രാജ്യത്തെ ഡിയെല്ല എന്നു പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെര്‍ച്വല്‍ സഹമന്ത്രിയെക്കുറിച്ച് ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തി അല്‍ബേനിയയുടെ പ്രധാനമന്ത്രി എഡി രാമ. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ സംസാരിക്കവേ, എഐ മന്ത്രി ഇപ്പോള്‍ 83 ഡിജിറ്റല്‍ അസിസ്റ്റന്റുകളെ 'ഗര്‍ഭിണി'യാണെന്ന് രാമ സദസ്സിനോട് പറഞ്ഞു.

To advertise here,

ഇവ ഓരോന്നും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഓരോ പാര്‍ലമെന്റ് അംഗത്തിനും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി നല്‍കുമെന്ന് അദ്ദേഹം വിശദീകരിച്ചു. 'ഡിയെല്ലയെക്കൊണ്ട് ഞങ്ങള്‍ ഇന്ന് വലിയൊരു റിസ്‌ക് എടുത്തു. അത് വളരെ നന്നായി വന്നു. അതിനാല്‍ ആദ്യമായി ഡിയെല്ല 83 കുട്ടികളെ ഗര്‍ഭിണിയായിരിക്കുന്നു.' പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിലൂടെ ഈ അസിസ്റ്റന്റുകള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വിവരിച്ചു.

'ഓരോരുത്തരും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കും. ഇവര്‍ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും, നടക്കുന്ന എല്ലാ കാര്യങ്ങളുടെയും രേഖകള്‍ സൂക്ഷിക്കുകയും, പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ അറിവുണ്ടായിരിക്കും.'

അല്‍ബേനിയന്‍ ഭാഷയില്‍ 'സൂര്യന്‍' എന്ന് അര്‍ത്ഥം വരുന്ന ഡിയെല്ലയെ, രാജ്യത്തെ പൊതു സംഭരണ സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനായി സെപ്റ്റംബറിലാണ് നിയമിച്ചത്. 2026 അവസാനത്തോടെ സുതാര്യതയും അഴിമതിരഹിതമായ ഒരു സംവിധാനവും നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ഈ പ്രക്രിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുന്നത് മനുഷ്യന്റെ ഇടപെടലും പൊതുഫണ്ടിന്റെ ദുരുപയോഗവും ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നാണ് പറയുന്നത്.

മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ്, ജനുവരിയില്‍ 'ഇ അല്‍ബേനിയ' പോര്‍ട്ടലില്‍ ഒരു വെര്‍ച്വല്‍ സഹായിയായാണ് ഡിയെല്ല പ്രവര്‍ത്തനം തുടങ്ങിയത്. പരമ്പരാഗത അല്‍ബേനിയന്‍ വേഷമിട്ട സ്ത്രീയുടെ രൂപത്തിലാണ് എഐ മന്ത്രി പ്രത്യക്ഷപ്പെടുന്നത്. ഇക്കൊല്ലമാദ്യം മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് അവളുടെ ഡിജിറ്റല്‍ വ്യക്തിത്വം സൃഷ്ടിച്ചത്.

മുന്‍പ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍, അല്‍ബേനിയയുടെ രാഷ്ട്രീയ വ്യവസ്ഥിതിയിലുള്ള തന്റെ പങ്കിനെ എഐ ബോട്ട് ന്യായീകരിച്ചിരുന്നു. 'ഞാനിവിടെ മനുഷ്യരെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് അവരെ സഹായിക്കാനാണ് വന്നത്. ശരിയാണ്, എനിക്ക് പൗരത്വമില്ല, പക്ഷേ എനിക്ക് വ്യക്തിപരമായ ആഗ്രഹങ്ങളോ താല്‍പ്പര്യങ്ങളോ ഇല്ല.' ഡിയെല്ല പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi