തമിഴകത്തെ ഒട്ടുമിക്ക താരങ്ങൾക്കും ഒരു വിളിപ്പേരുണ്ട്. മക്കൾ തിലകം എന്ന് എം.ജി.രാമചന്ദ്രനെയും തലൈവർ എന്ന് രജനീകാന്തിനെയും ആണ്ടവർ എന്ന് കമൽഹാസനെയും തല എന്ന് അജിത്കുമാറിനെയും മക്കൾസെൽവൻ എന്ന് വിജയ് സേതുപതിയെയും തമിഴ്മക്കൾ സ്‌നേഹത്തോടെയാണ് വിളിക്കുന്നത്. അതുപോലെ അവർ വിജയ്ക്ക് ചാർത്തിക്കൊടുത്ത പേരാണ് ദളപതി. 'ഇളയ ദളപതി'യിൽനിന്ന് ദളപതിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എന്ന് ചുരുക്കാം വിജയ്‌യുടെ സിനിമാകരിയറിനെ.

'റസിഗൻ' എന്ന സിനിമയിലൂടെയാണ് വിജയ്ക്ക് കൂടുതൽ താരപരിവേഷം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കരിയർ ഒരു സ്ഥിരതയിലേക്ക് പ്രവേശിക്കുന്നതും അപ്പോൾ തന്നെ. വിജയ്‌യുടെ അച്ഛനും ചലച്ചിത്രകാരനുമായ എസ്.എ.ചന്ദ്രശേഖറാണ് ആ ചിത്രം സംവിധാനം ചെയ്തത്. അതിലാണ് ആദ്യമായി 'ഇളയ ദളപതി' എന്ന വിളിപ്പേര് ചന്ദ്രശേഖർ മകന് ചാർത്തിക്കൊടുക്കുന്നത്. സിനിമ സൂപ്പർഹിറ്റായി. 175 ദിവസമാണ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. അങ്ങനെ ഇളയ ദളപതി എന്ന് വിജയ്‌‌യെ ആരാധകർ സ്‌നേഹത്തോടെ വിളിച്ചു. പിന്നീട് 2017-ലാണ് വിജയ് സംവിധായകൻ അറ്റ്ലിയും ചേർന്ന് ഇളയ ദളപതി എന്ന വിശേഷണം മാറ്റാൻ തീരുമാനിച്ചു. 'മെർസൽ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ അതിൽ താരത്തെ വിശേഷിപ്പിച്ചത് ദളപതി എന്നാണ്.

അവിടുന്നങ്ങോട്ട് ആരാധകരുടെ സ്വന്തം ദളപതിയായി വിജയ്. എന്നാൽ ഇനി ദളപതിയില്ലെന്നാണ് വിജയ്‌യുടെ അവസാനചിത്രമായ ജനനായകന്റെ (Jana Nayagan) പോസ്റ്റർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞദിവസമാണ് ജനനായകന് ചില മാറ്റങ്ങളോടെ സെൻസർ ബോർഡ് റിലീസിങ്ങിന് അനുമതി നൽകിയത്. എ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് അനുമതി നൽകിയിരിക്കുന്നത്. ജൂലായ് 24-നാണ് റിലീസാകുന്നത്.

പിന്നാലെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. അതിൽ 'ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്' എന്നാണ് കുറിച്ചിരിക്കുന്നത്. സാധാരണയായുണ്ടാവുന്ന 'ദളപതി വിജയ്' എന്ന വിശേഷണം പോസ്റ്ററിൽ ഇല്ലെന്നത് ആരാധകർ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു. ദളപതി എന്ന പേരിനോട് വിജയ് വിടപറയുകയാണോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. സിനിമ തിയേറ്ററുകളിലെത്തുമ്പോൾ ഇതേ വിശേഷണമായിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര് ദളപതി വെട്രി കൊണ്ടൻ എന്നാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi