എല്ലാ വർഷവും ലോകജനത ക്രിസ്മസ് ആഘോഷമാക്കാറുണ്ട്. ക്രൈസ്തവരുടെ ഒരു തിരുനാൾ ആഘോഷത്തിനപ്പുറം, ലോകമെമ്പാടുമുള്ള ജനങ്ങൾ കൊണ്ടാടുന്ന ഒരു ആഘോഷമായി ക്രിസ്മസ് മാറിക്കഴിഞ്ഞു. മഞ്ഞുകാലത്തെ വരവേറ്റുകൊണ്ടുളള ഈ ആഘോഷം, ഒരു പ്രത്യേക അനുഭൂതിയാണ്. എന്നാൽ ക്രിസ്മസ് അവധിക്കാലം ആസ്വദിക്കാൻ യൂറോപ്പിലേക്ക് പറക്കേണ്ട കാര്യമില്ല. തെരുവുകളിലൂടനീളം മിന്നുന്ന വിളക്കുകൾ, കരോളുകൾ, രാത്രി മുഴുവൻ നീളുന്ന ആഘോഷ പരിപാടികൾ എന്നിങ്ങനെ ഇന്ത്യയിലും ക്രിസ്മസ് കളറാണ്. കടൽത്തീരങ്ങൾ മുതൽ മഞ്ഞിൽ മൂടിയ കുന്നിൻ പ്രദേശങ്ങളും കോളനിവൽക്കരണത്തിന്റെ ശേഷിപ്പുകളുമുള്ള പഴയ നഗരങ്ങൾ വരെ, ഇന്ത്യയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമാക്കുന്നു. ഇത്തവണത്തെ ക്രിസ്മസ് ആഘോഷമാക്കാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ ഇതാ.
ഗോവ
ഗോവയ്ക്ക് ക്രിസ്മസ് എങ്ങനെ ആഘോഷിക്കണമെന്ന് നന്നായി അറിയാം. പള്ളികൾ, വിളക്കുകൾ, നക്ഷത്രങ്ങൾ, ക്രിസ്മസ് പാർട്ടികൾ എന്നിങ്ങനെ തിളങ്ങുന്ന നഗരമാണ് ഗോവ. കൂടാതെ ഇവിടെ അർദ്ധരാത്രിയിലുളള കുർബാന ഒരു വലിയ ആഘോഷമാണ്. ബസിലിക്ക ഓഫ് ബോം ജീസസ്, ഔവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ തുടങ്ങിയ പളളികളിൽ പ്രത്യേകിച്ചും. തെരുവുകളിൽ മുഴുവൻ ക്രിസ്മസ് ഗാനങ്ങളും, പാർട്ടികളും നിറഞ്ഞു നിൽക്കുന്ന ഗോവയിൽ, ക്രിസ്മസ് മാർക്കറ്റുകളും സജീവമായിരിക്കും. കൂടാതെ ഫ്രഷ് ഗോവൻ കേക്കുകളും പ്രസിദ്ധമായ വൈനുകളും ആസ്വദിക്കാം. ഗോവ സന്ദർശിക്കാൻ എന്തുകൊണ്ടും അനിയോജ്യമായ കാലാവസ്ഥയാണ് ഡിസംബറിലേത്. ഗോവയിലെ കടൽത്തീരങ്ങളിൽ പകൽ സമയം വിശ്രമിച്ച ശേഷം രാത്രിയിൽ ആഘോഷങ്ങളിൽ മുഴുകാം.
പോണ്ടിച്ചേരി
പോണ്ടിച്ചേരിക്ക് ശാന്തവും ആകർഷകവുമായ ഒരു ക്രിസ്മസ് അന്തരീക്ഷമാണുളളത്. അത് മറ്റൊരിടത്തും നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഗോവയിലെ പോലെ അധികം പാർട്ടികളൊന്നും ഇല്ലെങ്കിലും, ഇവിടത്തെ ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടങ്ങളിൽ മുഴുവൻ വിളക്കുകൾ തെളിയിക്കുമ്പോൾ കൂടുതൽ മനോഹരമാണ്. സേക്രഡ് ഹാർട്ട് ബസിലിക്ക, ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ പോലുള്ള പള്ളികളിൽ പ്രത്യേക ക്രിസ്മസ് പരിപാടികളും നടക്കാറുണ്ട്. ഇത് ഒരു വലിയ വിഭാഗം ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. മാർക്കറ്റുകളും, പോണ്ടിച്ചേരിയിലെ പേരുകേട്ട കഫേകളും ക്രിസ്മസ് പേസ്ട്രികൾ, മധുരപലഹാരങ്ങൾ, ചൂടുള്ള പാനീയങ്ങൾ എന്നിവ വിളമ്പുന്നു. ഇവിടുത്തെ ശൈത്യകാലം വളരെ സൗമ്യമാണ്. അധികം ബഹളങ്ങളൊന്നിമില്ലാതെ ബീച്ചിലൂടെ നടക്കാനും, വൈറ്റ് ടൗണിലെ ശാന്തമായ ഇടവഴികളിലൂടെ സൈക്കിളിൽ കറങ്ങാനും, ക്രിസ്മസ് രാവുകൾ ആസ്വദിക്കാനും അനുയോജ്യമാണ്.
ഷില്ലോങ്, മേഘാലയ
തണുപ്പുളള കുന്നിൻ പ്രദേശങ്ങളിൽ ഒരു ക്രിസ്മസ് ആസ്വദിക്കാനാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ, ഷില്ലോങ് ആണ് അതിന് പറ്റിയ സ്ഥലം. ഡിസംബറിൽ ഈ നഗരം മുഴുവൻ ക്രിസ്മസിനായി അണിഞ്ഞൊരുങ്ങും. പ്രത്യേകിച്ച് പോലീസ് ബസാർ, ലൈതുംഖ്‌റ എന്നീ സ്ഥലങ്ങൾ. പ്രാദേശിക ഗായകസംഘങ്ങൾ കരോളുകൾ ആലപിച്ച് തെരുവോരങ്ങളിലൂടെ നടക്കും. കൂടാതെ മാർക്കറ്റുകൾ ക്രിസ്മസ് അലങ്കാര വസ്തുക്കളും വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. കഫേകളിലും ബേക്കറികളിലും രുചികരമായ ക്രിസ്മസ് കേക്കുകളും അവിടത്തെ തനതായ വിഭവങ്ങളും ലഭിക്കും. തണുത്ത കാറ്റ്, മനോഹരമായ പൈൻ മരങ്ങൾ, എന്നിവയാണ് ഷില്ലോങിലെ ക്രിസ്മസ് നാളുകളുടെ പ്രത്യേകത.
കൊൽക്കത്ത
ക്രിസ്മസിന് പൂർണ്ണമായും ഒരുങ്ങുന്ന നഗരമാണ് കൊൽക്കത്ത. പാർക്ക് സ്ട്രീറ്റിലേക്കാണ് എല്ലാവരും ക്രിസ്മസ് ആഘോഷിക്കാൻ എത്തുക. അവിടം മുഴുവൻ വിളക്കുകളാൽ തിളങ്ങുന്നു, രാത്രി വൈകും വരെ സംഗീതം മുഴങ്ങുന്നു. അതൊരു പ്രത്യേക വൈബാണ്. ഫുഡ് സ്റ്റാളുകൾ, കരോളുകൾ, അർദ്ധരാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷം എന്നിങ്ങനെ അവിടത്തുകാർ ഉറങ്ങില്ലാ ക്രിസ്മസ് രാവുകളിൽ. എല്ലാവരും ആഘോഷത്തിന്റെ ഭാഗമാകും. അവിടേക്ക് പോകുമ്പോൾ സെന്റ് പോൾസ് കത്തീഡ്രലിൽ നടക്കുന്ന ക്രിസ്മസ് പരിപാടികൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. തണുത്ത കാലാവസ്ഥയാണ് നഗരത്തിന്റെ ഏറ്റവും വലിയ ആകർഷണം. ഫുഡ് സ്റ്റാളുകൾ, രാത്രി മാർക്കറ്റുകൾ, കൊൽക്കത്തയിലെ പൈതൃക സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാൻ അനുയോജ്യമായ സമയമാണ് ഇത്. പാരമ്പര്യം ആധുനിക ആഘോഷങ്ങളുമായി കൂടിച്ചേരുന്നതാണ് കൊൽക്കത്തയിലെ ക്രിസ്മസ് ആഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത്.
മുംബൈ
ഉറങ്ങാത്ത നഗരമാണ് മുംബൈ. അവിടത്തെ ക്രിസ്മസ് ആഘോഷങ്ങളും അതുപോലെ തന്നെയാണ്. അത്രയേറെ പ്രാധാന്യത്തോടെയാണ് നഗരം ക്രിസ്മസിനായി തയ്യാറെടുക്കുന്നത്. ബാന്ദ്രയാണ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. പ്രത്യേകിച്ചും അവിടത്തെ ഹിൽ റോഡും ചാപ്പൽ റോഡും. വിളക്കുകൾ, നക്ഷത്രങ്ങൾ, അലങ്കാരങ്ങൾ എന്നിവകൊണ്ട് അവിടം ഒരു യുറോപ്പ്യൻ രാജ്യത്തെ ക്രിസ്മസ് ആഘോഷത്തിന്റെ പ്രതീതി നൽകും. മൗണ്ട് മേരി ബസിലിക്കയും സെന്റ് ആൻഡ്രൂസ് ചർച്ചും അർദ്ധരാത്രി കുർബാനയ്ക്കും മറ്റ് പരിപാടികൾക്കുമായി ജനങ്ങളെ ആകർഷിക്കുന്നു. നഗരത്തിലെ എല്ലാ ബേക്കറികളും രുചികരമായ ക്രിസ്മസ് കേക്കുകളും പ്ലം പുഡ്ഡിംങ്ങുകളും വൈനുകളും വിളമ്പുന്നു. തെരുവുകളിൽ സംഗീതവും, ജനത്തിരക്കും, ആരവങ്ങളും നിലയ്ക്കുന്നില്ല. സന്തോഷത്തോടെ ആഘോഷിക്കാൻ ആവശ്യമായതെല്ലാം ഇവിടം നിങ്ങൾക്ക് സമ്മാനിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the magic of Christmas in India! Explore vibrant celebrations, festive lights, and unique traditions in Goa, Pondicherry, Shillong, Kolkata, and Mumbai. Experience a joyous holiday season without leaving the country.
Published: 05 Dec 2025, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented