എന്റെ കുട്ടിക്കാലത്തെ വിഷു ഒരുപാട് സുന്ദര ഓര്‍മ്മകള്‍ തന്നിട്ടുണ്ട്. വിഷുവിന് കണി ഒരുക്കി മമ്മി രാവിലെ തന്നെ ഞങ്ങളെ കണി കാണിപ്പിക്കും. അതിനുശേഷം അപ്പന്റെയും അമ്മയുടെയും കയ്യില്‍ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം (അവധിയായതിനാല്‍) എന്നത്തേയും പോലെ തന്നെ നല്ല സമൃദ്ധിയായ കാപ്പികുടിയും പിന്നീട് ഉച്ചയ്ക്ക് സദ്യവട്ടങ്ങളും ഉണ്ടാവും. എന്തൊക്കെ സദ്യ ഉണ്ടാക്കിയാലും പായസം ഇല്ലാതെ പൂര്‍ത്തിയായിരുന്നില്ല വിഷു. എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ വിഷു ഇത്രയും കാര്യമായി ആഘോഷിക്കാനുള്ള പ്രധാനകാരണം വിഷുദിവസം അമ്മയുടെയും അച്ഛന്റെയും കല്യാണദിവസം ആയിരുന്നു എന്നതിനാലാണ്. അപ്പോള്‍ എല്ലാ വെഡ്ഡിങ് ആനിവേഴ്‌സറിയും വിഷുവിനോടൊപ്പം ആചരിക്കുന്നത് കൊണ്ട് അപാരമായ മധുരമുള്ള ഓര്‍മ്മകളാണ് തന്നിരുന്നത്. സദ്യയൊക്കെ ഉണ്ട് കഴിഞ്ഞ് കുറെ നേരം പറമ്പിലൊക്കെ കറങ്ങി പ്ലാവേലും മാവേലും എല്ലാം വലിഞ്ഞുകയറി ഇഷ്ടംപോലെ സമയം ചെലവഴിച്ച കുട്ടിക്കാലം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. 

വിഷുവിന് മാത്രം അമ്മ ഉണ്ടാക്കുന്ന പ്രത്യേകതരം പലഹാരം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വിഷുവിന് കണിശമായും ഉണ്ടാക്കിയിരുന്ന ഒരു നാലുമണി പലഹാരമായിരുന്നു തെരളി. അയ്യത്ത് (പറമ്പില്‍) ധാരാളം വയണമരങ്ങള്‍ ഉണ്ടായിരുന്നു, മിക്കവാറും വൈകുന്നേരങ്ങളില്‍ ഈ വയണഇലകള്‍ കുമ്പിളുകളില്‍ അപ്പച്ചെമ്പിനുള്ളിലിരുന്ന് സ്റ്റീംബാത്ത് നടത്തും. വയണഅപ്പം, കുമ്പിളപ്പം, തെരളി എന്നെല്ലാം പറയപ്പെടുന്ന ഈ പലഹാരം പാകമാകുമ്പോള്‍ വീട് മുഴുവന്‍ ഒരു മണമങ്ങനെ പരക്കും, തെരളി ഉണ്ടാക്കി മമ്മിക്ക് പലപ്പോഴും ഒരു വയണമണമാണ്. ശരിക്കും പറഞ്ഞാല്‍ പതിനഞ്ച് മിനുട്ട് കൊണ്ട് മമ്മി അത് ഉണ്ടാക്കും. അല്‍പ്പം ഗോതമ്പ് മാവിലേക്ക് തേങ്ങ ചിരകിയത് ഇട്ട് ശര്‍ക്കര ചിരകിയതും ഏലക്കായ പൊടിച്ചതും ചേര്‍ത്തിളക്കി വെള്ളവും അല്‍പ്പം ഉപ്പും ചേര്‍ത്ത് കുഴച്ച് വയണക്കുമ്പിളുകളില്‍ നിറയ്ക്കണം, കഞ്ഞി കുടിക്കാന്‍ പ്ലാവില കോട്ടി പരിചയമുണ്ടെങ്കില്‍ കുമ്പിള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. നല്ല പച്ച ഈര്‍ക്കില്‍ കൊണ്ട് കുമ്പിള്‍ കുത്തിയാല്‍ അതും ഒരു സന്തോഷം. 

ഇനി മറ്റൊരു സന്തോഷം കൂടിയുണ്ട്. ശര്‍ക്കര ചിരകിയത് ഇടുന്നതിന് പകരം ശര്‍ക്കര ഉരുക്കിയതോ, ശര്‍ക്കരപ്പൊടിയോ ചേര്‍ത്ത് തെരളി ഉണ്ടാക്കാം. പക്ഷേ ശര്‍ക്കര ചിരകിയത് ഇട്ടാല്‍ ഗുണവുമുണ്ട് ദോഷവുമുണ്ട്. ഗുണം എന്താണെന്നു വെച്ചാല്‍ ശര്‍ക്കര ചിരകിയിടുന്നത് ചിലപ്പോള്‍ നേര്‍മ്മയായതും, ചിലപ്പോള്‍ കഷണങ്ങളായി പൊട്ടി വീഴുന്നതും ആയിരിക്കും. തേങ്ങാ ചേര്‍ത്ത് ഗോതമ്പു മാവിനോടൊപ്പം കുഴക്കുമ്പം  ഒരു മൂന്നു നാലു ശര്‍ക്കര കട്ടകള്‍ തെരളി മാവില്‍ കിടക്കും. ആവിയില്‍ പുഴുങ്ങിയ തെരളി മധുരമുള്ളതാണെങ്കിലും ചലപ്പോള്‍ ഇടയ്ക്കു ശര്‍ക്കരക്കട്ട കടിക്കാന്‍ കിട്ടുമ്പോള്‍ എന്തൊരു സുഖമാണ്. അറിയാതെ മുഖത്തൊരു ചിരി വരും. അതാണ് ശര്‍ക്കര ചിരകിയതിട്ടു തെരളി ഉണ്ടാക്കിയാലുള്ള ഗുണം. ദോഷമെന്താണെന്നു വെച്ചാല്‍ ചിലപ്പോള്‍ ഈ ശര്‍ക്കരക്കുള്ളില്‍ കല്ലും മണ്ണുമൊക്കെ കാണും, പാനിയാക്കി ഒഴിക്കുമ്പോള്‍ അതെല്ലാം നമുക്ക് അരിച്ചുകളയാന്‍ സാധിക്കും. എന്നാല്‍ ചിരകിയിട്ടാല്‍ അതിലെ കല്ലും ചിലപ്പോള്‍ കടിക്കേണ്ടി വരും, നേരത്തെ പറഞ്ഞ സന്തോഷത്തിനു പകരം പല്ലു വേദനിക്കുമ്പോള്‍ നമുക്ക് തോന്നുന്ന ഒരിതുണ്ടല്ലോ അതാണതിന്റെ ദോഷം. അങ്ങനെ വിഷുക്കാലത്തെ തെരളിയായിരുന്നു കുട്ടിക്കാലത്തെ രുചി.

പക്ഷേ കല്യാണം കഴിഞ്ഞ ഒരു വിഷുക്കാലത്തിലാണ് ആദ്യമായി ഞാനൊരു മുത്തശ്ശിപ്പായസം കുടിക്കുന്നത്. എത്രതരം പായസങ്ങള്‍ കുട്ടിക്കാലത്ത് കുടിച്ചിട്ടുണ്ടെങ്കിലും എന്റെ കല്യാണത്തിന് ശേഷമാണ് അതുവരെ ഒന്നും കഴിച്ചിട്ടില്ലാത്ത ഒരു പ്രത്യേകതരം പായസം ഞാന്‍ കഴിക്കുന്നത്. ഈ പായസം എന്താണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. കല്യാണം കഴിഞ്ഞ് ആദ്യത്തെ വിഷു. അടുക്കളയില്‍ ചാത്തന്നൂര്‍ മമ്മി കാര്യമായി എന്തോ പെരുമാറുന്നുണ്ട്. എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും മേശപ്പുറത്ത് ഒരു പാത്രത്തില്‍ പകര്‍ന്നുവെച്ച പായസത്തില്‍ നിന്നും ചോക്ലേറ്റിന്റെ മണം വരുന്നുണ്ടായിരുന്നു. ചോക്ലേറ്റ് വെച്ച് പായസം ഉണ്ടാക്കിയതാണ് എന്ന് എനിക്ക് തോന്നി. മമ്മി ഒരു പാത്രത്തില്‍ അല്‍പ്പം വിളമ്പി തന്നിട്ട് ചോദിച്ചു, 'ഇതെന്താണെന്ന് പറയൂ?'. മഹാപൊട്ടിയായ ഞാന്‍ അപ്പോഴേ പറഞ്ഞു, 'ഇത് ചോക്ലേറ്റ് പായസമാണോ മമ്മി?' മമ്മി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു, 'കുട്ടി തോറ്റു, ഇതാണ് സാക്ഷാല്‍ ശ്രീമാന്‍ മാങ്ങാണ്ടി പായസം'. 

പിന്നീടാണ് അതിന്റെ പിന്നാമ്പുറക്കഥ എനിക്ക് കൃത്യമായി മനസ്സിലായത്. കുറെ കാലമായി ടെറസില്‍ കുറെ മാങ്ങാണ്ടികള്‍ ഉണക്കാന്‍ ഇടുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ചോദിക്കുമായിരുന്നു ഇത് കൊണ്ട് എന്ത് ചെയ്യാനാണെന്ന്? അതൊരു സൂത്രം കാണിക്കാനാണ് എന്ന് മമ്മി മറുപടി പറയും. ഇവിടെനിന്നാണ്  നമ്മുടെ മാങ്ങാണ്ടിപ്പായസത്തിന്റെ പ്രയാണം ആരംഭിക്കുന്നത്. മാവില്‍ നിന്നാടി ഉല്ലസിച്ച മാങ്ങകള്‍ക്കുള്ളിലെ മാങ്ങാണ്ടികള്‍. വെയിലോ മഴയോ കാറ്റോ കൊള്ളാതെ എത്ര സുരക്ഷിതരായിരുന്നു ഈ മാങ്ങാണ്ടികള്‍. പക്ഷേ ചില മനുഷ്യന്മാരുടെ കാര്യം പറയുന്നത് പോലെ മാമ്പഴം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ മാങ്ങാണ്ടിക്ക് കഥയിലെന്തു കാര്യം, അതിനെ എടുത്തു കളയാന്‍  മാത്രമല്ലേ സാധിക്കൂ, പക്ഷെ ഈ മുത്തശ്ശിപ്പായസം മാങ്ങാണ്ടികളുടെ വ്യക്തിത്വത്തെയും അസ്തിത്വത്തെയും ആകെ മാറ്റിമറിച്ചു. 

ഒരേതരം മാങ്ങാണ്ടികള്‍ വെയിലത്തുകിടന്നു ഉണങ്ങണം. വെയിലത്ത് അനേക ദിവസങ്ങള്‍ കിടന്ന് ചൂടായി നല്ല ക്രിസ്പി ക്രഞ്ചിയായ മാങ്ങാണ്ടികള്‍ക്കുള്ളിലെ പരിപ്പുകളെ എടുത്തശേഷം വെള്ളത്തിലിട്ട് കുതിര്‍ക്കും. അത് കുറച്ചുനേരം വെള്ളത്തില്‍ കിടക്കുമ്പോള്‍ അതിന്റെ പുറത്തുള്ള പാട ഇളകി വരും. പിന്നീട് അതിനെ നുറുക്കി മിക്‌സിയില്‍ ഇട്ട് നന്നായി ഒന്ന് അരച്ച് എടുക്കണം. അത് അല്പം കൂടെ വെള്ളം ചേര്‍ത്ത് കുറച്ചുനേരം അടച്ചുവയ്ക്കുക. അപ്പോള്‍ മുകളില്‍ മാങ്ങാണ്ടിയുടെ കറ പാട പോലെ വരും, അത് നമുക്ക് ഊറ്റിക്കളയാം. വീണ്ടും അല്പം വെള്ളം ചേര്‍ത്ത് ഇതുപോലെ അടച്ചുവെച്ച് മൂന്നുനാല് പ്രാവശ്യം നമുക്ക് ഊറ്റിക്കളയാന്‍ സാധിക്കും. പിന്നീട്‌ ഒരു ഓട്ടുരുളിയില്‍ അത് ശര്‍ക്കരപ്പാനിയുമായി ചേര്‍ത്ത് ചൂടാക്കണം. അതിലേക്കു രണ്ടാം തേങ്ങാപ്പാല്‍ ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി വേവിച്ചെടുക്കണം. പിന്നീട് ഒന്നാംപാല്‍ ചേര്‍ത്ത്, ഒന്ന് കൂടെ ചൂടാക്കി അല്‍പ്പം കണ്ടെന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് വാങ്ങിവെക്കാം. പിന്നീട് നെയ്യില്‍ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് മൂപ്പിച്ചിട്ടു കൊടുത്തു കണ്ണെഴുതി പൊട്ടും തൊട്ട് മുത്തശ്ശിപ്പായസം രുചിക്കാം