനമെല്ലാം കഴിഞ്ഞ് രണ്ട് രാജ്യത്തിലെയും സൈനികർ ഗേറ്റിനടുത്തെത്തി അന്ന് രാവിലെ ഉയർത്തിയ സ്വന്തം രാജ്യത്തിന്റെ പതാക ബഹുമാനപൂർവം താഴ്ത്തും. കണ്ടുനിൽക്കുന്ന ഓരോ മനുഷ്യനും രോമാഞ്ചം കൊള്ളുന്നൊരു നിമിഷം! ചടങ്ങുകളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വണ്ടിയെടുത്തു ഞാൻ അമൃത്സറിലേക്ക് തിരിച്ചു. ഇരുവശത്തും മനോഹരമായ ഗ്രാമങ്ങളാണ്. കടുകുപാടങ്ങൾ നിറയെ മഞ്ഞപ്പൂക്കൾ! സമയത്തെത്താനുള്ള തിരക്കിൽ നേരത്തേ ഇതൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല. സാവധാനം ഞാൻ ഇരുവശങ്ങളിലെയും ഭംഗി ആസ്വദിച്ച് മെല്ലെ ഇഴഞ്ഞു വണ്ടിയോടിച്ച് അമൃത്സറിൽ എത്തി. ആറു മണി പിന്നിട്ടത് കൊണ്ട് തന്നെ റൂമിലേക്കല്ല, സുവർണക്ഷേത്രത്തിലേക്കാണ് പോയത്. രണ്ട് മണിക്കൂർ കൊണ്ട് വിശുദ്ധ ഗുരു ഗ്രന്ഥസാഹിബ് കണ്ടു തൊഴാൻ സാധിച്ചു. തിരക്കേറെയുണ്ടായിട്ടും പ്രധാനക്ഷേത്രത്തിനകത്ത് കീർത്തനങ്ങളുടെയും പ്രാർഥനകളുടെയും ശബ്ദം മാത്രം! പുസ്തകമാണെങ്കിലും ഈശ്വരസങ്കല്പത്തിലാണ് ആരാധന. പല്ലക്കിൽ അതിരാവിലെ കൊണ്ടു വരികയും രാത്രി സുഖാസൻ എന്ന ചടങ്ങിന്റെ സമയത്ത് ഗ്രന്ഥം അടച്ചു വെച്ച ശേഷം തിരികെ പല്ലക്കിൽ കൊണ്ടുപോകുകയും ചെയ്യും. പുറത്തേക്ക് വന്ന ശേഷം ഞാൻ കുറച്ചു നേരം കുളത്തിന്റെ കരയിലിരുന്നു. നേരിയ ഒരു തണുപ്പ്. അൽപനേരം കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ ഹൽവ പോലെ ഒരു ഭക്ഷണം കൊണ്ടു വന്നു. തലപ്പാവും കൈയ്യിൽ ഇടി വള എന്ന് വിളിക്കുന്ന കഡയുമൊക്കെ ധരിച്ചിട്ടുണ്ട്. പേര് ജസ്സി. 'ഇവിടുത്തെ പ്രസിദ്ധമായ കഡാപ്രസാദ് ആണിത്. കഴിക്കൂ!' അല്പം പ്രസാദം അയാൾ കൈയ്യിലേക്ക് പകർന്നു.
ചണ്ഡിഗഢ് സ്വദേശിയാണ് ജസ്സി. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെയാണ്. 'ലങ്കർ കഴിച്ചോ?' 'ഇല്ല.' 'എന്നാൽ എന്റെ കൂടെ വരൂ.'
ലോകത്തിലെ തന്നെ ഏറ്റവും വലിയ അടുക്കളകളിൽ ഒന്നാണ് സുവർണക്ഷേത്രത്തിലേത്! ഏകദേശം അമ്പതിനായിരം മുതൽ ഒരു ലക്ഷം മനുഷ്യർക്ക് ദിവസവും ഭക്ഷണം വിളമ്പുന്ന സ്ഥലം! ഒരേ സമയം രണ്ടായിരം ചപ്പാത്തി പരത്തുന്ന യന്ത്രം വരെയുണ്ടവിടെ. നിലത്ത് മറ്റുള്ളവരുടെ കൂടെ ഞാനുമിരുന്നു. സ്റ്റീൽ പാത്രത്തിൽ ഓരോ വിഭവങ്ങളും വന്നു. ചപ്പാത്തിയും ദാലും കിഴങ്ങുകറിയും ചോറും കേസരി പോലൊരു മധുരവും. മനസ്സും വയറും നിറഞ്ഞ് ഞാൻ അവിടുന്നിറങ്ങി. അപ്പോഴേക്കും പല്ലക്കിൽ ഗുരു ഗ്രന്ഥസാഹിബും ഏന്തി ചിലർ പുറത്തേക്ക് വന്നു. പശ്ചാത്തലത്തിൽ അതിമനോഹരമായി കീർത്തനങ്ങൾ. 'കീർത്തൻ സോഹീല എന്നാണ് ഈ ചടങ്ങിന്റെ പേര്. മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിനു നന്ദി പറയുകയും ശാന്തമായി ഉറങ്ങാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യും ഞങ്ങൾ.' ജസ്സി പറഞ്ഞു.
'എനിക്ക് പോകാറായി! നിലം തുടയ്ക്കാനുണ്ട്.' ജസ്സി യാത്ര പറഞ്ഞു പോയി. ഞാൻ പിന്നെയും കുറേ നേരം അങ്ങനെതന്നെ ഇരുന്നു, മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിനു മനസ്സുകൊണ്ട് നന്ദി പറഞ്ഞുകൊണ്ട്…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: experience the beauty of the people in Punjab, their hospitality and peaceful moment in golden temple amritsar
Published: 26 Mar 2026, 11:28 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented