പുതുവർഷം എപ്പോഴും പുതിയ യാത്രകൾക്കുള്ള ആവേശം നൽകാറുണ്ട്. കലണ്ടറുകൾ മാറുന്ന ഈ സമയത്ത്, മുൻകൂട്ടി പ്ലാൻ ചെയ്തില്ലെങ്കിൽ പോലും എവിടെയെങ്കിലും ഒരു യാത്ര പോകുന്നത് മനസ്സിന് സന്തോഷം നൽകുന്ന കാര്യമാണ്. വലിയ ചിലവുകളോ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളോ ഇല്ലാതെ തന്നെ മനോഹരമായ പുതുവർഷ യാത്രകൾ സാധ്യമാണ്. അവസാന നിമിഷം പ്ലാൻ ചെയ്യുന്നവർക്ക് ബജറ്റിലൊതുങ്ങുന്നതും സമാധാനപരമായതുമായ ചില സ്ഥലങ്ങൾ ഇതാ.

ലാൻസ്ഡൗൺ, ഉത്തരാഖണ്ഡ്
പൈൻ വനങ്ങളാൽ ചുറ്റപ്പെട്ട ഈ ശാന്തമായ പട്ടണം തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. വനത്തിലൂടെയുള്ള നടത്തവും കൊളോണിയൽ കാലഘട്ടത്തിലെ ചാം ഒക്കെയുള്ള ഈ സ്ഥലത്ത് തിരക്കുള്ള സമയത്തും, താമസം കുറഞ്ഞ ചിലവിൽ ലഭ്യമാകാറുണ്ട്.

ചക്രത , ഉത്തരാഖണ്ഡ്
സാധാരണ ഹിൽ സ്റ്റേഷനുകളെ അപേക്ഷിച്ച് വാണിജ്യവൽക്കരിക്കപ്പെടാത്ത സ്ഥലമാണിത്. മലനിരകളുടെ ഭംഗിയും വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങും ഇഷ്ടപ്പെടുന്നവർക്ക് ഇവിടം പ്രിയപ്പെട്ടതാകും. അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പോക്കറ്റ് ചോരാതെ പോകാൻ പറ്റിയ ഇടമാണിത്.

തീർഥൻ വാലി, ഹിമാചൽ പ്രദേശ്
ഹിമാചലിലെ ഏറ്റവും ചിലവ് കുറഞ്ഞ പ്രകൃതിരമണീയമായ ഇടങ്ങളിൽ ഒന്നാണിത്. നദിക്കരയിലെ ഗ്രാമങ്ങളും കഫേകളും ശാന്തമായ പുതുവർഷ ആഘോഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. തിരക്കേറിയ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടം ലാഭകരമാണ്.

ഗോകർണ്ണ, കർണാടക
പുതുവർഷ സമയത്തെ ഗോവയിലെ വലിയ തിരക്കും ചിലവും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോകർണ്ണ മികച്ചൊരു പകരക്കാരനാണ്. ശാന്തമായ ബീച്ചുകളും കഫേകളും ലളിതമായ ഗസ്റ്റ് ഹൗസുകളും ഇവിടെയുണ്ട്. കുറഞ്ഞ ചിലവിൽ കടൽതീരത്ത് പുതുവർഷം ആഘോഷിക്കാൻ ഇതിലും നല്ലൊരിടമില്ല.

വർക്കല
മനോഹരമായ ക്ലിഫ് വ്യൂവും കഫേകളും വർക്കലയെ ആകർഷകമാക്കുന്നു. ഡിസംബറിൽ ഇവിടെ ആഘോഷങ്ങൾ ഉണ്ടെങ്കിലും മറ്റ് ലക്ഷ്വറി ബീച്ചുകളെ അപേക്ഷിച്ച് വർക്കല ബജറ്റ് ഫ്രണ്ട്ലിയാണ്. പ്രധാന ക്ലിഫിൽ നിന്നും അല്പം മാറി താമസ സൗകര്യങ്ങൾ തിരഞ്ഞാൽ വ്യത്യസ്ത നിരക്കിൽ ലഭ്യമാണ്.

ജയ്പൂർ, രാജസ്ഥാൻ
പൈതൃകത്തിനും പ്രാദേശിക മാർക്കറ്റുകൾക്കും പേരുകേട്ട ജയ്പൂർ അവസാന നിമിഷം യാത്ര പോകുന്നവർക്ക് നല്ലൊരു ഓപ്ഷനാണ്. എല്ലാ തരത്തിലുള്ള ബജറ്റിലും ഇവിടെ താമസ സൗകര്യങ്ങൾ ലഭിക്കും. സാംസ്‌കാരികമായ ഒരു പുതുവർഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ജയ്പൂർ തിരഞ്ഞെടുക്കാം.

ഋഷികേശ്, ഉത്തരാഖണ്ഡ്
പുതുവർഷം ആത്മീയതയോടും ശാന്തതയോടും കൂടി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഋഷികേശ് അനുയോജ്യമാണ്. യോഗ സെന്ററുകളും ഗംഗാ നദിയുടെ ഭംഗിയും കുറഞ്ഞ ചിലവിലുള്ള താമസസൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi