കഴിഞ്ഞദിവസം എന്റെ പുനര്‍വിവാഹവാര്‍ത്തയറിഞ്ഞ് ഒരു സുഹൃത്ത് ചോദിച്ചു: ''എന്തേ ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍?''മറുപടിയായി ഞാന്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തു. പിന്നെ ഓര്‍മ്മകളില്‍ വഴുതിവീണ് അതൊക്കെയും ഡിലീറ്റ് ചെയ്തു. എന്നിട്ടെഴുതി: ''മരിച്ചുപോകാതിരിക്കാന്‍'', അപ്പുറത്ത് അല്പനേരം നിശ്ശബ്ദത. പിന്നെ മറുപടിയെത്തി: ''അത് നന്നായി.'' എന്നെ സ്‌നേഹിക്കുന്നവര്‍, അത് സുഹൃത്തുക്കളോ ബന്ധുക്കളോ വായനക്കാരോ വെറും പരിചയക്കാരോ ആവട്ടെ, എന്റെ വിവാഹവാര്‍ത്ത കേട്ടപ്പോള്‍ ഒരേപോലെ നല്‍കിയ മറുപടി അതുതന്നെയായിരുന്നു: ''നന്നായി.'' അവരുടെ ശബ്ദങ്ങളില്‍ സന്തോഷത്തോടൊപ്പംതന്നെ ആശ്വാസവും സമാധാനവും നിറഞ്ഞുനിന്നു. 

To advertise here,

നമ്മുടെ സമൂഹത്തില്‍ രണ്ടാമതൊരു വിവാഹബന്ധത്തിലേക്ക് കടക്കുന്ന ഒരാള്‍ക്ക്, പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍, നേരിടേണ്ടിവരുന്ന പരീക്ഷകള്‍ ഒട്ടും ചെറുതല്ല. സംശയങ്ങള്‍, മുള്ളും മുനയും ഉള്ള ചോദ്യങ്ങള്‍, പിന്നാമ്പുറ ചര്‍ച്ചകള്‍, ഒളിഞ്ഞുനോട്ടങ്ങള്‍, കഴിഞ്ഞ ബന്ധത്തെക്കുറിച്ചുള്ള കുറ്റാന്വേഷണങ്ങള്‍, അപവാദങ്ങള്‍. നെഗറ്റിവിറ്റിയുടെ ഒരു കൂമ്പാരം. സങ്കടക്കടലില്‍ നീന്തിത്തളര്‍ന്ന് ഒരു താങ്ങിന് അല്ലെങ്കില്‍ അല്പം ഒരു സമാധാനത്തിന് വീണ്ടും വിവാഹം കഴിക്കുന്നവരായിരിക്കും പലരും. അതിനിടയില്‍ ഈ നെഗറ്റിവിറ്റിയോടൊക്കെ പൊരുതി ജീവിതംതന്നെ മടുത്തുപോകും. 

അനാവശ്യ ഇടപെടലുകളെ പുല്ലുപോലെ തള്ളിക്കളയാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. തങ്ങളുടെ പുതിയ ജീവിതത്തിനുനേരേ ഉയരുന്ന ചെറുതും വലുതുമായ മുള്ളുവാക്കും അപവാദവും സംശയവും അവരുടെ ഹൃദയത്തിലേക്ക് ആണികളായി തറഞ്ഞുകേറിയേക്കാം. അതിന്റെ മൂര്‍ച്ചയില്‍ നീറി, ചോര വാര്‍ന്ന്, വിളറിയ പ്രേതങ്ങളെപ്പോലെ അവര്‍ തങ്ങളുടെ കൊച്ചുചുമരുകള്‍ക്കുള്ളില്‍ ഇടറിനടക്കും. 

ഇത്തരം ദുര്‍നോട്ടങ്ങളും ഇടപെടലുകളും കൂടുതലായി നേരിടേണ്ടിവരുന്നത് വിവാഹമോചിതരായശേഷം പുനര്‍വിവാഹിതരാകുന്ന സ്ത്രീകള്‍ക്കാണെന്നുതോന്നുന്നു. ആദ്യ പങ്കാളി മരിച്ചുപോയവരോട് സമൂഹം അല്പംകൂടി കരുണ കാണിച്ചേക്കാം. അവിടെയും, നിരന്തരമായ താരതമ്യപ്പെടുത്തലുകളും രണ്ടല്ല, ഇരുപതുവര്‍ഷം കഴിഞ്ഞാലും 'അവള്‍ ആദ്യത്തെ ആളെ ഇത്രയും എളുപ്പം മറന്നല്ലോ' എന്ന നെടുവീര്‍പ്പുകളും ഇപ്പോഴത്തെ പങ്കാളിയോട് പേടിച്ചുപേടിച്ചായാലും നടത്തുന്ന സ്‌നേഹപ്രകടനങ്ങളിലേക്ക് ഒളിഞ്ഞുനോക്കിയുള്ള ദഹനക്കേടുകളും പ്രതീക്ഷിക്കാവുന്നതാണ്. 

മിക്ക വിവാഹമോചനക്കേസുകളിലെയുംപോലെയല്ലാതെ, തീവ്രമായ സ്‌നേഹത്തിന്റെയോ ചുരുങ്ങിയത് വെറുപ്പില്ലായ്മയുടെയെങ്കിലുമോ ഏതെങ്കിലും ഒരു ബിന്ദുവില്‍വെച്ചാണ് വിധവയെന്ന് സമൂഹം വിളിക്കുന്ന സ്ത്രീക്ക് പങ്കാളിയെ എന്നേക്കുമായി നഷ്ടപ്പെടുന്നത്. അവിടംതൊട്ടങ്ങോട്ട് അവള്‍ കുടിച്ചുതീര്‍ക്കുന്ന തീക്കടലുകളുടെ തീവ്രത അത് അനുഭവിക്കാത്തവര്‍ക്ക് ഊഹിക്കാന്‍പോലും ആവില്ല. ആ ദുരിതയാത്രയുടെ മറ്റൊരു ബിന്ദുവില്‍വെച്ച് അവള്‍ പുതിയൊരു പ്രത്യാശയിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ആ തീരുമാനം അവള്‍ക്ക് ഒരിക്കലും എളുപ്പമാവില്ല. മക്കള്‍, കുടുംബം, ആദ്യപങ്കാളിയോട് അപ്പോഴും മനസ്സില്‍ നീറിനീറിക്കിടക്കുന്ന പ്രണയം/ വിശ്വസ്തത/ സ്‌നേഹം, പുതിയ പരിതസ്ഥിതികള്‍ തന്നെയും തിരിച്ചങ്ങോട്ടും എങ്ങനെ ഉള്‍ക്കൊള്ളും എന്ന സംശയവും ഭയവും അങ്ങനെ നിരവധി ഘടകങ്ങള്‍. അവസാനം ധൈര്യം സംഭരിച്ച് മുന്നോട്ടുപോകുമ്പോഴാണ് ഇത്തരത്തില്‍ പുറത്തുനിന്നുള്ള ഓരോ കുനുഷ്ടുകള്‍. 

ഞാന്‍ പമ്മി എന്നുവിളിക്കുന്ന മരിച്ചുപോയ എന്റെ ആദ്യ പങ്കാളി ഫഹീമിനെക്കുറിച്ച് ഞാന്‍ പലതവണ എഴുതിയിട്ടുണ്ട്. അവനെ ആദ്യമായി കാണുന്നത് 1996-ല്‍ എന്റെ 19-ാം വയസ്സിലായിരുന്നു. അവനന്ന് 21 വയസ്സ്. പിന്നീടുള്ള 27 വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചുജീവിച്ചു. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും നന്മയുള്ള മനുഷ്യരില്‍ ഒരാളായിരുന്നു അവന്‍. യാഥാസ്ഥിതിക ഭാര്യാഭര്‍ത്തൃ രീതികളില്‍നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സ്വതന്ത്രജീവിതങ്ങള്‍ ജീവിച്ചു. ഞങ്ങള്‍ പ്രണയികളായിരുന്നില്ല. പക്ഷേ, ഏറ്റവും ദൃഢമായ സ്‌നേഹം ഞങ്ങളെ ഏതുകൊടുങ്കാറ്റിലും ചേര്‍ത്തുനിര്‍ത്തി. 

ഞങ്ങള്‍ക്കിടയിലും ഏറ്റവും മോശമായ വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, രണ്ടില്‍ ഏതെങ്കിലും ഒരാള്‍ക്ക് ഒരാപത്തുവരുമ്പോള്‍ ഒരാള്‍ മറ്റേയാളിന്റെ പടച്ചട്ടയായി. സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചുപോകുമ്പോഴും അവനുവേണ്ടി സന്തോഷത്തോടെ എന്റെ ജീവന്‍ നല്‍കാന്‍ ഞാന്‍ തയ്യാറായിരുന്നു. തിരിച്ചിങ്ങോട്ടും. ഞങ്ങള്‍ പരസ്പരം ഏറ്റവും നല്ല സ്‌നേഹിതരായിരുന്നു. എല്ലാ വിശേഷങ്ങളും പരസ്പരം പറയുന്ന, രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്ന, നിരുപദ്രവകരമായ ഗോസിപ്പുകള്‍ പറഞ്ഞുചിരിക്കുന്ന, വിഷമങ്ങളില്‍ പരസ്പരം തൂണാകുന്ന, ഉറ്റ ചങ്ങാതിമാര്‍.

ഞങ്ങളുടെ ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഞങ്ങളതിനെ ഒരുമിച്ച് നേരിട്ടു. അങ്ങനെയൊരു ദിവസം, 2023 ഫെബ്രുവരി പതിനെട്ടിന് എന്റെ കൈകളിലേക്ക് തലചായ്ച്ച് അവന്‍ മരിച്ചുപോയി. ഞാന്‍ വല്ലാത്തൊരു മരവിപ്പിലായിരുന്നു. തട്ടിത്തെറിപ്പിക്കപ്പെട്ട ജീവിതം നോക്കി ഞാന്‍ നിശ്ശബ്ദയായി ഇരുന്നു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചില്ല. അച്ഛനില്ലാതായ എന്റെ കുഞ്ഞുങ്ങള്‍ മരണത്തിന്റെ പകപ്പില്‍ ചൈതന്യമറ്റുകഴിയുകയായിരുന്നു. വൃദ്ധരും രോഗികളുമായ എന്റെ അച്ഛനും അമ്മയ്ക്കും പമ്മിയുടെ ഉമ്മയ്ക്കും എന്നെ ആവശ്യമുണ്ടായിരുന്നു. ഞാന്‍ ജീവിച്ചു. അതിനെ ജീവിതം എന്ന് പറയാനാകുമോ എന്നറിയില്ല. നിരന്തരമായ കനല്‍ വഴികള്‍. അവസാനിക്കാത്ത പ്രശ്‌നങ്ങള്‍. ദുഃസ്വപ്‌നങ്ങള്‍ നിറഞ്ഞ് ഉറങ്ങാനാവാത്ത രാത്രികള്‍. ജോലികള്‍ക്കിടെ തളര്‍ന്നുവീഴുന്ന അത്രയും ശാരീരിക അസ്വസ്ഥതകള്‍. നിയന്ത്രിക്കാനാവാത്ത പൊള്ളുന്ന കണ്ണീര്‍.

എന്റെ കുടുംബവും തകര്‍ന്നുപോയിരുന്നു. സാഹിത്യസാംസ്‌കാരികരംഗത്ത് സജീവമായിരുന്ന എന്റെ അച്ഛന്‍ നിശ്ശബ്ദനും രോഗാതുരനുമായി. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമ്മയുടെ സ്ഥിതി കൂടുതല്‍ വഷളായി. ഇരുപതുകാരനും അന്തര്‍മുഖനുമായ എന്റെ മൂത്ത മകന്‍ കടുത്ത വിഷാദത്തിലേക്ക് വീണു. ഉറക്കമില്ലാതെ അവന്‍ കരയുമ്പോള്‍, അവന്റെ പപ്പയുടെ പഴയ വോയ്സ് ക്ലിപ്പുകള്‍ ഭ്രാന്തമായി വീണ്ടുംവീണ്ടും കേള്‍ക്കുമ്പോള്‍, സൈക്യാട്രിസ്റ്റിന്റെ അരികില്‍ അഭയം പ്രാപിക്കുമ്പോള്‍, ഒന്നും ചെയ്യാനാവാതെ ഞാന്‍ ഇവിടെ വീട്ടിലിരുന്ന് പൊള്ളി. പമ്മീ നമ്മുടെ കുഞ്ഞെന്ന് ശബ്ദമില്ലാതെ കരഞ്ഞു. എട്ടുവയസ്സുള്ള ഇളയവനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഭാഗ്യവശാല്‍ കുട്ടിത്തത്തിന്റെതായ നിഷ്‌കളങ്കതയാല്‍ അവനത് കുറച്ചൊക്കെ മറികടക്കാനായി. ഒന്നരമാസത്തിനപ്പുറം ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയും ഞങ്ങളെ വിട്ടുപോയി.

ഇതിനിടയിലൊക്കെയും ഞാന്‍ ജീവിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. തീര്‍ച്ചയായും, പൊള്ളിപ്പിടഞ്ഞ ഒരു പെണ്ണിന്റെ അതിജീവനംതന്നെയായിരുന്നു അത്. ഇന്നോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്ന ഒന്ന്. ഞാന്‍ ചെറിയൊരു ജോലിക്ക് പോയിത്തുടങ്ങി. അച്ഛനെയും അമ്മയെയും, ജീവിച്ചിരുന്നപ്പോള്‍ പമ്മിയുടെ ഉമ്മയെയും, എനിക്ക് കഴിയുംപോലെയൊക്കെ നോക്കി. മക്കള്‍ക്കുമുന്നില്‍ ഒരിക്കലും കരയാതിരിക്കാന്‍ ശ്രമിച്ചു. ആദ്യത്തെ ജോലി നഷ്ടമായപ്പോള്‍ ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്തു. എഴുതാനുള്ള ശ്രമങ്ങള്‍ നടത്തി.

പക്ഷേ, ജീവിതം സാധാരണഗതിയില്‍ ആകുന്നു എന്ന് തോന്നുന്ന ആ ഒരു നിമിഷത്തില്‍ എവിടെനിന്നെങ്കിലും ഒരു സങ്കടക്കാറ്റ് കയറിവരുമായിരുന്നു. കണ്ണുനനയ്ക്കുന്ന ഒരു പാട്ട്. അവസാനദിവസങ്ങളില്‍ അവന് ഉണ്ടാക്കിക്കൊടുക്കാനാവാതെപോയ അവന്റെ ഇഷ്ടഭക്ഷണം. അലമാരയില്‍ ഞാന്‍ പൊന്നുപോലെ സൂക്ഷിച്ചിരിക്കുന്ന, ആശുപത്രിക്കാര്‍ കീറിമുറിച്ച അവന്റെയാ ടീഷര്‍ട്ട്. നെഞ്ചുലഞ്ഞുപോകുന്ന ഓര്‍മ്മകള്‍. അവന്‍ ശരിക്കും എനിക്ക് എന്തായിരുന്നു എന്ന് മരിച്ചുപോയതിനുശേഷം തിരിച്ചറിയുംപോലെയായിരുന്നു അത്.

തകര്‍ച്ചയുടെ ഓരോ നിമിഷത്തിലും കൂടെനിന്നത് ഏറ്റവും അടുത്ത കുറച്ച് സുഹൃത്തുക്കളായിരുന്നു. അതില്‍ ഒരാളായിരുന്നു ശ്യാം. ഉറ്റ സ്‌നേഹിതരുടെ ഇടയിലേക്ക് മനസ്സുകൊണ്ട് ഞാനെന്നും ചേര്‍ത്തുവെച്ച പേരാണ് ശ്യാമിന്റെത്. ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നതും സംസാരിക്കുന്നതും 2014-ല്‍ ഫെയ്സ്ബുക്ക് വഴിയാണ്. വര്‍ഷങ്ങളുടെ യാത്രയില്‍ ബലപ്പെട്ട, വലിയ ബഹളങ്ങളില്ലാത്ത ആ കൂട്ട്, കാന്‍സറിനോടുള്ള എന്റെ പോരാട്ടത്തിലടക്കം പല വിഷമഘട്ടങ്ങളിലും എനിക്ക് താങ്ങായി നിന്നിട്ടുണ്ട്. എന്നെപ്പോലെതന്നെ പമ്മിയെയും കുഞ്ഞുങ്ങളെയും സ്‌നേഹിച്ച ഒരാള്‍. 

പമ്മി പോയ അന്ന് ഞാന്‍ പാതിബോധത്തില്‍, അവന് കരഞ്ഞുകൊണ്ട് മെസേജ് അയച്ചത് ഓര്‍മ്മയുണ്ട്. ഫോണിനപ്പുറം അവനും കരഞ്ഞു. പതുക്കപ്പതുക്കെ, എന്റെ കണ്ണീരിന് അവന്‍ കാവല്‍ക്കാരനായി. എത്രയോ നരകരാത്രികളില്‍ പാനിക് അറ്റാക്ക് വന്ന് ശ്വാസംമുട്ടി നെഞ്ചുവേദനിച്ച് പിടയുമ്പോള്‍ ഞാന്‍ അവനെ വിളിക്കുമായിരുന്നു. മുന്‍പ് അനാഥവും ഏകാന്തവും ആയിരുന്ന എന്റെ ആശുപത്രിയാത്രകളില്‍ ആവശ്യപ്പെടാതെതന്നെ അവന്‍ എനിക്ക് കൂട്ടുവന്നു. പമ്മിയോടൊപ്പം ഞാന്‍ മുന്‍പ് പോയിരുന്ന ഇടങ്ങളില്‍ എന്നെ വീണ്ടും കൊണ്ടുപോയി. ചിതറിയതും ചിലമ്പിയതുമായ എന്റെ കണ്ണീരോര്‍മ്മകളെ നിശ്ശബ്ദമായി കേട്ടു. കുഞ്ഞുങ്ങളെ സംബന്ധിച്ച എന്റെ ആകുലതകള്‍ക്ക് പക്വമായ പരിഹാരങ്ങള്‍ പറഞ്ഞുതന്നു. എന്റെ കൈകളിലേക്ക് മരിച്ചുവീണ് എന്നിലേക്കുതന്നെ എന്നേക്കുമായി അലിഞ്ഞ പമ്മിയെ എനിക്കൊപ്പം അവന്‍ ചേര്‍ത്തുപിടിച്ചു.

ഇനിയുള്ള യാത്ര ഒരുമിച്ചായാലോ എന്ന ആലോചന അപ്പോഴാണ് ഉണ്ടായത്. ആ തോന്നല്‍ വന്നതും ഞാന്‍ ഏറ്റവും ആദ്യം സംസാരിച്ചത് എന്റെ മൂത്തമകനോടായിരുന്നു. പിന്നെ പമ്മിയുടെ സഹോദരിയോടും. അവര്‍ രണ്ടുപേരും എനിക്കൊപ്പം നിന്നു. കൂടെ എന്റെയും ശ്യാമിന്റെയും കുടുംബങ്ങളും.

placeholder

സത്യംപറഞ്ഞാല്‍ പമ്മി പോയതിനുശേഷം വലുതല്ലാത്ത ഒരു കാലയളവിനുള്ളില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ സമൂഹം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമല്ലോ എന്ന ഒരു അനാവശ്യചിന്ത ആദ്യം എന്റെ മനസ്സിലേക്ക് കയറിവരാതിരുന്നില്ല. പിന്നെ ഓര്‍ത്തപ്പോള്‍ അതിലെ വിഡ്ഢിത്തം മനസ്സിലായി. കാന്‍സറിനോട് പൊരുതി മരണത്തെ ജയിച്ചുവന്ന ഒരുവള്‍ക്ക് ബാക്കി കിട്ടുന്ന ജീവിതമൊക്കെ ബോണസ്സാണ്. ഇനി എത്രയെന്ന് അറിയാത്ത ശിഷ്ടകാലം ഒരല്പം മനസ്സമാധാനത്തോടെ ജീവിക്കാനുള്ള ശ്രമത്തിന് എനിക്ക് സമൂഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. എന്തായിരുന്നു എന്റെ സംഘര്‍ഷങ്ങളെന്നും ഞാന്‍ കുടിച്ചുതീര്‍ത്ത തീക്കടലുകള്‍ ഏതൊക്കെയെന്നും അറിയാത്തവര്‍ക്കും ഒരുനിമിഷത്തില്‍പോലും എന്റെ കൂടെ നില്‍ക്കാത്തവര്‍ക്കും അതേപ്പറ്റി അഭിപ്രായം പറയാനുള്ള ഒരു അര്‍ഹതയുമില്ല.

വീണ്ടും വിവാഹംകഴിക്കാന്‍പോകുന്നു എന്ന് പറഞ്ഞപ്പോള്‍ വൃദ്ധനായ എന്റെ അച്ഛന്റെ കണ്ണില്‍നിന്നുതിര്‍ന്ന ആശ്വാസത്തിന്റെ കണ്ണുനീരായിരുന്നു ഈ തീരുമാനം ശരിയാണ് എന്നതിന് എനിക്ക് ഏറ്റവും വലിയ ഉറപ്പ്. അന്ന്, ആ പഴയ വിപ്ലവകാരി, 'ഇത് ദൈവാനുഗ്രഹമാണ് മോളേ' എന്ന് എനിക്കുമുന്നില്‍ സന്തോഷാശ്രു പൊഴിച്ചപ്പോള്‍ എനിക്ക് ചിരിയും കരച്ചിലും ഒരുപോലെ വരികയുണ്ടായി.

കഥകള്‍ ഉണ്ടാക്കിയവരും എന്റെ ചിരിയുടെയും കണ്ണീരിന്റെയും ബാലന്‍സിങ്/ കണക്കെടുപ്പുകള്‍ നടത്തിയവരും ചുരുക്കമായെങ്കിലും ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും ഇത്തരം കാര്യങ്ങളെ വളരെ പോസിറ്റീവായി സമീപിക്കുന്ന പ്രബുദ്ധരായ മറ്റൊരു വലിയ വിഭാഗം ഇന്നും സമൂഹത്തിലുണ്ട്. തീര്‍ച്ചയായും അതൊരു പ്രത്യാശാവഹമായ മാറ്റംതന്നെയാണ്. നൂറുകണക്കിനാളുകള്‍ സന്തോഷവും സ്‌നേഹവും എന്നെ അറിയിച്ചു.
 
വിവാഹബന്ധത്തില്‍ ഒറ്റയ്ക്കാവുന്നവരെല്ലാം പുനര്‍വിവാഹം ചെയ്യണമെന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ഉണ്ടാകാം. നല്ലൊരു പങ്കാളിയെ കണ്ടുകിട്ടാത്തവര്‍ ഉണ്ടാകാം. അതിന് ധൈര്യമില്ലാത്തവര്‍ ഉണ്ടാവാം. അത് ഓരോരുത്തരുടെയും ചോയ്സാണ്. ആ ചോയ്സായി പുനര്‍വിവാഹം തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ തോറ്റുപോയവരാകാം അവര്‍. അതുകൊണ്ട് പ്രിയസമൂഹമേ, അവരെ വെറുതേ വിടുക. സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക.

എനിക്ക് പുനര്‍വിവാഹം ഒരു റീപ്ലേസ്മെന്റ് ആയിരുന്നില്ല. അമ്മയുടെ പങ്കാളി എന്റെ കുഞ്ഞുങ്ങളുടെ നല്ലൊരു സുഹൃത്താവണം എന്നതാണ് എന്റെ ആഗ്രഹം. ശ്യാമിനും കുഞ്ഞുങ്ങള്‍ക്കും ഒപ്പം താമസിക്കുമ്പോള്‍, പൊതുവേ നിശ്ശബ്ദനായ എന്റെ മൂത്തമകന്‍ ശ്യാമിന്റെ കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അന്വേഷിക്കുന്നതും കാണുമ്പോള്‍, സ്‌കൂള്‍വിട്ടുവരുന്ന ഇളയവന്‍ നേരേ അവനടുത്തേക്കോടിപ്പോയി കൈപിടിച്ചിരുന്ന് സ്‌കൂള്‍ വിശേഷങ്ങള്‍ പറയുന്നത് കാണുമ്പോള്‍, എത്രയോ കാലത്തിനുശേഷം രാത്രികളില്‍ ദുഃസ്വപ്‌നങ്ങള്‍ ഇല്ലാതെ ഉറങ്ങുമ്പോള്‍, നെഞ്ചിന് കനമില്ലാതെ രാവിലെ ഉണര്‍ന്നെണീക്കുമ്പോഴൊക്കെ എന്റെ തീരുമാനം തെറ്റൊന്നുമായിരുന്നില്ല എന്നെനിക്ക് തോന്നാറുണ്ട്. 

ഞങ്ങള്‍ ഒരുമിച്ചിരുന്ന് മിക്ക ദിവസവും പമ്മിയുടെ നല്ല ഓര്‍മ്മകള്‍ പങ്കിട്ട് പുഞ്ചിരിക്കാറുണ്ട്. ഞാന്‍ കരയാറുണ്ട്. ഈ ലേഖനം എഴുതുന്നതിനിടെപ്പോലും പലതവണ ഞാന്‍ നെഞ്ചുതകര്‍ന്ന് വിതുമ്പുകയും എഴുത്തുമേശവിട്ട് ഓടിപ്പോവുകയുമുണ്ടായി. ശ്യാമിന്റെ ആശ്വാസവാക്കുകളുടെ കൈപിടിച്ചിരുന്നാണ് ഇതിലെ മിക്ക ഭാഗങ്ങളും ഞാന്‍ എഴുതിത്തീര്‍ത്തത്. എന്റെ ഉള്ളില്‍ നീലിച്ചുറഞ്ഞ ഒടുങ്ങാത്ത സ്‌നേഹമാണ് എനിക്ക് പമ്മി. ശ്യാം, വിശ്വാസത്തിന്റെ ചുവന്നുജ്വലിക്കുന്ന കരുത്തും. അദൃശ്യനായ എന്റെ സ്‌നേഹത്തെ ഉള്ളില്‍ വഹിച്ച്, എന്റെ പ്രണയത്തിന്റെ കൈപിടിച്ച്, ഞാന്‍ മുന്നോട്ടുനടക്കുന്നു. 

എന്റെ പാതയില്‍ വീണ്ടും സമാധാനത്തിന്റെ വെയില്‍ത്തുണ്ടുകള്‍ തിളങ്ങുന്നു. എനിക്കിനി അത്രയൊക്കെ ജീവിതമേ ബാക്കിയുള്ളൂ. അതിലേക്ക് പ്രകാശം പരത്താന്‍ ആ കുഞ്ഞുതുണ്ടുകള്‍ മാത്രംമതി എനിക്ക്.