
'അപ്പൂപ്പന്താടിക്കൊപ്പം കെട്ടുപൊട്ടിച്ച് പായാനാണേ മോഹം...' പാട്ടൊക്കെ കൊള്ളാം. പക്ഷേ, മോഹിക്കുന്നത് പെണ്ണായാലോ? ചോദ്യങ്ങള്‍ പിറകേവരും. അതൊന്നും കാര്യമാക്കാതെ ഇറങ്ങിത്തിരിച്ച ചിലരുണ്ട്... അപ്പൂപ്പന്‍താടി എന്നറിയപ്പെടുന്ന വിശാലമായ ട്രാവല്‍ഗ്രൂപ്പിന്റെ തുടക്കക്കാരി, കോഴിക്കോട്ടുകാരി സജ്‌ന അലി. ദേശങ്ങള്‍ പിന്നിട്ട് പറക്കുന്ന യാത്രികയെ കണ്ടത് ബാലുശ്ശേരിക്കടുത്തുള്ള കരിയാത്തുംപാറയിലെ പച്ചയുടുപ്പിട്ട മലയോരത്ത് വച്ചാണ്. രണ്ടാം പിറന്നാളടുക്കുന്ന ഇളയേയും കൂട്ടിയാണ് സജ്‌നയുടെ വരവ്. കുറുമ്പുകാട്ടി ചിരിക്കുന്ന മകള്‍ അപ്പു എന്ന ഇളയെ മടിയിലിരുത്തി സജ്‌ന ഓര്‍മകളിലേക്ക് ഒരു യാത്രപോയി.
യാത്ര തുടങ്ങുന്നു
''ലോറി ഡ്രൈവറായിരുന്നു ഉപ്പ അലിക്കോയ. ഓരോ യാത്രകഴിഞ്ഞും ഉപ്പ വരുന്നത് സമ്മാനങ്ങള്‍ക്കൊപ്പം രസകരമായ അനുഭവകഥകളുമായാണ്. അതെല്ലാം മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. കൂട്ടുവരാന്‍ ഉപ്പ ഇന്നില്ല. അഞ്ച് വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടുപിരിഞ്ഞു. ആദ്യ യാത്ര വീട്ടില്‍ കള്ളം പറഞ്ഞിട്ടായിരുന്നു. അന്നുമുതല്‍ എതിര്‍പ്പുകളുണ്ടായി. ജോലി ചെയ്യുന്ന കാശൊക്കെ തെണ്ടിത്തിരിഞ്ഞ് കളയുന്നു എന്നായിരുന്നു പ്രധാനപരാതി. പഴയതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമമാണ്. പിന്നെ വീട്ടുകാര്‍ ഒപ്പം നിന്നു. മകള്‍ വലിയ യാത്രക്കാരിയാണെന്ന് അഭിമാനത്തോടെ പറയാന്‍ തുടങ്ങി. വാടകവീട്ടില്‍ നിന്ന് പതുക്കെ സ്വപ്‌നംകണ്ട വീട്ടിലേക്ക് മാറി. സഹോദരിയാണ് എന്റെ കാര്യങ്ങളെല്ലാം നോക്കിയത്. ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഇത്താത്ത, ഹൈദരാബാദ് പേള്‍സ് ആന്റ് ജെംസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്ന് സാധനങ്ങള്‍ കടം തരും. ഞങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി വില്‍ക്കും. ആ പൈസ സ്വരുക്കൂട്ടി ടി.വിയും ഫ്രിഡ്ജും വാങ്ങി. ജോലിക്കായും കുറേ കഷ്ടപ്പെട്ടു. കുന്ദമംഗലത്ത് ചിട്ടിക്കമ്പനിയില്‍ കളക്ഷന്‍ എക്‌സിക്യൂട്ടിവായി ജോലി ചെയ്തിട്ടുണ്ട്. ടെക്‌നോപാര്‍ക്കിനോട് കടപാടുണ്ട്. അപ്പൂപ്പന്‍താടി, വോളന്റിയറിങ് എല്ലാം അവിടെ നിന്ന് കൂടെക്കൂടിയതാണ്. ജോലിയുള്ള സമയത്ത് ഒത്തിരി യാത്രകള്‍ ചെയ്തു. രണ്ടുംകൂടി ഒത്തുപോകാതെയായപ്പോള്‍ ജോലിവിടാന്‍ തീരുമാനിച്ചു. ഈ സമയത്താണ് നട്ടെല്ലിന്റെ തേയ്മാനവും നടുവേദനയും യാത്രകളെ മുടക്കി എത്തിയത്. ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ചികിത്സയ്ക്ക് ശേഷം രൂപ്കുണ്ഡ്, സ്റ്റോക്ക് കാന്‍ഗ്രി, വാലി ഓഫ് ഫ്‌ളവേഴ്‌സ് തുടങ്ങിയ ഉയരങ്ങളിലേക്ക്...അപ്പൂപ്പന്‍താടി വര്‍ക്ക് ഔട്ട് ആയില്ലെങ്കിലും എന്തെങ്കിലും ജോലി ചെയ്ത് കുടുബം പുലര്‍ത്താം എന്ന ധൈര്യമുണ്ടായിരുന്നു.''
''ആദ്യ സോളോ ട്രിപ്പ് 2014-ല്‍ ഒഡീഷയിലേക്ക്. തുടക്കത്തില്‍ പരിഭ്രമിച്ചെങ്കിലും പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ബ്ലോഗിങ് ആരംഭിച്ചു. 'When the Sunset'എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചു. യാത്രാവിശേഷങ്ങള്‍ കേട്ട സുഹൃത്തുക്കള്‍ കൂടെ കൂട്ടാമോ എന്ന് ചോദിച്ചു. 2016-ല്‍ കൊല്ലം ജില്ലയിലെ റോസ്മലയിലേക്ക് കേരളത്തിന്റെ പല ഭാഗത്തുള്ള സ്ത്രീകളോടൊപ്പം യാത്ര ചെയ്തു. സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും രസകരമായിരുന്നു ആ യാത്ര.
അപ്പൂപ്പന്‍താടിയും ബഡ്ഡീസും

''ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് അപ്പൂപ്പന്‍താടിയുടെ തുടക്കം. യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം സ്ത്രീകളാണ് അപ്പൂപ്പന്‍താടിയുടെ കൂട്ടുകാര്‍. ഓരോരുത്തരും അവരവരുടെ ബക്കറ്റ് ലിസ്റ്റ് പറയും. ഞാന്‍ പോയിട്ടില്ലാത്ത സ്ഥലങ്ങളാണെങ്കില്‍ ഒരു സോളോ ട്രിപ്പ് പോയി നോക്കിവരും. എല്ലാം ചെറിയ ബഡ്ജറ്റിലായിരുന്നു. ആദ്യം ചെറിയ ട്രിപ്പുകളില്‍ തുടങ്ങി പിന്നെ ഹിമാലയന്‍ ട്രക്കിങ് വരെയെത്തി. ഹിമാലയത്തിലെ വാലി ഓഫ് ഫ്‌ളവേഴ്‌സിലേക്കും തവാങ്ങിലേക്കും പോയി. പ്രായം യാത്രകള്‍ക്ക് തടസ്സമല്ലെന്ന തിരിച്ചറിവാണ് അപ്പൂപ്പന്‍താടി പങ്കു വയ്ക്കുന്നത്. 4600-ലധികം സ്ത്രീകള്‍ ഇതിനോടകം തന്നെ അപ്പൂപ്പന്‍താടിയുടെ കൂട്ടുകാരായിട്ടുണ്ട്. ഇന്ന് അപ്പൂപ്പന്‍താടി 450-ല്‍ പരം യാത്രയിലെത്തി നില്‍ക്കുന്നു. എന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അപ്പൂപ്പന്‍താടിയെ ബാധിക്കാതിരിക്കാനാണ് ബഡ്ഡീസ് സിസ്റ്റം കൊണ്ടുവന്നത്. ആറു വര്‍ഷമായി യാത്രകളില്‍ കൂടെക്കൂടിയ 17പേരാണ് ബഡ്ഡീസ് ഗ്രൂപ്പില്‍ ഉള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ ഹിമാലയന്‍ യാത്രകളും നടത്തുന്നുണ്ട്. അപ്പൂപ്പന്‍താടിയുടെ പുതിയൊരു സംരംഭമാണ് 'Walks'. യാത്ര പോകുന്ന സ്ഥലങ്ങളിലെ സാധനങ്ങള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ഇതിലൂടെ. ഒരു ലാപ്‌ടോപും വൈഫൈയും ഉണ്ടെങ്കില്‍ എവിടെയിരുന്നും ടൂര്‍ കോര്‍ഡിനേറ്റ് ചെയ്യാം. പോയ സ്ഥലങ്ങളില്‍ എല്ലാം പരിചയക്കാരുണ്ട്. കാശ്മീരിലെ അജാസ് ഭായ്, രാജസ്ഥാനിലെ രാജു ഭായ്, ഹിമാചലിലെ നവീന്‍ ഭായ്... ഇന്ത്യ മുഴുവന്‍ സുഹൃത്തുക്കളാണിപ്പോള്‍. അവര്‍ ഇളയ്ക്കായി ഗിഫ്റ്റുകളും അയക്കുന്നുണ്ട്.
ഇപ്പോള്‍ വിദേശയാത്രകളും പ്ലാന്‍ ചെയ്യുന്നുണ്ട്. ഇനി ലക്ഷ്യം കമ്യൂണിറ്റി ടൂറിസമാണ്. യാത്രയിലൂടെ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കുന്ന രീതിയാണിത്. 60 വയസ് പിന്നിട്ടവരും, കാന്‍സറിനെ അതിജീവിച്ചവരും കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുന്നവരുമൊക്കെ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇവരൊക്കെയാണ് എന്റെ ശക്തി. 'പ്രയാണ' എന്ന ട്രാവല്‍ ഫെലോഷിപ്പും ചെയ്യുന്നുണ്ട്.''
കുടുംബം

''വിവാഹം, കുട്ടികള്‍...ഒന്നും അപ്പൂപ്പന്‍താടിക്ക് വിലങ്ങാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ചുറ്റുമുള്ള എതിര്‍പ്പുകള്‍ക്ക് ശക്തമായ കൂച്ചുവിലങ്ങുകള്‍ തീര്‍ത്ത് എന്റെ കുടുംബം കൂടെ നിന്നു. കൂട്ടുകാരനായി വന്ന് ജീവിതപങ്കാളിയായി മാറിയ റാമും യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ്. ഒരുമിച്ച് ഒരുപാട് ബൈക്ക് റൈഡുകളും ലോങ് ട്രിപ്പുകളും പോയിട്ടുണ്ട്. റാം ഇപ്പോ യു.കെ.യിലാണ്.'' റാമിനടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് സജ്‌നയും മകളും.
വഴികാട്ടിയവര്‍
''ഹൈദരാബാദിലുള്ള ട്രാവല്‍ ബ്ലോഗര്‍ കൃഷ്ണശ്രീവാസ്തവ തുടക്കത്തില്‍ ഒരുപാട് സഹായിച്ചു. യാത്രകള്‍ക്കായി ജോലി ഉപേക്ഷിച്ച സോളോ ട്രാവലര്‍ ഷിവിയ നാഥാണ് എന്റെ റോള്‍മോഡല്‍. സുഹൃത്തുക്കളും ടെക്ക്‌നോപാര്‍ക്കും വഴികാട്ടിയായി. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഒന്നിലധികം തവണ പോയി. മണിപ്പൂരിലും മിസോറാമിലും പോയിട്ടില്ല. നാഗാലാന്റിലെ ഖോനോമയാണ് ഏറ്റവുമിഷ്ടം. ഉത്തരാഖണ്ഡിലെ മുന്‍സിയാരി, ഭൂട്ടാനിലെ ബൂംതാങ്, ലഡാക്കിലെ ഡിസ്‌കിറ്റ് എന്നിവയും ഇഷ്ടമാണ്.''
ഇളയോടൊപ്പമുള്ള യാത്രകള്‍
''ഇളയെ ഗര്‍ഭിണിയായിരുന്ന കാലത്ത് ഒരുപാട് യാത്രകള്‍ നടത്തി. മകളുടെ വിളിപ്പേര് അപ്പു എന്നാണ്. അപ്പൂപ്പന്‍താടിയുടെ ആദ്യ രണ്ട് അക്ഷരത്തില്‍ നിന്നാണ് ഈ പേര് കിട്ടിയത്. ഇള വരുന്നതറിയാതെ രണ്ടാം മാസം ഒരാഴ്ച സിക്കിമില്‍ പോയി. അഞ്ചാം മാസത്തിലെ ചെക്കപ്പ് കഴിഞ്ഞ് ലക്ഷദ്വീപിലേക്കും. ഇളയ്‌ക്കൊപ്പം കൂടുതലും പോയിട്ടുള്ളത് വണ്‍ഡെ ട്രിപ്പുകളാണ്. പൊന്മുടി അവള്‍ നന്നായി ആസ്വദിച്ചു. പത്ത് മണിക്കൂര്‍ കാറില്‍ ഇരുന്നാലും അവള്‍ ഓക്കെയാണ്. ഓട്ടോറിക്ഷ യാത്രയും നൈറ്റ് റൈഡും ഏറെ ഇഷ്ടമാണ് അവള്‍ക്ക്.'' ആദ്യമായി ബീച്ചില്‍ കൊണ്ടുപോയപ്പോള്‍ തിരകളെ കൗതുകത്തോടെ നോക്കി നിന്ന മകളെപ്പറ്റിയും സജ്‌ന വാചാലയായി.
''ചെറുപ്പം മുതലേ കുഞ്ഞുങ്ങളെയും കൂട്ടിപ്പോയാല്‍ അവര്‍ പ്രകൃതിയോട് ഇണങ്ങിച്ചേരും. അവള്‍ക്കെന്തെങ്കിലും ഓര്‍മയുണ്ടാകുമോ എന്ന് പലരും ചോദിക്കാറുണ്ട്. ഈ യാത്രകളെല്ലാം എനിക്ക് മനസ്സില്‍ സൂക്ഷിക്കാനുള്ളതാണ്. ലണ്ടന്‍, നോര്‍ത്ത് വെയില്‍സ്, അയർലാൻഡ്, സ്‌കോട്ട്‌ലാൻഡ് എന്നിവിടങ്ങളിലെല്ലാം ഇളയോടൊപ്പം യാത്ര ചെയ്തു. അതില്‍ ബ്രിട്ടനിലെ ഗ്രാമമായ മാള്‍ട്ടണിലേക്കുള്ള യാത്ര വളരെ രസകരമായിരുന്നു. റാമിനും ഇളയ്ക്കുമൊപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അടുത്ത യാത്രയ്ക്ക് സജ്‌ന ടേക്ക് ഓഫ് തുടങ്ങിക്കഴിഞ്ഞു.
ഇനി പോകണം
''അമേരിക്കന്‍ എഴുത്തുകാരന്‍ നിക്കോളാസ് സ്പാര്‍ക്കിന്റെ ആരാധികയാണ് ഞാന്‍. സ്പാര്‍ക്കിന്റെ നോവലിലെല്ലാം പറയുന്ന നോര്‍ത്ത് കരോലിന കാണണമെന്ന് ആഗ്രഹമുണ്ട്. യു.എസിലേക്കുള്ള വിസ കിട്ടാന്‍ പാടാണ്, എന്നാലും യു.കെ വിസ അടിച്ചതുകൊണ്ട് നല്ല പ്രതീക്ഷയുണ്ട്.''
ആന്‍ഡമാനും അങ്കിളും ഓരോർമ
ആന്‍ഡമാന്‍ യാത്ര ബഡ്ജറ്റിൽ ഒതുങ്ങില്ലെന്ന കേട്ടറിവാണ് യാത്ര വൈകിച്ചത്. തനിച്ചായതിനാല്‍ സര്‍ക്കാര്‍ ബോട്ടിനെ ആശ്രയിക്കാനായി തീരുമാനം. വടക്കന്‍ ആന്‍ഡമാനിലെ ഇരട്ടദ്വീപുകളായ റോസും സ്മിത്തും കാണണം. അതിനായി ഡിഗ്ലിപൂര്‍ പോര്‍ട്ടിലേക്ക് പോവാന്‍ രാവിലെ മോഹന്‍പുര ബസ് സ്റ്റാന്‍ഡിലെത്തി. പിന്നിലെ സീറ്റില്‍നിന്ന് ഹിന്ദിസംഭാഷണങ്ങള്‍ കേട്ടു. വൈകാതെ പുറകില്‍ നിന്ന് ബേട്ടാ എന്ന വിളി വന്നു. ഉപ്പ മരിച്ചു കുറച്ചു മാസങ്ങളായിട്ടേ ഉണ്ടായിരുന്നുള്ളു. ആ വിളിയിലെ സ്‌നേഹം കേട്ട് നോക്കിയപ്പോള്‍ ഉപ്പയുടെ പ്രയമുള്ള ഒരാള്‍ കൈയിലെ ഫോണ്‍ നീട്ടി. സംസാരിക്കുമ്പോള്‍ ഫ്‌ളൈറ്റ് മോഡിലാവുന്നു എന്നാണ് പരാതി. റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കാര്യം റെഡി. അടല്‍ ബിശ്വാസ് എന്ന അദ്ദേഹം ജോലിയാവശ്യത്തിന് പോര്‍ട്ട്ബ്ലയര്‍ വന്ന് ഡിഗ്ലിപൂരിലെ വീട്ടിലേക്ക് മടങ്ങുകയാണ്. ഒരുദിവസം നീണ്ട യാത്രയ്ക്ക് എനിക്കൊരു കൂട്ടായി. ഒമ്പതരയോടെ ബസ് ജരാവ ഫോറസ്റ്റ് റിസര്‍വിന് മുമ്പുള്ള ജിര്‍കതാങ് ചെക്ക് പോസ്റ്റിലെത്തി ഭക്ഷണം കഴിക്കാനായി നിര്‍ത്തി. ഞാന്‍ ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റ് വാങ്ങി സീറ്റില്‍ ഇരിപ്പായി. വണ്ടി പുറപ്പെട്ടപ്പോള്‍ എനിക്കു നേരെ കായപ്പം നീളുന്നു. യാത്രകളില്‍ മറ്റുള്ളവര്‍ തരുന്നതിനോട് നോ പറയാറുണ്ടെങ്കിലും അങ്കിളിനോടത് പറയാന്‍ തോന്നിയില്ല. ജരാവകളെ കണ്ടില്ലെങ്കിലും കൊടുംകാട്ടിലൂടെയുള്ള യാത്ര മനോഹരമായിരുന്നു. രണ്ടു മണിക്കൂറിനുള്ളില്‍ മിഡില്‍ സ്ട്രീറ്റ് ജെട്ടിയിലെത്തി. അവിടുന്നങ്ങോട്ട് പോക്ക് ജങ്കാറിലാണ്. യാത്ര നന്നായി ആസ്വദിക്കാന്‍ ജങ്കാറിന്റെ മുകളില്‍ കയറിനിന്നു. ബാരതാങ് എത്തിയപ്പോള്‍ അവസാനം ഇറങ്ങിയത് ഞാനായിരുന്നു. പക്ഷെ, ബസ് ജങ്കാറില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. ചുറ്റിനും നോക്കിയപ്പോള്‍ ബസിന്റെ പൊടി പോലുമില്ല. മുന്നിലേക്ക് കുറച്ചോടിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പുറകില്‍ നിന്ന് വിളിക്കുന്ന അങ്കിളിനെ ഞാന്‍ കണ്ടു. ഞാനൊഴികെ എല്ലാരും ബസില്‍ കയറിയിരുന്നു.
ഡിഗ്ലിപൂര്‍ എത്താറായപ്പോഴേക്കും സമയം അഞ്ചര. വീട്ടിലേക്കു പോരാന്‍ അദ്ദേഹം ക്ഷണിച്ചു. വേറെ വഴിയില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. കഥകളൊക്കെ അറിഞ്ഞപ്പോള്‍ അങ്കിളിന്റെ ഭാര്യ സ്‌നേഹത്തോടെ സ്വീകരിച്ചു. അടുത്തദിവസം രാവിലെ ദ്വീപ് കാണാന്‍ പുറപ്പെട്ട എനിക്ക് കൂട്ടിന് അങ്കിളും വന്നു. അടുത്ത ദിവസം എനിക്കുള്ള ടിക്കറ്റും അങ്കിള്‍ തന്നെയാണ് എടുത്തുതന്നത്. ബസ് പുറപ്പെടും മുമ്പേ ഓടിവന്ന് ബിസ്‌കറ്റും ചോക്ലേറ്റും വാങ്ങി കൈയിൽ വെച്ചുതരികയും ചെയ്തു. പിന്നീട് അവിടെ പോയപ്പോള്‍ കോഴിക്കോടന്‍ ഹല്‍വയും ചിപ്‌സും ഒക്കെയായി ചെന്ന് കാണാനും മറന്നില്ല. ലോക്ഡൗണായപ്പോള്‍ മൊബൈല്‍ സിഗ്‌നല്‍ കിട്ടാത്ത നാട്ടില്‍നിന്നും അങ്കിളിന്റെ ഫോണ്‍ വന്നു, 'ബേട്ടാ, അവിടെ ഭക്ഷണം ഒക്കെ ഉണ്ടല്ലോ അല്ലേ' എന്ന് ചോദിച്ചുകൊണ്ട്. ഇങ്ങനെ യാത്രയ്ക്കിടയിൽ കിട്ടിയ അപൂർവമായ നല്ല ബന്ധങ്ങളുമുണ്ട്.
Content Highlights: life of solo traveller sajna ali
Published: 07 Mar 2024, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented