ആഭ്യന്തരകലഹം മൂലം സ്വന്തം ദേശമായ സൗത്ത് സുഡാനിൽ നിന്ന് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോവേണ്ടിവന്നു, കുഞ്ഞുനാളിലേ നിറത്തിന്റെ പേരിൽ വെളുത്തവർഗ്ഗക്കാരികളായ പെൺകുട്ടികൾ കളിയാക്കി. വിഷമിച്ചിരിക്കാനും തളരാനും കാരണങ്ങളേറെയുണ്ടായിരുന്നു അഡൂത് അകേച്ച് എന്ന പെൺകുട്ടിക്ക്. ആക്രമണങ്ങളിൽ നിന്ന് രക്ഷതേടി ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കുട്ടിക്കാലം വിശപ്പും പേടിയുമാണവൾക്ക് സമ്മാനിച്ചത്. പക്ഷേ ഈ അനുഭവങ്ങൾ അഡൂതിനെ കരുത്തയാക്കിയിരുന്നു. ചുറ്റുപാടുകളെ സ്വയം വളരാനുള്ള വളമാക്കിമാറ്റിയവൾ. 2017 തൊട്ട് ലോക ഫാഷൻ വേദികളിൽ അഡൂതിന്റെ പേര് തരംഗമായിരുന്നു. ഫാഷൻ ലോകത്തേക്ക് നീയോ എന്ന് നെറ്റിചുളിച്ചവർക്കുമുമ്പിൽ വിലയുള്ള മോഡലായി അഡൂത് വളർന്നുവന്നു.
സ്വദേശം സൗത്ത് സുഡാൻ
സുഡാന്റെ ഭാഗമായിരുന്ന സൗത്ത് സുഡാനിലാണ് അഡൂത് അകേച്ചിന്റെ അച്ഛനും അമ്മയും ജനിച്ചുവളർന്നത്. രാജ്യത്ത് ആഭ്യന്തരസംഘർഷം രൂക്ഷമായിരിക്കെയായിരുന്നു അഡൂതിന്റെ അമ്മ അവളെ ഗർഭം ധരിക്കുന്നത്. യുദ്ധം രൂക്ഷമായപ്പോൾ അവർക്ക് കെനിയയിൽ അഭയം പ്രാപിക്കേണ്ടിവന്നു. കെനിയയിലേക്കുള്ള വഴിമധ്യേയാണ് അഡൂത് (1999) പിറക്കുന്നത്. കുട്ടിക്കാലം കെനിയയിലെ കകുമയിലുള്ള പല അഭയാർഥി ക്യാമ്പുകളിൽ. അഞ്ച് സഹോദരങ്ങളുണ്ട്. അഡൂതിന് ഏഴു വയസ്സുള്ളപ്പോൾ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഓസ്ട്രേലിയ അവർക്ക് അഭയാർഥിത്വം നൽകുകയായിരുന്നു. ആഭ്യന്തരകലഹം നടക്കുന്ന കലാപഭൂമികളിൽ നിന്ന് പരിഭ്രാന്തരായി ഓടിപ്പോകുന്നവരിൽ പലതരം ആളുകളുണ്ടാവും. അവരിൽ നിന്ന് ഉയർന്നുവന്ന ഒത്തിരി പ്രതിഭകളെ ലോകം കണ്ടതാണ്.
ആ പെൺകുട്ടി സ്വപ്നം കണ്ടു
‘ഓസ്ട്രേലിയയാണ് ഇപ്പോഴെന്റെ നാട്. 11 വയസ്സുമുതൽ വിക്ടോറിയ സീക്രട്ട് ഫാഷൻ ഷോകൾ കാണാറുണ്ട്. ഇംഗ്ലീഷ് മോഡലായ നവോമി കാംപെലിനെപ്പോലെ ജീവിക്കാൻ ഞാൻ സ്വപ്നം കണ്ടിരുന്നു. 15-ാം വയസ്സുവരെ നിറത്തിന്റെ പേരിൽ ധാരാളം പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്റെ മുടിയെയും തൊലിനിറത്തെയും പല്ലിനെയും വെളുത്ത വര്ഗ്ഗക്കാരികളായ പെൺകുട്ടികൾ കളിയാക്കുമായിരുന്നു. അതെല്ലാം എന്നിൽ അരക്ഷിതാവസ്ഥ വളർത്തിയിട്ടുണ്ട്. പിന്നെ ഞാനൊന്നും ശ്രദ്ധിക്കാതെയായി. ഞാൻ സുന്ദരിയാണെന്ന് എന്നോടു തന്നെ പറഞ്ഞു. ഒപ്പം പഠിക്കുന്ന കുട്ടികളുടെ ക്രൂരതയെ ഞാൻ ഗൗനിച്ചില്ല. കുടുംബമാണ് ഫാഷൻ ലോകത്തെ താത്പര്യം കണ്ട് എന്നെ ഈ രംഗത്തേക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചത്. പക്ഷേ, പ്രാദേശിക മോഡലിങ് ഏജൻസികളൊന്നും പ്രൊമോട്ട് ചെയ്യാൻ തയ്യാറായില്ല. 13 വയസ്സോ 14 വയസ്സോ ആയിരുന്നു അന്ന് പ്രായം. പക്ഷേ, അധികം വൈകാതെ 16-ാം വയസ്സിൽ മോഡലിങ് ജീവിതം തുടങ്ങി. സിഡ്നിയിലെ ചാഡ്വിക് മോഡൽസ് എന്ന ഏജൻസിയുമായി കരാറൊപ്പിട്ടു. പ്രാദേശിക ഫാഷൻ ഷോയിലൂടെയാണ് ആദ്യം അവസരങ്ങൾ വന്നത്. അഡൂത് അകേച്ച് എന്ന പേര് വിളിക്കാൻ ബുദ്ധിമുട്ടിയ അധ്യാപകർ എന്നെ മേരി എന്നു വിളിച്ചു. പക്ഷേ, ഫാഷൻ ലോകത്ത് സ്വന്തം പേരിൽതന്നെ തുടരാനാണ് ഞാൻ തീരുമാനിച്ചത്.’-അഡൂത് അഭിമുഖങ്ങളിൽ പറഞ്ഞു.


Content Highlights: south sudanese-australian model adut akech survival story
Published: 04 Dec 2023, 03:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented