ഓരോ ചുവടുവയ്ക്കുമ്പോഴും വഴുതിവീഴുമോ എന്ന ഭയം അവരുടെ മുഖത്ത് പ്രകടമായിരുന്നു. പൂവണിഞ്ഞുനിന്ന വള്ളിപ്പടര്‍പ്പുകളിലും ചുവരിലും ഒരു താങ്ങിനെന്നോണം അവര്‍ കൈ ചേര്‍ത്തു. ''വീണുപോകുമോ എന്ന് പേടിയാണ്...'' ഇടയിലെപ്പോഴോ പറഞ്ഞു. 'കാലിന് എന്തെങ്കിലും വയ്യായ്കയുണ്ടോ?' ചോദിക്കാതിരിക്കാനായില്ല. അതുകേട്ട് അവരൊന്ന് ചിരിച്ചു. ''വയ്യായ്കയുണ്ടായിട്ടല്ല. വീണുപോയാല്‍ നോക്കാന്‍ ആരുമില്ലെന്ന ബോധ്യത്തിലാണ് ജീവിച്ചത്. ആ തോന്നലില്‍ നടക്കാന്‍ ഭയമായി. കാല് നിലത്ത് തൊടുമ്പോള്‍ വീണുപോയാല്‍ എന്തുചെയ്യുമെന്ന ചിന്ത പാഞ്ഞുവരും.'' 

To advertise here,

എണ്‍പതോളം സിനിമകളില്‍ അഭിനയിച്ച ഒരു അഭിനേത്രിയുടെ വാക്കുകളാണ്. സാക്ഷാല്‍ പത്മരാജന്റെ 'കള്ളന്‍ പവിത്രന്‍' എന്ന സിനിമയില്‍ നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം താരമായ അതേ ബീന. പത്തനംതിട്ട കൊടുമണ്ണിലെ മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലാണ് അവര്‍ ഇപ്പോള്‍ ഉള്ളത്. 'കല്യാണരാമനി'ല്‍ പ്യാരിയുടെ പഞ്ചാരയടിയെ ലവലേശം കൂസാതെ കലവറപ്പണിയില്‍ മുഴുകിയ ഭവാനിയായാണ് ഏറ്റവും ഒടുവില്‍ ബീനാ കുമ്പളങ്ങി സിനിമയില്‍ പതിഞ്ഞത്... അന്നോളമുള്ള ജീവിതത്തെപ്പറ്റി പിന്നെ കാത്തിരുന്ന ദുരിതങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ കരച്ചില്‍ പലപ്പോഴും അവരുടെ വാക്കുകളെ തടസ്സപ്പെടുത്തി...

placeholder
കല്യാണരാമനില്‍ ബീനയും സലിംകുമാറും


പകിട്ടില്‍ നിന്ന് പട്ടിണിയിലേക്ക്
1982-ല്‍ പി.എ. ബക്കറിന്റെ 'ചാപ്പ'യിലൂടെയാണ്ബീനയുടെ സിനിമയിലേക്കുള്ള വരവ്. നന്നായി നൃത്തംചെയ്യുന്ന ഏഴാംക്ലാസുകാരിക്ക് അന്ന് സിനിമ എന്താണെന്നോ അഭിനയം എങ്ങനെയാണെന്നോ എന്നതിനെപ്പറ്റിയൊന്നും ധാരണ തീരെയുണ്ടായിരുന്നില്ല. ഒരു ബന്ധു അവസരം ഒരുക്കി. ബീന വേഷമിട്ടു. '' അപ്പച്ചനും അമ്മച്ചിയും ഞങ്ങള്‍ ഏഴ് മക്കളും അടങ്ങുന്നതായിരുന്നു കുടുംബം. മക്കളില്‍ മൂത്തയാള്‍ ഞാനാണ്. തൈക്കൂട്ടത്തില്‍ എന്ന വലിയ ജന്മികുടുംബമായിരുന്നു ഞങ്ങളുടേത്. അപ്പച്ചന്‍ ജോസഫ്, അമ്മ റീത്ത. അപ്പച്ചന് കൊപ്രക്കച്ചവടമായിരുന്നു. കച്ചവടം പൊളിഞ്ഞ് വലിയ ബാധ്യത വന്നുചേര്‍ന്നത് പെട്ടെന്നാണ്. പറമ്പെല്ലാം വിറ്റുപോയി. കായലരികത്തെ വലിയ വീടും പട്ടിണിയും മാത്രം ബാക്കിയായി. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂണിഫോം വാങ്ങാന്‍പോലും പണമില്ലാതായി. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ സ്‌കൂളില്‍നിന്ന് കൂട്ടുകാരെല്ലാവരും വീട്ടില്‍ പോകും. ഞാനും പോകും. പക്ഷേ, കഴിക്കാന്‍ വീട്ടില്‍ ഒന്നും ഉണ്ടാകില്ല. തീരാത്ത വിശപ്പും ചുമന്ന് തിരികെപ്പോകും. ക്ഷീണം മറയ്ക്കാന്‍ ചുമരിലെ കുമ്മായത്തരി പൗഡറാക്കി മുഖത്ത് തേക്കും. ആരും ഞങ്ങളുടെ കഷ്ടപ്പാട് അറിഞ്ഞില്ല. ഞങ്ങള്‍ ആരെയും അത് അറിയിച്ചതുമില്ല. 

സിനിമയില്‍ എത്തുംമുന്‍പ് പള്ളിപ്പരിപാടിക്കും മറ്റും ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു. അങ്ങനെ ഡാന്‍സ് പഠിക്കാനായി പള്ളിക്കാര്‍ ഇടപെട്ട് എന്നെ കലാഭവനിലയച്ചു. ഒരു വര്‍ഷം അത് തുടര്‍ന്നു. അവിടന്ന് ആബേലച്ചന്‍ മദ്രാസിലേക്ക് വിട്ടു. ഡാന്‍സ് പഠനം തുടരാനാണ്. പക്ഷേ, കുമ്പളങ്ങി എന്ന നാടും വീടും വിട്ട് മാറിനിന്ന് ശീലമില്ല. കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയായി ഞാന്‍. തിരിച്ചുപോന്നു.'' ബീനയുടെ മുഖത്ത് ആ സങ്കടകാലം നിഴലിച്ചു.

placeholder
കള്ളന്‍ പവിത്രനിലെ രംഗം
 

 
ചുമതലകളുടെ ഭാരം
'ചാപ്പ'യ്ക്കുശേഷം 'രണ്ടു മുഖങ്ങള്‍' എന്ന സിനിമ. പിന്നീട് സിനിമയ്ക്ക് ബീന പ്രിയപ്പെട്ടവളായി. '' 'രണ്ടു മുഖങ്ങളി'ലെ ഫോട്ടോ കണ്ടിട്ടാണ് പത്മരാജന്‍സാര്‍ 'കള്ളന്‍ പവിത്ര'നിലേക്ക് വിളിക്കുന്നത്. പതിനേഴ് വയസ്സാണ് പ്രായം. എന്നേക്കാള്‍ മുതിര്‍ന്ന സുഭാഷിണിയുടെ ചേച്ചിയായാണ് അഭിനയിക്കേണ്ടത്. എന്നെക്കൊണ്ടാവുംപോലെ ചെയ്തു. 
സിനിമ വരുമാനമായി. കുടുംബത്തിന്റെ ചുമതല പൂര്‍ണമായും എന്റെ ചുമലിലായി. സഹോദരങ്ങളെ പഠിപ്പിച്ചു. അവര്‍ക്ക് ജീവിതസൗകര്യം ഒരുക്കി. മരണം, കല്യാണം, മാമോദീസ... ഇങ്ങനെ ഓരോന്നും വീട്ടില്‍ മാറിമാറി വന്നുകൊണ്ടിരുന്നു. ഒന്നും എളുപ്പമായിരുന്നില്ല. ദൈവമായിരുന്നു തുണ. കരയാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ അപ്പച്ചന്റെ മരണവും കണ്ടു.'' കുറഞ്ഞവാക്കുകളില്‍ ബീന ആ വലിയ കാലത്തെ വിവരിച്ചു.

ഒലിച്ചുപോയ ജീവിതം 
ഉത്തരവാദിത്വങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ ജീവിതത്തിലേക്ക് ബീന കടന്നു. '' സഹോദരങ്ങള്‍ക്കെല്ലാം കുടുംബമായി. ഞാന്‍ മാത്രം തനിച്ചായി. കോഴിക്കോട്ട് ഒരു സിനിമയുടെ സെറ്റില്‍വെച്ചാണ് സാബുവിനെ പരിചയപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ഞങ്ങള്‍ ഒന്നിച്ച് താമസിച്ചുതുടങ്ങി. അവിടെയും ഞാന്‍ തോറ്റു. കുടുംബസ്വത്തായി എനിക്ക് 30 സെന്റ് ഭൂമി ലഭിച്ചിരുന്നു. ട്രാവല്‍ ഏജന്‍സി തുടങ്ങാന്‍ സാബു അത് പണയപ്പെടുത്തി. അതും നഷ്ടമായി. വാടകവീടുകളിലായി താമസം. 
അതിനിടയ്ക്ക് സാബുവിന് അരയ്ക്കുതാഴേക്ക് ശരീരം തളര്‍ന്നു. പിന്നെ അതിന്റെ ചികിത്സയായി. അതിനൊപ്പം മദ്യപാനവും. നുള്ളിയാല്‍പ്പോലും അറിയാത്തവിധത്തില്‍ മരവിച്ച കാലുംവെച്ച് സാബു ബൈക്കോടിക്കും. പള്ളിയില്‍ ആരാധനയ്ക്ക് പോകാന്‍ എന്നോടും പുറകില്‍ കയറി ഇരിക്കാന്‍ പറയും. ജീവിക്കാന്‍ കൊതിയില്ലാത്തതുകൊണ്ടാകും ഞാന്‍ കയറും. 

placeholder
ഒരുപാടുകാലത്തെ ചികിത്സയ്‌ക്കൊടുവിലാണ് സാബുവിന്റെ ശരീരം പഴയപടിയായത്. അപ്പോഴേക്കും പ്രഷറും ഷുഗറും പിടികൂടി. അന്നുഞങ്ങള്‍ ഒരു വീടിന്റെ മുകള്‍നിലയിലാണ് താമസം. ചെവികേള്‍ക്കാത്ത ഒരു വളര്‍ത്തുപൂച്ചയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അതിന് ഭക്ഷണം കൊടുക്കാന്‍ പോയ സാബു കാല്‍വഴുതി വീടിനുമുകളില്‍നിന്ന് താഴേവീണു. ഞാനിതൊന്നും അറിഞ്ഞില്ല. കുറേനേരം കഴിഞ്ഞ് ചെന്നുനോക്കുമ്പോള്‍ ജീവന്‍ പോയിരുന്നു. സാബു മരിച്ചതോടെ ഞാന്‍ കുമ്പളങ്ങിയിലേക്കു മടങ്ങി. തറവാട്ടുവീട്ടില്‍ അമ്മയ്ക്കും ആങ്ങളയ്ക്കുമൊപ്പമായിരുന്നു പിന്നെ താമസം.''

ആയുസ്സില്ലാത്ത ആശ്വാസം 
''സാബു മരിച്ചതറിഞ്ഞ് 'അമ്മ' സംഘടനയില്‍നിന്ന് ഇടവേള ബാബു വന്നിരുന്നു. കിടപ്പാടമില്ലെന്നറിഞ്ഞപ്പോള്‍ വീടുവെച്ചുതരാമെന്ന് പറഞ്ഞു. അമ്മച്ചി എന്റെപേരില്‍ മൂന്നുസെന്റ് ഭൂമി എഴുതിത്തന്നു. സംഘടന അതിലൊരു കൊച്ചുവീട് വെച്ചുതന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ത്തന്നെ നില്‍ക്കാമല്ലോ. കൂടപ്പിറപ്പികളൊക്കെ അരികില്‍ത്തന്നെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോള്‍. അമ്മച്ചിക്ക് ബോണ്‍ കാന്‍സറായിരുന്നു. ഞാന്‍ തറവാട്ടില്‍ അമ്മച്ചിക്കൊപ്പം നിന്നു. സംഘടന വെച്ചുതന്ന വീട്ടില്‍ എന്റെ സഹോദരിയും കുടുംബവും താമസമാക്കി. അമ്മ മരിച്ചതോടെ ഞാന്‍ ഒറ്റയായി. തറവാട്ടില്‍ നില്‍ക്കാനാവാതായി. അങ്ങനെയാണ് മൂന്നുസെന്റിലെ എന്റെ വീട്ടില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പം താമസം തുടങ്ങുന്നത്. 

അവിടെയും തുടരുകയായിരുന്നു ദുരിതം. വീടും സ്ഥലും അവരുടെ പേരില്‍ എഴുതിവെയ്ക്കണമെന്നായപ്പോള്‍ ഞാന്‍ എതിര്‍ത്തു. എന്റെ മരണശേഷം അവരെടുത്തോട്ടെ. ജീവിച്ചിരിക്കുന്ന കാലത്ത് ഒരു ബലത്തിന് എനിക്കും വേണ്ടേ എന്തെങ്കിലും. എന്റെ വിഷമങ്ങള്‍ പറയുമ്പോള്‍ മനോരോഗിയെന്ന് മുദ്രകുത്തി. കുത്തുവാക്കും ശകാരവും പതിവായി. പ്രഷറും പ്രമേഹവുമുള്‍പ്പെടെ രോഗങ്ങളുള്ള ആളാണ് ഞാന്‍. മരുന്നും ഭക്ഷണവും കഴിക്കാതായതോടെ അവശയായി. എന്റെ സ്ഥിതി കണ്ടറിഞ്ഞ് നടി സീമാ ജി. നായര്‍ ഇടപെട്ട് ഇവിടെയെത്തിച്ചു. ജീവിതത്തില്‍ ഇപ്പോള്‍ സമാധാനമുണ്ട്. '' 

placeholder
''കല്യാണരാമനു'ശേഷം ആരും സിനിമയിലേക്കു വിളിച്ചില്ല. അവസരം ചോദിച്ച് പോകാനുള്ള അറിവും കഴിവും എനിക്കില്ല. ഷൂട്ടിങ് കഴിഞ്ഞ് നേരേ വീട്ടില്‍ വരുന്ന പതിവായിരുന്നു എനിക്ക്. പുറത്തിറങ്ങാറില്ല. മദ്രാസിലാണ് എന്റെ താമസമെന്ന് കരുതിയവരുണ്ട്. കല്യാണം കഴിഞ്ഞ് വിദേശത്തെവിടെയോ താമസിക്കുകയാണെന്ന് വിശ്വസിച്ചവരുമുണ്ട്. സിനിമയില്‍ സൗഹൃദങ്ങളോ ബന്ധങ്ങളോ ഇല്ല. അതുകൊണ്ടാവും സിനിമ എന്നെ ഓര്‍ക്കാത്തത്.''

ഇനി അവസരം കിട്ടിയാല്‍ അഭിനയിക്കുമോ എന്നുചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടിയുടെ തുടക്കം. ''മേലാകെ നീരുവന്ന് വീര്‍ത്ത എനിക്കിനി ആരുതരും റോള്‍...'' ആ ചോദ്യത്തിന്റെ വാതില്‍ക്കലേക്ക് ഒരുകൂട്ടമാളുകള്‍ കയറിവന്നു. മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലെ അന്തേവാസികള്‍... ശാരീരികപരിമിതികളുള്ളവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, പഴയകാലം മറന്നവര്‍. ''ഇത് സിനിമാനടിയാണ്'' ഒരാള്‍ പറഞ്ഞു. ''ഞങ്ങള്‍ക്കും കിട്ടുമോ സിനിമയില്‍ ചാന്‍സ്?'' മറ്റൊരാള്‍ ചോദിച്ചു. അവര്‍ അഭിമുഖം തുടര്‍ന്നു...