''ബോംബെയിലെ കസ്തൂര്‍ബാ ഹോസ്പിറ്റലിലെ ആ പുലര്‍കാലം ഇന്നും നല്ല ഓര്‍മയുണ്ട്. വര്‍ഷം 1975. മറുനാട്ടിലെ നഴ്സിങ് ജോലിയുമായി പൊരുത്തപ്പെട്ടു തുടങ്ങുന്നതേയുള്ളൂ. വിവാഹം കഴിഞ്ഞ് ബോംബെയിലെത്തിയതാണ്. ടൈഫോയ്ഡ് മാറിയെങ്കിലും ക്ഷീണം വിട്ടുപോയിരുന്നില്ല. പോളിയോ വ്യാപകമായിരുന്ന കാലം. 124 കുട്ടികളുള്ള പോളിയോ വാര്‍ഡിലാണ് ഡ്യൂട്ടി. കൂട്ടിന് മറ്റൊരു നഴ്സ് കൂടി മാത്രം. രാത്രി കുട്ടികളെയുംകൊണ്ട് നിലവിളിച്ച് മാതാപിതാക്കള്‍ ഓടിവരും. 'എന്തെങ്കിലും ചെയ്യൂ സിസ്റ്ററേ...' എന്നുപറഞ്ഞ് കരയും. ഓരോ കുട്ടിയെയും കിടത്തി, വെള്ളം ചൂടാക്കി കാലിനുതാഴെ മസാജ് ചെയ്യണം. പുലര്‍ച്ചെ ജോലി തുടങ്ങിയാല്‍ അടുത്തദിവസം പുലരുന്നതുവരെ അനങ്ങാന്‍ സമയം കിട്ടില്ല. 

അന്ന് കൂടെയുള്ള സിസ്റ്ററിനെ ചായകുടിക്കാനയച്ച് ഞാനൊന്ന് ഇരുന്നതേയുള്ളൂ. ക്ഷീണംകൊണ്ട് ഒരുവേള കണ്ണടഞ്ഞുപോയി. അപ്പോഴാണ് ആര്‍.എം.ഒ. റൗണ്ട്സിനു വന്നത്. ഞാന്‍ ഉറങ്ങുകയാണെന്നുകരുതി കുറെ ദേഷ്യപ്പെടുകയും മെമ്മോ തരികയും ചെയ്തു. എനിക്ക് കരച്ചില്‍ വന്നു. ആത്മാര്‍ഥമായി ജോലിചെയ്തിട്ടും കുറ്റപ്പെടുത്തിയതിലായിരുന്നു സങ്കടം. വീട്ടിലെത്തി ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍, 'പ്രയാസമാണെങ്കില്‍ ജോലി നിര്‍ത്തുന്നതല്ലേ നല്ലത്' എന്ന മറുപടിയാണു ലഭിച്ചത്. അന്നുരാത്രി പലതവണ ആലോചിച്ചു. അതുവരെ വന്ന വഴികളും പിന്നിട്ട കടമ്പകളും ഒരുവശത്ത്. മറുവശത്ത്, കാത്തിരിക്കുന്ന രോഗികളുടെ മുഖങ്ങള്‍. ഒടുവില്‍ തീരുമാനിച്ചു, ഇല്ല, നഴ്സിങ് ഉപേക്ഷിക്കില്ല. അന്നെടുത്ത ആ തീരുമാനമാണ് എന്നെ ഇവിടെവരെ എത്തിച്ചത്.''
കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കസേരയിലിരുന്ന് പഴയ കാര്യങ്ങള്‍ പറയുമ്പോള്‍ ഗ്രേസി മത്തായിയുടെ മുഖത്ത് ഓര്‍മകളുടെ വേലിയേറ്റം. അതില്‍ ബോംബെയിലെയും ഡല്‍ഹിയിലെയും നഴ്സിങ് കാലവും നേരിട്ട സഹനങ്ങളുമുണ്ടായിരുന്നു. ആ സഹനങ്ങളാണ് അവരെ ആതുരശുശ്രൂഷാരംഗത്തെ പോരാളിയായി വളര്‍ത്തിയത്. 

ലീലാവതി, കൂപ്പര്‍ ആശുപത്രികളിലെ നഴ്സിങ് ഡയറക്ടര്‍, ആസ്റ്റര്‍ മിംസ് സ്ഥാപനങ്ങളുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, ആശുപത്രികളുടെ ഗുണനിലവാരം പരിശോധിക്കുന്ന എന്‍.എ.ബി.എച്ച്. സമിതിയിലെ ആദ്യനഴ്സ് അങ്ങനെ സംഭവബഹുലമായ കരിയര്‍. ഏറ്റവുമൊടുവിലായി ആരോഗ്യരംഗത്തെ മികച്ച നേതൃത്വത്തിനുള്ള ഫിക്കിയുടെ ചെയര്‍മാന്‍സ് പുരസ്‌കാരവും. 
ആശുപത്രിയെന്നത് വലിയൊരു സംവിധാനമാണ്. രോഗികള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍മാര്‍, വകുപ്പുകള്‍ തുടങ്ങി നിരവധി കണ്ണികള്‍ ചേര്‍ന്ന് ചലിക്കുന്ന സംവിധാനമാണത്. അവയെല്ലാം കോര്‍ത്തിണക്കി കൊണ്ടുപോവുകയെന്നത് പ്രയാസമുള്ള ജോലിയാണ്. ഗ്രേസി മത്തായി വര്‍ഷങ്ങളായി ഈ ജോലിചെയ്യുന്നു, പരാതികള്‍ക്ക് ഇടനല്‍കാതെ.  
 
കോഴഞ്ചേരി ടു മുംബൈ 

പത്തനംതിട്ടയിലെ കോഴഞ്ചേരിയിലായിരുന്നു വീട്. അപ്പന്‍ കെ.എം. മാത്യു, അമ്മ ചിന്നമ്മ. എനിക്കുതാഴെ മൂന്ന് ആങ്ങളമാര്‍. പത്താംക്ലാസ് കഴിഞ്ഞ് എന്‍ജിനീയറിങ്, അതായിരുന്നു സ്വപ്‌നം. അമ്മാവന്‍ ബിഹാറില്‍ എന്‍ജിനീയറായിരുന്നു. അവിടേക്ക് പോകാന്‍ തയ്യാറായി. പോകുന്നതിന്റെയന്നാണ് അമ്മാവന് വീണ്ടുവിചാരമുണ്ടാകുന്നത്- എന്നെ എവിടെ താമസിപ്പിക്കും? അദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. യാത്ര മുടങ്ങുമെന്ന സ്ഥിതിയായി. 
അന്ന് ഡല്‍ഹിയില്‍ ഞങ്ങളുടെ ഒരു ആന്റി ഉണ്ട്, ആഗ്രയിലെ എസ്.എന്‍. ഹോസ്പിറ്റലില്‍ നഴ്സിങ് സൂപ്രണ്ട്. അച്ഛന്റെ ജ്യേഷ്ഠന്‍ അവരെ വിളിച്ചു. എങ്ങനെയെങ്കിലും നഴ്സിങ്ങിന് സീറ്റ് തരപ്പെടുത്തണമെന്നു പറഞ്ഞു. അങ്ങനെ ബിഹാറിലേക്ക് പോകേണ്ടിയിരുന്ന ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ ഡല്‍ഹിയിലേക്ക് വണ്ടികയറി.17 വയസ്സാണ് അന്നെനിക്ക്. എറണാകുളത്തുനിന്ന് ട്രെയിന്‍ കയറുമ്പോള്‍, അവധി കഴിഞ്ഞ് തിരികെപ്പോകുന്ന ഒരു പട്ടാളക്കാരന്‍മാത്രമായിരുന്നു കൂട്ടിന്. 
ഡല്‍ഹിയിലെത്തി ഒരുമാസം കഴിഞ്ഞപ്പോള്‍ ആഗ്രയിലെ നഴ്സിങ് കോളേജില്‍ ചേര്‍ന്നു. മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്സിങ്ങും ഒമ്പതുമാസത്തെ മിഡ്വൈഫറിയും റാങ്കോടെ പൂര്‍ത്തിയാക്കി. അലഹാബാദ് മെഡിക്കല്‍ കോളേജിലാണ് നഴ്സിങ് ജീവിതം തുടങ്ങുന്നത്. അതിനിടയില്‍ വിവാഹം. ഭര്‍ത്താവ് പി.ടി. മത്തായിക്ക് ബോംബെയിലായിരുന്നു ജോലി. അദ്ദേഹത്തിനൊപ്പം അവിടേക്ക് മാറി.

ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലുള്ള കസ്തൂര്‍ബാ ഹോസ്പിറ്റലിലായിരുന്നു ആദ്യനിയമനം. ഇന്നത്തെപ്പോലെയല്ല, പഴയ ബോംബെയാണ്. പകര്‍ച്ചവ്യാധികളും അസുഖങ്ങളുമെല്ലാം പടരുന്ന സമയം. നഴ്സുമാര്‍ക്ക് എല്ലായിടത്തും ഡിമാന്‍ഡുണ്ടായിരുന്നു, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ളവര്‍ക്ക്. നാലുവര്‍ഷം അവിടെ തുടര്‍ന്നു. അതിനിടയ്ക്ക് മകനും മകളും പിറന്നു. തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ എപ്പോഴോ മനസ്സിലൊരു ചിന്ത, നഴ്സിങ് ടീച്ചറായാലോ? അങ്ങനെ ഒരുവര്‍ഷം ലീവെടുത്ത് ഡല്‍ഹിയില്‍ നഴ്സിങ് ഡിപ്ലോമയ്ക്ക് ചേര്‍ന്നു. കുട്ടികളും ഭര്‍ത്താവും ബോംബെയില്‍. ശരീരവും മനസ്സും വെവ്വേറെ ഇടങ്ങളില്‍. ക്ലാസിലിരിക്കുമ്പോള്‍ മക്കളെ ഓര്‍മവരും. അവര്‍ ആഹാരം കഴിച്ചിട്ടുണ്ടാകുമോ, വികൃതി കാട്ടിയിരിക്കുമോ... കഠിനമായിരുന്നു ആകാലം. കോഴ്സ് പൂര്‍ത്തിയാക്കി നഴ്സിങ് ടീച്ചറായി കസ്തൂര്‍ബാ ഹോസ്പിറ്റലില്‍ത്തന്നെ തിരിച്ചെത്തി. അധികം വൈകാതെ, പുതുതായി തുടങ്ങിയ കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറി. പെട്ടെന്നുതന്നെ നഴ്സിങ് സൂപ്രണ്ടിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നു. 

പഠിപ്പിക്കലും കോളേജിന്റെ ഭരണച്ചുമതലയുമെല്ലാം ഒരേസമയം ചെയ്യേണ്ടിയിരുന്നു. അതെല്ലാം വാശിയോടെതന്നെ ഏറ്റെടുത്തു. നഴ്സിങ് വിദ്യാര്‍ഥികളെ സ്വന്തം മക്കളെപ്പോലെയാണ് ഞാന്‍ കരുതിയത്. മലയാളിക്കുട്ടികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. കോഴ്സ് കഴിഞ്ഞ് ജോലികിട്ടുന്നതുവരെ അവരില്‍ പലരും എന്റെ വീട്ടിലാണ് കഴിഞ്ഞത്. രസകരമായ കാലമായിരുന്നു.
അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്ങിന് ചേര്‍ന്നു. രാവിലേ ഏഴിന് വീട്ടില്‍നിന്നിറങ്ങും. തിരിച്ചെത്തുമ്പോള്‍ രാത്രി പത്തുമണിയെങ്കിലുമാകും. പ്രോജക്ടും കാര്യങ്ങളുമായി പാതിരാത്രിവരെ ഉറങ്ങാതിരിക്കും. ആ രണ്ടുവര്‍ഷം ബുദ്ധിമുട്ടേറിയ കാലമായിരുന്നു. ഭര്‍ത്താവിന്റെ പിന്തുണയായിരുന്നു കരുത്ത്. 
ബോംബെ ജീവിതത്തിന്റെ പത്താം വര്‍ഷം ആയിരുന്നു അത്. അവിടുത്തെ സാമൂഹികജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു. മഹാരാഷ്ട്രയിലെ നഴ്സുമാരുടെ അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയുമായി. 1999-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മികച്ച നഴ്സിങ് അഡ്മിനിസ്ട്രേറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത് വലിയ സന്തോഷം നല്‍കി. ഇതിനിടയില്‍ ബാന്ദ്രയില്‍ ലീലാവതി ആശുപത്രിയിലേക്ക് മാറി.

To advertise here,

കേരളത്തിലേക്ക്
ലീലാവതിയില്‍ ജോലിനോക്കുമ്പോഴാണ് ഹോസ്പിറ്റല്‍ അഡിമിനിസ്ട്രേഷന്‍ കോഴ്സും എച്ച്.ആര്‍. മാനേജ്മെന്റില്‍ മാസ്റ്റേഴ്സും ചെയ്തത്. അപ്പോഴേക്കും നഴ്സിങ് ഡയറക്ടര്‍ പദവിക്കുമപ്പുറം ആശുപത്രിയുടെ ചുമതലകള്‍ പൂര്‍ത്തിയാക്കാമെന്ന ആത്മവിശ്വാസം വന്നിരുന്നു. 2001-ല്‍ പ്രതീക്ഷിക്കാതെ കേരളത്തിലേക്ക് മടങ്ങേണ്ടിവന്നു. മകന്‍ തോമസ് മാത്യുവും മകള്‍ ജിനി മത്തായിയും അപ്പോഴേക്കും വളര്‍ന്നിരുന്നു. മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്ട് തുടങ്ങിയപ്പോള്‍ നഴ്സിങ് ഡയറക്ടര്‍ ആകാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് നാട്ടില്‍ ആശുപത്രി മാനേജ്മെന്റിന്റെ ഭാഗമാകുന്നത്. ക്രിട്ടിക്കല്‍ കെയര്‍, പകര്‍ച്ചവ്യാധി പ്രതിരോധം പോലുള്ള സംവിധാനം ഫലപ്രദമാക്കാന്‍ അവിടെ പ്രവര്‍ത്തിക്കുമ്പോള്‍ ശ്രമിച്ചു. 

ഹോസ്പിറ്റല്‍ ഡയറക്ടറായി പതിനഞ്ചുവര്‍ഷത്തോളം ജോലിചെയ്തശേഷമാണ് 2016-ല്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയത്. ചീഫ് ക്വാളിറ്റി ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കിയശേഷം സി.ഇ.ഒ. പദവിയിലെത്തി. ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ആശുപത്രികളുടെ ഭരണരംഗത്തിരുന്നപ്പോള്‍ പ്രാധാന്യം നല്‍കിയത് അതിനാണ്. വയറ്റില്‍ കത്രികവെച്ച് മറന്നുപോകുന്നതിനെക്കുറിച്ചും മരുന്നു മാറി കുത്തിവെയ്ക്കുന്നതിനെക്കുറിച്ചുമെല്ലാം നാം കേള്‍ക്കാറുണ്ട്. ഇത് തടയാന്‍ കൃത്യമായൊരു സംവിധാനം വേണം. അതിന് രോഗികളുടെയും ഡോക്ടര്‍മാരുടെയും മാനേജ്മെന്റിന്റെയുമെല്ലാം സഹകരണം കൂടിയേതീരൂ. നഴ്സിങ് പശ്ചാത്തലമുള്ളതുകൊണ്ടുതന്നെ മനുഷ്യത്വപരമായ രീതിയില്‍ ഇടപെടാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നു. 

മലയാളിയുടെ ആരോഗ്യചിന്തകള്‍ 
ഡല്‍ഹിയിലെ പഠനകാലത്ത് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിരുന്നത് ഓര്‍മയുണ്ട്. ഗ്രാമീണര്‍ തീരെയും സഹകരിച്ചിരുന്നില്ല. ഓടിയൊളിക്കും. മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചെല്ലാം അറിവുള്ളവര്‍ കുറവായിരുന്നു. എന്നാല്‍ മലയാളികള്‍ അന്നും ഇന്നും ആരോഗ്യത്തെക്കുറിച്ച് ചിന്തയുള്ളവരാണ്.  നഴ്സിങ് മേഖലയില്‍ മലയാളികള്‍ ഒരുപടി മുന്നിലാണ്. മുംബൈ പോലുള്ള നഗരങ്ങളില്‍ ഇന്നും മലയാളി നഴ്സുമാര്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്.  നഴ്സിങ് മികച്ച കരിയറായി മാറിക്കഴിഞ്ഞു ഇപ്പോള്‍.
ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അത് നേടിത്തരാനായി ഈ ലോകം മുഴുവന്‍ ഗൂഢാലോചന നടത്തും എന്നുപറഞ്ഞത് പൗലോ കൊയ്ലോ ആണ്. ആ വാക്കുകള്‍ ഗ്രേസി മത്തായിയുടെ ജീവിതത്തോടാണ് കൂടുതല്‍ ചേരുന്നത്. 73 വയസ്സായി അവര്‍ക്ക്. നാട്ടുനടപ്പനുസരിച്ച് കൊച്ചുമക്കളെ കളിപ്പിച്ചിരിക്കേണ്ട സമയം. പക്ഷേ, വിശ്രമിക്കാനുള്ള ഒരുക്കത്തിലല്ല അവര്‍. ക്ലാസും പരിശീലനങ്ങളുമായി പുതുതലമുറയ്ക്ക് അവര്‍ വഴികാട്ടുന്നു... ഇരുളില്‍ തെളിയുന്ന കൈത്തിരിവെട്ടമായി.