
ഏറെയിഷ്ടം സേമിയ പായസം- അഞ്ജലി നായര്‍

കുട്ടിക്കാലം മുതല്‍ എന്റെ ഓണം അച്ഛന്റെയും അമ്മയുടെയും തറവാടുകളില്‍ മാറിമാറിയാണ് ആഘോഷിക്കുക. ഒരു വര്‍ഷം തൃപ്പൂണിത്തുറയിലെ അച്ഛന്റെ തറവാട്ടിലാണെങ്കില്‍ അടുത്ത വര്‍ഷം കോഴിക്കോടുള്ള അമ്മയുടെ തറവാട്ടിലാകും. സിനിമയില്‍ വന്നശേഷം മൂന്നു നാലു സെറ്റുകളില്‍ ഓണം ആഘോഷിക്കാന്‍ പറ്റി. അതൊരു സന്തോഷവും വേറൊരു ഫീലും ആയിരുന്നു. പ്രേമസൂത്രം എന്ന സിനിമ ചെയ്യുന്ന സമയത്താണ് ഒടുവിലായി ഒരു ലൊക്കേഷനില്‍ ഓണം ആഘോഷിക്കുന്നത്. ഓണപ്പായസങ്ങളില്‍ ഏറ്റവും ഇഷ്ടം സേമിയയാണ്. ഉണ്ടാക്കാനും എളുപ്പമാണത്.
സേമിയ പായസം
നെയ്യ്: ഒന്നര ടീ സ്പൂണ്‍/സേമിയ: 250 ഗ്രാം/പാല്‍ :രണ്ടു ലിറ്റര്‍/വെള്ളം:ഒരു ലിറ്റര്‍ /ചൗവ്വരി :കാല്‍ കപ്പ് /പഞ്ചസാര: അരക്കപ്പ് / മില്‍ക്ക് മെയ്ഡ്: ആവശ്യത്തിന് /ഏലക്കായ: അര ടീസ്പൂണ്‍ / അണ്ടിപ്പരിപ്പ്, കിസ്മിസ്: അല്പം
ഒരുപാനില്‍ ഒന്നര ടീ സ്പൂണ്‍ നെയ്യൊഴിക്കുക. സേമിയ ഇടത്തരം തീയില്‍ നിറം മാറുന്നതു വരെ വറുത്തെടുക്കുക. രണ്ടു ലിറ്റര്‍ പാല്‍ ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. സേമിയ പായസം പാകമായതിനു ശേഷം പെട്ടെന്നു കുറുകിപ്പോകും എന്നതു കൊണ്ട് അല്പം ലൂസാക്കി പാകം ചെയ്യണം. വേണമെങ്കില്‍ ചൗവ്വരി ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് കുക്കറില്‍ ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. പാല്‍ തിളച്ചശേഷം വറുത്തെടുത്ത സേമിയത്തില്‍ ചേര്‍ത്തിളക്കുക. വെന്തു കഴിയുമ്പോള്‍ പഞ്ചസാരയും വേവിച്ചു വെച്ച ചൗവ്വരിയും ചേര്‍ക്കാം. ആവശ്യത്തിന് മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് ഇളക്കുക. തിളച്ചു വരുമ്പോള്‍ അടുപ്പത്തുനിന്നിറക്കി ഏലക്കായ പൊടിച്ചതും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും നെയ്യില്‍ വറുത്തതും ചേര്‍ക്കുക.
രുചിയോടെ കാരറ്റ് പായസം- സീമ ജി. നായര്‍

കുട്ടിക്കാലത്തെ ഓണമാണ് ഏറ്റവും സന്തോഷകരം എന്നാണല്ലോ പറയുക. എനിക്ക് പക്ഷെ അത്തരം നിറമുള്ള ഓണം ഓര്‍മ്മകളൊന്നുമില്ല. അമ്മ നാടകആര്‍ട്ടിസ്റ്റായിരുന്നു. ഓണത്തിന്റെ സമയത്ത് ഒരുപാട് പ്രോഗ്രാമുകളുണ്ടാകും. അമ്മ വീട്ടില്‍ ഇല്ലാത്തതുകൊണ്ട് അച്ഛന്‍ ഓണം ആഘോഷിക്കില്ല. അടുത്തവീട്ടില്‍ നിന്നാകും സദ്യ. അമ്മ വന്നു കഴിഞ്ഞ് ഒരു ചെറിയ ഓണാഘോഷം, പക്ഷെ അപ്പോഴേക്കും ഓണക്കാലമൊക്കെ കടന്നു പോയിരിക്കും. അന്ന് എനിക്ക് നഷ്ടപ്പെട്ട ആ ഓര്‍മ്മകളൊക്കെ ഇന്ന് എന്റെ മകന് നല്‍കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എത്ര തിരക്കായാലും ഓണദിവസം വീട്ടിലുണ്ടാകും. പത്തു-പതിമൂന്നു കൂട്ടം കറികളൊക്കെയായി സദ്യയൊരുക്കും. ഏതു വിശേഷദിവസമായാലും മകന് ഏറ്റവും ഇഷ്ടപ്പെട്ട കാരറ്റ് പായസം ഉണ്ടാക്കും.
കാരറ്റ് പായസം
പാല്‍:ഒരു ലിറ്റര്‍/മില്‍ക്ക് മെയ്ഡ്: ഒന്ന്/കശുവണ്ടി:100 ഗ്രാം/ഇടത്തരം കാരറ്റ്:രണ്ടെണ്ണം/നെയ്യ്:ആവശ്യത്തിന്

പാന്‍ അടുപ്പത്ത് വെച്ച് നെയ്യ് ചൂടാക്കുക. കശുവണ്ടി ഇളം ബ്രൗണ്‍ നിറം ആകുന്നതുവരെ വറുത്തെടുക്കുക. ഇത് പൊടിച്ചെടുത്ത് മാറ്റി വെക്കുക. ബാക്കി വന്ന നെയ്യിലേക്ക് ഗ്രേറ്റ് ചെയ്‌തെടുത്ത് കാരറ്റ് അഞ്ചു മിനുറ്റോളം വഴറ്റുക. മയം വരുമ്പോള്‍ പാല്‍ ഒഴിക്കുക. അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടുത്ത് 10-15 മിനിറ്റ് വേവിക്കുക. കുറുകുമ്പോള്‍ മില്‍ക്ക് മെയ്ഡ് ഒഴിക്കണം. പഞ്ചസാര ചേര്‍ക്കണ്ട. ശേഷം പൊടിച്ചു വെച്ച കശുവണ്ടി ചേര്‍ത്ത് കട്ട പിടിക്കാതെ ഇളക്കുക. തിളയ്ക്കുമ്പോള്‍ വാങ്ങി വെക്കുക. (കശുവണ്ടി പൊടിച്ചു ചേര്‍ക്കുന്നതു കൊണ്ട് പായസം പെട്ടെന്നു കുറുകും)
ഓര്‍മയിലുണ്ട് നേന്ത്രപ്പഴം പ്രഥമന്‍- മഞ്ജു ആര്‍.സതീഷ്

എല്ലാവരും സന്തോഷത്തോടെ, സ്നേഹത്തോടെ ഇരിക്കുന്ന കാലമാണ് ഓണക്കാലം. കുഞ്ഞിലെ ഓണത്തിന് അച്ഛന്റെ വീട്ടില്‍ പോയി രണ്ടു തെങ്ങുകള്‍ക്കിടയില്‍ ഊഞ്ഞാലു കെട്ടി കുതിച്ചാടുന്നതൊക്കെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അമ്മ ടീച്ചറായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തി കായ വറുക്കുന്നതൊക്കെ രുചിയുള്ള ഓര്‍മകളാണ്.അതൊക്കെ ഒരു കാലം. ആ ഓര്‍മ്മകള്‍ തന്നെ രസമാണ്.
നേന്ത്രപ്പഴം പ്രഥമന്‍
നേന്ത്രപ്പഴം: അരക്കിലോ/ ശര്‍ക്കര: അരക്കിലോ/നെയ്യ്: ആവശ്യത്തിന്/തേങ്ങ:വലുത് രണ്ട്/അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത്: ആവശ്യത്തിന്/ഏലക്ക : മൂന്ന്

അരക്കിലോ നേന്ത്രപ്പഴം പുഴുങ്ങുക. ശേഷം പുറമെയുള്ള നാരുകളും അകത്തുള്ള കറുത്ത കുരുക്കളും കളഞ്ഞ് മാറ്റുക. അരക്കിലോയില്‍ ഇടത്തരം മൂന്ന് ഏത്തക്കായ ഉണ്ടെങ്കില്‍ അതില്‍ ഒന്നു മാറ്റി വെച്ച് ബാക്കി നന്നായി ഉടച്ചെടുക്കുക. ബാക്കിയുള്ള ഒന്ന് നെടുകെ മുറിച്ച് ത്രികോണാകൃതിയില്‍ അരിഞ്ഞു വെക്കുക. ഉരുളിയില്‍ നെയ്യൊഴിച്ച് അരിഞ്ഞു വെച്ച കഷണങ്ങള്‍ നേര്‍ത്ത തവിട്ടു നിറമാകും വരെ വഴറ്റുക. ബാക്കി വന്ന നെയ്യിലേക്ക് ഉടച്ചു വെച്ച നേന്ത്രപ്പഴം ഇട്ട് വഴറ്റി അതിലേക്ക് രണ്ടു തേങ്ങ പിഴിഞ്ഞ് പാലെടുത്തതില്‍ രണ്ടാം പാല്‍ ചേര്‍ത്ത് ചെറുതീയില്‍ കുറുക്കിയെടുക്കുക. പാലും പഴവും മിക്‌സ് ആവണം. ശേഷം ശര്‍ക്കര ഉരുക്കിയത് ഒഴിക്കുക. നന്നായി ഇളക്കി തിളച്ചു ചെറുതായി കുറുകുമ്പോള്‍ ഒന്നാം പാല്‍ (രണ്ടു കപ്പ്) ഒഴിച്ച് അടുപ്പത്തു നിന്നിറക്കി വെച്ച് ഇളക്കണം. ഇതിലേക്ക് നേരത്തെ വഴറ്റി വെച്ച പഴംനുറുക്കിയത് ചേര്‍ക്കാം. വേറൊരു പാനില്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ക്കാം. ഏലയ്ക്കാപൊടിച്ചത് ചേര്‍ത്തിളക്കി ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് ഇളക്കി മൂടുക.
(തയ്യാറാക്കിയത്- ആമി അശ്വതി)
Content Highlights: celebrity onam memories and payasam recipes
Published: 29 Aug 2023, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented