കേക്കിന്റെ രുചിയും മണവുമൊഴുകുന്ന മാസമാണ് ഡിസംബർ. കേക്ക് മിക്‌സിങ്ങും ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. പ്ലം കേക്കിന്റെ ഉത്ഭവം ഇംഗ്ലണ്ടിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്. ഓട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ് എന്നിവ ചേർത്ത് കുറുക്കി കഴിച്ചിരുന്ന വിഭവം രൂപാന്തരം പ്രാപിച്ച് പ്ലം കേക്കിലേക്കെത്തിയെന്നാണ് ചരിത്രം. വിക്ടോറിയൻ കാലഘട്ടത്തിൽ പരമ്പരാഗതമായി കഴിച്ചുപോന്ന ഈ വിഭവത്തിൽ നിന്ന് ഓട്‌സിനെ മാറ്റി, മാവ് ചേർത്ത് ബേക്ക് ചെയ്താണത്രേ ആദ്യത്തെ പ്ലം കേക്ക് തയ്യാറാക്കിയത്. അന്നൊക്കെ കടുത്ത ശീതകാലത്തേക്ക് വേണ്ടി ധനികരുടെ വീടുകളിൽ പഴങ്ങൾ പ്രിസെർവ് ചെയ്തു വയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഈ പഴങ്ങൾ ഉപയോഗിച്ചാണ് പ്ലം കേക്ക് തയ്യാറാക്കിയിരുന്നത്. പിന്നീട് എല്ലാ വിരുന്നുകളിലെയും ഒഴിച്ച് കൂടാനാവാത്ത വിഭവമായി പ്ലം കേക്ക് മാറി. ബ്രിട്ടീഷുകാരോടൊപ്പം പ്ലം കേക്ക് നമ്മുടെ നാട്ടിലുമെത്തി. ക്രിസ്മസ് അടുക്കാറായ ഈ നേരത്ത് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കേക്കുകൾ ഒന്നു നോക്കിയാലോ…

To advertise here,

 

പ്ലം കേക്ക്
ചേരുവകൾ:

മൈദ - ഒരു കപ്പ്
മുട്ട - രണ്ട്
മെൽട്ടഡ് ബട്ടർ - അരക്കപ്പ്
പഞ്ചസാര - ഒന്നര കപ്പ്
ഗ്രേപ്പ് ജ്യൂസ് - ഒരു കപ്പ്
കറുത്തഉണക്കമുന്തിരി - അരക്കപ്പ്
ഈത്തപ്പഴം ചെറുതായി അരിഞ്ഞത് - അരക്കപ്പ്
ചെറി - അരക്കപ്പ്
ആപ്രിക്കോട്ട്‌ - കാൽ കപ്പ്
ക്രാൻ ബെറി - കാൽ കപ്പ്
മിക്‌സ്ഡ് നട്ട്‌സ് - അരക്കപ്പ്
ടൂട്ടി ഫ്രൂട്ടി - അരക്കപ്പ്
വാനില എസ്സെൻസ് - അര ടീസ്പൂൺ
പട്ട - ഒരിഞ്ചുകഷ്ണം
ഗ്രാമ്പു - രണ്ട്
ഏലക്ക - രണ്ട്
ബേക്കിങ് പൗഡർ - അര ടീസ്പൂൺ
ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം: ഗ്രേപ്പ് ജ്യൂസിലേക്ക് എല്ലാ ഡ്രൈ ഫ്രൂട്ട്‌സും ചേർത്ത് കുതിരാൻ വയ്ക്കുക. ഇത് രണ്ട് ദിവസം ഫ്രിഡ്ജിൽ വെച്ചതിനു ശേഷം എടുത്ത് കേക്കിനായി ഉപയോഗിക്കാം. പാനിൽ അരക്കപ്പ് പഞ്ചസാര ചൂടാക്കി കാരമലൈസ് ആവുമ്പോൾ കാൽ കപ്പ് തിളച്ച വെള്ളം ചേർത്ത് യോജിപ്പിച്ച് കാരമൽ സിറപ്പ് തയ്യാറാക്കി ആറാൻ വയ്ക്കുക. ബാക്കി പഞ്ചസാരയിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്ത് പൊടിച്ചുവയ്ക്കുക. മൈദയിലേക്ക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്ത് ഒരു വിസ്‌ക് കൊണ്ട് യോജിപ്പിച്ചുവയ്ക്കണം. ഒരു വലിയ ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് മെൽട്ടഡ് ബട്ടർ ചേർത്ത് വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങൾ പൊടിച്ചതും ചേർക്കണം. ഡ്രൈ ഫ്രൂട്ട്‌സ് ഗ്രേപ്പ് ജ്യൂസിനോടൊപ്പം ചേർക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം മൈദ കൂട്ട് കുറേശ്ശെ ചേർത്ത് കട്ടകളില്ലാതെ ഇളക്കിച്ചേർക്കുക. നട്ട്‌സും കാരമൽ സിറപ്പും വാനില എസ്സെൻസും കൂടി ചേർത്ത് യോജിപ്പിക്കുക. കേക്ക് ടിന്നിൽ മയം പുരട്ടി, ബട്ടർ പേപ്പർ വെച്ചതിനു ശേഷം ബാറ്റർ ഒഴിച്ച് 180 ഡിഗ്രിയിൽ 75 മിനിറ്റ് ബേക്ക് ചെയ്യുക.

  

 

കാരറ്റ് വാൾനട്ട് കേക്ക്
ചേരുവകൾ:

ഗോതമ്പു പൊടി - ഒരു കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്
വാൾനട്ട് - മുക്കാൽ കപ്പ്
ഈത്തപ്പഴം ചെറുതായി അരിഞ്ഞത് - അരക്കപ്പ്
പഞ്ചസാര - മുക്കാൽ കപ്പ്
മുട്ട - രണ്ടെണ്ണം
സൺഫ്‌ളവർ ഓയിൽ - മുക്കാൽ കപ്പ്
പാൽ - കാൽ കപ്പ്
വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
ബേക്കിങ് പൗഡർ - ഒരു ടീസ്പൂൺ
ബേക്കിങ് സോഡ - അര ടീസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം: മുട്ടയിലേക്ക് പഞ്ചസാരയും ഓയിലും ചേർത്ത് ബീറ്റ് ചെയ്യുക. മൈദയിലേക്ക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്ത് അരിച്ചു ചേർക്കുക. പാലും ചേർത്ത് വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കാരറ്റ്, ഡേറ്റ്‌സ്, വാൾനട്ട്, വാനില എസ്സെൻസ് എന്നിവ ചേർത്ത് യോജിപ്പിച്ചശേഷം മയം പുരട്ടിയ കേക്ക് ടിന്നിൽ ഒഴിച്ച് 180°യിൽ 35 - 40 മിനിറ്റ് ബേക്ക് ചെയ്യുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi