
ഈ അവധിക്കാലത്ത് പൊള്ളുന്ന വെയിലില്‍ കുട്ടികളെ പുറത്തുകളിക്കാന്‍ എങ്ങനെവിടും എന്ന് ആലോചിക്കാത്ത രക്ഷിതാക്കള്‍ ഉണ്ടാകില്ല. വെയിലത്തെ കളികള്‍ പനിയും മറ്റസുഖങ്ങളും വരുത്തിവെക്കുമോ എന്ന ആശങ്ക തള്ളിക്കളയാനാകില്ല. എങ്കിലും കുട്ടികള്‍ക്ക് മതിമറന്നുല്ലസിക്കാന്‍ ഉള്ളതാണ് അവധിക്കാലം. സമപ്രായക്കാര്‍ക്കൊപ്പമുള്ള കളിയും ഇടപെടലുകളും അവരുടെ മഷ്തിഷ്‌കവളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ്. ജീവിത നൈപുണികള്‍ അവര്‍ ആര്‍ജിക്കുന്നതും ഇങ്ങനെയാണ്. പതിനഞ്ചു വയസ്സുവരെയെങ്കിലും ഇതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
പല രക്ഷിതാക്കളും കുട്ടികളെ അവധിക്കാലത്ത് പല കോഴ്‌സുകളും പഠിക്കാന്‍ വിടാറുണ്ട്. പഠനവിഷയങ്ങള്‍ക്കപ്പുറം സംഗീതം, നൃത്തം, ഫുട്‌ബോള്‍, ക്രിക്കറ്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയവയിലേക്ക് അവരുടെ അഭിരുചിയെ വഴിതിരിച്ച് വിടാനുള്ള സമയംകൂടിയാണിത്. കളികളിലൂടെയും ഇത്തരം കലാകായികവിനോദങ്ങളിലൂടെയും കുട്ടികളില്‍ ഹാപ്പി ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും.
പഠിച്ചാല്‍ മാത്രം പോരാ
'പഠിക്കാന്‍ സമയം കുറഞ്ഞാലും പ്രശ്‌നമില്ല, കളിക്കാനുള്ള സമയം ഒട്ടും കുറയാന്‍ പാടില്ല' എന്നോര്‍ക്കേണ്ടതുണ്ട്. കുട്ടികളെ പഠിപ്പിക്കേണ്ട എന്നല്ല ഇതിനര്‍ത്ഥം. മാര്‍ക്കിനോടൊപ്പം ജീവിതമൂല്യം, ധാര്‍മികത, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ്, നേതൃത്വഗുണം, കുടുംബസാമൂഹ്യബന്ധങ്ങള്‍ എന്നിവ നേടിയെടുക്കാനുള്ള അവസരം കുഞ്ഞുങ്ങള്‍ക്കുണ്ടാകണം. ചെറിയ ക്ലാസുകളില്‍ കുട്ടികള്‍ വാങ്ങുന്ന റാങ്കും മാര്‍ക്കും ഒന്നുമല്ല അവരുടെ ഭാവി നിശ്ചയിക്കുന്നത്. അവര്‍ക്കു ലഭിക്കുന്ന ജീവിതമൂല്യങ്ങളാണ് പ്രധാനം. കുട്ടികളുടെ പഠനം ഒരിക്കലും മാതാപിതാക്കളുടെ അഭിമാനപ്രശ്‌നം ആയി മാറരുത്. കുട്ടികളുടെ തലച്ചോറില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകളല്ല ഹാപ്പി ഹോര്‍മോണുകളാണ് ഉത്പാദിപ്പിക്കപ്പെടേണ്ടത്.

വിജയികളാകട്ടെ കുഞ്ഞുങ്ങള്‍
സദാസമയവും കുട്ടികളില്‍ അക്കാഡമിക് സ്‌കില്ലുകള്‍ ഉണ്ടാക്കിയെടുക്കാന്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. സമൂഹത്തില്‍ ഇടപഴകി ജീവിക്കുന്നതിനും ജീവിതവിജയം കൈവരിക്കുന്നതിനും അവര്‍ക്ക് അനുഭവങ്ങളുടെ ആവശ്യമുണ്ട്. കുട്ടികള്‍ കളിക്കാന്‍ പുറത്തുപോകുന്നതും ഗ്രൗണ്ടില്‍ പോകുന്നതും കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീട്ടിലേക്ക് പോകുന്നതും കൂട്ടുകാരുമൊത്ത് യാത്രകള്‍ പോകുന്നതും എല്ലാം ഇന്ന് ജാഗ്രതയുടെ പേരും പറഞ്ഞു മുതിര്‍ന്നവര്‍ വിലക്കാറുണ്ട്. ഇതുവഴി മാനസികമായും ശാരീരികമായും സാമൂഹികമായും നേടിയെടുക്കേണ്ട പ്രധാനപ്പെട്ട പല അനുഭവങ്ങളും കഴിവുകളും അറിവുകളും കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തുകയാണ് ചെയുന്നതെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കണം. ആശങ്കകളുടെ പേരില്‍ അവരെ പുറംലോകത്തുനിന്നകറ്റി സ്‌ക്രീനിനുമുന്നില്‍ തളച്ചിടാതിരിക്കുക.
അറിഞ്ഞുവളരണം
തന്റെ ചുറ്റുപാടിലും സമൂഹത്തിലും നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സാമാന്യബോധം കുട്ടികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. പ്രണയത്തെ കുറിച്ചും ലൈംഗികതയെക്കുറിച്ചും വ്യക്തിബന്ധങ്ങളെ കുറിച്ചും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിപത്തുകളെപ്പറ്റിയും അതത് പ്രായത്തില്‍ അവര്‍ തിരിച്ചറിവുകള്‍ നേടിയെടുക്കേണ്ടതുണ്ട്. ഒന്നുംതന്നെ അറിയാത്ത അച്ചടക്കമുള്ള നല്ല കുട്ടികളാക്കി മാത്രം അവരെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യമില്ല.
നല്ല സാമൂഹ്യജീവിതം നേടിയ, ആവോളം മാനസിക ഉല്ലാസം അനുഭവിച്ച കുഞ്ഞുങ്ങള്‍ ഉറച്ച വ്യക്തിത്വം ഉള്ളവരായി വളരും. ശാരീരിക മാനസിക വൈകാരിക ആരോഗ്യമുള്ളവരാകും അവരിലേറെയും. ഇക്കാരണത്താല്‍ത്തന്നെ ജീവിതാനുഭവങ്ങള്‍ നേടാന്‍ അവരെ പ്രാപ്തരാക്കുക. മുതിര്‍ന്നവരുടെ ശ്രദ്ധ അവരിലെപ്പോഴും ഉണ്ടായിരിക്കണം എന്നുമാത്രം.
നഷ്ടപ്പെടുത്തരുത് കുട്ടിക്കാലം
കുട്ടിക്കാലം എന്ന മനോഹരമായ ജീവിതകാലഘട്ടം അവര്‍ക്ക് നഷ്ടപ്പെടുത്താതെ നോക്കേണ്ടതുണ്ട്. അവര്‍ ചെളിയിലും മണ്ണിലും കുളത്തിലും പാടത്തും ചേറിലുമെല്ലാം കളിച്ചുവളരട്ടെ. അവയില്‍ നിന്നെല്ലാമാണ് അവരുടെ ശരീരത്തിലേക്ക് 'ഓള്‍ഡ് ഫ്രണ്ട്‌സ്' എന്നറിയപ്പെടുന്ന പലതരം ബാക്റ്റീരിയകള്‍ പ്രവേശിക്കുന്നത്. അവയെല്ലാം മനുഷ്യശരീരത്തിന് അത്യാവശ്യമായവയാണ്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതേസമയം അണുബാധയ്ക്ക് കാരണമാകുന്ന ദോഷകരമായ ബാക്റ്റീരിയകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്.

കൊള്ളയടിക്കരുത് കുഞ്ഞുങ്ങളെ
പ്രകൃതിയുമായി ഇണങ്ങി വളരാന്‍ കുട്ടികളെ അനുവദിക്കുക. അവരെ വീടിനുള്ളിലും സ്‌ക്രീനിലും തളച്ചിടാതിരിക്കുക എന്നുള്ളതാണ് രക്ഷിതാവ് എന്ന നിലയില്‍ ആദ്യം ചെയ്യേണ്ട കാര്യം. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുക.
ലോകത്തിലെ എല്ലാ പ്രതിഭകളും അവരുടെ കഴിവിനെ പരിപോഷിപ്പിച്ചാണ് വളര്‍ന്നത്. പരീക്ഷയില്‍ തോറ്റവരും ജീവിതത്തില്‍ വിജയിച്ചിട്ടുണ്ട്. കുട്ടികളുടെ ബാല്യവും വിനോദവും കവരുന്ന കൊള്ളക്കാരായി മാറരുത് രക്ഷിതാക്കള്‍. അവര്‍ ആവോളം കളിച്ചും ഉല്ലസിച്ചും വളരട്ടെ.
Content Highlights: some tips of parenting
Published: 10 Apr 2024, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented