മധുരയുടെ സുഗന്ധമായി മാറിയ മുല്ലമൊട്ടുകളെക്കുറിച്ച് പലകുറി കേട്ടറിഞ്ഞിട്ടുണ്ട്. കൊല്ലം വഴി ചെങ്കോട്ട വരെ പോയി തിരികെ വരാമെന്ന ചിന്തയിലായിരുന്നു ഈ യാത്ര. എന്നാല്‍, വഴിയോരങ്ങളിലെ ചൂടിനെയും പൊടികളെയും കീഴടക്കിയ മധുരൈമല്ലിയുടെ സുഗന്ധം എന്നെ മധുരവരെയെത്തിച്ചു. ഒരുകാലത്ത് തമിഴ്‌നാട്ടില്‍ പൂക്കളുടെ പേരില്‍ മാത്രം ഗ്രാമങ്ങളുണ്ടായിരുന്നുവത്രെ! അതിലൊരു നാടാണ് 'മുല്ലൈ'. മുല്ലപ്പൂക്കളുടെ മണമുള്ള ഈ നാടിന്റെ ജീവിതരീതിയെക്കുറിച്ചു സംഘകാലകൃതികളില്‍ കാണാം. ഈ മുല്ലപ്പൂക്കളാണ് ഇന്ന് മധുരയെ ഉറങ്ങാത്ത നഗരമാക്കി (തൂങ്കാനഗരം) മാറ്റിയിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം മറ്റേതൊരു ഉപജീവനമാര്‍ഗത്തോടൊപ്പം ഇരുട്ടില്‍ വെളിച്ചം കൈയില്‍ പിടിച്ചു മുല്ലപ്പാടത്തേക്ക് പോകുന്നത് ഇവിടത്തെ ദിനചര്യയാണ്.

മധുരയിലെത്തിയപ്പോളാണ് ഗൂഗിള്‍ പരതി നിലാകോട്ടയിലെ മധുരൈ മല്ലി ഫ്രാഗ്രന്‍സ് കമ്പനിയുടെ നമ്പര്‍ എടുത്തത്. എന്റെ ആവേശം കണ്ടിട്ടാകണം സീതാപുരം ഗ്രാമത്തില്‍ ഒരുരാത്രി തങ്ങാന്‍ അവര്‍ എനിക്ക് അനുവാദം വാങ്ങിച്ചുനല്‍കിയത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെലുങ്കുനാട്ടില്‍നിന്നും വന്ന് കുടിയേറിപ്പാര്‍ത്ത നായ്ക്കര്‍ വിഭാഗമാണ് ഈ ഗ്രാമത്തില്‍ അധിവസിക്കുന്നത്. തമിഴും തെലുങ്കും കലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന ഇവര്‍ മറ്റു വിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതെ ജീവിക്കുന്നവരാണ്. രാത്രിയില്‍ സ്ത്രീകള്‍ നടത്തുന്ന ഒരു ചായക്കടയില്‍ കയറിയപ്പോളാണ് പുറമെനിന്നും ആദ്യമായി ഈ ഗ്രാമത്തില്‍ താമസിക്കുന്ന വ്യക്തി ഞാനാണെന്ന് മനസ്സിലാകുന്നത്. സ്ത്രീയായതുകൊണ്ടു മാത്രം അവരുടെ ഗ്രാമത്തില്‍ തങ്ങാന്‍ അനുമതി നല്‍കുകയായിരുന്നുവത്രെ!

 

 

അന്ന് രാത്രി സീതാപുരത്തെ ഇരുട്ടില്‍, പുലര്‍ച്ചെ രണ്ടുമണിക്ക് വീട്ടുകാരോടൊപ്പം കട്ടന്‍ചായയും കുടിച്ചു ഞാനും മുല്ലപ്പൂപ്പാടത്തേക്ക് പുറപ്പെട്ടു. പൂപ്പാടങ്ങളുടെ സുഗന്ധം ചുറ്റിലും പരന്നുകഴിഞ്ഞിരുന്നു. പക്ഷേ, ഒരിക്കലും മധുരഗ്രാമങ്ങളിലെ പൂപ്പാടങ്ങള്‍ ആര്‍ക്കും കാണാന്‍ കഴിയില്ല. മൊട്ടുകള്‍ വിരിഞ്ഞു വരും മുന്‍പേ അവ പറിച്ച് ചാക്കിലാക്കിയിരിക്കും. പ്രഭാതം പൊട്ടിവിടരും മുന്‍പേ മുല്ലപ്പൂക്കള്‍ ഗ്രാമങ്ങളിലെ വിപണിയിലെത്തിക്കുന്നു. മധുരയിലെ പല ഗ്രാമങ്ങളിലെയും ഉറക്കത്തിന്റെ സമയം നിശ്ചയിക്കുന്നത് പോലും ഈ മധുരൈ മല്ലികയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുല്ല ഉത്പാദനം ഇന്ന് മധുരയിലാണ്. ഭൗമസൂചികാ പദവിയുള്ള ഈ മുല്ലയുടെ ഇതളുകള്‍ കട്ടി കൂടിയവയാണ്. 36 മണിക്കൂര്‍ വരെ ഇതിന്റെ സുഗന്ധം നീണ്ടു നില്‍ക്കുന്നു. ഈ മൊട്ടുകള്‍ കൊണ്ട് പലതരത്തില്‍ മാലകെട്ടാന്‍ സാധിക്കും. ലാറ്ററേറ്റും ചുവന്ന മണ്ണും സള്‍ഫറിന്റെ അംശവും ആണ് മധുരൈ മല്ലിയുടെ തീവ്രമായ സൗരഭ്യത്തിന്റെ രഹസ്യം. മറ്റേതൊരു മുല്ലയും പുലര്‍ച്ചെ അഞ്ചുമണിയോടെ വിടരുമ്പോള്‍ മധുരൈമല്ലി വിടരുന്നത് രാത്രി 7 മണിക്ക് ശേഷമാണ്.

തൂങ്കാനഗരത്തിനോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ മുല്ലപ്പൂവുകള്‍ക്കു പുറമെ ജമന്ദി, റോസ് എന്നിവയും കൃഷി ചെയ്യുന്നു. സാധാരണ ഒരു കര്‍ഷകന്‍ ദിവസം 7 കിലോ വീതം മുല്ലപ്പൂക്കള്‍ വില്‍ക്കുന്നവരാണ്. ഇതോടൊപ്പം മറ്റു പൂക്കള്‍ 30 കിലോയും കിട്ടും. പുലര്‍ച്ചെ ആറുമണിയോടെ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെ സ്ത്രീ വീട്ടുപണി കഴിഞ്ഞയുടന്‍ ഉറങ്ങാന്‍ കിടന്നു. വൈകീട്ട് 4 മണിക്ക് വീണ്ടും പാടത്തുപോയി രാത്രി ഏഴിന് തിരിച്ചുവന്നു. കാരണം അര്‍ദ്ധരാത്രിയില്‍ മുല്ലപ്പൂമൊട്ടുകള്‍ ശേഖരിക്കാന്‍ അവര്‍ക്ക് വീണ്ടും പാടത്തേക്ക് പോകേണ്ടതാണ്. നേരത്തെ പറഞ്ഞിരുന്നുവല്ലോ തൂങ്കാനഗരത്തിന്റെ ഗ്രാമങ്ങളിലെ ഉറക്കങ്ങള്‍ പോലും നിയന്ത്രിക്കുന്നത് ഈ മുല്ലമൊട്ടുകളാണെന്ന്. യാത്രപറയുന്നതിനിടെ പുഞ്ചിരിച്ചുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു: ''മീണ്ടും വരുകൈ''.

സൂര്യന്‍ ഉദിച്ച ശേഷം വിരിഞ്ഞ മുല്ലകള്‍ ശേഖരിക്കുന്ന ഗ്രാമീണരെ നാട്ടിടവഴികളില്‍ കാണാം. രാവിലെ വരെ പറിച്ചെടുത്ത മുല്ലമൊട്ടുകള്‍ ചാക്കിലാക്കി പുരുഷന്മാര്‍ വണ്ടിയില്‍ നിലാകോട്ടയിലെ പൂച്ചന്തയിലെത്തിച്ചു. മുല്ലമൊട്ടുകള്‍ തൂക്കുന്ന ത്രാസുകളുടെ ശബ്ദവും ലേലം വിളികളുമായി പൂച്ചന്ത ശബ്ദമുഖരിതമായി കഴിഞ്ഞിരുന്നു. മറ്റെല്ലാ പൂക്കളുടെ ഗന്ധത്തിനിടയിലും ദിവസങ്ങളായി മൂക്കില്‍ തങ്ങിനില്‍ക്കുന്ന മുല്ലയുടെ മണം മാത്രം പെട്ടെന്നു വേര്‍തിരിച്ചറിയാനായി.

ചന്തയുടെ ഒരുഭാഗത്ത് സ്ത്രീകള്‍ വരിവരിയായിരുന്നു വിവിധ രീതിയില്‍ മാലകെട്ടുന്നു. ഇവിടെ മുല്ലകള്‍ മാത്രമല്ല, മാല കെട്ടാനുള്ള വാഴനാരും മുല്ലച്ചെടികളുമെല്ലാം വില്പനയ്ക്കുണ്ട്. പൂച്ചന്തയുടെ ഒരുഭാഗത്തു മുല്ലമൊട്ടുകള്‍ നിറച്ച ചണത്തിന്റെ ചാക്ക് വെള്ളം നിറച്ച വലിയ ടാങ്കില്‍ മുക്കിയെടുക്കുന്നു. വെള്ളത്തിന്റെ അംശം നിലനിര്‍ത്തിക്കൊണ്ടാണ് അവ വിടരാതെയും വാടാതെയും സൂക്ഷിക്കുന്നത്. അവ അപ്പോള്‍ തന്നെ വണ്ടികളില്‍ കയറ്റുന്നു. ആദ്യത്തെ വിലകൂടിയ വില്പന കയറ്റുമതിയിലേക്കാണ്. മൊട്ടുകളെല്ലാം ടെക്നോ ഐസ് വെച്ച് പൊതിഞ്ഞ് തെര്‍മോക്കോള്‍ ബോക്‌സിലാക്കി വിടരാതെ സൂക്ഷിച്ചാണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ഉച്ചക്ക് ശേഷം മുല്ലയുടെ വില കുറയുമ്പോള്‍ മാത്രമാണ് ഫ്രാഗ്രന്‍സ് കമ്പനികള്‍ വിപണിയില്‍ ബാക്കിയുള്ള മുല്ലമൊട്ടുകള്‍ വാങ്ങുന്നത്. ഉച്ചവരെ കിലോയ്ക്ക് 1,000 രൂപയായിരുന്ന മുല്ലയുടെ വില 250 രൂപയായി കുറഞ്ഞപ്പോള്‍ മധുരൈ മല്ലി ഫ്രാഗ്രന്‍സ് കമ്പനി ഒരു ടണ്‍ മല്ലിപ്പൂ ചാക്കിലാക്കി. ഇങ്ങനെ അഞ്ചോ ആറോ കമ്പനികള്‍ നിലാകോട്ടയിലുണ്ട്. മുല്ലമൊട്ടുകള്‍ ഖരരൂപത്തിലോ ലായനിയിലോ മാറ്റിയെടുത്തു പെര്‍ഫ്യൂം കമ്പനിക്ക് നല്‍കുന്നവരാണ് ഈ കമ്പനികള്‍. ഇതിന്റെ വിലയാകട്ടെ ഒരു മില്ലീ ഗ്രാമിന് 400 രൂപ വരെയാണ്.

വൈകീട്ടോടെ മുഴുവന്‍ മല്ലിയും ചാക്കിലാക്കി കമ്പനിയില്‍ എത്തിക്കുന്നതോടെ അവ ഇളക്കികൊടുത്തുകൊണ്ട് മൊട്ടുകളുടെ ഈര്‍പ്പം മാറ്റി വിരിയാന്‍ സഹായിക്കുന്നു. രാത്രി പത്തോടെ ഈ പ്രക്രിയ തുടങ്ങിയാല്‍ 10 മണിക്കൂര്‍ എടുത്താണ് മല്ലി എസ്സെന്‍സ് കിട്ടുന്നത്. ഒരു ടണ്‍ മുല്ലപ്പൂവില്‍നിന്നും ഒന്നര കിലോ എസ്സെന്‍സ് മാത്രമേ ഖര രൂപത്തില്‍ കിട്ടുകയുള്ളൂ. അത് ലായനി രൂപത്തിലാക്കാന്‍ റെക്ടിഫൈഡ് ആല്‍ക്കഹോള്‍ ചേര്‍ത്ത് ഡീഫ്രീസ്‌ ചെയ്തു അരിച്ചെടുക്കുന്നു. ഖരരൂപത്തില്‍നിന്നും ലായനിയിലേക്ക് മാറ്റുമ്പോള്‍ വീണ്ടും 40 ശതമാനം കുറയുന്നു.

മധുരൈമല്ലിക്ക് തമിഴ് ജനതയിലുള്ള സ്വാധീനത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പുസ്തകമെഴുതിയ ഉമാ കണ്ണന്‍ ആണ് മധുരൈ മല്ലി ഫ്രാഗ്രന്‍സ് കമ്പനിയുടെ സാരഥി. ഈ സുഗന്ധം തേടി പല രാജ്യങ്ങളിലെ പെര്‍ഫ്യൂം കമ്പനികളും ഇന്ന് മധുരയിലെത്തുന്നുണ്ട്. മറ്റു പൂക്കളുടെ എസ്സെന്‍സും തയാറാക്കാനുള്ള പദ്ധതിയിലാണ് ഇന്ന് കമ്പനി. മധുരൈമല്ലിയെയും തൂങ്കാനഗരത്തെയും അറിഞ്ഞ് കേരളത്തിലേക്ക് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവയുടെ സൗരഭ്യം എന്നെ വിട്ടൊഴിഞ്ഞില്ല. മധുരഗ്രാമത്തിന്റ വിയര്‍പ്പിനുപോലും മുല്ലകളുടെ സുഗന്ധമാണ്. തൂങ്കാനഗരത്തിന്റെ ഗ്രാമവീഥികളിലൂടെ സഞ്ചരിച്ചാല്‍ നമുക്കത് മനസ്സിലാകും.