സൂര്യൻ ഉച്ചസ്ഥായിയിൽ ജ്വലിച്ചുനിന്ന 2025-ലെ മേയ് മാസത്തിലായിരുന്നു ചൈനയിലേക്കുള്ള ആ സ്വപ്നയാത്ര. നെടുമ്പാശ്ശേരിയിൽ നിന്ന് നേരേ ക്വലാലംപുരിലേക്ക്. അവിടെനിന്ന് മഞ്ഞുമേഘങ്ങൾക്കിടയിലൂടെ ചൈനയിലേക്കും. ഒമ്പത് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്‌ക്കൊടുവിൽ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ എയർപോർട്ടിൽ ചെന്നിറങ്ങി. കടൽപ്പക്ഷിയുടെ ആകൃതിയിൽ അതിമനോഹരമായി നിർമിച്ച അത്യന്താധുനിക എയർ പോർട്ട്. കാണാൻ പോകുന്ന കാഴ്ചകളുടെ ആമുഖമായി വിമാനത്താവളത്തിനുള്ളിൽ കമനീയമായി ഒരുക്കിയ വെർട്ടിക്കൽ ഗാർഡൻ മനസ്സിൽ പതിഞ്ഞു.
എയർപോർട്ടിന് പുറത്ത് ഒരാൾ ഞങ്ങളെ കാത്തുനിൽപ്പുണ്ട്. ഷാങ്ഹായിയിൽ ഗൈഡ് എന്ന ചുമതലയേറ്റെടുത്ത പോൾ. സ്വാഗതം പറഞ്ഞുകൊണ്ട് പോൾ ഒരു പാണ്ടയുടെ പാവയെ കെട്ടിത്തൂക്കിയ വടി ഉയർത്തിക്കാട്ടി. ''കൂട്ടംതെറ്റിപ്പോകാതിരിക്കാൻ ഇതാണ് നമ്മുടെ അടയാളം'' എന്ന ഓർമ്മപ്പെടുത്തലോടെ വടി ഉയർത്തിപ്പിടിച്ച് പോൾ അതിവേഗം നടന്നു.പിന്നാലെ 40 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘവും.
ചീനമഴ
ചൈനയിലെ ആദ്യ ദിവസം ഷാങ്ഹായ് (shanghai) നഗരക്കാഴ്ചകൾക്കായാണ് മാറ്റിവെച്ചത്. മഹാനഗരത്തിന്റെ വിസ്തൃത ദൃശ്യങ്ങളിലേക്ക് ഊളിയിടാനൊരു അവസരമായിരുന്നു അത്. പക്ഷേ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ കണക്കുകൂട്ടലുകൾ തെറ്റി. ബസ്സിന്റെ ചില്ലുജനാലയിലൂടെ ചൈനീസ് മഴ മനംനിറയുവോളം ആസ്വദിച്ചു. ആ മഴയുടെ പശ്ചാത്തലത്തിൽ ബസ്സിൽ നഗരപ്രദക്ഷിണം. നഗരക്കാഴ്ചയിലുടനീളം മഴ അകമ്പടിപോന്നു. ആകാശത്തെ ചുംബിക്കുന്ന വമ്പൻ കെട്ടിടങ്ങളും നഗരത്തിന് മാറ്റേകുന്ന പൂന്തോട്ടങ്ങളും അമ്പരപ്പിക്കുന്ന നിർമിതികളും കണ്ട് ഷാങ്ഹായിയിൽ ഒരു പകൽ.
ജേഡ് ബുദ്ധ ടെമ്പിൾ
ചൈനയിലെ ആദ്യ പ്രഭാതം ചെറിയൊരു മതിഭ്രമത്തിന് ഇടയാക്കി. കണ്ണിൽ വന്നുതറച്ച വെളിച്ചം ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തുകയായിരുന്നു. നേരം വൈകിയോ എന്ന വെപ്രാളത്തിൽ ചാടിപ്പിടഞ്ഞെഴുന്നേറ്റ് സമയംനോക്കി. പുലർച്ചെ 5.30 ആയിട്ടേയുള്ളൂ. പക്ഷേ, വെളുത്ത പകലിന്റെ വെളിച്ചത്തിൽ കുളിച്ചുനിൽക്കുകയാണ് ഷാങ്ഹായ്. ആ മതിഭ്രമത്തിൽ നിന്ന് വീണ്ടും ഉറക്കത്തിലേക്ക് വഴുതി.
ആ ദിവസത്തെ ആദ്യ യാത്ര ജേഡ് ടെമ്പിളിലേക്കാണ്. താമസസ്ഥലത്തുനിന്ന് ഇരുപത് മിനിറ്റ് യാത്രയുണ്ട് അവിടേക്ക്. നഗരത്തിരക്കിൽ മൗനത്തിൽ മുങ്ങിയൊരു ബുദ്ധക്ഷേത്രം.
ആഭരണങ്ങളും അലങ്കാരങ്ങളും ശില്പങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരുതരം രത്നകല്ലാണ് ജേഡ്. ചൈനയിൽ ഈ കല്ലിന് ആചാരപരമായും ആത്മീയമായും പ്രാധാന്യമുണ്ടത്രെ. അതിൽ നിന്നാണ് അമ്പലത്തിന് ഈ പേരുവന്നത്.
ക്ഷേത്രത്തിനുള്ളിൽ ഒരു ധ്യാനബുദ്ധനും ശയന ബുദ്ധനും. ഒരൊറ്റ ജേഡിൽ നിന്നുതന്നെ കൊത്തിയെടുത്തതാണ് ധ്യാന ബുദ്ധന്റെ രൂപം. ആ ശില്പത്തിന്റെ ഫോട്ടോ എടുക്കാൻ അനുമതിയില്ല.
ശില്പ-ചിത്ര ചാരുതയുള്ള ഉൾത്തളങ്ങൾ. ഒരു കോണിൽ ഉയരം കുറഞ്ഞ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് കുറെ ബുദ്ധ സന്യാസിമാർ പ്രാർഥിക്കുന്നുണ്ട്. വിശാലമായ വളപ്പിനുള്ളിലാണ് ക്ഷേത്രം. സഞ്ചാരികളേറെയുണ്ടെങ്കിലും ആൾക്കൂട്ടത്തിന്റെ ബഹളങ്ങളൊന്നും ക്ഷേത്രത്തെ ബാധിക്കുന്നില്ല.
ഒപ്പംപോന്ന കുഞ്ഞൻ
ജേഡ് ടെമ്പിളിൽനിന്ന് തിരികെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ അതിവേഗ ലിഫ്റ്റിലേക്ക് ഞങ്ങൾക്കൊപ്പം ഒരു യന്ത്ര കുഞ്ഞനും ഓടിക്കയറി. അമ്പരന്നുപോയ മനുഷ്യരെ തീരെയും കണക്കിലെടുക്കാതെ യന്ത്രം ഒരുകോണിൽ നിൽപ്പുറപ്പിച്ചു. ക്ലീനിങ് മെഷീൻ ആണ് ഈ കക്ഷി. ഇയാൾക്കുകൂടി ഇടംകൊടുക്കണമെന്ന അറിയിപ്പ് ലിഫ്റ്റിനുള്ളിൽ കണ്ടു. മുകൾ നിലകൾ വൃത്തിയാക്കാനുള്ള യാത്രയിലാണ് കക്ഷി.
ചൈനയിലെ വൃത്തിയുടെ കാര്യം എടുത്തുപറയേണ്ടതാണ്. അതീവ ശുചിത്വമുള്ള റോഡുകൾ. അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസുകഷണങ്ങളോ പ്ലാസ്റ്റിക്കോ എന്തിന് മരങ്ങളിൽ നിന്നുതിർന്ന ഒരില പോലും എവിടെയും കാണാനില്ല.
നദിയിൽ മുഖംനോക്കി
ഹുവാങ്പു (Huang pu) നദിക്കരയിൽ ഷാങ്ഹായ് നഗരം സമ്മാനിച്ചൊരു സുന്ദരദൃശ്യവും മനസ്സിൽ ഇടംനേടിയിരുന്നു. നഗരക്കാഴ്ചകളിലേക്ക് മിഴികളെ നയിക്കുന്ന ചിത്രദർശിനി പോലെ ഒരു കെട്ടിടം, ജിൻ മാവോ ടവർ. ടവറിന്റെ 88-ാം നിലയിൽ ഒരു അദ്ഭുതദൃശ്യം കാത്തിരിപ്പുണ്ടെന്ന് ഗൈഡ് മുൻകൂട്ടി പറഞ്ഞിരുന്നു. അത് സത്യമായിരുന്നു. കണ്ണുചിമ്മിത്തുറക്കുന്ന വേഗതയിൽ ഹൈസ്പീഡ് ലിഫ്റ്റ് ഞങ്ങളെ 88-ാം നിലയിൽ എത്തിച്ചു. അവിടെ അതിവിസ്തൃതമായ ബാൽക്കണിയിൽ നിന്നു നോക്കിയാൽ നഗരത്തിന്റെ ആകാശക്കാഴ്ചകൾ കാണാം. അക്ഷരാർഥത്തിൽ അത് ആകാശനടത്തംകൂടിയായിരുന്നു. താഴെ അത്യഗാധതയിൽ യാതൊരു ധൃതിയുമില്ലാതെയൊഴുകുന്ന നദി.
ഹുവാങ്പു നദിയിലൂടെയുള്ള ക്രൂയിസ് യാത്രയും മനസ് നിറച്ചു. ക്രൂയിസിന്റെ മൂന്നാം നിലയിൽ നിന്ന് നോക്കിയപ്പോൾ നേരത്തെ ആകാശ ദൃശ്യം കാണിച്ചുതന്ന ജീൻമാവോ ടവർ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നത് കണ്ടു. അതിനേക്കാൾ വലിപ്പമുള്ള ധാരാളം ബഹുനില മന്ദിരങ്ങൾക്കിടയിലാണ് ടവറിന്റെ നില്പ്. ആ നദീയാത്ര അസ്തമയത്തിന്റെ സൗവർണക്കാഴ്ചകൾ കൂടി സമ്മാനിച്ചു.
ഷാങ്ഹായിയിലെ ആ വീട്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ യോഗം നടന്നത് ഷാങ്ഹായിയിലെ ഒരു വീട്ടിലായിരുന്നു. ഇപ്പോൾ മ്യൂസിയമായി സംരക്ഷിച്ചിരിക്കുകയാണവിടം. ഷൂ ധരിച്ചെങ്കിൽ മാത്രമേ പ്രവേശനമുള്ളൂ... മടമ്പ് വശം നന്നായി മൂടിയിരിക്കണം... ലേസ് കൃത്യമായി കെട്ടണം. ഈ നിബന്ധനകളെല്ലാം പാലിച്ച് അകത്തുകടക്കാം.
വിശാലമായ ഹാളിലേക്കാണ് ആദ്യം കടക്കുക. അടുത്ത നിലയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മെഴുകുപ്രതിമകളായി വട്ടമേശയ്ക്ക് ചുറ്റുമിരിക്കുന്ന പഴയ നേതാക്കന്മാരെ കാണാം. മ്യൂസിയത്തിന് സമീപത്തായുള്ള ഫ്രഞ്ച് സെറ്റിൽമെന്റ് ഏരിയ മട്ടാഞ്ചേരിയുടെ ഒരു പതിപ്പെന്നപോലെ തോന്നി.
ചൈനാ ടൗണിലെ ചോക്ലേറ്റ് മ്യൂസിയം
ദീപാലങ്കൃതമായ ചൈനാ ടൗണിലെ ഒരു തെരുവ് ചോക്ലേറ്റ് മ്യൂസിയത്തിലേക്ക് പാത തുറന്നു. മ്യൂസിയത്തിനുള്ളിൽ രണ്ട് വലിയ കാടുകൾ ക്രമീകരിച്ചിരിക്കുന്നു. കാട്ടിൽ നിറയെ വിവിധ ജീവികളുടെയും മരങ്ങളുടെയും ചെടികളുടെയും രൂപങ്ങൾ. ഈ കാടും ജീവിജന്തുലോകവുമെല്ലാം ചോക്ലേറ്റുകൊണ്ടുള്ള സൃഷ്ടികളാണെന്നതാണ് അദ്ഭുതം. കാടിന്റെ നിലം നിറഞ്ഞുകിടപ്പുണ്ട് വെള്ളാരങ്കല്ലുകളായി രൂപംമാറിയ വൈറ്റ് ചോക്ലേറ്റിന്റെ തുണ്ടുകൾ.
ചോക്ലേറ്റുകളുടെ ഈ വിശാലലോകത്തുനിന്നും പ്രാചീനമായ സുജിയാജോ (Zhujiajao) വാട്ടർ വില്ലേജായിരുന്നു അടുത്ത ലക്ഷ്യസ്ഥാനം. ഷാങ്ഹായിയിൽ നിന്ന് ഒരു മണിക്കൂർ യാത്രയുണ്ട്. യാത്രയിലുടനീളം ഓറഞ്ചും വെള്ളയും വയലറ്റും നിറങ്ങളുള്ള പൂക്കൾ നിറഞ്ഞ ചെടികൾ പിന്തുടർന്നു.
വാട്ടർ വില്ലേജിൽ ധാരാളം വെള്ളമുള്ള കനാലിന്റെ തീരത്തുകൂടി നടക്കാം. തീരത്തെ ഭക്ഷണശാലകളിൽ വിവിധ പുഴുക്കൾ, തേളുകൾ ഇവയെയൊക്കെ വറുത്തുവച്ചിട്ടുണ്ട്. പലതരം മാംസത്തിന്റെ ധാരാളിത്തവും ഇവിടെയുണ്ട്.
ബീജിങ്ങിലേക്ക്
മനോഹരമായ രണ്ട് ദിനരാത്രങ്ങൾക്കൊടുവിൽ ഷാങ്ഹായിയോട് യാത്ര പറഞ്ഞു. ചൈനയുടെ തലസ്ഥാനനഗരിയായ ബീജിങ്ങിലേക്കാണ് അടുത്ത യാത്ര.
സമ്മർ പാലസിലായിരുന്നു അവിടത്തെ കാഴ്ചകളുടെ തുടക്കം. ചൈനയിലെ രാജാക്കന്മാർ വേനൽക്കാലം ചെലവഴിക്കാൻ ഉണ്ടാക്കിയ അതിമനോഹരമായ കൊട്ടാരമാണിത്. ബീജിങ്ങിന്റെ നഗരപുഷ്പമാണ് റോസ്. അതുകൊണ്ടാവാം പാതയോരങ്ങളിലെല്ലാം പൂവണിഞ്ഞുനിൽപ്പുണ്ട് റോസാച്ചെടികൾ.
നിറഞ്ഞുതുളുമ്പുന്ന സൗന്ദര്യത്തിന്റെ ഈ കാഴ്ചകൾക്കിടയിൽ ചൈനക്കാരുടെ അച്ചടക്കത്തെപ്പറ്റിയും പറയേണ്ടതുണ്ട്. അവർ റോഡിൽ പാലിക്കുന്ന അച്ചടക്കം മാതൃകാപരം. ഹോണുകളുടെ ശബ്ദം കേൾക്കാനില്ലെന്നു തന്നെ പറയാം. ഇടയ്ക്കിടെ ഇലക്ട്രിക് ബസുകൾ പോകുന്നത് കാണാം. സൈക്കിളുകൾക്ക് പ്രത്യേകം പാതകളുണ്ട്. പാതയോരങ്ങളിൽ മഞ്ഞയും നീലയും നിറങ്ങളുള്ള സൈക്കിളുകൾ കൂട്ടമായി നിർത്തിയിട്ടിരിക്കുന്നു. ഈ സൈക്കിളുകളിലെ ലോക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച് തുറക്കാം. എവിടേക്ക് വേണമെങ്കിലും പോകാം. നിശ്ചിത ഫീസുണ്ട്. ഉപയോഗശേഷം സൗകര്യപ്രദമായ ഏതെങ്കിലും ഷെയറിങ് സെന്ററുകളിൽ തിരികെയേല്പിച്ചാൽമതി.
വന്മതിൽ
ചൈനക്കാരെ സംബന്ധിച്ച് സുരക്ഷിതത്വത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമാണ് ഡ്രാഗണുകൾ. അതിനാൽ ഡ്രാഗണിന്റെ ആകൃതിയിലാണ് വിശ്വവിഖ്യാതമായ വന്മതിലിന്റെ നിർമാണം എന്നൊരു പറച്ചിലുമുണ്ട്. എന്തായാലും വന്മതിൽ കാണണം എന്നൊരു ഉദ്ദേശവും ഈ ചൈനായാത്രയ്ക്ക് പിന്നിലുണ്ടായിരുന്നു. ബീജിങ്ങിലെ ഉയരമുള്ള മലകൾക്ക് മുകളിലൂടെ 200 കിലോ മീറ്റർ ദൂരത്തിൽ വൻമതിൽ കടന്നു പോകുന്നു. ദൂരെ നിന്നുതന്നെ വന്മതിൽ കാണാൻ തുടങ്ങി. മുകളിലേക്ക് കയറാൻ അവിടവിടെയായി പടികൾ ഉണ്ട്. നല്ല വെയിൽ. വെറുതെയല്ല തൊപ്പിക്കച്ചവടം ഇത്ര ഉഷാർ. ഇടയ്ക്കിടെ വിശ്രമസങ്കേതങ്ങൾ കാണാം. ഒരുകാലത്ത് പട്ടാളക്കാരുടെ നിരീക്ഷണ കേന്ദ്രങ്ങളായിരുന്നത്രേ ഈ വിശ്രമകേന്ദ്രങ്ങൾ. എന്തായാലും ലോകമഹാദ്ഭുതങ്ങളിലൊന്ന് നേരിൽ കാണാനായെന്ന സന്തോഷം ഉള്ളിൽ കൂടുകൂട്ടി.
കഞ്ഞി വിശേഷങ്ങൾ
ചൈനയിൽ ഏറ്റവും കൂടുതൽ കണ്ടുമുട്ടിയ നാട്ടുകാരൻ നമ്മുടെ സ്വന്തം കഞ്ഞിയാണ്. ചൈനയിലെ ഒട്ടുമിക്ക റസ്റ്റോറന്റുകളിലും രാവിലെയും ഉച്ചയ്ക്കും കഞ്ഞിയും ഉണ്ടാവും. നമ്മുടെ സാധാരണ കഞ്ഞിമുതൽ ഗോതമ്പ് കഞ്ഞി, ധാന്യക്കഞ്ഞി, ചിക്കൻ കഞ്ഞി എന്നിങ്ങനെയുള്ള വകഭേദങ്ങൾ. കഞ്ഞിയോട് സാമ്യമുള്ള 'CONGEE' എന്ന വിളിപ്പേരിലാണ് ചൈനയിൽ കഞ്ഞി അറിയപ്പെടുന്നതും.
കിളിക്കൂടും ചത്വരവും
ബീജിങ്ങിലെ ബെൽ ടവറും ഡ്രം ടവറും തൊട്ടരികിൽ നിന്നുകണ്ടു. അകലെനിന്നേ ചുവന്ന നിറത്തിൽ bird nest ഒളിമ്പിക്സ് സ്റ്റേഡിയം പ്രത്യക്ഷപ്പെട്ടു. ദൂരക്കാഴ്ചയിൽ ശരിക്കും കിളിക്കൂട്. ഇതിനടുത്തായാണ് വാട്ടർക്യൂബ് എന്നറിയപ്പെടുന്ന നാഷണൽ അക്വാട്ടിക് സെന്റർ. നീന്തൽ സമുച്ചയത്തെ ചന്ദ്രനായും ഒളിമ്പിക്സ് സ്റ്റേഡിയത്തെ ഭൂമിയായും സങ്കല്പിച്ചാണ് നിർമാണമെന്ന് അറിയാൻകഴിഞ്ഞു.
തൊട്ടടുത്ത ദിവസം ടിയാനൻമെൻ സ്‌ക്വയറിലേക്ക് പുറപ്പെട്ടു. 60 ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയുള്ള ചത്വരം. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ ചർച്ചകളും സ്‌ക്വയറിൽ പാടില്ല എന്ന് മുന്നറിയിപ്പ് ഗൈഡ് തന്നിരുന്നു. വരി നിന്ന് കനത്ത സെക്യൂരിറ്റി ചെക്കിങിന് ശേഷം സ്‌ക്വയറിലെത്തി. ചുറ്റിനും നിരവധി കെട്ടിടങ്ങൾ. നടുവിൽ ചൈനീസ് കലാപത്തിൽ മരിച്ചവരുടെ സ്മാരകം. തൊട്ടടുത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനവും.
നിഗൂഢ വാതിൽ
ഫൊർബിഡൻ സിറ്റിയിലേക്കുള്ള യാത്ര നിഗൂഢതകളിലേക്കുള്ള വാതിൽ തുറക്കുമ്പോലെയായിരുന്നു. പണ്ടുകാലത്ത് രാജാക്കന്മാരുടെ വസതികൾ നിലനിന്ന സ്ഥലമാണ്. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ട് ഫോർബിഡൻ സിറ്റി എന്ന പേരുവന്നു.
ചൈനീസ് വാസ്തു ശില്പ ശൈലിയുടെ നിറമണിഞ്ഞ മനോഹരസൗധങ്ങൾ. ഓരോന്നും വർണശബളം. ചൈനീസ് ചിത്ര കലകയുടെ സൗന്ദര്യംപേറുന്ന ചുമരുകൾ. രണ്ട് ഫുട്ബോൾ ഗ്രൗണ്ടിന്റെ അത്രയും വലിപ്പമുള്ള ഒരു വളപ്പിന് ചുറ്റും ചതുരാകൃതിയിലാണ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്... ഫൊർബിഡൻ സിറ്റി യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ടെമ്പിൾ ഓഫ് ഹെവൻ
നാല് അമ്പലങ്ങൾ ചേരുന്ന ക്ഷേത്ര സമുച്ചയത്തിന്റെ കാഴ്ചയും ചൈന സമ്മാനിച്ചു. കിഴക്കുഭാഗത്ത് ടെമ്പിൾ ഓഫ് സൺ, പടിഞ്ഞാറ് ടെമ്പിൾ ഓഫ് മൂൺ, വടക്ക് ടെമ്പിൾ ഓഫ് എർത്ത്, തെക്കുഭാഗത്തായി ടെമ്പിൾ ഓഫ് ഹെവൻ എന്നിങ്ങനെ നാല് ക്ഷേത്രങ്ങൾ. ഫൊർബിഡൻ സിറ്റി ഉണ്ടാക്കിയ അതേ വർഷം ചിൻ രാജവംശമാണ് ടെമ്പിൾ ഓഫ് ഹെവനും നിർമ്മിച്ചത്. അവിടുത്തെ പൂന്തോട്ടങ്ങളുടെ ഭംഗി എടുത്തുപറയണം. ആ കാഴ്ചകളോടുകൂടി ചൈനയിലെ ഞങ്ങളുടെ ദിനരാത്രങ്ങൾ അവസാനിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Comprehensive guide to Shanghai's modern architecture and historic Jade Buddha Temple., Cultural insights into Beijing's Forbidden City and the Great Wall., Practical travel tips including public transport and local food experiences like Congee., Highlighting the unique chocolate museum and water villages.
Published: 31 Mar 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented