അമൃതസരോവരമെന്ന ജലാശയത്തിന് നടുവിലായി തലയെടുപ്പോടെ നില്‍ക്കുന്ന ക്ഷേത്രം. നാലുകവാടങ്ങളിലൊന്നിലൂടെ അകത്തേക്ക് കയറുന്നതിനുമുമ്പുതന്നെ, ഏകദേശം നൂറു കിലോയോളം വരുന്ന ശുദ്ധസ്വര്‍ണ്ണത്തില്‍ പണിതെടുത്ത താമരയാകൃതിയിലുള്ള താഴികക്കുടങ്ങള്‍ കാണാം. 

ജാതി-മതഭേദമില്ലാതെ വിശ്വാസികളെ സ്വീകരിക്കുന്ന ഇടമായതിനാല്‍ത്തന്നെ ''ഈശ്വരന്‍ വസിക്കുന്നയിടം''  (ശ്രീ ഹര്‍മന്ദര്‍ സാഹിബ്) എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നു പഞ്ചാബിലെ സുവര്‍ണക്ഷേത്രം. സിഖ് ഗുരുദ്വാരകളില്‍ പ്രഥമ പ്രധാനമാണ് പുണ്യസ്ഥലമായ സുവര്‍ണക്ഷേത്രം. 1574-ല്‍ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് അമൃത്‌സര്‍ നഗരം സ്ഥാപിച്ചത്. അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അര്‍ജന്‍ ദേവ് പണികഴിപ്പിച്ചതാണ് സുവര്‍ണ ക്ഷേത്രം. 
ആണ്‍, പെണ്‍ ഭേദമില്ലാതെ തല തുണികൊണ്ടു മറച്ചുവേണം ഉള്ളിലേയ്ക്ക് കടക്കാന്‍. തടാകത്തിലെ ശുദ്ധജലത്തില്‍ കൈകാലുകള്‍ ശുദ്ധമാക്കി സുവര്‍ണ്ണക്ഷേത്രത്തിലേക്ക് പ്രവേശിക്കാം.