
ഒരു ക്രിസ്മസ് കാലത്താണ് ഹോങ്കോങ്ങില്‍നിന്നും ഫിലിപ്പീന്‍സിലേക്കുള്ള യാത്രക്കൊരുങ്ങിയത്. ഹോങ്കോങ് എയര്‍പോര്‍ട്ടില്‍ ക്രിസ്മസിന്റെ അവധിക്കാലത്തിരക്കുകള്‍ തുടങ്ങിയിരുന്നു. ഒന്നരമണിക്കൂര്‍ കൊണ്ട് ഫിലിപ്പിന്‍സിലെ 'ക്ലാര്‍ക്കി'ലെ കുഞ്ഞന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളെ സ്വീകരിക്കാനായി മകള്‍ ഐശ്വര്യയുടെ കൂട്ടുകാരിയായ പ്രഷ്യസ്സ് കാത്തുനിന്നിരുന്നു. അവളുടെ കാറിലാണ് ക്ലാര്‍ക്ക് എയര്‍പോര്‍ട്ടില്‍നിന്നും ബതാആനിലെ സലാമിലേക്ക് പുറപ്പെട്ടത്.

ഒന്നരമണിക്കൂര്‍കൊണ്ട് ബത്താആനിലുള്ള പ്രഷ്യസ്സിന്റെ വീട്ടിലെത്തി. ആകര്‍ഷകമായ വീട്. മുറ്റത്ത് ഭംഗിയായി വെട്ടിയൊതുക്കിയ പുല്‍ത്തകിടി. ഊഷ്മളമായ സ്വീകരണത്തിനൊപ്പം രുചികരമായ ഫിലിപ്പീന്‍സ് വിഭവങ്ങളായിരുന്നു ഉച്ചഭക്ഷണത്തിന് ഒരുക്കിയിരുന്നത്. സിസിലിങ് തോഫ്, ഗിനതാങ് ഗുലെ എന്നീ ഫിലിപ്പീന്‍സ് വിഭവങ്ങള്‍ ആദ്യമായി രുചിച്ചു.
സായാഹ്നത്തില്‍ പ്രഷ്യസ്സിനൊപ്പം നടക്കാനിറങ്ങി. നിരത്തില്‍ നേര്‍ത്ത വെളിച്ചമേയുണ്ടായിരുന്നുള്ളൂ. വീതികുറഞ്ഞ ടാറിട്ട പാതകള്‍. ഇരുവശങ്ങളിലും ചെടികളും ചെറുവീടുകളും നിറഞ്ഞ സുന്ദരകാഴ്ച. പിറ്റേന്ന് ക്രിസ്മസാണ്. വീടുകള്‍ക്ക് മുന്നില്‍ ക്രിസ്മസ് അലങ്കാരങ്ങളും വര്‍ണ്ണവിളക്കുകളുമെല്ലാം തിളങ്ങിനില്‍ക്കുന്നു കാഴ്ച ആസ്വദിച്ച് നടന്നു.
ക്രിസ്മസ് ദിനം

പ്രഷ്യസ്സിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ധാരാളം പേര്‍ വിരുന്നുകാരായി എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. അവരില്‍ ചിലര്‍ ചേര്‍ന്ന് വലിയൊരു വാഴയിലക്കെട്ട് കാറില്‍നിന്ന് എടുത്ത് വിട്ടിനകത്തേക്ക് കൊണ്ടുപോയി. അത് മുഴുവനായ ഒരു പന്നിയെ റോസ്റ്റ് ചെയ്തുകൊണ്ടു വന്നതായിരുന്നു. അടുക്കളയുടെ ഒരുഭാഗത്ത് നീളത്തില്‍ കിടത്തിയിരിക്കുന്ന റോസ്റ്റ് ചെയ്ത് പന്നിയെ കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഉച്ചയോടെ വീട്ടില്‍ വിരുന്നുകാര്‍ ഒഴുകിയെത്തി. പ്രഷ്യസ്സിന്റെ അമ്മ 'ജെമ്മ' ഒരുപാട് നോണ്‍വെജ് വിഭവങ്ങള്‍ തീന്‍മേശയില്‍ ഒരുക്കിവെച്ചിരുന്നു. അതിനിടയിലും സസ്യാഹാരികളായ ഞങ്ങള്‍ക്കായി ചില വിഭവങ്ങളും ജെമ്മ ഒരുക്കിയിരുന്നു. ചോറ്, സാലഡുകള്‍, ഗിനതാങ് ഗുലായ് എന്ന വെജിറ്റബിള്‍ കറി, തോഫു ഉപയോഗിച്ചുണ്ടാക്കിയ സിഡ്‌ലിങ് തോഫു...പിന്നെ അല്പം മധുരത്തിനായി കസ്റ്റാഡും കേക്കും.


ആദ്യം കണ്ട റിസോര്‍ട്ടിനുള്ളിലൂടെ ഞങ്ങള്‍ നടന്നു. അവിടെ വിവിധതരം പഴ്‌സുകളും ബാഗുകളും ആഭരണങ്ങളുമെല്ലാം വില്പനയ്ക്കായി വെച്ചിരുന്നു. റിസോര്‍ട്ട് സമുച്ചയങ്ങള്‍ ചുറ്റിക്കറങ്ങാനായി സഞ്ചാരികള്‍ക്കായി ഒരുക്കിയ വാനില്‍ കയറി അല്പദൂരം സഞ്ചരിച്ച് ഞങ്ങള്‍ സ്പാനിഷ് വില്ലേജിലെ ഒരു ഇരുനില കെട്ടിടത്തിന് മുന്നിലെത്തി. കരിങ്കല്ലുകൊണ്ടും മരംകൊണ്ടും നിര്‍മ്മിച്ച വലിയൊരു വീടായിരുന്നു അത്. വിസ്താരമേറിയ ഉള്‍ഭാഗം. സ്പാനിഷ് ഭരണകാലത്ത് ഒരു അവശേഷിപ്പാണ് ഈ ഭവനം. കൊളോണിയല്‍ കാലത്ത് നിര്‍മ്മിച്ച അനേകം വീടുകള്‍ ഇവിടെ പലഭാഗത്തായുമുണ്ട്.

ഞങ്ങളെത്തിയ സ്പാനിഷ് വില്ലേജിനോട് ചേര്‍ന്നാണ് കടല്‍. ദൂരെനിന്ന് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു കനാല്‍ പോലെയാണ് തോന്നുക. ചിലയിടങ്ങളില്‍ വീതിയുണ്ടെങ്കിലും ഇരുവശവും ഉള്ള കെട്ടിടങ്ങള്‍ക്കിടയിലൂടെ ഒഴുകുമ്പോള്‍ ഒരു കനാലിന്റെ പ്രതീതി തോന്നിക്കും. സമുദ്രതീരത്തിന്റെ വശങ്ങളില്‍ സ്പാനിഷ് ഭരണകാലത്ത് ഫിലിപ്പിനോ മാതൃകയില്‍ പണികഴിപ്പിച്ച വലിയ കെട്ടിടങ്ങള്‍ കാണാം. ബോട്ടിലൂടെ ഈ കാഴ്ച കണ്ട് നീങ്ങാം. ദൂരെ നിറയെ വിളക്കുകാലുകള്‍ നിറഞ്ഞ ഒരു മേല്‍പ്പാലത്തിന്റെ സുന്ദരദൃശ്യം കണ്ണിന് കുളിരേകി. ഭംഗിയേറിയ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് ബോട്ടിലൂടെയുള്ള സഞ്ചാരം മറക്കാനാകില്ല.

മലമുകളിലേക്ക്
പിറ്റേന്ന് ഞങ്ങള്‍ ബതാആനിലുള്ള സാമത് മലമുകളിലേക്കാണ് പോയത്. സമുദ്രനിരപ്പില്‍നിന്ന് 1821 അടി ഉയരത്തിലാണ് മൗണ്ട് സാമത്. ടിക്കറ്റ് എടുത്തുവേണം പ്രവേശിക്കാന്‍. മലകയറ്റത്തിന്റെ തുടക്കം ദുര്‍ഘടവും ബുദ്ധിമുട്ടേറിയതുമായിരുന്നു. എന്നാല്‍, വീതിയുള്ള പാതയായതിനാല്‍ പോകെപ്പോകെ ആയാസം തോന്നിയില്ല. നിറയെ ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ പാതയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ നടന്നുകൊണ്ടിരുന്നു. ഒടുവില്‍ സാമത് മലമുകളുടെ ഉച്ചിയില്‍ എത്തിച്ചേര്‍ന്നു. മനോഹരമായി പ്രകൃതി, വിശ്രമിക്കാന്‍ സിമന്റ് ബെഞ്ചുകള്‍, അല്പം ദൂരെയായി ഭീമാകാരമായ ഒരു ലോഹ കുരിശ്. ഞങ്ങള്‍ അതിന്റെ ചുവട്ടിലേക്ക് നടന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ സേനയോട് എതിരിടാന്‍ ഫിലിപ്പിനോ സൈന്യവും അമേരിക്കന്‍ സേനയും നടത്തിയ ധീരാശ്രമങ്ങളെ ആദരിക്കാനായി നിര്‍മ്മിച്ച കുരിശാണ് ഇത്. 'ബതാആന്‍ മെമ്മോറിയല്‍ കുരിശ്' എന്നാണ് ഇത് അറിയപ്പെടുന്നത്. മലമുകളില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ്ശിന് 312 അടി ഉയരമുണ്ട്.
കുരിശിന്റെ അടിഭാഗത്തായി രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഫിലിപ്പൈന്‍ സൈനികരുടെയും അമേരിക്കന്‍ സൈനികരുടെയും ശില്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. 1966-ല്‍ അന്നത്തെ ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന ഫെര്‍ഡിന്‍ഡ് മാര്‍ക്കോസ് ആണ് ഈ നിര്‍മ്മിതി ഉദ്ഘാടനം ചെയ്തത്. കുരിശിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങള്‍ തിരിച്ചിറക്കം ആരംഭിച്ചു. ചുറ്റുമുള്ള ബതാആനിന്റെ ഭംഗി ഒരു ദൃശ്യവിരുന്നിന് സമാനം. ഉരുളന്‍ കല്ലുകള്‍ പാകിയ മറ്റൊരു വഴിയിലൂടെയായിരുന്നു ഞങ്ങളുടെ തിരിച്ചിറക്കം. ഫിലിപ്പീനിയന്‍ ക്രിസ്മസ് രാവുകളും ഊഷ്മളമായ ആതിഥ്യവും ഏറ്റുവാങ്ങിയ ഈ ദിനരാത്രങ്ങള്‍ മനസ്സില്‍ എന്നും മായാതെ നില്‍ക്കും.
Content Highlights: Christmas getaway in the Philippines
Published: 01 Nov 2024, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented